Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജസ്ഥാൻ രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്; സച്ചിൻ പൈലറ്റിനും ഒപ്പമുള്ള 18 എംഎൽഎമാർക്കും കൂറുമാറ്റ നിരോധന നിയമം ബാധകമാകുമോ എന്നതിൽ കേന്ദ്ര അഭിപ്രായം തേടും; വിധി പറയാനിരുന്ന കേസിലെ വിധിപ്രസ്താവം മാറ്റിവച്ച് വീണ്ടും വാദം കേൾക്കാൻ ഹൈക്കോടതി; പന്ത് ബിജെപിയുടെ കൈകളിൽ കൊടുത്ത് സച്ചിൻ പൈലറ്റ്; ഇരുപക്ഷത്തിനും കരുനീക്കാൻ വീണ്ടും സമയം

രാജസ്ഥാൻ രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്; സച്ചിൻ പൈലറ്റിനും ഒപ്പമുള്ള 18 എംഎൽഎമാർക്കും കൂറുമാറ്റ നിരോധന നിയമം ബാധകമാകുമോ എന്നതിൽ കേന്ദ്ര അഭിപ്രായം തേടും; വിധി പറയാനിരുന്ന കേസിലെ വിധിപ്രസ്താവം മാറ്റിവച്ച് വീണ്ടും വാദം കേൾക്കാൻ ഹൈക്കോടതി; പന്ത് ബിജെപിയുടെ കൈകളിൽ കൊടുത്ത് സച്ചിൻ പൈലറ്റ്; ഇരുപക്ഷത്തിനും കരുനീക്കാൻ വീണ്ടും സമയം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജസ്ഥാനിലെ രാഷട്രീയ പ്രതിസന്ധികൾക്ക് പരിഹാരമായില്ല. സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിമത കോൺ​ഗ്രസ് എംഎൽഎമാരെ അയോ​ഗ്യരാക്കിയ നിയമസഭാ സ്പീക്കറുടെ നടപടി സംബന്ധിച്ച് ഹൈക്കോടതി അന്തിമ തീരുമാനം എടുക്കുക കേന്ദ്ര സർക്കാരിന്റെ കൂടി നിലപാട് കേട്ട ശേഷം. ഇതോടെ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിമത എംഎൽഎമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ചുള്ള ഹർജിയിൽ രാജസ്ഥാൻ ഹൈക്കോടതി വിധിപറയുന്നത് വൈകുമെന്ന് ഉറപ്പായി. ഇക്കാര്യത്തിൽ മറുപടി നൽകുന്നതിന് കേന്ദ്രസർക്കാർ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ട് തവണ കോൺഗ്രസ് വിളിച്ച് ചേർത്ത നിയമസഭാകക്ഷി യോഗത്തിലും സച്ചിൻ പൈലറ്റും രണ്ട് മന്ത്രിമാരും ഉൾപ്പടെ 19 എംഎൽഎമാർ പങ്കെടുത്തിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ ഇവർക്ക് നോട്ടീസയച്ചത്. അയോഗ്യത കൽപിക്കാതിരിക്കണമെങ്കിൽ കാരണം കാണിക്കണമെന്നതായിരുന്നു ആവശ്യം. മൂന്ന് ദിവസമാണ് മറുപടി നൽകാൻ സ്പീക്കർ വിമതർക്ക് നൽകിയത്. എന്നാൽ നിയമസഭാസമ്മേളനം ഇല്ലാത്ത സമയത്ത് ഇത്തരമൊരു നോട്ടീസ് അയക്കാൻ സ്പീക്കർക്ക് അധികാരമില്ല എന്ന് ചൂണ്ടിക്കാട്ടി പൈലറ്റ് പക്ഷം കോടതിയിലെത്തി. ഒപ്പം ഒരു പാർട്ടിയിൽ നിന്ന് രാജിവച്ച തങ്ങളെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി നിലനിൽക്കില്ലെന്നും എംഎൽഎമാർ വാദിച്ചു. വിമത എംഎൽഎ.മാർക്കെതിരേ വെള്ളിയാഴ്ചവരെ നടപടി പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

എന്നാൽ ഇന്ന് കേസ് വാദത്തിനെത്തിയതോടെ കഥ മാറി. ഇത് ഭരണഘടനയുടെ പത്താം ഷെഡ്യൂളുമായി ബന്ധപ്പെട്ട വിഷയമാണ്. പത്താംഷെഡ്യൂളിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യുന്ന വിഷയമായി ഇത് ഉയരുകയാണ്. അതിനാൽ കേന്ദ്രനിലപാട് കൂടി കേൾക്കണമെന്നായിരുന്നു സച്ചിൻ പൈലറ്റിന്റെ ആവശ്യം. കേന്ദ്രനിലപാട് എന്താണെന്ന് അറിയാനും, കേന്ദ്രത്തിനായി ആര് വാദിക്കാനായി എത്തും എന്ന് അറിയിക്കാനും എഎസ്ജിയോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. കേന്ദ്രനിലപാട് അറിയുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ എഎസ്ജി കേന്ദ്രവുമായി ആശയവിനിമയം നടത്തുന്നുണ്ട് എന്നാണ് വിവരം. സംഭവത്തിൽ കോടതി ഇന്ന് വിധിപറയാനിരിക്കെയാണ് അവസാന നിമിഷം ഇക്കാര്യമുന്നയിച്ച് സച്ചിൻ പൈലറ്റ് കോടതിയെ സമീപിച്ചത്. വിഷയത്തിൽ കൂറുമാറ്റ നിരോധന നിയമം ബാധകമാകുമോ എന്ന കാര്യത്തിൽ കേന്ദ്രത്തിന്റെ അഭിപ്രായം ആരായുന്നതിനാണ് കോടതി കേന്ദ്രത്തെയും കക്ഷിചേർക്കാൻ തീരുമാനിച്ചത്.

അതേസമയം, ഭരണഘടനയുടെ പത്താം ഷെഡ്യൂളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി തന്നെ വിശദമായി വിധി പറഞ്ഞിട്ടുള്ളതാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വിധി പറയാനിരുന്ന കേസിലെ വിധിപ്രസ്താവം മാറ്റിവച്ചുകൊണ്ട് ഇതിൽ വാദം കേൾക്കുന്നതിന്റെ അർത്ഥമെന്തെന്നാണ് പല നിയമവിദഗ്ധരും ചോദിക്കുന്നത്. വിധി പറയാൻ മാറ്റി വച്ച കേസിൽ വീണ്ടും വാദം കേൾക്കാമെന്ന് സമ്മതിച്ച് വിധിപ്രസ്താവം തന്നെ മാറ്റിവയ്ക്കുന്ന നടപടി അസാധാരണമാണ്. ഇതോടെ രാഷ്ട്രീയനീക്കങ്ങൾക്ക് സച്ചിൻ പൈലറ്റിന് സമയവും നീട്ടിക്കിട്ടുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി രാജസ്ഥാൻ ഹൈക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് സുദീർഘമായ വാദമാണ് നടന്നത്.

വിമത എംഎൽഎ.മാർക്കെതിരേ വെള്ളിയാഴ്ചവരെ നടപടി പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീംകോടതി കഴിഞ്ഞ ദിവസം വിസമ്മതിച്ചിരുന്നു. കോൺഗ്രസ് വിമതർ നൽകിയ ഹർജിയിൽ വിധി പ്രസ്താവിക്കുന്നതിന് ഹൈക്കോടതിക്ക് നിയന്ത്രണങ്ങളില്ലെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവ് എന്തായാലും സുപ്രീംകോടതിയുടെ തീർപ്പിന് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

സ്പീക്കറുടെ നടപടിക്രമങ്ങളിൽ കോടതികൾ ഇടപെടരുതെന്നായിരുന്നു ഹർജിയിലെ വാദം. സ്പീക്കർ തീരുമാനമെടുക്കുംമുൻപേ അതു പുനഃപരിശോധിക്കാനാവില്ല. സച്ചിൻ പൈലറ്റിനും കൂട്ടർക്കുമെതിരേ നോട്ടീസയക്കുക മാത്രമാണു ചെയ്തത്. അയോഗ്യതാ വിഷയത്തിൽ അവരുടെ അഭിപ്രായം തേടിയാണ് നോട്ടീസ്. അത് അവരുടെ അയോഗ്യത സംബന്ധിച്ച അന്തിമ തീരുമാനമില്ലെന്നും സ്പീക്കറുടെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP