Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുടക്കോഴി മലയിൽ ഒളിച്ചിരുന്ന കൊടിസുനിയേയും സംഘത്തേയും സാഹസികമായി പിടികൂടിയത് അർദ്ധരാത്രിയിൽ വേഷപ്രച്ഛന്നരായി നടന്നെത്തി; തമിഴ്‌നാട്ടിലെ തീവ്രവാദക്കേസുകൾ മുതൽ പാരിസ് ഭീകരാക്രമണക്കേസിൽ വരെ അന്വേഷണ സംഘത്തിൽ സജീവം; സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നിട്ടും സംസ്ഥാനത്ത് നിന്നും ഐപിഎസ് ലഭിക്കേണ്ടവരുടെ പട്ടികയിൽ എപി ഷൗക്കത്ത് അലിയും

മുടക്കോഴി മലയിൽ ഒളിച്ചിരുന്ന കൊടിസുനിയേയും സംഘത്തേയും സാഹസികമായി പിടികൂടിയത് അർദ്ധരാത്രിയിൽ വേഷപ്രച്ഛന്നരായി നടന്നെത്തി; തമിഴ്‌നാട്ടിലെ തീവ്രവാദക്കേസുകൾ മുതൽ പാരിസ് ഭീകരാക്രമണക്കേസിൽ വരെ അന്വേഷണ സംഘത്തിൽ സജീവം; സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നിട്ടും സംസ്ഥാനത്ത് നിന്നും ഐപിഎസ് ലഭിക്കേണ്ടവരുടെ പട്ടികയിൽ എപി ഷൗക്കത്ത് അലിയും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സിപിഎമ്മിന്റെ കണ്ണിലെ എക്കാലത്തെയും കരടാണെങ്കിലും സംസ്ഥാനത്ത് നിന്നും ഐപിഎസ് ലഭിക്കേണ്ടവരുടെ പട്ടികയിൽ എപി ഷൗക്കത്ത് അലി ഇടംപിടിച്ചത് സമർത്ഥനായ ഉദ്യോ​ഗസ്ഥൻ എന്ന വിലയിരുത്തലിനെ തുടർന്ന്. ഇപ്പോഴും സർക്കാർ ആരോപണം നേരിടുന്ന സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥരിലൊരാളാണ് എ പി ഷൗക്കത്ത് അലി. 2018 ബാച്ചിൽ ഐപിഎസ് ലഭിക്കാവുന്ന പരിഗണനാ പട്ടികയിൽ പതിനൊന്നാമനായാണ് ഷൗക്കത്ത് അലിയെ ഡിജിപി ശുപാർശ ചെയ്തതിട്ടുള്ളത്. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിയേയും സംഘത്തെയും ഷൗക്കത്തലി പിടികൂടിയതോടെയാണ് സി പി എമ്മിന്റെ ബ്ലാക്ക് ലിസ്റ്റിൽ ഷൗക്കത്ത് അലി കയറിപ്പറ്റുന്നത്.

ടിപി വധക്കേസ് അന്വേഷണത്തിന്റെ പേരിൽ സിപിഎമ്മിന്റെ കണ്ണിലെ കരടായ കെ വി സന്തോഷിന്റെ പേരും ഉൾപ്പെടുന്ന പട്ടിക സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്. 2018 ബാച്ചിലെ എസ്‌പിമാരിൽ 11 പേർക്കാണ് കേന്ദ്ര സർക്കാർ ഐപിഎസ് നൽകേണ്ടത്. പതിനൊന്ന് തസ്തികകളിലേക്ക് പരിഗണിക്കാനായി 40 എസ്‍പിമാരുടെ പട്ടികയാണ് ഡിജിപി ശുപാർശയായി നൽകിയത്.ഇതിൽ പതിനൊന്നാമത്തെ പേര് എൻഐഎയുടെ അഡീഷണൽ എസ്‍പി എ പി ഷൗക്കത്ത് അലിയുടേതാണ്. ടിപി വധക്കേസ് അന്വേഷിച്ച മറ്റൊരു ഉദ്യോഗസ്ഥൻ കെ വി സന്തോഷ് പട്ടികയിലെ പതിമൂന്നാമനാണ്. സംസ്ഥാന പൊലീസിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥരെന്ന നിലയിൽ ഇരുവർക്കും ഐപിഎസ് ലഭിക്കാനാണ് സാധ്യത.

2017ലെ പട്ടികയിൽ ഉൾപ്പെട്ട ഏഴ് എസ്‌പിമാർക്ക് കേന്ദ്രം ഇപ്പോഴും ഐപിഎസ് നൽകേണ്ടതുണ്ട്. അതിനായി നൽകിയ പട്ടിക ഇപ്പോഴും കേന്ദ്രത്തിന്റെ പരിഗണനയിലാണ്. ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ചില ഉദ്യോഗസ്ഥരും 2018 ലെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്ക് 2017 ലെ പട്ടിക അനുസരിച്ചു തന്നെ ഐപിഎസ് ലഭിച്ചാൽ 2018ലെ പട്ടികയിലുള്ള ഷൗക്കത്ത് അലിയുടെയുയും കെ വി സന്തോഷിന്റെയും സാധ്യത വർധിക്കുകയും ചെയ്യും.

ഡിജിപി നൽകിയ പട്ടികയ്ക്കൊപ്പം ഉദ്യോഗസ്ഥരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ടുമുണ്ട്. ഇത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. സർക്കാരിന്റെ ശുപാർശയോടെയാകും പട്ടിക കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറുക. ടി പി വധക്കേസിലെ അന്വേഷണത്തിന് ശേഷം സിപിഎമ്മിന്റെ കണ്ണിലെ കരടായ ഷൗക്കത്ത് അലി എൻഐഎയിൽ ഡെപ്യൂട്ടേഷൻ വാങ്ങി പോവുകയായിരുന്നു. കെ വി സന്തോഷ് കുമാർ ഇപ്പോൾ ക്രൈംബ്രാഞ്ച് എസ് പിയാണ്.

1995ൽ ഒന്നാംറാങ്കോടെ കേരള പൊലീസിൽ എസ്‌ഐയായ ഷൗക്കത്തലി തലശേരി ഡിവൈ.എസ്‌പിയായിരിക്കെ 2014 ലാണ് ഡെപ്യൂട്ടേഷനിൽ എൻ.ഐ.എയിലെത്തിയത്. ഐസിസ് റിക്രൂട്ട്മെന്റ്, കനകമല കേസ്, തമിഴ്‌നാട്ടിലെ തീവ്രവാദക്കേസുകൾ എന്നിങ്ങനെ സുപ്രധാന കേസുകളുടെ അന്വേഷണം ഷൗക്കത്തിനായിരുന്നു. 150ലേറെപ്പേർ കൊല്ലപ്പെട്ട പാരിസ് ഭീകരാക്രമണക്കേസിൽ ഫ്രഞ്ച് ഏജൻസികളുമായി ചേർന്നുള്ള അന്വേഷണത്തിലും ഷൗക്കത്തലിയുണ്ടായിരുന്നു.

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിയേയും സംഘത്തെയും ഷൗക്കത്തലി പിടികൂടിയ രീതി കേരളപൊലീസിൽ ചരിത്രമായി മാറുകയായിരുന്നു.ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടിസുനി അടക്കമുള്ള കൊടുംക്രിമിനലുകളെ ശക്തമായ രാഷ്ട്രീയ എതിർപ്പ് വകവയ്ക്കാതെയാണ് ഷൗക്കത്തലി പിടികൂടിയത്. കണ്ണൂരിലെ മുടക്കോഴി മലയിൽ ഒളിച്ചിരുന്ന പ്രതികളെ അർദ്ധരാത്രിയിൽ വേഷപ്രച്ഛന്നരായി നടന്നെത്തി സാഹസികമായ ഏറ്റുമുട്ടലിലൂടെയാണ് ഷൗക്കത്തലിയും സംഘവും പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP