Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് മൂന്ന് കോവിഡ് മരണങ്ങൾ; കാക്കനാടുള്ള കരുണാലയത്തിലെ അന്തേവാസി ആനി ആന്റണിയുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരണം; കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ച പന്നിയങ്കര സ്വദേശി മുഹമ്മദ് കോയയും കാരപ്പറമ്പ് സ്വദേശിയായ റുഖ്യാബിയും വൈറസ് ബാധിതരായിരുന്നെന്ന് റിപ്പോർട്ട്; കേരളത്തിലെ മോർച്ചറികളിൽ കോവിഡ് പരിശോധനാ ഫലം കാത്ത് മൃതദേഹങ്ങൾ നിറയുന്നു; സ്ഥിതി​ഗതികൾ രൂക്ഷമാകവെ ഇന്ന് സർവകക്ഷി യോ​ഗം

സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് മൂന്ന് കോവിഡ് മരണങ്ങൾ; കാക്കനാടുള്ള കരുണാലയത്തിലെ അന്തേവാസി ആനി ആന്റണിയുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരണം; കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ച പന്നിയങ്കര സ്വദേശി മുഹമ്മദ് കോയയും കാരപ്പറമ്പ് സ്വദേശിയായ റുഖ്യാബിയും വൈറസ് ബാധിതരായിരുന്നെന്ന് റിപ്പോർട്ട്; കേരളത്തിലെ മോർച്ചറികളിൽ കോവിഡ് പരിശോധനാ ഫലം കാത്ത് മൃതദേഹങ്ങൾ നിറയുന്നു; സ്ഥിതി​ഗതികൾ രൂക്ഷമാകവെ ഇന്ന് സർവകക്ഷി യോ​ഗം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് മൂന്ന് കോവിഡ് മരണങ്ങൾ. കൊച്ചി കാക്കനാടുള്ള കരുണാലയത്തിലെ അന്തേവാസിയുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 77 വയസ്സുള്ള ആനി ആന്റണിയുടെ മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്ന് രാവിലെ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്നലെ മരിച്ച രണ്ടുപേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പന്നിയങ്കര സ്വദേശി മുഹമ്മദ് കോയയുടെയും കാരപ്പറമ്പ് സ്വദേശിയായ റുഖ്യാബിയുടെയും മരണമാണ് കോവിഡെന്ന് കണ്ടെത്തിയത്. കന്യാസ്ത്രീ മഠത്തിലെ കിടപ്പുരോഗിയാണ് മരിച്ച ആനി ആന്റണി.

കുറച്ചുദിവസങ്ങളായി ഇവരുടെ ആരോഗ്യനില മോശമായി തുടരുന്നതിനിടെയാണ് മരണം. കന്യാസ്ത്രീകളടക്കം 139 പേരാണ് കാക്കനാട്ടെ മഠത്തിലുള്ളത്. ഇവർക്കെല്ലാം ആന്റിജൻ പരിശോധന നടത്തിയിരുന്നു. ഇവരിൽ 43 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. 23 കിടപ്പ് രോഗികളും ഈ മഠത്തിലുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്നലെ മരിച്ച പന്നിയങ്കര സ്വദേശി മുഹമ്മദ് കോയക്കും കാരപ്പറമ്പ് സ്വദേശിയായ റുഖ്യാബിക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു. മുഹമ്മദ് കോയയ്ക്ക് 70 വയസ്സായിരുന്നു.പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു 57 വയസ്സുള്ള റുഖ്യാബി. റുഖ്യാബിയുടെ ബന്ധുവിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കാസർകോട് ജില്ലയിലെ രാവണീശ്വരം സ്വദേശി മാധവൻ(60), ആലപ്പുഴ കാട്ടൂർ തെക്കേതൈക്കൽ വീട്ടിൽ മറിയാമ്മ(85), ചെട്ടിവിളാകാം സ്വദേശി ബാബു(52), തിരുവനന്തപുരം പുല്ലുവിള ട്രീസ വർഗീസ്(60), പാറശാല സ്വദേശിനി തങ്കമ്മ(82) എന്നിവരുടെ മരണവും കോവിഡിനെ തുടർന്നാണെന്ന് വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു. അതേസമയം, സംസ്ഥാനത്തെ ആശുപത്രികളിൽ നിരവധി മൃതദേഹങ്ങളാണ് കോവിഡ് പരിശോധനാ ഫലം കാത്ത് കിടക്കുന്നത്. പരിശോധനാ ഫലം വൈകുന്നത് സംസ്കാര ചടങ്ങുകൾ വൈകുന്നതിനും കാരണമാകുന്നു.

കേരളത്തിൽ പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം ആയിരം കടക്കുന്ന സാഹചര്യത്തിൽ സ്ഥിതി ​ഗുരുതരമാക്കുന്നത് ആവശ്യത്തിന് പരിശോധനകൾ ഇല്ലെന്നതും പരിശോധനാ ഫലം വൈകുന്നതും എന്ന് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് കോവിഡ് പരിശോധനാ ഫലം ലഭിക്കാൻ നിലവിൽ പത്ത് ദിവസം വരെ കാത്തിരിക്കേണ്ട സാഹചര്യമാണ്. ഇത് വിദ​ഗ്ധ ചികിത്സ ലഭിക്കുന്നതിന് തടസ്സമാകും എന്നാണ് ആരോ​ഗ്യ പ്രവർത്തകർ തന്നെ ചൂണ്ടിക്കാട്ടുന്നത്. ജനസംഖ്യാ ആനുപാതികമായ പരിശോധന നടത്താനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നു. സാമൂഹിക വ്യാപനത്തിലേക്ക് കാര്യങ്ങൾ എത്തിയത് വ്യാപക പരിശോധന നടത്തി വൈറസ് ബാധികരെ ക്വാറന്റൈൻ ചെയ്യാൻ കഴിയാതിരുന്നതിനാലാണ്.

മെയ്‌ 4 മുതൽ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ എത്തിത്തുടങ്ങിയതോടെയാണു കേരളത്തിൽ രോഗികൾ വർധിച്ചത്. എന്നാൽ പ്രതിദിന പരിശോധന 10,000 കടന്നത് ജൂലൈ 7 മുതൽ. പരിശോധന വർധിപ്പിക്കണമെന്നു വിദഗ്ധസമിതി അഭിപ്രായപ്പെട്ടെങ്കിലും ആരോഗ്യ വകുപ്പിലെ ഉന്നതർ അംഗീകരിച്ചില്ല. പ്രകടമായ രോ​ഗലക്ഷണങ്ങൾ ഉള്ളവരിലേക്ക് മാത്രം കേരളത്തിലെ ആരോ​ഗ്യ മേഖല ശ്രദ്ധ കൊടുത്തതോടെ രോ​ഗലക്ഷണങ്ങളില്ലാത്തവരിൽ നിന്നും കുടുംബാം​ഗങ്ങളിലേക്കും മറ്റുള്ളവരിലേക്കും വൈറസ് ബാധയുണ്ടായി. ഇതോടെ കാര്യങ്ങൾ കൈവിട്ട് പോകുന്ന സാഹചര്യം സംജാതമായി.

തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ പ്രതിദിന രോഗികൾ കുറവാണെന്ന് 21 ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. 20 ന് തമിഴ്‌നാട്ടിൽ 4,985 കേസും കർണാടകയിൽ 3,648 കേസും റിപ്പോർട്ട് ചെയ്തപ്പോൾ കേരളത്തിൽ 794 കേസാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ ദിവസം തമിഴ്‌നാട്ടിൽ 58,475, കർണാടകയിൽ 43,907 വീതം പരിശോധനകൾ നടന്നു. കേരളത്തിൽ വെറും 14,640 പരിശോധന.

മറ്റൊരു പ്രധാന വെല്ലുവിളിയായി മാറുന്നത് ആശുപത്രികൾ മൃതശരീരങ്ങളുടെ എണ്ണം കൂടുന്നതാണ്. മരണശേഷം കോവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷം മാത്രം സംസ്കരിക്കേണ്ട മൃതശരീരങ്ങൾ ദിവസങ്ങളോളം ആശുപത്രി മോർച്ചറികളിൽ സൂക്ഷിക്കേണ്ട സാഹചര്യമാണ്. കോവിഡ് മരണങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഇത് വലിയ പ്രതിന്ധി സൃഷ്ടിക്കും. പല പ്രദേശങ്ങളിലും ജനസംഖ്യയുടെ പകുതിയോളം പേർ രോ​ഗബാധിതരാണ് എന്ന നിലയിലുള്ള പ്രചാരണങ്ങളും ജനങ്ങളെ വലിയ തോതിൽ പരിഭ്രാന്തരാക്കുന്നു. ഇത് സംബന്ധിച്ച് നിരവധി പ്രചാരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

പരിശോധനയുടെ കാര്യത്തിൽ കേരളം 19 സംസ്ഥാനങ്ങളിൽ ഏറ്റവും പിന്നിലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 19 ന് കേന്ദ്ര ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ചു കേരളത്തിൽ 10 ലക്ഷം പേരിൽ 180 പേർക്ക് എന്ന നിരക്കിലാണു പ്രതിദിന പരിശോധന നടക്കുന്നത്. പരിശോധനയിൽ മുന്നിലുള്ള ഗോവയിലാകട്ടെ 1,333 പേർക്ക് എന്ന നിരക്കിലാണു പരിശോധന. ത്രിപുര – 643, തമിഴ്‌നാട് – 571, കർണാടക – 247 എന്നിങ്ങനെയും. ആദ്യഘട്ടത്തിൽ പരിശോധനയുടെ കാര്യത്തിൽ കേരളമായിരുന്നു മുന്നിൽ. രോഗികൾ വർധിച്ചപ്പോൾ അതിനനുസരിച്ചു പരിശോധന വർധിപ്പിച്ചില്ല.

സമൂഹവ്യാപനം നടന്നുവെന്നു രാജ്യത്ത് ആദ്യമായി പ്രഖ്യാപിച്ച തിരുവനന്തപുരത്തെ പൂന്തുറ, പുല്ലുവിള മേഖലകളിൽ പോലും ഇപ്പോൾ വേണ്ടത്ര പരിശോധന നടക്കുന്നില്ല. ഏകദേശം 70,000 ജനസംഖ്യയുള്ള ഈ മേഖലകളിൽ സമൂഹ വ്യാപനം നടന്നുവെന്നു 18 ന് കണ്ടെത്തിയ ശേഷം ഇതുവരെ മുന്നൂറിൽ താഴെ പരിശോധനകളേ നടത്തിയിട്ടുള്ളൂ. മുതിർന്നവർ, ഇതര രോഗങ്ങൾ ഉള്ളവർ, ഗർഭിണികൾ എന്നിവർക്കു മാത്രമാണു പരിശോധന. ഇന്നലെ പൂന്തുറയിൽ 49 പേരെയാണു പരിശോധിച്ചത്. പരിശോധനാ ഫലം ലഭിക്കുന്ന കാര്യത്തിലും കേരളം പിന്നിൽ തന്നെ. പിസിആർ പരിശോധനയ്ക്കു സാംപിൾ അയച്ചാൽ 4 ദിവസം കാക്കണം.

സർവകക്ഷിയോ​ഗം ഇന്ന്

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് സർവകക്ഷി യോ​ഗം ചേരും. ലോക്ക്ഡൗൺ പ്രഖ്യാപനം ഉൾപ്പടെയുള്ള വിഷയങ്ങൾ യോ​ഗത്തിൽ ചർച്ചയാകും. ഇന്ന് ഉച്ചകഴിഞ്ഞാണ് യോഗം ചേരുക. പ്രമുഖ രാഷ്ട്രീയപാർട്ടികളെയെല്ലാം യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ വേണമെന്നാണ് ആരോ​ഗ്യവിഭാ​ഗത്തിന്റെ നിർദ്ദേശം. ഇക്കാര്യത്തിൽ കക്ഷി നേതാക്കളുടെ അഭിപ്രായം തേടും. കൂടാതെ മറ്റ് നിയന്ത്രണങ്ങളും ചർച്ചയാകും. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് എല്ലാ വിഷയങ്ങളും യോഗം ചർച്ച ചെയ്യും. യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരാനും ക്യാബിനറ്റ് തീരുമാനിച്ചു. അതിനുശേഷമാകും വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക.

ഇന്നലെ ചേർന്ന മന്ത്രിസഭായോ​ഗത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ വീണ്ടും ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ക്യാബിനറ്റിൽ ചില മന്ത്രിമാർ സംശയം ഉന്നയിച്ചു. പ്രാദേശികമായി പലസ്ഥലങ്ങളും അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനം വീണ്ടും പൂർണമായും അടച്ചിടുന്നത് സാധാരണക്കാർക്ക് കൂടുതൽ ബുദ്ധിമുട്ടാകുമെന്ന് മന്ത്രിമാർ അഭിപ്രായപ്പെട്ടു. തുടർന്ന് സർവകക്ഷിയോഗത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ച് അന്തിമ തീരുമാനമെടുക്കാമെന്ന് ധാരണയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP