Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കന്യകമാരെ ഉന്നതർക്ക് കാഴ്ചവെക്കുന്നതിൽ സ്പെഷ്യലൈസേഷൻ; വേശ്യാ വൃത്തിയിലേക്ക് തള്ളിവിട്ടത് പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള നൂറുകണക്കിന് പെൺകുട്ടികളെ; മോഡലിങ്ങിൽ ഏർപ്പെടാൻ ആഗ്രഹിച്ച് വന്നെത്തുന്ന യുവതികളെ പോഷ് പാർട്ടികളിൽ വെച്ച് പരിചയപ്പെട്ട് പ്രലോഭിപ്പിച്ച് വളച്ചെടുക്കും; സമ്പാദിച്ചത് കോടികളുടെ സ്വത്ത്; കിരീടംവെച്ച കൂട്ടിക്കൊടുപ്പകാരിക്ക് ഇനി 24 വർഷം ജയിൽ; ഇന്ത്യ കണ്ട ഏറ്റവും ക്രൂരയായ വനിതാ പിമ്പിന്റെ കഥ

കന്യകമാരെ ഉന്നതർക്ക് കാഴ്ചവെക്കുന്നതിൽ സ്പെഷ്യലൈസേഷൻ; വേശ്യാ വൃത്തിയിലേക്ക് തള്ളിവിട്ടത് പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള നൂറുകണക്കിന് പെൺകുട്ടികളെ; മോഡലിങ്ങിൽ ഏർപ്പെടാൻ ആഗ്രഹിച്ച് വന്നെത്തുന്ന യുവതികളെ പോഷ് പാർട്ടികളിൽ വെച്ച് പരിചയപ്പെട്ട് പ്രലോഭിപ്പിച്ച് വളച്ചെടുക്കും; സമ്പാദിച്ചത് കോടികളുടെ സ്വത്ത്; കിരീടംവെച്ച കൂട്ടിക്കൊടുപ്പകാരിക്ക് ഇനി 24 വർഷം ജയിൽ; ഇന്ത്യ കണ്ട ഏറ്റവും ക്രൂരയായ വനിതാ പിമ്പിന്റെ കഥ

എം മാധവദാസ്

റോയൽ പിമ്പ്! കീരീടംവെച്ച കൂട്ടിക്കൊടുപ്പുകാരൻ എന്നത് രഞ്ജിപണിക്കരുടെ തീപ്പൊരി ഡയലോഗ് മാത്രമായിരുന്നില്ല. ഇക്കഴിഞ്ഞ ബുധനാഴ്ച ഡൽഹി കോടതി 24വർഷം കഠിന തടവിന് ശിക്ഷിച്ച സോനു പഞ്ചാബൻ എന്ന ഗീത അറോറ (40) ശരിക്കും ആ വിശേഷണത്തിന് അർഹയായിരുന്നു. ഇത്തരം ക്രൂരതകൾ ചെയ്ത ഇവരെ ഒരു സ്ത്രീയെന്ന് വിളിക്കാൻപോലും ആവില്ലെന്നാണ് അഡീഷണൽ സെഷൻസ് ജഡ്ജി പ്രതീതം സിങ്ങ് നിരീക്ഷിച്ചിരിക്കുന്നത്. കൂട്ടിക്കൊടുപ്പുകൊണ്ട് വലിയയൊരു സാമ്രാജ്യം തന്നെയാണ് ഈ 40കാരി സ്വന്തമാക്കിയിരിക്കുന്നത്.

വെറും 7ാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള സോനുപഞ്ചാബൻ ഉത്തരേന്ത്യമുഴുവൻ അറിയപ്പെടുന്ന മാഡം ആയിരുന്നു. ആ പേരിൽ അവരുടെ ജീവതംവെച്ച് ഒരു ബോളിവുഡ് സിനിമയും ഇറങ്ങി. ബസ്സ്റ്റാഡുകളിലും റെയിൽവേ സ്റ്റേഷനിലും ചുവന്ന തെരുവുകളിലും ഒതുങ്ങുന്ന ലോക്കൽ വേശ്യാവൃത്തിയായിരുന്നില്ല, ശരിക്കും ഉന്നതരായ രാഷ്ട്രീയക്കാരും, ഉദ്യോഗസഥരും, ബിസിനസ് മാഗ്നറ്റുകളും അടങ്ങുന്ന വലിയ കളികൾ ആയിരുന്നു ഇവരെേുടത്. കന്യകമാരെ എത്തിച്ചു കൊടുക്കപ്പെടും എന്നതിലായിരുന്നു, സോനുപഞ്ചാബന്റെ ഡിമാന്റ്. ഇതിനായി ഉത്തരേന്തയിൽ അവർക്ക് വ്യാപക നെറ്റ്‌വർക്ക് ഉണ്ടായിരുന്നു. ബീഹാറിലെയും യുപിയിലെയും ബംഗാളിലെയും ദരിദ്ര കുടുംബങ്ങളിലെ കൗമരക്കാരികളെയായിരുന്നു സോനു നോട്ടമിട്ടിരുന്നത്. ജോലിക്കെന്നും തുടർ വിദ്യഭ്യാസത്തിനെന്നുമൊക്കെ പറഞാണ് കുട്ടികളെ അവിടെ നിന്ന് കൊണ്ടുവരുന്നത്. ഇതിനായി ചില സംഘടകളുടെ പേരും സോനു ദുരുപയോഗം ചെയ്തിരുന്നു. പലയിടത്തും രക്ഷിതാക്കൾക്ക് പണം നൽകി കുട്ടികളെ വാങ്ങിക്കും. ഈ കുട്ടികളെ നഗരങ്ങളിലെത്തിച്ച് മെരുക്കിയെടുത്താണ് ഉന്നതർക്ക് കാഴ്ചവെക്കുന്നത്. അങ്ങനെ പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള നൂറുകണക്കിന് പെൺകുട്ടികളെയാണ് ഈ നരാധമ, തന്റെ ഒന്നരപതിറ്റാണ്ടോളം നീണ്ട കൂട്ടിക്കൊടുപ്പ് ജീവിതത്തിനിടയിൽ വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ടത്.

കുട്ടികളെ മെരുക്കിയടുക്കാനും സോനുവിന് പ്രത്യേക ഗുണ്ടാ സംഘം ഉണ്ടായിരുന്നു. കന്യകയെ ആദ്യമായി മാനഭംഗപ്പെടുത്താനുള്ള അവസരം തന്നെയാണ് ഇവർക്കുള്ള പ്രതിഫലവുമെന്ന് പൊലീസ് റിപ്പോർട്ട് പറയുന്നു. സോനുവിനെതിരായ പൊലീസ് കുറ്റപത്രം വായിച്ച് താൻ നടുങ്ങിപ്പോയെന്ന് ജഡ്ജി പറയുന്നത് ഇതുകൊണ്ടൊക്കെയാണ്. സോനുവിന്റെ സഹായിയും, ബലാൽസംഗം ചെയ്തു കുട്ടികളെ മെരുക്കുന്ന ജോലിക്കാരനുമായ സന്ദീപ് ബെഡ്വാളിനും കിട്ടി 20 വർഷത്തെ കഠിന തടവ്. വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കപ്പെട്ട പന്ത്രണ്ടുകാരിയെ, ആദ്യമായി ബലാത്സംഗം ചെയ്ത കുറ്റമാണ് ഇയാളിൽ തെളിഞ്ഞത്.

പാർട്ടികൾ വഴി മോഡലുകളിലേക്ക്

അതുപോലെതന്നെ പോഷ് പാർട്ടികളിൽപോയി മോഡലുകളുടെ വളച്ചെടുക്കുന്നതായിരുന്നു സോനുവിന്റെ മറ്റൊരു കെണി. ലക്ഷങ്ങൾ പൊടിച്ച് അവരും ഇതിനായി പാർട്ടികൾ നടത്തിയിരുന്നു. തലസ്ഥാനത്തേക്ക് മോഡലിങ്ങിൽ ഏർപ്പെടാൻ ആഗ്രഹിച്ച് വന്നെത്തുന്ന യുവതികളെ പോഷ് പാർട്ടികളിൽ വെച്ച് പരിചയപ്പെടുക, അവർക്ക് ഒരു അധിക വരുമാനം എന്ന നിലയ്ക്ക് തന്റെ പ്രീമിയം പ്രോസ്റ്റിട്യൂഷൻ റിങ്ങിൽ ജോലി ഓഫർ ചെയ്യുക, അവരെ സമ്പന്നരായ ബിസിനസ്സുകാരും രാഷ്ട്രീയക്കാരും ഗ്യാങ്സ്റ്റർമാരും ഒക്കെ അടങ്ങുന്ന തന്റെ ക്ലയന്റുകൾക്ക് സർവീസ് നൽകാൻ പറഞ്ഞുവിടുക ഇതൊക്കെ ചെയ്തു ചെയ്ത് കുറഞ്ഞകാലം കൊണ്ട് കോടികൾ സമ്പാദിക്കാൻ സോനുവിന്് സാധിച്ചു. നോയിഡയിലും ഡൽഹിയിലും മുബൈയിലുമായി അപ്പാർട്ട്മെന്റുകളും, വീടുകളുമൊക്കെയായി കോടികളുടെ സ്വന്താണ് അവർക്ക് ഉണ്ടായിരുന്നത്. ഇതും കോടതി കണ്ടുകെട്ടിയിട്ടുണ്ട്. പോർഷെ, ലംബോർഗിന് പോലുള്ള ആഡംബര കാറുകളിലായി പഞ്ചനക്ഷത്ര ജീവിതമായിരുന്നു ഇവർ നയിച്ചിരുന്നതും.

സോനു പഞ്ചാബൻ എന്നത് ഡൽഹിക്ക് വടക്കോട്ട് പ്രവർത്തിക്കുന്ന മാംസക്കച്ചവടറാക്കറ്റുകൾക്കിടയിലെ സുപരിചിതമായ ഒരു പേരായിരുന്നു. സോനു പഞ്ചാബൻ ട്രാഫിക്കിങ്ങിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമായിട്ടൊന്നുമല്ല എങ്കിലും, ഇത്തവണ ഇനിയങ്ങോട്ടുള്ള അവരുടെ ആയുസ്സിന്റെ നല്ലൊരുഭാഗം ഇരുമ്പഴികൾക്കുള്ളിൽ തന്നെ ചെലവിടാൻ പോന്നത്ര കടുപ്പമുള്ള ശിക്ഷയാണ് വിധിച്ചു കിട്ടിയിരിക്കുന്നത്.
ഇത്തവണ സോനുവിനെതിരെ ചാർജ് ചെയ്യപ്പെട്ടത് പോസ്സോ നിയമമാണ്. പ്രായപൂർത്തിയാകാത്ത ഒരു കൗമാരക്കാരിയെ നിർബന്ധിച്ച് വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ടു എന്നതാണ് സോനുവിനുമേൽ തെളിയിക്കപ്പെട്ടിട്ടുള്ള കുറ്റം.

ബ്യൂട്ടി പാർലറിൽനിന്ന് വേശ്യാവൃത്തിയിലേക്ക്

കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകാലമായി ഉത്തരേന്ത്യൻ സ്ത്രീ കടത്ത്-വേശ്യാവൃത്തി മാർക്കറ്റിൽ അറിയപ്പെടുന്ന നാമങ്ങളിൽ ഒന്നായിരുന്നു സോനു പഞ്ചാബന്റേത്. എന്നാൽ സോനു എന്നത് അവൾക്ക് തന്റെ അച്ഛനമ്മമാർ ഇട്ട പേരായിരുന്നില്ല. എന്നുമാത്രമല്ല അവർക്ക് പഞ്ചാബുമായി പുലബന്ധം പോലും ഉണ്ടായിരുന്നുമില്ല. 1980 -ൽ ഹരിയാനയിൽ ജനിച്ച അവരുടെ പേര് ഗീത അറോറ എന്നായിരുന്നു. പാക്കിസ്ഥാനിൽനിന്ന് അഭയാർഥിയായി എത്തിയ ഒരു ഓട്ടോ ഡൈവ്രറുടെ മകൾ ആണ്് അവൾ എന്നാണ് പൊലീസ് രേഖകളിൽ കാണുന്നത്.
ഒരുവിധം ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയ ഗീത ആദ്യം തുടങ്ങിയത് ബ്യൂട്ടി പാർലർ ബിസിനസ്സായിരുന്നു. പഠനം ഏഴാംക്ലാസിൽ വെച്ച് നിർത്തുകായിരുന്നെന്നും പറയുന്നു. പക്ഷേ പിന്നീട്് സ്വ പ്രയത്നത്താൽ ഇവർ ഇംഗ്ലീഷ് നന്നായി പറയാൻ പഠിച്ചു.

2003 -ൽ, ഡൽഹിയിലെ അറിയപ്പെടുന്ന ഗുണ്ടാത്തലവനായ വിജയ് സിംഗുമായുള്ള വിവാഹം കഴിയുന്നതോടെയാണ് കുറ്റകൃത്യങ്ങളുടെ ലോകം ഗീത അറോറ പരിചയപ്പെടുന്നത്. ശ്രീപ്രകാശ് ശുക്ല എന്ന പ്രസിദ്ധ ഗ്യാങ്സ്റ്ററുടെ അടുത്ത അനുയായി ആയിരുന്നു വിജയ് സിങ്. അയാൾക്ക് ഇഷ്ടംപോലെ പണമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വിവാഹം കഴിഞ്ഞ ആദ്യ ഒരു വർഷം വളരെ സുഭിക്ഷമായ ജീവിതമായിരുന്നു ഗീതയുടേത്. എന്നാൽ, 2004 -ൽ ഒട്ടും നിനച്ചിരിക്കാതെ, വിജയ് സിംഗിനെ ഉത്തർ പ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് എൻകൗണ്ടർ ചെയ്തുകൊന്നുകളയുന്നു. അത്രയും നാൾ ആശ്രയിച്ചിരുന്ന ഭർത്താവ് അപ്രതീക്ഷിതമായി കൊല്ലപ്പെട്ടതോടെ ഗീതയുടെ സാമ്പത്തിക സ്രോതസ്സ് നിലച്ചു. അത്രയും കാലം ജീവിച്ചുപോന്നിരുന്ന ലക്ഷ്വറി ലൈഫ്‌സ്റ്റൈൽ അതുപോലെ തുടരാൻ വേണ്ട പണം കണ്ടെത്താനായാണ് ഗീത വേശ്യാവൃത്തി തൊഴിലായി സ്വീകരിക്കുന്നത്. അങ്ങനെ ഡൽഹി സർക്കിളിൽ ഒരു കോൾ ഗേൾ ആയി ജോലി ചെയ്തു.

മറ്റു പങ്കാളികളെയും എൻകൗണ്ടർ ചെയ്യുന്നു

കുറ്റവാളികളെ എൻകൗണ്ടറിൽ തട്ടിക്കളയുക എന്ന വികലമായ പൊലീസ് നയത്തിന്റെ ഇര കൂടിയാണ് ഇവർ. പങ്കാളികളെ ഒന്നൊന്നായി പൊലീസ് കൊന്നൊടുക്കുമ്പോൾ അവൾ അതിനേക്കാൾ വലിയ ക്രിമിനലായി വളരുകയായിരുനനു. അവൾ പിന്നെയും പല ഗുണ്ടാത്തലവന്മാരുമായും അടുപ്പത്തിലായി. ആദ്യത്തെ അടുപ്പക്കാരൻ ദീപക് സോനു അന്നൊരു അറിയപ്പെടുന്ന ക്രിമിനൽ ആയിരുന്നു. അയാളും അധികം താമസിയാതെ അസമിൽ വെച്ച് പൊലീസിന്റെ തോക്കിനിരയാകുന്നു. ദീപക് മരിച്ച ശേഷം, അയാളുടെ ഗ്യാങ്സ്റ്റർ ആയ സഹോദരൻ ഹേമന്ത് സോനു ഗീതയുടെ സംരക്ഷണം ഏറ്റെടുക്കുന്നു. കുറച്ചുകാലം 'ലിവ് ഇൻ' റിലേഷൻഷിപ്പിൽ കഴിഞ്ഞ ശേഷം അവർ വിവാഹിതരാകുന്നു. എന്നാൽ മൂന്നാമത്തെ ബന്ധവും പൊലീസിന്റെ എൻകൗണ്ടർ കാരണം തകരുന്നു. 2006 -ൽ ഒരു ഇരട്ടക്കൊലക്കേസിന്റെ പേരിൽ ഗുരുഗ്രാമിൽ വെച്ച് ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ ഹേമന്ത് സോനുവിനെയും രണ്ടു കൂട്ടാളികളെയും എൻകൗണ്ടർ ചെയ്തുകൊന്നുകളയുന്നു.

ഹേമന്തിന്റെ മരണശേഷമാണ് അയാളുടെ പേരിന്റെ ഭാഗമായിരുന്ന സോനു എന്ന പേര് ഗീത അറോറ സ്വീകരിക്കുന്നതും, സോനു പഞ്ചാബൻ എന്നപേരിൽ സ്വയം ക്ലയന്റുകൾക്കുമുന്നിൽ പരിചയപ്പെടുത്താനും തുടങ്ങിയത്. വളരെ ആസൂത്രിതമായ പ്രവർത്തനങ്ങളായിരുന്നു സോനുവിന്റെ റാക്കറ്റ് നടത്തിയിരുന്നത്. വളരെ നൂതനമായ പ്രവർത്തന രീതികൾ അവലംബിച്ച് പിടിക്കപ്പെടാതിരിക്കാൻ പരമാവധി മുൻകരുതലുകൾ അവർ എടുത്തു. വാട്ട്സാപ്പിന് പ്രചാരമേറിയ അക്കാലത്ത് അവർ അതിന്റെ സഹായവും കൃത്യമായി തേടി. ഡൽഹി സൊസൈറ്റിയുടെ ഉന്നതതലങ്ങളിൽ മാത്രമായിരുന്നു സോനുവിന്റെ ഓപ്പറേഷൻ. സിനിമാ- സീരിയൽ- മോദിലിങ്ങ് സ്വപ്നവുമാലയി വരുന്നവരെയും 'മാഡം' വലയിലാക്കും. അവരെ സമ്പന്നരായ ബിസിനസ്സുകാരും രാഷ്ട്രീയക്കാരും ഗ്യാങ്സ്റ്റർമാരും ഒക്കെ അടങ്ങുന്ന തന്റെ ക്ലയന്റുകൾക്ക് സർവീസ് നൽകാൻ പറഞ്ഞുവിടുക ഇതൊക്കെ ചെയ്തു ചെയ്ത് കുറഞ്ഞകാലം കൊണ്ട് കോടികൾ സമ്പാദിക്കാൻ ഗീതയ്ക്ക് സാധിച്ചു.

ഡൽഹിയിൽ മാത്രം ഒതുങ്ങിനിന്നില്ല സോനുവിന്റെ നെറ്റ്‌വർക്ക്. അതുകൊൽക്കത്ത, മുംബൈ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലേക്കും പടർന്നു പന്തലിച്ചു. ക്രിമിനലുകൾക്കും രാഷ്ട്രീയക്കാർക്കും ഇടയിൽ ഉണ്ടായിരുന്ന അതെ സ്വാധീനം ഗീതക്ക് പൊലീസിലും ഉണ്ടായിരുന്നതുകൊണ്ട് ഒരു റെയ്ഡിലും അവരുടെ മോഡലുകൾ പിടിക്കപ്പെട്ടില്ല. അഥവാ അബദ്ധവശാൽ പിടിക്കപ്പെട്ടാൽ തന്നെ ഒരൊറ്റ കോളിന്റെ ബലത്തിൽ അവർ മോചിതരായിക്കൊണ്ടിരുന്നു. അങ്ങനെ അവർക്ക് പിന്തുണ നൽകിയ ആരു ഇതുവരെ പിടിക്കപ്പെട്ടിട്ടുമില്ല.

സോനുവിന്റെ സഹായിച്ച ഉന്നതർ എവിടെ

സോനു പഞ്ചാബന്റെ പേരിൽ ഡൽഹി പൊലീസിന്റെ ഭാഗത്തുനിന്ന് ആദ്യമായി ഒരു ക്രിമിനൽ നടപടി ഉണ്ടാകുന്നത് 2007 -ൽ ആണ്. ഇമ്മോറൽ ട്രാഫിക്കിങ് പ്രിവൻഷൻ ആയിരുന്നു അന്ന് സോനുവിന്റെ പേരിൽ ഡൽഹി പൊലീസ് ചാർജ്ജ് ചെയ്ത വകുപ്പ്. അതിനു ശേഷം നിരവധി തവണ സോനു പഞ്ചാബൻ അറസ്റ്റിലായി. മക്കോക്ക അടക്കം പല വകുപ്പുകളും ചുമത്തപ്പെട്ട.

ഏറ്റവും ഒടുവിൽ അറസ്റ്റിലാകുന്നത് 2017 ഡിസംബറിലായിരുന്നു. ഇത്തവണ കേസ് ഒരല്പം കടുപ്പമുള്ളതായിരുന്നു. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ അവളുടെ ഗ്രാമത്തിൽ നിന്ന് പ്രലോഭിപ്പിച്ച് ഡൽഹിയിൽ എത്തിച്ച ശേഷം, അവളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു. വഴങ്ങാതെ വന്നപ്പോൾ അവളെ ക്രൂരപീഡനങ്ങൾക്ക് വിധേയയാക്കി. മയക്കുമരുന്നുകൾ നിർബന്ധിച്ച് കുത്തിവെച്ചു. മുറിക്കുള്ളിൽ മയക്കിക്കിടത്തി ക്ലയന്റുകളെ വിളിച്ചുവരുത്തി പീഡനത്തിനിരയാക്കി. ഇങ്ങനെ പന്ത്രണ്ടോളം തവണ ആ പെൺകുട്ടിയെ പലർക്കും കാഴ്ചവെച്ചു. പൊലീസ് ഊരിപ്പോരാനാവാത്ത വിധം പൂട്ടുമ്പോൾ സോനു പഞ്ചാബന്റെ പേരിൽ കോടികളുടെ സ്വത്തുണ്ടായിരുന്നു. തിഹാർ ജയിലിൽ അടക്കപ്പെട്ട സോനു , ഏതാനും ദിവസങ്ങൾക്കുമുമ്പ് ജയിൽ സെല്ലിനുള്ളിൽ ആത്മഹത്യക്ക് ശ്രമിക്കുകയുണ്ടായി. ഹിന്ദിയിൽ റിച്ച ഛഡ്ഡ അഭിനയിച്ച 'മാഡം' എന്ന കഥാപാത്രം സോനുവിന്റെ ജീവിതത്തെ ആസ്പദമാക്കി ഉള്ളതാണ്. പേരും ഏറെ സാമ്യമുള്ളതുതന്നെ, 'ഭോലി പഞ്ചാബൻ'.

ഈ റാക്കറ്റിലെ ഒരു വലിയ മീൻതന്നെയാണ് സോനു. പക്ഷേ അവർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കൊടുത്ത ഉന്നതർ എവിടെ. സോനു കൂട്ടിക്കൊടുത്ത പിഞ്ചുകുട്ടികളെ ഭോഗിച്ച ഉന്നതരുടെ പേര് വിവരങ്ങൾ എന്തുകൊണ്ടാണ് പുറത്തുവരാത്തത്. ഇവിടെയും സോനു തന്റെ രഹസ്യസ്വഭാവും കാത്തുവെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് എത്ര കിണഞ്ഞ് ശ്രമിച്ചിട്ടും തന്റെ കസ്റ്റമേഴ്സിനെ കുറിച്ച് അവർ മൊഴി നൽകിയിട്ടില്ല. പക്ഷേ ഡിജിറ്റൽ തെളിവുകൾ വെച്ചും കോണ്ടാക്ററ് നമ്പറുകൾ ട്രേസ് ചെയ്തും പൊലീസിന് അത് നിഷ്പ്രയാസം പിടിക്കാവുന്നതാണ്. പക്ഷേ അതിലേക്ക് അന്വേഷണം പോയില്ല. മനുഷ്യക്കടത്ത് മാഫിയയുടെ കൂടി വേര് അറുക്കുന്നതിന് പൊലീസിന് കിട്ടിയ സുവർണ്ണാവസരം ആയിരുന്നു അത്. പക്ഷേ ഫലത്തിൽ അവർ അത് കളഞ്ഞുകുളിക്കയായിരുന്നു.

സോനുവിന്റെ ജീവിതം ജയിലിൽതന്നെ തീരുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതോടെ ഒരുപാട് രഹസ്യങ്ങളായിരിക്കും ഒറ്റയിടിക്ക് അവസാനിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP