Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺസുൽ ജനറലുമായി തിരുവനന്തപുരത്ത് ബന്ധമുള്ള ഏക വ്യക്തി; ഒരു കിലോ സ്വർണം കടത്തുമ്പോൾ അറബിയായ അറ്റാഷയ്ക്ക് നൽകിയത് 75,000 രൂപ കമ്മീഷൻ; പണം നൽകിയത് ഡോളറിൽ; ശിവശങ്കറുമായുള്ള ബന്ധത്തിന് പൊട്ടിക്കരഞ്ഞു കൊണ്ട് നൽകിയത് വെറും സൗഹൃദമെന്ന ഉത്തരം; സ്വർണ്ണ കടത്തിൽ മുൻ ഐടി സെക്രട്ടറിക്ക് പങ്കുണ്ടോ എന്ന് ചോദ്യത്തിന് ഉത്തരം നീണ്ട മൗനം; ഒടുവിൽ തത്ത പറയുന്നതു പോലെ മറുപടി നൽകി സ്വപ്‌നാ സുരേഷ്; അറ്റാഷയെ ചോദ്യം ചെയ്യാൻ ഇനി നയതന്ത്ര നീക്കം  

കോൺസുൽ ജനറലുമായി തിരുവനന്തപുരത്ത് ബന്ധമുള്ള ഏക വ്യക്തി; ഒരു കിലോ സ്വർണം കടത്തുമ്പോൾ അറബിയായ അറ്റാഷയ്ക്ക് നൽകിയത് 75,000 രൂപ കമ്മീഷൻ; പണം നൽകിയത് ഡോളറിൽ; ശിവശങ്കറുമായുള്ള ബന്ധത്തിന് പൊട്ടിക്കരഞ്ഞു കൊണ്ട് നൽകിയത് വെറും സൗഹൃദമെന്ന ഉത്തരം; സ്വർണ്ണ കടത്തിൽ മുൻ ഐടി സെക്രട്ടറിക്ക് പങ്കുണ്ടോ എന്ന് ചോദ്യത്തിന് ഉത്തരം നീണ്ട മൗനം; ഒടുവിൽ തത്ത പറയുന്നതു പോലെ മറുപടി നൽകി സ്വപ്‌നാ സുരേഷ്; അറ്റാഷയെ ചോദ്യം ചെയ്യാൻ ഇനി നയതന്ത്ര നീക്കം   

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി സ്വപനാ സുരേഷിന്റെ മൊഴി. എന്നാൽ ഈ മൊഴി പൂർണ്ണമായും കസ്റ്റംസ് വിശ്വസിച്ചിട്ടില്ല. എൻഐഎയ്ക്കും ഇത് ഉറപ്പാക്കാൻ ഏറെ പ്രശ്‌നങ്ങളുണ്ട്. നയതന്ത്ര ബാഗിൽ സ്വർണം കടത്തിയത് അറ്റാഷെയുടെ അറിവോടെയാണെന്നും ഒരു കിലോ സ്വർണം കടത്താൻ അറ്റാഷെയ്ക്ക് 1,000 ഡോളർ വീതം പ്രതിഫലം നൽകിയെന്നും സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നൽകി. അതായത് ഒരു കിലോ സ്വർണം കടത്തുമ്പോൾ അറ്റാഷയ്ക്ക് 75,000 രൂപ കൊടുത്തുവെന്നാണ് വെളിപ്പെടുത്തൽ.

ഏറെ നിർണ്ണായകമാണ് ഈ മൊഴി. എന്നാൽ ഇന്ത്യയും യുഎഇയും തമ്മിലെ നയതന്ത്ര ബന്ധങ്ങളെ തകർത്ത് കേസ് അട്ടിമറിക്കാനുള്ള കളികളാണ് സ്വർണ്ണ കടത്തിലെ പ്രതികൾ ചെയ്യുന്നതെന്ന സൂചന അന്വേഷണ സംഘത്തിനുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ എൻഐഎയും കസ്റ്റംസും സ്വപ്‌നയുടെ മൊഴിയിൽ അന്വേഷണം നടത്തൂ. നേരത്തെ ഹൈക്കോടതിയിൽ നൽകിയ ജാമ്യ ഹർജിയിലും അറ്റാഷെയുടെ നിർദേശ പ്രകാരമാണ് നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ താൻ പ്രവർത്തിച്ചതെന്ന് സ്വപ്ന പറഞ്ഞിരുന്നു. സ്വർണക്കടത്തിന് അറ്റാഷെയ്ക്ക് കൃത്യമായി വിഹിതം നൽകിയിരുന്നുവെന്ന് പ്രതികളായ സരിത്തും സന്ദീപും റമീസും കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്.

മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനോട് സൗഹൃദ ബന്ധം മാത്രമേയുള്ളുവെന്നും കസ്റ്റംസിന് നൽകിയ പ്രാഥമിക മൊഴിയിൽ സ്വപ്ന പറഞ്ഞു. അതേസമയം ശിവശങ്കറിന് സ്വർണക്കടത്തിൽ പങ്കുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം സ്വപ്ന നൽകിയിട്ടില്ല. കേസിൽ എൻഐഎ സംഘം തിങ്കളാഴ്ച ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. സെക്രട്ടേറിയേറ്റിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾക്ക് ശിവശങ്കറുമായുള്ള ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള എൻഐഎ അന്വേഷണവും പുരോഗമിക്കുകയാണ്. അറ്റാഷെ യുഎഇയിലാണ്. അതുകൊണ്ട് തന്നെ യുഎഇയുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ നയതന്ത്ര പരിരക്ഷയുള്ള അറ്റാഷയെ ചോദ്യം ചെയ്യാൻ എൻഐഎയ്‌ക്കോ കസ്റ്റംസിനോ കഴിയൂ.

തുടക്കത്തിൽ ചോദ്യം ചെയ്യലുകളോട് സ്വപ്‌നാ സുരേഷ് കൃത്യമായി പ്രതികരിച്ചില്ല. പൊട്ടിക്കരച്ചിലായിരുന്നു ചോദ്യങ്ങളോടുള്ള പ്രതികരണം. എന്നാൽ ഇതിന് മാറ്റം വരികയാണെന്നാണ് കസ്റ്റംസിൽ നിന്ന് ലഭിക്കുന്ന സൂചന. ഇപ്പോൾ നിവർത്തിയില്ലാതെ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നു. ഇതിനിടെയാണ് കോൺസുലേറ്റിനെതിരെ മൊഴി നൽകിയത്. അറ്റാഷയ്‌ക്കെതിരായ മൊഴി അതിനിർണ്ണായകമാണ്. ഇതിലെ വസ്തുതകൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തേയും അറിയിക്കും. യുഎഇയുമായുള്ള നയതന്ത്ര വിഷയങ്ങൾ ഉള്ളതു കൊണ്ടാണ് ഇത്. അറ്റാഷയെ ചോദ്യം ചെയ്യേണ്ടതിന്റെ അനിവാര്യതയും എൻഐഎയും കസ്റ്റംസും തിരിച്ചറിയുന്നുണ്ട്.

കോൺസുൽ ജനറലുമായി തിരുവനന്തപുരത്ത് ബന്ധമുള്ള ഏക വ്യക്തി താനാണെന്നു സ്വപ്ന സുരേഷ് ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. അതിനാലാണ് അദ്ദേഹവും കുടുംബാംഗങ്ങളും ഓരോ ആവശ്യങ്ങൾക്ക് ഇപ്പോഴും തന്നെ ആശ്രയിക്കുന്നതെന്നും അവർ ജ്യാമാപേക്ഷയിൽ പറഞ്ഞു. കോൺസുലേറ്റിൽനിന്നു ബാഗേജിന്റെ കാര്യം ആവശ്യപ്പെട്ടപ്പോഴും മറ്റൊന്നും ആലോചിക്കാതെ സത്യസന്ധമായ കാര്യമെന്നു കരുതി ബന്ധപ്പെടുകയായിരുന്നു. സ്വർണക്കടത്തുകാരുമായി യാതൊരു ബന്ധവുമില്ല. തന്റെ കൈയിൽനിന്ന് യാതൊന്നും പിടിച്ചെടുത്തിട്ടില്ല. ബാഗേജ് തന്റെ പേരിലല്ല വന്നത്. താനല്ല അയച്ചത്. അതിനുവേണ്ടി പണം മുടക്കിയതായും ആരോപണമില്ല. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കസ്റ്റഡിയിൽ കഴിയുന്നത് ഒട്ടും സുരക്ഷിതമല്ലെന്നും സ്വപ്‌ന പറയുന്നു.

ഇതിനിടെയാണ് അറ്റാഷയെക്കെതിരെ മൊഴി നൽകിയത് പുറത്താകുന്നത്. സ്വർണക്കടത്ത് കേസിൽ സംശയത്തിന്റെ നിഴലിൽ നിൽക്കെ യുഎഇ അറ്റാഷെ ഇന്ത്യ വിട്ടിരുന്നു. അറ്റാഷെയെ ചോദ്യം ചെയ്യാനായി എൻഐഎയും കസ്റ്റംസും അപേക്ഷ നൽകിയതിന് പിന്നാലെയാണ് മടക്കം. അറ്റാഷയെ കൂടാതെ യുഎഇ കോൺസിൽ ജനറലിനെയും സ്വർണക്കടത്ത് കേസിലെ മുഖ്യകണ്ണിയായ സ്വപ്ന നിരവധി തവണ വിളിച്ചതായാണ് ഫോൺരേഖകൾ പുറത്തു വന്നിരുന്നു. സ്വർണമടങ്ങിയ നയതന്ത്ര ബാഗ് തുറക്കാനുള്ള കസ്റ്റംസ് നീക്കത്തെ ശക്തമായി എതിർത്തത് യുഎഇ കോൺസിലിലെ അറ്റാഷെ റാഷദ് അൽ ഷെമെയ്‌ലിയാണ്. അറ്റാഷെയുടെ പേരിലാണ് കഴിഞ്ഞ 30-ാം തീയതി സ്വർണം കടത്തിയ ബാഗ് എത്തിയത്. നയതന്ത്ര പരിരക്ഷയുള്ള ബാഗ് തുറക്കാൻ അനുവദിക്കില്ലെന്നും തുറക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സരിത്തിനൊപ്പം എത്തിയ അറ്റാഷെ കംസ്റ്റസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നു.

എന്നാൽ ഭീഷണിക്ക് വഴങ്ങാതെ അറ്റാഷെയുടെ സാന്നിധ്യത്തിൽ തന്നെ അഞ്ചിന് ബാഗ് തുറക്കുകയും സ്വർണം പിടികൂടുകയും ചെയ്തു. അറ്റാഷെയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് പിടിയിലായ സ്വപ്നയും അറ്റാഷെയ്‌ക്കെതിരെ എൻഐഎയ്ക്ക് മൊഴി നൽകി. കസ്റ്റംസിന് മുമ്പിലും ഇത് പറഞ്ഞു. അറ്റാഷെയുടെ പങ്ക് അന്വേഷിക്കണമെന്ന് സന്ദീപ് നായരും എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെ അന്വേഷണ ഏജൻസികൾ അറ്റാഷയെ ചോദ്യം ചെയ്യാനുള്ള അനുമതി തേടി കേന്ദ്രസർക്കാരിനെ സമീപിച്ചു.

സ്വർണക്കേസിൽ നിർണായക നീക്കങ്ങൾ നടക്കുന്നതിനിടെയാണ് പത്തിന് തിരുവനന്തപുരത്ത് നിന്നും അറ്റാഷെ ഡൽഹിലെത്തിയത്. നാട്ടിലേക്കും മടങ്ങി. സംശയത്തിന്റെ നിഴലിലായിരുന്നുവെങ്കിലും നയതന്ത്ര ഉദ്യോഗസ്ഥനായ അറ്റാഷെയ്ക്ക് യാത്രാവിലക്കൊന്നും ഉണ്ടായിരുന്നില്ല. അറ്റാഷെയെ ചോദ്യം ചെയ്യണമെന്ന ആവശ്യപ്പെട്ടുള്ള കത്തിനോട് യുഎഇ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ എത്തുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള രാഷ്ട്രീയ വൈരവും മാധ്യമങ്ങളുടെ നിറംപിടിപ്പിച്ച കഥകളുമാണ് തന്റെ അറസ്റ്റിലേക്ക് നീങ്ങിയതെന്നും സ്വപ്ന ബോധിപ്പിച്ചു. നയതന്ത്ര ബാഗേജിൽ സ്വർണമാണെന്ന് അറിയില്ലായിരുന്നു. ജൂൺ 30 ന് എത്തിയ കാർഗോ വിട്ടുകിട്ടാൻ വൈകിയതോടെയാണ് താൻ അറ്റാഷെയുടെ നിർദേശാനുസരണം കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണെ വിളിച്ചത്.-ജാമ്യാപേക്ഷയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP