Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിണറായി വിജയന്റെ പിൻവാതിൽ ഇടപാടുകൾക്ക് കൂട്ടുനിന്നില്ലെങ്കിൽ നയതന്ത്ര ബന്ധം വഷളാകുമെന്ന് പറയുന്നത് എന്ത് ഭാവിച്ചാണ്; ഭാരതസർക്കാരും നെതർലൻഡ്സുമായി ഇങ്ങനെയൊരു ധാരണയില്ല; നയതന്ത്ര ബന്ധം വഷളാകും എന്നൊക്കെ പറയുന്നത് നെതർലൻഡ്സ് എന്ന സുഹൃദ് രാജ്യത്തെ അപമാനിക്കലാണ്; പിണറായി ഭരിക്കുന്നത് നാട്ടുരാജ്യമല്ല; വിമർശിച്ച് വി മുരളീധരൻ  

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നെതർലൻഡ്സ് യാത്രയ്ക്ക് സഹായം ചെയ്ത വിദേശ കമ്പനിക്ക് റീബിൽഡ് കേരളയുടെ കൺസൾട്ടൻസി കരാർ നൽകാൻ നീക്കം നടന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

വിദേശയാത്രയ്ക്ക് സഹായം ചെയ്ത കമ്പനിക്ക് കൺസൾട്ടൻസി നൽകിയില്ലെങ്കിൽ നെതർലൻഡ്സുമായുള്ള 'നയതന്ത്രബന്ധ'ത്തെ ബാധിക്കുമെന്ന് അഡീ.ചീഫ് സെക്രട്ടറി ഫയലിൽ കുറിച്ചെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിണറായി വിജയന്റെ പിൻവാതിൽ ഇടപാടുകൾക്ക് കൂട്ടുനിന്നില്ലെങ്കിൽ നയതന്ത്ര ബന്ധം വഷളാകും എന്നൊക്കെ പറയുന്നത് നെതർലൻഡ്സ് എന്ന സുഹൃദ് രാജ്യത്തെ അപമാനിക്കലാണ്. അങ്ങനെയൊരു ഉദ്യോഗസ്ഥൻ ഫയലിൽ എഴുതിയെങ്കിൽ അദ്ദേഹത്തിന്റെ സ്ഥിരബുദ്ധി നഷ്ടമായോയെന്ന് പരിശോധിക്കണം. പിണറായി ഭക്തിമൂത്ത് അദ്ദേഹം ഭരിക്കുന്ന നാട്ടുരാജ്യമാണ് കേരളമെന്ന മതിഭ്രമത്തിലായിരിക്കണം ഐഎഎസുകാരൻ അങ്ങനെ കുറിച്ചത് എന്ന് വി മുരളീധരൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

വി മുരളീധരന്റെ ഫേസ്‌ബുക്ക് കുറിപ്പ:-

കേരളത്തിന് വിദേശരാജ്യങ്ങളുമായി നേരിട്ട് നയതന്ത്ര ബന്ധമുണ്ടെന്ന അറിവ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. കെ.ടി.ജലീലാവും വിദേശകാര്യമന്ത്രി ! സ്വപ്നസുരേഷും സന്ദീപ് നായരും സരിത്തുമെല്ലാം അംബാസഡർമാരും !

മുഖ്യമന്ത്രിയുടെ നെതർലൻഡ്സ് യാത്രയ്ക്ക് സഹായം ചെയ്ത കമ്പനിക്ക് റീ ബിൽഡ് കേരളയുടെ കൺസൾട്ടൻസി നൽകിയില്ലെങ്കിൽ നെതർലൻഡ്സുമായുള്ള 'നയതന്ത്രബന്ധ'ത്തെ ബാധിക്കുമെന്ന് അഡീ.ചീഫ് സെക്രട്ടറി ഫയലിൽ കുറിച്ചെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഏതായാലും ഭാരതസർക്കാരും നെതർലൻഡ്സുമായി ഇങ്ങനെയൊരു ധാരണയില്ല.

നാനൂറ് വർഷത്തെ പഴക്കമുണ്ട് ഇന്തോ-ഡച്ച് ബന്ധത്തിന്. സ്വതന്ത്ര ഇന്ത്യയുമായി ആദ്യ വർഷം തന്നെ നയതന്ത്രബന്ധം സ്ഥാപിച്ച നെതർലൻഡ്സ്, നിയതമായ മാർഗങ്ങളിലൂടെ സുതാര്യമായേ അത് മുന്നോട്ട് കൊണ്ടുപോയിട്ടുള്ളൂ. ഏതാണ്ട് 200 ഇന്ത്യൻ കമ്പനികൾ അവിടെ പ്രവർത്തിക്കുന്നുണ്ട്. 2006 ൽ ചൈനയ്ക്കും റഷ്യയ്ക്കുമൊപ്പം ഡച്ച് വിദേശനയത്തിൽ മുൻഗണനയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ അവർ ഉൾപ്പെടുത്തി.

ഇന്തോ- ഡച്ച് ബന്ധത്തിന്റെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബഹു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജി നടത്തിയ നെതർലൻഡ്സ് സന്ദർശനം വൻ വിജയമായിരുന്നു. അതിന്റെ തുടർച്ചയായാണ് 2018ൽ നെതർലൻഡ്സ് പ്രധാനമന്ത്രി ശ്രീ.മാർക് റുട്ടെയും മന്ത്രിതല സംഘവും ഇന്ത്യാ സന്ദർശനത്തിനെത്തിയത്. അന്ന് അവർക്കൊപ്പം വന്നത് 130 വൻ കമ്പനികളുടെ പ്രതിനിധികളാണ്.

2017-2018 ൽ ഇന്ത്യയിൽ മൂന്നാമത്തെ വലിയ നിക്ഷേപം നടത്തിയ രാജ്യവും നെതർലൻഡ്സായിരുന്നു. ഇതെല്ലാം സർക്കാരുകൾക്കിടയിൽ സുതാര്യമായി നടന്ന ചർച്ചകളും ഇടപാടുകളുമാണ്. കുടുംബക്കാരുമായി നാടുകാണാൻ നടത്തിയ വിനോദയാത്രയോ ഇഷ്ടക്കാരെ സന്ദർശിക്കലോ അല്ല.

പിണറായി വിജയന്റെ പിൻവാതിൽ ഇടപാടുകൾക്ക് കൂട്ടുനിന്നില്ലെങ്കിൽ നയതന്ത്ര ബന്ധം വഷളാകും എന്നൊക്കെ പറയുന്നത് നെതർലൻഡ്സ് എന്ന സുഹൃദ് രാജ്യത്തെ അപമാനിക്കലാണ്. അങ്ങനെയൊരു ഉദ്യോഗസ്ഥൻ ഫയലിൽ എഴുതിയെങ്കിൽ അദ്ദേഹത്തിന്റെ സ്ഥിരബുദ്ധി നഷ്ടമായോയെന്ന് പരിശോധിക്കണം. പിണറായി ഭക്തിമൂത്ത് അദ്ദേഹം ഭരിക്കുന്ന നാട്ടുരാജ്യമാണ് കേരളമെന്ന മതിഭ്രമത്തിലായിരിക്കണം ഐഎഎസുകാരൻ അങ്ങനെ കുറിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP