Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൈക്കാട് ഗസ്റ്റ് ഹൗസ് വിലാസത്തിൽ തോക്ക് ലൈസൻസ് എടുക്കാൻ ശ്രമിച്ച സിങ്കക്കുട്ടി; ഡ്രൈവറുടെ പേരിൽ ഒന്നിലധികം വായ്പ എടുത്ത സൂപ്പർ ഹീറോ; സിംഗപ്പൂരിലെ ഹണിമൂണിന് ക്വാറന്റൈൻ; ജോലി സ്ഥലം വിടുമ്പോൾ സർക്കാരിനെ അറിയിക്കണമെന്ന സിവിൽ സർവ്വീസ് ചട്ടം ലംഘിച്ച് കോവിഡ് കാലത്തെ മുങ്ങൽ; ചെറുപ്പക്കാരനോട് പൊറുത്ത് പിണറായി സർക്കാരിന്റെ മഹാമനസ്‌കത; ഗൺമാൻ ഇന്നും പുറത്തും; ശ്രീറാം വെങ്കിട്ടരാമനെ പോലെ അനുപം മിശ്രയ്ക്കും തുണ ഐഎഎസ് ലോബിയിങ്

തൈക്കാട് ഗസ്റ്റ് ഹൗസ് വിലാസത്തിൽ തോക്ക് ലൈസൻസ് എടുക്കാൻ ശ്രമിച്ച സിങ്കക്കുട്ടി; ഡ്രൈവറുടെ പേരിൽ ഒന്നിലധികം വായ്പ എടുത്ത സൂപ്പർ ഹീറോ; സിംഗപ്പൂരിലെ ഹണിമൂണിന് ക്വാറന്റൈൻ; ജോലി സ്ഥലം വിടുമ്പോൾ സർക്കാരിനെ അറിയിക്കണമെന്ന സിവിൽ സർവ്വീസ് ചട്ടം ലംഘിച്ച് കോവിഡ് കാലത്തെ മുങ്ങൽ; ചെറുപ്പക്കാരനോട് പൊറുത്ത് പിണറായി സർക്കാരിന്റെ മഹാമനസ്‌കത; ഗൺമാൻ ഇന്നും പുറത്തും; ശ്രീറാം വെങ്കിട്ടരാമനെ പോലെ അനുപം മിശ്രയ്ക്കും തുണ ഐഎഎസ് ലോബിയിങ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്ക്ഡൗണ് ലംഘനത്തിന് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്ത ഐ.എ.എസ്. ഉദ്യോഗസ്ഥൻ അനുപം മിശ്രയെ തിരികെ സർവീസിൽ എത്തിക്കുമ്പോൾ പൊലീസിനുള്ളിൽ അതൃപ്തി ശക്തമാകുന്നു. ചെയ്ത കുറ്റത്തിന് മാപ്പ് നൽകി തിരിച്ചെടുക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഉത്തരവ്. ആലപ്പുഴ സബ് കളക്ടർ ആയിട്ടാണ് അനുപം മിശ്രയെ നിയമിച്ചത്. അനുപം മിശ്രയുടെ ഗൺമാനായ പൊലീസുകാരനെ സസ്‌പെൻഷനിൽ നിർത്തുന്നതാണ് ഇതിന് കാരണം.

ക്വാറന്റൈൻ ലംഘിച്ച് കേരളത്തിൽനിന്ന് കടന്ന വിഷയത്തിൽ അനുപം മിശ്ര നൽകിയ വിശദീകരണം തൃപ്തികരമല്ലെങ്കിലും ചെറുപ്പക്കാരനാണെന്നത് പരിഗണിച്ചാണ് സർക്കാർ ക്ഷമിച്ചിരിക്കുന്നത്. ഇത്തരം കാര്യങ്ങൾ ഇനി ആവർത്തിക്കാൻ പാടില്ലെന്ന താക്കീതും നൽകി. അത്രമാത്രം. അനുപം മിശ്രയുടെ ഗൺമാനായ കൊല്ലം എ ആർ ക്യാമ്പിലെ പൊലീസുകാരൻ സജീവ്, ഡ്രൈവറായിരുന്ന റവന്യു വകുപ്പിൽ നിന്നുള്ള ജീവനക്കാരൻ എന്നിവരെയും സസ്‌പെൻഡ് ചെയ്തിരുന്നു.

ഇതിൽ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഗൺമാന്റെ സസ്‌പെൻഷൻ നാലുമാസമായിട്ടും പിൻവലിച്ചിട്ടില്ല. ഇതാണ് പൊലീസിലെ അമർഷത്തിന് കാരണം. ഐ എ എസ് ലോബിക്ക് സർക്കാരിലുള്ള സ്വാധീനത്തിന് തെളിവാണ് അനുപം മിശ്രയ്ക്കുള്ള മാപ്പ് കിട്ടൽ എന്നാണ് സൂചന. ഇതാണ് പൊലീസിൽ ചർച്ചയാകുന്നത്. വിവാദമായ സാഹചര്യത്തിൽ പൊലീസുകാരന്റെ സസ്‌പെൻഷനും ഉടൻ പിൻവലിച്ചേക്കും.

മാധ്യമ പ്രവർത്തകനായ കെഎം ബഷീറിനെ മദ്യ ലഹരിയിൽ കാറോടിച്ചു കൊന്ന ശ്രീറാം വെങ്കിട്ടരാമനെ സർവ്വീസിൽ തിരിച്ചെടുക്കാൻ സമ്മർദ്ദം ചെലുത്തിയവർ തന്നെയാണ് അനുപം മിശ്രയ്‌ക്കെതിരേയും സജീവമായത്. ചെറിയെ ശിക്ഷ പോലുമില്ലാതെ മാപ്പ് നൽകിയെന്നതാണ് വസ്തുത. നേരത്തെയും നിരവധി ആരോപണങ്ങൾ നേരിട്ട വ്യക്തിയാണ് അനുപം മിശ്ര. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഐ എ എസ് ലോബിയെ പിണക്കാൻ സർക്കാർ തയ്യാറല്ല. ഇതാണ് അനുപം മിശ്രയുടെ പുനർനിയമനത്തിൽ നിറയുന്നത്.

കൊല്ലം സബ്കലക്ടറായിരിക്കെയാണ് ഉത്തർപ്രദേശുകാരനായ അമിത് മിശ്ര തന്റെ മധുവിധുവിനായി സിങ്കപ്പുർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ചതിന് ശേഷം മാർച്ച് 18-നാണ് തിരികെ കൊല്ലത്ത് മടങ്ങിയെത്തിയത്. വിദേശത്ത് നിന്ന് വന്നതിനാൽ ക്വാറന്റീനിൽ പോകാൻ നിർദ്ദേശിച്ചു. പിന്നാലെ ക്വാറന്റൈൻ ലംഘിച്ച് അനുപം മിശ്ര ഔദ്യോഗിക വസതിയിൽനിന്ന് ആരോടും പറയാതെ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നു.

അന്വേഷിക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ അദ്ദേഹം ഔദ്യോഗിക വസതിയിലുണ്ടായിരുന്നില്ല. തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോണിൽ ലഭിച്ചില്ല. പിന്നീട് ഉച്ചയോടെയാണ് താൻ സ്വദേശമായ കാൺപുരിലാണെന്ന് അറിയിച്ചുകൊണ്ട് സബ്കളക്ടറുടെ മറുപടി ലഭിക്കുന്നത്. ജില്ലാ കളക്ടറേയോ ചീഫ് സെക്രട്ടറിയേയോ അറിയിക്കാതെയാണ് സബ് കളക്ടർ സ്ഥലം വിട്ടത്. തുടർന്ന് അനുപം മിശ്രയ്ക്കെതിരെ കേസെടുക്കുകയും കളക്ടറുടെ റിപ്പോർട്ടിന്റെ പുറത്ത് സസ്പെൻഡ് ചെയ്യുകയുമായിരുന്നു.

കളക്ടർ നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോൾ താൻ ബെംഗളുരിവിലാണെന്ന് സബ് കളക്ടർ കളവ് പറഞ്ഞു. ടവർ ലൊക്കേഷന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹം ജന്മനാടായ കാൺപൂരിലാണ് ഉള്ളതെന്ന് മനസ്സിലായത്. അനുപം മിശ്രയുടെ നടപടി സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൊല്ലം കളക്ടർ റവന്യൂ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കാതിരുന്നത് അച്ചടക്ക ലംഘനമാണ്. തന്നെയമല്ല യഥാർഥ വിവരം മറച്ചുവെക്കാനും ശ്രമമുണ്ടായെന്നും റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

അനുപം മിശ്രക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാകളക്ടർ നൽകിയ ഉത്തരവ് റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. നിരീക്ഷണത്തിൽ നിന്നും മുങ്ങിയ കൊല്ലം സബ് കളക്ടർക്കെതിരെ കേസെടുത്തിുന്നു. സബ് കളക്ടറുടെ ഐഎഎസ് റദ്ദാക്കാൻ കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെടും എന്നായിരുന്നു കേസുണ്ടായപ്പോൾ സർക്കാരിന്റെ വീരവാദം.

അനുപം മിശ്രയ്‌ക്കെതിരെ ഇതിനു മുൻപും ആരോപണങ്ങൾ ഉയർന്നിരുന്നു. തൈക്കാട് ഗസ്റ്റ് ഹൗസ് വിലാസത്തിൽ തോക്ക് ലൈസൻസ് എടുക്കാൻ ശ്രമിച്ചത് നേരത്തെ വിവാദമായിരുന്നു. അച്ഛന്റെ പേരിൽ തൈക്കാട് ഗസ്റ്റ് ഹൗസ് വിലാസം നൽകിയായിരുന്നു തോക്ക് ലൈസൻസിന് അപേക്ഷിച്ചത്. അന്നത്തെ തിരുവനന്തപുരം കലക്ടറായിരുന്ന വാസുകി അപേക്ഷ തടഞ്ഞുവച്ചു. ഡ്രൈവറുടെ പേരിൽ ഒന്നിലധികം വായ്പയെടുത്ത് തിരിച്ചടച്ചില്ലെന്ന മറ്റൊരു ആരോപണവും നേരിടുന്നുണ്ട്. ഇത്തരത്തിലൊരു ഉദ്യോഗസ്ഥനോടാണ് പിണറായി സർക്കാർ പൊറുക്കുന്നത്.

യുവ ഐഎഎസ് ഉദ്യോഗസ്ഥനായ അനുപം മിശ്രയുടെ നടപടി ഗുരുതരമായ ചട്ടലംഘനമാണ്. 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അനുപം മിശ്ര. ഇദ്ദേഹം ഉത്തർപ്രദേശ് സ്വദേശിയാണ്. ഓഗസ്റ്റലാണ് സബ് കലക്ടറായി കൊല്ലത്ത് എത്തിയത്. സമീപകാലത്തായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം. വിദേശത്തെ മധുവിധു കഴിഞ്ഞ് അടുത്തിടെയാണ് ഇയാൾ ജോലിയിൽ പ്രവേശിക്കാനായി തിരിച്ചെത്തിയത്. വിദേശത്തു നിന്നെത്തിയതിനാൽ ക്വാറന്റൈനിൽ പോകാൻ കലക്ടർ തന്നെയാണ് ഇദ്ദേഹത്തോട് പറഞ്ഞത്. ഔദ്യോഗിക വീട്ടിൽ ക്വാറൈന്റിനിലായിരുന്നു സബ് കലക്ടർ. കുറച്ചു ദിവസങ്ങളായി ആളനക്കം ഒന്നുമില്ലാത്തതിനെ തുടർന്ന് അയൽവാസികൾ കലക്ടറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കലക്ടർ ഫോണിൽ ബന്ധപ്പെടുകയായിരുന്നുവെന്നാണ് സൂചന.

ഐഎഎസ് ഉദ്യോഗസ്ഥർ ജോലി സ്ഥലം വിട്ടുപോകുമ്പോൾ മുതിർന്ന ഉദ്യോഗസ്ഥനെ അറിയിക്കണമെന്നാണ് നിയമം. ക്വാറൈന്റൻ ലംഘിച്ചു എന്നതുമാത്രമല്ല ചട്ടംലംഘിച്ചു എന്നതുൾപ്പടെ ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായത്. ഉദ്യോഗസ്ഥന്റേത് കടുത്ത നടപടിദൂഷ്യവും ഗുരുതര ചട്ടലംഘനവുമായി വിലയിരുത്തിയതിനെ തുടർന്നാണ് കേസ് എടുത്തത്. സബ് കലക്ടറുടേത് നിരുത്തരവാദപരമായ നടപടിയാണെന്ന് ജില്ലാ കലക്ടർ പ്രതികരിച്ചിരുന്നു.

ഔദ്യോഗിക വസതിയിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടെന്നും ബന്ധുക്കൾ ഒപ്പമില്ലാത്തതും കൂടുതൽ സുരക്ഷിതവും എന്ന നിലയിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നായിരുന്നു സബ് കളക്ടറുടെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP