Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിലെ കോവിഡ് വ്യാപനത്തിനിടെ കോന്നി മെഡിക്കൽ കോളേജിന് ജീവൻ വെയ്ക്കുന്നു; ഓഫിസ് ഇന്ന് തുറക്കും; ഓഗസ്റ്റ് ആദ്യം മുതൽ ഒപി വിഭാഗമായി പ്രവർത്തനം ആരംഭിക്കാനും പദ്ധതി: സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിച്ചാൽ കോവിഡ് മുൻനിര ആശുപത്രിയായും കോന്നി മെഡിക്കൽ കോളേജ് മാറും

കേരളത്തിലെ കോവിഡ് വ്യാപനത്തിനിടെ കോന്നി മെഡിക്കൽ കോളേജിന് ജീവൻ വെയ്ക്കുന്നു; ഓഫിസ് ഇന്ന് തുറക്കും; ഓഗസ്റ്റ് ആദ്യം മുതൽ ഒപി വിഭാഗമായി പ്രവർത്തനം ആരംഭിക്കാനും പദ്ധതി: സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിച്ചാൽ കോവിഡ് മുൻനിര ആശുപത്രിയായും കോന്നി മെഡിക്കൽ കോളേജ് മാറും

സ്വന്തം ലേഖകൻ

കോന്നി: കേരളത്തിൽ കോവിഡ് വ്യാപനം ശക്തമാകുമ്പോൾ കോന്നി മെഡിക്കൽ കോളേജിന് ജീവൻ വയ്ക്കുന്നു. സംസ്ഥാനത്തെ 33-ാമത്തെ മെഡിക്കൽ കോളേജിന്റെ ഓഫിസ് ഇന്ന് തുറന്ന് പ്രവർത്തനം ആരംഭിക്കും. ഓഗസ്റ്റ് ആദ്യം മുതൽ ഒപി വിഭാഗം മാത്രമായി പ്രവർത്തനം ആരംഭിക്കാൻ സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾഡ പൂർത്തിയാകുന്നതോടെ താമസിയാതെ തന്നെ കിടത്തി ചികിത്സയും ആരംഭിക്കാനാവും. സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിച്ചാൽ കോവിഡ് മുൻനിര ആശുപത്രിയായി മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്.

കോവിഡ് അനന്തര കാലത്ത് ഇന്ത്യയിൽ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കുന്ന ആദ്യ മെഡിക്കൽ കോളജായാണ് കോന്നി മാറുക. രാജ്യത്തെ 543-ാമത്തെയും സംസ്ഥാനത്തെ 33-ാമത്തെയും മെഡിക്കൽ കോളജ് എന്ന പ്രത്യേകതയും കോന്നിക്കുണ്ട്. ഇതോടെ തിരുവനന്തപുരത്തിനും എറണാകുളത്തിനും പിന്നാലെ ഏറ്റവും കൂടുതൽ മെഡിക്കൽ കോളജുകളുള്ള (4 എണ്ണം) ജില്ലയായി ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട മാറും. ജില്ലയിലെ നിലവിലുള്ള മൂന്ന് മെഡിക്കൽ കോളജുകളും സ്വകാര്യ മേഖലയിലാണ്.

ഈ വർഷം തന്നെ എംബിബിഎസ് പ്രവേശനം നൽകാനാവുമോയെന്നതിനെപ്പറ്റിയും ആലോചനകൾ നടക്കുന്നു. പ്രിൻസിപ്പലായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം പ്രഫസർ ഡോ. സി.എസ്. വിക്രമൻ നേരത്തെ ചുമതലയേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ഏറ്റുമാനൂർ കേന്ദ്രം കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രഫസറായ ഡോ. എസ്. സജിത്കുമാറാണ് സൂപ്രണ്ട്. ഇവർ ഇന്നു പൂർണ ചുമതലയേൽക്കും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഡോ. ജി.എസ് ഹരികുമാരൻ നായരാണ് ക്രമീകരണങ്ങൾ ഒരുക്കുന്ന സ്‌പെഷൽ ഓഫിസറായി പ്രവർത്തിക്കുന്നത്. ഡോക്ടർമാരും നഴ്‌സുമാരും സാങ്കേതിക വിദഗ്ധരും ഉദ്യോഗസ്ഥരുമായി ഏകദേശം 75 പേർ അടുത്തയാഴ്ചകളിൽ ഇവിടെ ജോലിയിൽ പ്രവേശിക്കും.

തിരുവനന്തപുരത്തു നിന്ന് വിവിധ ഫയലുകളുമായി ആദ്യ വാഹനം ഇന്നലെ എത്തി. കിടക്കകളും മറ്റു ക്രമീകരണങ്ങളും എംഎൽഎ ഫണ്ടിലൂടെയും ഒപിക്ക് ആവശ്യമായ ബയോമെഡിക്കൽ ഉപകരണങ്ങൾ നാഷനൽ ഹെൽത്ത് മിഷൻ ആരോഗ്യ കേരളം വഴിയും എത്തിക്കുമെന്ന് ഹെൽത്ത് മിഷൻ മാനേജർ ഡോ. എബി സുഷൻ പറഞ്ഞു. ഫർണിച്ചറിന് ഒരു കോടി അനുവദിക്കുമെന്ന് കെ. യു ജനീഷ്‌കുമാർ എംഎൽഎ പറഞ്ഞു.

ശുദ്ധജല പദ്ധതിയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റ് അടുത്ത മാസം അവസാനം കമ്മിഷൻ ചെയ്യുന്ന വിധത്തിൽ പണികൾ പുരോഗമിക്കുന്നുണ്ട്. അതുവരെ ടാങ്കറിൽ ആവശ്യമായ വെള്ളം എത്തിച്ചു നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. ആശുപത്രി കെട്ടിടത്തിലെ 270 ശുചിമുറികളുടെ പണികൾ പൂർത്തീകരിച്ചിട്ടുണ്ട്. അവസാനവട്ട പെയിന്റിങ്ങും ക്ലീനിങ്ങുമാണ് ഇപ്പോൾ നടത്തുന്നത്. ആശുപത്രിയുടെ പ്രവർത്തനത്തിനാവശ്യമായ ലോ ടെൻഷൻ വൈദ്യുതി കണക്ഷൻ ലഭ്യമാക്കാനുള്ള നടപടി പൂർത്തിയായി. മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി 75ലക്ഷം രൂപയുടെ മരുന്ന് വാങ്ങാൻ തീരുമാനിച്ചു. എക്‌സ്‌റേ യൂണിറ്റ് ഉൾപ്പടെയുള്ള ആശുപത്രി ഉപകരണങ്ങളും വാങ്ങും. കിടക്ക, ഫർണിച്ചർ തുടങ്ങിയവ സിഡ്‌കോയിൽ നിന്നു വാങ്ങും. ഒന്നാം ഘട്ടത്തിൽ പണി പൂർത്തിയായ ലിഫ്റ്റുകളുടെ കമ്മിഷനിങ് കഴിഞ്ഞ ദിവസം നടത്തിയിരുന്നു.

മെഡിക്കൽ കോളജ് ആശുപത്രി സമുച്ചയത്തിന്റെ മാത്രം വിസ്തൃതി 3.5 ലക്ഷം ചതുരശ്ര അടിയാണ്. അക്കാദമിക്ക് ബ്ലോക്കിന്റെ വിസ്തൃതി 1.75 ലക്ഷം ചതുരശ്ര അടിയും. ആകെ 5.25 ലക്ഷം ചതുരശ്രയടി. ശരാശരി ഒരു ബഹുനില വീടിന്റ വിസ്തൃതി 2000 ചതുരശ്ര അടിയെന്ന കണക്കു വച്ചു നോക്കിയാൽ ഏകദേശം 262 വമ്പൻ വീടുകൾ ചേരുന്നത്രയും വലിപ്പമാണ് കോന്നി മെഡിക്കൽ കോളജിന്. മൂന്നു നിലകളിലായി അഡിമിനിസ്‌ട്രേറ്റീവ് ബ്ലോക്കും ഒപിയും ഫാർമസിയും ഇതോടു ചേർന്ന് വാർഡുകളും സർജിക്കൽ വാർഡുകളും ഓപ്പറേഷൻ തീയറ്ററും പ്രവർത്തിക്കും. പ്രധാന ആശുപത്രി കെട്ടിടത്തിൽ നിന്നു കുറച്ചുമാറിയാണ് അക്കാദമിക് ബ്ലോക്ക്. അനുമതി ലഭിക്കുന്ന മുറയ്ക്ക് എംബിബിഎസ് കോഴ്‌സ് ആരംഭിക്കുന്നതോടെ ഇവിടം പൂർണ സജ്ജമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP