Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലയാളി യുവാക്കളുടെ സ്റ്റാർട്ട് അപ്പ് സംരംഭം ആറുമാസത്തിനിടെ സമാഹരിച്ചത് 23.25 കോടിയുടെ മൂലധന നിക്ഷേപം; ‘എൻട്രി’യുടെ വിജയക്കുതിപ്പ് ഇങ്ങനെ

മലയാളി യുവാക്കളുടെ സ്റ്റാർട്ട് അപ്പ് സംരംഭം ആറുമാസത്തിനിടെ സമാഹരിച്ചത് 23.25 കോടിയുടെ മൂലധന നിക്ഷേപം;  ‘എൻട്രി’യുടെ വിജയക്കുതിപ്പ് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: രണ്ട് മലയാളി യുവാക്കളുടെ നേതൃത്വത്തിൽ ആരംഭിച്ച സ്റ്റാർട്ട് അപ്പ് സംരംഭം ആറുമാസത്തിനിടെ സമാഹരിച്ചത് 23.25 കോടിയുടെ മൂലധന നിക്ഷേപം. കാസർകോട് സ്വദേശി മുഹമ്മദ് ഹിസാമുദ്ദീൻ, തൃശ്ശൂർ സ്വദേശി രാഹുൽ രമേശ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തൊഴിൽ പരിശീലന സ്റ്റാർട്ട് അപ്പായ ‘എൻട്രി’ (Entri)യാണ് ആറുമാസത്തിനിടെ 23.25 കോടി രൂപയുടെ മൂലധന നിക്ഷേപം നേടിയത്. പ്രാരംഭ വെഞ്ച്വർ ക്യാപ്പിറ്റൽ സ്ഥാപനമായ ഗുഡ് ക്യാപ്പിറ്റലിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരിൽ നിന്നാണ് മൂലധന സമാഹരണം നടത്തിയിരിക്കുന്നത്.

2017-ലാണ് മുഹമ്മദ് ഹിസാമിദ്ദീനും രാഹുൽ രമേശും സ്റ്റാർട്ട് അപ്പിന് തുടക്കമിടുന്നത്. സംരംഭം മൊബൈൽ ആപ്പിലൂടെ മത്സരപരീക്ഷാ പരിശീലനത്തിന് പുറമെ, മെച്ചപ്പെട്ട തൊഴിലവസരം നേടാനുള്ള നൈപുണ്യ പരിശീലനവും നൽകിവരുന്നു. പി.എസ്.സി., റെയിൽവേ, എസ്.എസ്.സി., യു.പി.എസ്.സി. തുടങ്ങിയ വിവിധ പരീക്ഷകളിലെ ചോദ്യോത്തരങ്ങൾ, പഠനരീതി, സിലബസ് തുടങ്ങിയവ ഉദ്യോഗാർഥികൾക്ക് ലഭ്യമാക്കുകയാണ് എൻട്രി. ടാലി, എക്സൽ, സ്പോക്കൺ ഇംഗ്ലീഷ് എന്നിവയും ആപ്പ് പരിചയപ്പെടുത്തുന്നു.

മലയാളത്തിലുള്ള കോഴ്‌സുകളുമായായിരുന്നു തുടക്കമെങ്കിലും ഇപ്പോൾ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും പരിശീലനം ഒരുക്കുന്നുണ്ട്. 31 ലക്ഷം ഡോളറാണ് സംരഭത്തിനായി സമാഹരിച്ചത്. 2020 ഫെബ്രുവരിയിൽ 14 ലക്ഷം ഡോളർ നേടിയതിന് പിന്നാലെ ഇപ്പോൾ 17 ലക്ഷം ഡോളർ കൂടി സമാഹരിച്ചിരിക്കുകയാണ്.

പുതുതായി സമാഹരിച്ച തുക പുതിയ കോഴ്‌സുകൾ ഒരുക്കാനും വിപണനത്തിനുമാവും ഉപയോഗിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക്ക്ഡൗൺ കാലത്ത് ഉപയോക്താക്കളുടെ എണ്ണത്തിൽ 100 ശതമാനവും വരുമാനത്തിൽ 150 ശതമാനവും വർധന കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച അദ്ധ്യാപകരുടെ ക്ലാസുകൾ ഒരുക്കുന്നതിലൂടെയാണ് ഇത് സാധ്യമായത്. 300 രൂപ മുതലാണ് കോഴ്സുകളുടെ ഫീസ്. ലോക്ക്ഡൗൺകാലത്ത് പ്രത്യേക ഓഫറിൽ കോഴ്സുകൾ ലഭ്യമാക്കി.

കോളേജ് പഠനകാലത്ത് തന്നെ സ്റ്റാർട്ട് അപ്പ് സംരംഭകത്വത്തിലേക്ക് ഇറങ്ങിയ ഹിസാമുദ്ദീൻ, ‘എസ്.എം.എസ്. ഗ്യാൻ’ എന്ന സ്റ്റാർട്ട് അപ്പിലൂടെയാണ് ശ്രദ്ധേയനായത്. ‘എൻട്രി’ ഉപയോക്താക്കളുടെ എണ്ണം 30 ലക്ഷം കടന്നിട്ടുണ്ട്. ഇതിൽ 20 ലക്ഷവും കേരളത്തിൽ നിന്നുള്ളവരാണ്. ഒന്നര വർഷത്തിനുള്ളിൽ ഇത് ഒരു കോടിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ‘എൻട്രി’യുടെ സ്ഥാപകനും സിഇഒ.യുമായ മുഹമ്മദ് ഹിസാമുദ്ദീൻ പറഞ്ഞു.

കംപ്യൂട്ടർ സയൻസ് എൻജീനിയറിങ് ബിരുദധാരികളാണ് ഇരുവരും. ഹിസാമുദ്ദീൻ കാസർകോട് എൽ.ബി.എസ്. കോളേജിലും രാഹുൽ ചെങ്ങന്നൂർ എൻജീനിയറിങ് കോളേജിലുമാണ് പഠിച്ചത്. കടംവാങ്ങിയ പണവുമായാണ് ഇവരുടെ ഈ ന്യൂജൻ സംരംഭത്തിന്റെ തുടക്കം.മെഡിക്കൽ-എൻജിനീയറിങ് പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് വേണ്ടിയായിരുന്നു ആദ്യ ആപ്പ്. ഇടക്കാലത്ത് സ്ഥാപനം ജീവനക്കാർക്ക് ശമ്പളം കൊടുക്കാനാവാത്ത വിധം പ്രതിസന്ധിയിലായി. 2017-ൽ കേരള പി.എസ്.സി. കോച്ചിങ്ങിലേക്ക് ചുവടുമാറിയതോടെയാണ് എൻട്രി ശ്രദ്ധേയമായിത്തുടങ്ങിയത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP