Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച അമൽ ജോ അജിക്കും കോവിഡ് ബാധയുണ്ടായിരുന്നെന്ന് പ്രാഥമിക വിവരം; ഇന്ന് മരിച്ച പാലക്കാട് സ്വദേശി അഞ്ജലിയും കാസർകോട് സ്വദേശി നബീസയും കോവിഡ് ബാധിതർ; സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങൾ കൂടി; രോ​ഗ വ്യാപനത്തിനൊപ്പം മരണസംഖ്യയിലും ദിനം പ്രതി വർധനവ്; ലോകം പുകഴ്‌ത്തിയ കേരള മോഡലിനെയും ഭയപ്പെടുത്തി മഹാമാരി പടരുന്നു

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച അമൽ ജോ അജിക്കും കോവിഡ് ബാധയുണ്ടായിരുന്നെന്ന് പ്രാഥമിക വിവരം; ഇന്ന് മരിച്ച പാലക്കാട് സ്വദേശി അഞ്ജലിയും കാസർകോട് സ്വദേശി നബീസയും കോവിഡ് ബാധിതർ; സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങൾ കൂടി; രോ​ഗ വ്യാപനത്തിനൊപ്പം മരണസംഖ്യയിലും ദിനം പ്രതി വർധനവ്; ലോകം പുകഴ്‌ത്തിയ കേരള മോഡലിനെയും ഭയപ്പെടുത്തി മഹാമാരി പടരുന്നു

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: കേരളത്തിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിദ്യാ‍ർത്ഥിക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ന് ഇതുവരെ മൂന്ന് കോവിഡ് ബാധിതരുടെ മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അമൽ ജോ അജി(19)ക്ക് മരണശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലിയും (40) ഇന്ന് പുലർച്ചെ പാലക്കാട് ജില്ലാ ആശുപത്രിയിൽ മരണമടഞ്ഞു. കാസർകോട് സ്വദേശി നബീസയും(75) ചികിത്സയിലിരിക്കെ ഇന്ന് മരണമടഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലെനാല് മരണങ്ങൾ ,കോവിഡ്ബാധിരായവരെന്ന് ഇന്നലെ സർക്കാർ സ്ഥിരീകരിച്ചിരുന്നു. ഇതോടെ മൊത്തം മരണം 54 കോവിഡ് മരണങ്ങൾ എന്നാണ് സർക്കാർ കണക്ക്. അതേസമയം, സർക്കാർ സ്ഥിരീകരിക്കാതെ 7 കോവിഡ് മരണങ്ങൾ കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനൊപ്പം ഇന്നത്തെ മൂന്ന് മരണങ്ങൾ കൂടി ആയതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങൾ 64 ആയി ഉയർന്നു.

കഴിഞ്ഞയാഴ്ചയാണ് അമൽ ജോ അജിക്ക് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നത്. ഒരാഴ്ചയോളം തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി കഴി‌ഞ്ഞ ദിവസം മരിച്ചു. ഇതേത്തുടർന്ന് അമലിന്റെ സ്രവം പരിശോധനയ്ക്കായി അയച്ചപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. പരിയാരത്തെ വൈറോളജി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. പരിയാരം മെഡിക്കൽ കോളജിൽ ഐസിയുവിൽചികിത്സയിലിരിക്കെയാണ് അമലിന് കോവിഡ് ബാധയേറ്റത് എന്നാണ് സൂചന.

പരിയാരത്തെ പ്രാഥമിക പരിശോധനയിലാണ് ഫലം പോസിറ്റീവായിരിക്കുന്നത് എന്നതിനാൽ സ്ഥിരീകരണത്തിനായി സ്രവം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഐസിയുവിൽ ചികിത്സയിലിരിക്കെ മരിച്ച രോഗിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് കണ്ണൂർ ജില്ലയിലെ ആശുപത്രികൾ പോകുന്നത് എന്നതിന്റെ ചൂണ്ടുപലകയാവുകയാണ്. അമലിനും രോഗം ബാധിച്ചിരിക്കുക ആശുപത്രിയിൽ നിന്ന് തന്നെയാകാം എന്നാണ് ഇത് നൽകുന്ന സൂചന.

കാസർകോട് പടന്നക്കാട് സ്വദേശി നബീസ(75) ഇന്ന് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. നബീസയും പരിയാരം മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ കാഞ്ഞങ്ങാട്ട ജില്ലാ ആശുപത്രിയിലാണ് നബീസയെ പ്രവേശിപ്പിച്ചത്.എന്നാൽ ആരോഗ്യ നില വഷളായതോടെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. വാർധക്യസഹജമായ അവശതകളല്ലാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ നബീസക്ക് ഉണ്ടായിരുന്നില്ല.

കൊല്ലങ്കോട് സ്വദേശി അഞ്ജലി ഇന്ന് പുലർച്ചെ പാലക്കാട് ജില്ലാ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് അഞ്ജലിയെ ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത പ്രമേഹ ബാധിതയായിരുന്ന അഞ്ജലിക്ക് അക്കാര്യം അറിയില്ലായിരുന്നുവെന്ന് പാലക്കാട് ഡി.എം.ഒ പറഞ്ഞു. ഈ മാസം ആദ്യമാണ് അഞ്ജലി തിരുപ്പൂരിൽ നിന്ന് മകനോടൊപ്പം ബൈക്കിൽ വീട്ടിലെത്തിയത്. ക്വാറന്റൈൻ കാലാവധി കഴിയുന്ന ദിവസമാണ് ഇവർ വീട്ടിൽ കുഴഞ്ഞുവീഴുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. മകന്റെ പരിശോധന ഫലം വന്നിട്ടില്ല. ഭർത്താവ്: സുരേന്ദ്രൻ

അതിനിടെ, കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച റുഖ്യാബിയുടെ മകളും മരിച്ചു. കോഴിക്കോട് കൊളക്കാട്ടു വയലിൽ ഷാഹിദ(52)യാണ് മരിച്ചത്. കാൻസർ ചികിത്സയിലായിരുന്നു ഇവർ. ഇവരുടെ കോവിഡ് പരിശോധന ഫലം വന്നിട്ടില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് റുഖ്യാബിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന് വ്യാഴാഴ്ച ഇവർ മരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു റുഖ്യാബി. റുഖ്യാബിയുടെ ബന്ധുവിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്നലെ 885 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 724 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 968 പേർ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാല് പേർ കോവിഡ് ബാധിച്ച് മരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16995 ആണ്. ഉറവിടം അറിയാത്ത 54 കേസുകളുണ്ട്. വിദേശത്ത് നിന്നും വന്ന 64 പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന 68 കേസുകളും ഉണ്ട്. 24 ആരോഗ്യപ്രവർത്തകർക്കും രോഗം വന്നു. ഇന്ന് നാല് മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം സ്വദേശി മുരുകൻ 46 വയസ്സ, കാസർകോട് സ്വദേശി ഖമറൂന്നിസ 48, മാധവൻ 68, ആലുവ സ്വദേശി മറിയാമ്മ എന്നിവരാണ് ഇന്നലെ മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP