Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൊബൈൽ ഫോണുകൾ ചാർജ്ജ് ചെയ്യാൻ നാല് കിലോമീറ്റർ അപ്പുറത്തുള്ള വീടുകളിൽ പോകണം; ഓൺലൈൻ ക്ലാസുകളിൽ ഒരിക്കൽ പോലും പങ്കെടുക്കാനാകാതെ ഒന്നാം ക്ലാസ് മുതൽ പിജി വരെ പഠിക്കുന്ന 24 കുട്ടികൾ; ആറ് പതിറ്റാണ്ടായി വൈദ്യുതിക്കും റോഡിനും വേണ്ടിയുള്ള അട്ടപ്പാടി കുറുക്കൻ കുണ്ടിലെ കർഷക കുടുംബങ്ങളുടെ പോരാട്ടം പുതിയ തലമുറ ഏറ്റെടുക്കുമ്പോൾ തടസ്സമായി നിൽക്കുന്നത് വനം വകുപ്പ്; വനം ഭൂമിയിലൂടെയുള്ള റോഡ് ടാറിടാനോ വൈദ്യുതി വലിക്കാനോ അനുവദിക്കില്ലെന്ന് വനം വകുപ്പിന്റെ പിടിവാശി

മൊബൈൽ ഫോണുകൾ ചാർജ്ജ് ചെയ്യാൻ നാല് കിലോമീറ്റർ അപ്പുറത്തുള്ള വീടുകളിൽ പോകണം; ഓൺലൈൻ ക്ലാസുകളിൽ ഒരിക്കൽ പോലും പങ്കെടുക്കാനാകാതെ ഒന്നാം ക്ലാസ് മുതൽ പിജി വരെ പഠിക്കുന്ന 24 കുട്ടികൾ; ആറ് പതിറ്റാണ്ടായി വൈദ്യുതിക്കും റോഡിനും വേണ്ടിയുള്ള അട്ടപ്പാടി കുറുക്കൻ കുണ്ടിലെ കർഷക കുടുംബങ്ങളുടെ പോരാട്ടം പുതിയ തലമുറ ഏറ്റെടുക്കുമ്പോൾ തടസ്സമായി നിൽക്കുന്നത് വനം വകുപ്പ്; വനം ഭൂമിയിലൂടെയുള്ള റോഡ് ടാറിടാനോ വൈദ്യുതി വലിക്കാനോ അനുവദിക്കില്ലെന്ന് വനം വകുപ്പിന്റെ പിടിവാശി

ജാസിം മൊയ്തീൻ

പാലക്കാട്: സംസ്ഥാനത്ത് തന്നെ സമ്പൂർണ്ണ വൈദ്യുതീകരണം പ്രഖ്യാപിച്ച ആദ്യ ജില്ലകളിലൊന്നാണ് പാലക്കാട് ജില്ല. ഈ പ്രഖ്യാപനം വെറും പ്രഹസനമായിരുന്നു എന്നതിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് അട്ടപ്പാടി കുറുക്കൻകുണ്ടിലെ കുടുംബങ്ങളുടെ കഥ. പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിൽപെട്ട അഗളി പഞ്ചായത്തിലെ മലയോര കർഷക ഗ്രാമമായ കുറുക്കൻ കുണ്ടിലെ ഇരുപതിലധികം കുടുംബങ്ങൾ അര നൂറ്റാണ്ട് കാലമായി വൈദ്യുതിക്കും റോഡിനും വേണ്ടിയുള്ള പോരാട്ടത്തിലാണ്. ഈ കോവിഡ് കാലത്ത് വിദ്യാഭ്യാസ സമ്പ്രദായം ഓൺലൈനിലേക്ക് മാറിയപ്പോൾ വൈദ്യുതിയില്ലാത്തതിനാൽ കുറുക്കൻ കുണ്ടിലെ വിദ്യാർത്ഥികൾ ക്ലാസ് മുറികൾക്ക് പുറത്തായതോടെ വൈദ്യുതിക്ക് വേണ്ടിയുള്ള തങ്ങളുടെ പൂർവ്വികരുടെ പോരാട്ടം പുതിയ തലമുറ ഏറ്റെടുത്തിരിക്കുകയാണ്. വനം വകുപ്പിന്റെ നിസ്സഹകരണം കാരണം ടാറിട്ട റോഡോ വൈദ്യുതിയോ ലഭിക്കാതെ അരനൂറ്റാണ്ട് കാലത്തോളമായി ദുരിതമനുഭവിക്കുന്ന കുറുക്കൻകുണ്ടിലെ കർഷക കുടുംബങ്ങളുടെ കഥയാണിത്.‌

1974, 76 വർഷങ്ങളിൽ പട്ടയം കിട്ടിയ ഭൂമിയിലാണ് കുറുക്കൻകുണ്ടിലെ 40 കർഷകകുടുംബങ്ങൾ താമസിക്കുന്നത്. വനത്താൽ ചുറ്റപ്പെട്ട കുറുക്കൻകുണ്ടിലേക്ക് എത്താനുള്ള ഏക വഴി വനത്തിലൂടെയുള്ള കാട്ടുപാതയാണ്. എന്നാൽ ഈ വഴി ടാർ ചെയ്യാനോ, അതു വഴി വൈദ്യുതി ലൈൻ വലിക്കാനോ വനം വകുപ്പ് തയ്യാറാകാതെ വന്നതോടെയാണ് ഇവരുടെ ദുരിതം തുടങ്ങിയത്. പട്ടയം ലഭിച്ച് വർഷമിത്രയായിട്ടും വനം വകുപ്പോ റവന്യൂ വകുപ്പോ വൈദ്യുതി വകുപ്പോ ഇവർക്ക് ഇവിടേക്കുള്ള വഴിയും വൈദ്യുതിയും ശരിയാക്കി നൽകിയില്ല എന്ന് മാത്രമല്ല അതിനുള്ള സാധ്യതകളെല്ലാം മുടക്കുകയുമാണ് ചെയ്തത്. ഈ കോവിഡ് കാലത്ത് കേരളത്തിലെ വിദ്യാഭ്യാസ പരിപാടികളെല്ലാം ഓൺലൈനിലേക്ക് മാറിയപ്പോളും കുറുക്കൻ കുണ്ടിലെ വിദ്യാർത്ഥികൾ ക്ലാസ് മുറികൾക്ക് പുറത്താണ്.

ടിവിയോ മൊബൈൽ ഫോണോ ഉണ്ടായാൽ പോലും അത് പ്രവർത്തിക്കാനാവശ്യമായ വൈദ്യുതി ഇവർക്കില്ല. 1ാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന 24 വിദ്യാർത്ഥികളാണ് കുറുക്കൻ കുണ്ടിലുള്ളത്. എന്നാൽ ഇവരിന്ന് ക്ലാസ് മുറികൾക്ക് പുറത്താണ്. തങ്ങളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെട്ടതോടെ പതിറ്റാണ്ടുകളായി തങ്ങളുടെ പൂർവ്വികർ തുടർന്നു വരുന്ന വൈദ്യതിക്കും വഴിക്കും വേണ്ടിയുള്ള പോരാട്ടാം ഈ വിദ്യാർത്ഥികളും ഏറ്റെടുത്തിരിക്കുകയാണ്. തങ്ങൾക്ക് വൈദ്യുതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഗളി കെഎസ്ഇബി ഓഫീസിന് മുന്നിൽ സമരമിരിക്കാൻ വേണ്ടിയുള്ള അനുവാദത്തിനായി അഗളി പൊലീസിനെ സമീപിച്ചപ്പോൾ ഈ മാസം 31 വരെ ഹൈക്കോടതി സമരങ്ങളെല്ലാം വിലക്കിയിരിക്കുകയാണെന്നാണ് മറപടി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി കുറുക്കൻ കുണ്ടിലെ വിദ്യാർത്ഥികൾ തങ്ങളുടെ വീടുകൾക്ക് മുമ്പിൽ പ്ലക്കാർഡുകളുമായി സമരത്തിലാണ്.

മൊബൈൽ ഫോണുകൾ ചാർജ്ജ് ചെയ്യണമെങ്കിൽ നാല് കിലോമീറ്റർ അപ്പുറത്തുള്ള വീടുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇവിടുത്തെ ജനങ്ങൾ. വാഹനസൗകര്യമുള്ള വഴിയില്ലാത്തത് കാരണം സ്‌കൂളിലേക്ക് ഏഴ് കിലോമീറ്ററോളം നടന്നുവേണം വിദ്യാർത്ഥികൾക്ക് പോകാൻ. സ്‌കൂൾ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ പലപ്പോഴും ഇരുട്ടായിരിക്കും. അതു കൊണ്ട് തന്നെ കുറുക്കൻകുണ്ടിൽ നിന്നുള്ള വിദ്യാർത്ഥികൾ സ്‌കൂളിലേക്ക് പോകുന്നത് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ടോർച്ചുകളുമായിട്ടാണ്. തിരിച്ചുവരുമ്പോൾ പലപ്പോഴും വന്യമൃഗങ്ങൾക്ക് മുന്നിൽ അകപ്പെടുന്നതും പതിവാണ്. ഈ പ്രതിസന്ധികളെയൊക്കെ തരണം ചെയ്താണെങ്കിലും ഇവിടുത്തെ വിദ്യാർത്ഥികൾ ക്ലാസുകളൊന്നും മുടക്കിയിരുന്നില്ല. എന്നാൽ ഇപ്പോൾ വൈദ്യിതി ഇല്ലാത്തത് കാരണം ഓൺലൈൻ ക്ലാസുകൾക്ക് പുറത്തിരിക്കേണ്ട അവസ്ഥയിലാണ് ഈ വിദ്യാർത്ഥികൾ. ജെല്ലിപ്പാറ സ്‌കൂളിലാണ് ഇവിടുത്തെ ഭൂരിഭാഗം വിദ്യാർത്ഥികളും പഠിക്കുന്നത്.

വനം വകുപ്പിന്റെ അനുമതിയില്ലാത്തതാണ് വൈദ്യുതി നൽകാനുള്ള തടസ്സമെന്നാണ് കെഎസ്ഇബി ഇക്കാര്യത്തിൽ പറയുന്നത്. നേരത്തെ കെഎസ്ഇബി ഇവിടുത്തെ വീടുകളിൽ സോളാർ പാനലുകൾ ഘടിപ്പിച്ചിരുന്നെങ്കിലും അവ വെളിച്ചത്തിന് വേണ്ടി മാത്രമേ ഉപയോഗിക്കാൻ കഴിയൂ. അതു തന്നെ പലതും കാലപ്പഴക്കം കാരണം ഉപയോഗ ശൂന്യമായിരിക്കുകയാണ്. കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ കുറുക്കൻകുണ്ട് പള്ളിയിൽ ജനപ്രതിനിധികളും , രാഷ്ട്രീയ-മത നേതാക്കളും യോഗം ചേർന്നിരുന്നു. റവന്യൂ, വനം, വൈദ്യുതി വകുപ്പുകളാണ് നടപടിയെടുക്കേണ്ടത്. യോഗത്തിന്റെ അടിസ്ഥാനത്തിൽ സിപിഐഎം അട്ടപ്പാടി ഏരിയ കമ്മിറ്റി അംഗം കൂടിയായ അഗളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാർ, സിപിഐ അട്ടപ്പാടി മണ്ഡലം സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ സി രാധാകൃഷ്ണൻ, ബിജെപി മേഖലാ പ്രസിഡന്റ് എം ശ്രീനിവാസൻ തുടങ്ങിയവർ ജില്ലാ കളക്ടറെ കണ്ട് എത്രയും പെട്ടെന്ന് വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെയും നടപടിയായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP