Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണ്ണക്കടത്തിലെ മുഖ്യകണ്ണി ഫൈസൽ ഫരീദിന് കൊച്ചിയിൽ വലിയ ബന്ധങ്ങൾ; ഹവാല ഇടപാടിലും തട്ടിപ്പിലും ആരോപണ വിധേയയായ നടി ലീനാ മരിയാ പോളിലേക്കും അന്വേഷണം നീണ്ടേക്കും; ദുബായ് കേന്ദ്രീകരിച്ചുള്ള ഒരു ബ്യൂട്ടീപാർലറിന്റെ മറവിൽ സ്വർണ്ണഇടപാട് നടന്നോ എന്ന് സംശയം; ബ്യൂട്ടീ പാർലർ ഉടമയായ യുവതിയുമായി ഫൈസലിന് അടുത്ത ബന്ധം; എൻഐഎ അന്വേഷണം നീളുന്നത് ലീനയുടെ കൊച്ചിയിലെയും ചെന്നൈയിലേയും ദ നെയിൽ ആർടിസ്ട്രിയിലേക്കും

സ്വർണ്ണക്കടത്തിലെ മുഖ്യകണ്ണി ഫൈസൽ ഫരീദിന് കൊച്ചിയിൽ വലിയ ബന്ധങ്ങൾ; ഹവാല ഇടപാടിലും തട്ടിപ്പിലും ആരോപണ വിധേയയായ നടി ലീനാ മരിയാ പോളിലേക്കും അന്വേഷണം നീണ്ടേക്കും; ദുബായ് കേന്ദ്രീകരിച്ചുള്ള ഒരു ബ്യൂട്ടീപാർലറിന്റെ മറവിൽ സ്വർണ്ണഇടപാട് നടന്നോ എന്ന് സംശയം; ബ്യൂട്ടീ പാർലർ ഉടമയായ യുവതിയുമായി ഫൈസലിന് അടുത്ത ബന്ധം; എൻഐഎ അന്വേഷണം നീളുന്നത് ലീനയുടെ കൊച്ചിയിലെയും ചെന്നൈയിലേയും ദ നെയിൽ ആർടിസ്ട്രിയിലേക്കും

ആർ പീയൂഷ്

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം കൊച്ചിയിലെ മേക്കപ്പ് ആർട്ടിസ്റ്റ് ലീനാ മരിയാ പോളിലേക്കും നീളുന്നതായി സൂചന. ലീനാ മരിയാ പോളിന്റെ കൊച്ചിയിലെയും ചെന്നൈയിലേയും ദ നെയിൽ ആർടിസ്ട്രി എന്ന സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളാണ് എൻ.ഐ.എ സംഘം പരിശോധിക്കുന്നത്. ഇവർക്ക് ദുബായിലുള്ള മറ്റൊരു സ്ഥാപനവുമായി ബന്ധമുണ്ട്. ഇവിടേക്ക് നിരവധി തവണ യാത്ര ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇവരുടെ സഹോദരിയെ പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.

ദുബായ് കേന്ദ്രീകരിച്ചുള്ള ഒരു ബ്യൂട്ടീ പാർലറിന്റെ മറവിൽ അനധികൃത ഇടപാടുകൾ നടത്തുന്നതായാണ് ലഭിക്കുന്ന വിവരം. സ്വർണ്ണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദ് ഈ ബ്യൂട്ടീ പാർലറുമായി അടുത്ത ബന്ധമുള്ളയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഥിരം സന്ദർശകനായിരുന്ന ഫൈസൽ ഫരീദ് സ്വർണ്ണക്കടത്ത് സംബന്ധിച്ചുള്ള വിവരങ്ങൾ ബ്യൂട്ടീ പാർലർ ഉടമയായ യുവതിയുമായി പങ്കു വച്ചിരുന്നോ എന്നും കേരളത്തിലേക്കുള്ള യാത്രക്കിടയിൽ ഏതെങ്കിലും തരത്തിൽ സ്വർണം കടത്തിയിട്ടുണ്ടോ എന്നുമാണ് ഇപ്പോൾ അന്വേഷിക്കുന്നത്. ഇതോടെ സ്വർണ്ണക്കടത്ത് കേസിൽ ഇനിയും പ്രതികളുടെ എണ്ണം വർദ്ധിക്കുമെന്നുതന്നെയാണ് അന്വേഷണ സംഘത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ.

ലീനാ മരിയാ പോളിന്റെ അധോലോക ബന്ധങ്ങളും സിബിഐ ചമഞ്ഞ് നടത്തിയ തട്ടിപ്പുമൊക്കെ അടുത്തിടെ വലിയ വിവാദമാവുകയും സിബിഐ അന്വേഷണം നടന്ന് വരികയുമാണ്. അതിനിടയിലാണ് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ എൻ.ഐ.എ അന്വേഷണം ഇവരിലേക്കും നീളുന്നത്. ബാങ്ക് തട്ടിപ്പ് കേസിൽ ലീന മരിയ പോളിന്റെ ഭർത്താവ് സുകേഷ് ചന്ദ്രശേഖറിനെ സിബിഐ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. കൊച്ചി വഴി സുകേഷ് ഹവാല ഇടപാടുകൾ നടത്തിയിട്ടുള്ളതായി നേരത്തെ തന്നെ വ്യക്തമായിരുന്നു. അണ്ണാ ഡിഎംകെയുടെ ചിഹ്നം സംബന്ധിച്ച കേസിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ 50 കോടി രൂപ സുകേഷ് ഹവാലയായി കടത്തി. ഇതിൽ പത്തുകോടി കൊച്ചി വഴി കടത്തിയെന്നും വിവരമുണ്ട്. ഇത്തരം ക്രിമിനൽ പാശ്ചാത്തലമുള്ള നടിക്കെതിരെയുള്ള അന്വേഷണത്തിൽ ചില പ്രധാന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായും സൂചനയുണ്ട്.

കഴിഞ്ഞ ജനുവരിയിൽ നടി ലീനാ മരിയാ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഹൈദരാബാദിൽ വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ രണ്ടുപേർക്ക് ലീന മരിയാ പോളുമായി ബന്ധമുണ്ടെന്ന വിവരത്തെത്തുടർന്നായിരുന്നു പരിശോധന. സിബിഐയുടെ ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് കൊച്ചി പനമ്പള്ളി നഗറിലെ ബ്യൂട്ടി പാർലറിലെത്തി പരിശോധന നടത്തിയത്. ഇതേസമയത്തുതന്നെ ലീന മരിയ പോളിന്റെ ചെന്നൈയിലെ ഓഫീസിലും വീട്ടിലും റെയ്ഡ് നടന്നു. ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ ഹൈദരാബാദിലെ വ്യവസായി സാംബശിവ റാവുവിനെ ഭീഷണുപ്പെടുത്തിയ രണ്ടു പേരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഹൈദരാബാദാ സ്വദേശിയായ മണി വർധൻ റെഡ്ഡി, മധുര സ്വദേശിയായ സെൽവൻ രാമരാജൻ എന്നിവരാണ് പിടിയിലായത്.

സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ ഇരുവരും സാംബശിവ റാവുവിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരും പിടിയിലായതോടെയാണ് ലീന മരിയ പോളുമായുള്ള ബന്ധം പുറത്തുവന്നത്. തട്ടിപ്പിൽ നടിക്ക് ഏതെങ്കിലും വിധത്തിലുള്ള പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 2018 ഡിസംബർ 15ന് ലീന മരിയയുടെ ഉടമസ്ഥതയിലുള്ള പനമ്പള്ളി നഗറിലെ ബ്യൂട്ടി പാർലറിന് നേർക്ക് അധോലോക കുറ്റവാളി രവി പൂജാരിയുടെ സംഘം വെടിയുതിർത്തിരുന്നു.

നടിയുടെ കുടുംബാംഗങ്ങളെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. വിദേശ യാത്രകളടക്കം പരിശോധിക്കുകയും സാമ്പത്തിക ഇടപാടുകളെ പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഫൈസൽ ഫരീദിനെ കൂടുതൽ ചോദ്യം ചെയ്തെങ്കിൽ മാത്രമേ ളീനാ മരിയാ പോളിന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടോ എന്ന് ഉറപ്പാക്കാൻ കഴിയൂ. എന്തായാലും കേസുമായി ബന്ധപ്പെട്ട മുഴുവൻ പേരെയും എൻ.ഐ.എ സംഘം ചോദ്യം ചെയ്ത് വരികയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP