Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദുരൂഹ 'അവതാരങ്ങളെ' ഓഫീസിന്റെ പടി കയറ്റരുത്; വിവാദങ്ങൾക്ക് റൂട്ട് ഉണ്ടാക്കി കൊടുക്കരുത്; സർക്കാരിന്റെ ഇമേജ് മന്ത്രിമാരുടെ ഓഫീസിലുള്ളവരുടെ പെരുമാറ്റത്തെ ആശ്രയിച്ചാണ്; വ്യക്തിസൗഹൃദങ്ങളിലും ജാഗ്രത വേണം; എടുത്തുചാടാതെ കൂടിയാലോചനകൾക്ക് ശേഷമേതീരുമാനങ്ങൾ പാടുള്ളു; തിരഞ്ഞെടുപ്പ് വരുന്നുവെന്ന മുൻകരുതൽ വേണം; സിപിഎം മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി കോടിയേരി

ദുരൂഹ 'അവതാരങ്ങളെ' ഓഫീസിന്റെ പടി കയറ്റരുത്; വിവാദങ്ങൾക്ക് റൂട്ട് ഉണ്ടാക്കി കൊടുക്കരുത്; സർക്കാരിന്റെ ഇമേജ് മന്ത്രിമാരുടെ ഓഫീസിലുള്ളവരുടെ പെരുമാറ്റത്തെ ആശ്രയിച്ചാണ്; വ്യക്തിസൗഹൃദങ്ങളിലും ജാഗ്രത വേണം; എടുത്തുചാടാതെ കൂടിയാലോചനകൾക്ക് ശേഷമേതീരുമാനങ്ങൾ പാടുള്ളു; തിരഞ്ഞെടുപ്പ് വരുന്നുവെന്ന മുൻകരുതൽ വേണം; സിപിഎം മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി കോടിയേരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ആരോപണവിധേയനായതോടെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് സിപിഎമ്മിന്റെ ജാഗ്രതാ നിർദ്ദേശം. ദൂരൂഹതയുള്ള വ്യക്തികളെ മന്ത്രിമാരുടെ ഓഫീസുകളിൽ നിന്ന് അകറ്റി നിർത്തണം. വ്യക്തിസൗഹൃദങ്ങളിൽ ജാഗ്രത വേണം. കൂടിയാലോചനകൾക്ക് ശേഷം മാത്രമെ തീരുമാനം എടുക്കാൻ പാടുള്ളൂ. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്റ്റാഫ് അംഗങ്ങൾക്ക് നിർദ്ദേശം നൽകിയത്.

തിരഞ്ഞെടുപ്പ് അടുത്തുവരികയാണെന്ന് ജാഗ്രത അനിവാര്യമാണെന്നും അദ്ദേഹം സ്റ്റാഫ് അംഗങ്ങളെ ഓർമ്മിപ്പിച്ചു. സ്റ്റാഫ് അംഗങ്ങൾക്കുള്ള പെരുമാറ്റചട്ടം കർശനമാക്കാനും ഓരോരുത്തരേയും പാർട്ടിയുടെ കർശന നിരീക്ഷണത്തിന് ഉള്ളിൽ കൊണ്ടുവരാനുമാണ് സിപിഎം നീക്കം. ഇന്നലെ മന്ത്രി ഇ.പി ജയരാജന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തിൽ നിന്ന് രാജി എഴുതി വാങ്ങിയ നടപടിയുമുണ്ടായി.പാർട്ടി നോമിനികളായി വിവിധ മന്ത്രി ഓഫീസുകളിൽ തുടരുന്നവർ പാർട്ടി പെരുമാറ്റ ചട്ടം കർശനമായി പാലിക്കണമെന്ന വ്യവസ്ഥയിൽ ഊന്നിയായിരുന്നു യോഗം നടന്നത്. ആരോപണങ്ങൾക്ക് വഴിയൊരുക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ ഒരു കാരണവശാലും ഉണ്ടാകരുത്. ആരോപണങ്ങളും ആക്ഷേപങ്ങളും വരാനിടയുള്ളത് മുൻകൂട്ടി കണ്ട് ആവശ്യമായ മുൻകരുതലെടുക്കണമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു. രാവിലെ 11 മണിക്ക് ആരംഭിച്ച യോഗം ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടു. മന്ത്രിമാരുടെ ഓഫീസുകൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള നിർദ്ദേശങ്ങൾക്കൊപ്പം പാലിക്കേണ്ട പെരുമാറ്റരീതികളെ കുറിച്ചും കോടിയേരി സ്റ്റാഫുകളോട് വിശദീകരിച്ചു.

വിവിധ മന്ത്രിമാരുടെ എട്ട് സ്റ്റാഫംഗങ്ങൾ പാർട്ടിയുടെ നിരീക്ഷണത്തിലാണ്. ഇതിനുപിന്നാലെ, മന്ത്രി ഇ പി ജയരാജന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ സി സജീഷ് രാജിവെക്കുകയും ചെയ്തു. എട്ട് സ്റ്റാഫുകളുടെ പ്രവർത്തനം പാർട്ടിക്കോ സർക്കാരിനോ അംഗീകരിക്കാവുന്ന വിധത്തിലല്ലെന്നാണ് വിലയിരുത്തിയിട്ടുള്ളത്. ഇവർക്കെതിരേ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരുന്നില്ല. സ്റ്റാഫംഗങ്ങളുടെ പ്രത്യേക യോഗംവിളിച്ച് 'ശുദ്ധീകരണം' വരുത്താനാണ് തീരുമാനിച്ചത്.

സജീഷിനെതിരേയും ചില പരാതികൾ ലഭിച്ചിരുന്നു. പാർട്ടി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജി നൽകിയതെന്നാണ് സൂചന. എന്നാൽ, ആരോഗ്യപരമായ കാരണങ്ങളാലാണ് സജീഷ് രാജിവെച്ചതെന്ന് മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. നേരത്തേ ചില പരാതികൾ ലഭിച്ചിരുന്നെങ്കിലും ആവശ്യമായ തിരുത്തലുണ്ടാകണമെന്നു നിർദ്ദേശിച്ചതല്ലാതെ മറ്റ് ഇടപെടലിന് സിപിഎം. തയ്യാറായിരുന്നില്ല. ഇപ്പോൾ ഗൗരവത്തിലെടുത്തിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മന്ത്രി ടി.എം. തോമസ് ഐസക് തന്നെ മന്ത്രിമാരുടെ സ്റ്റാഫുകളിൽ ചില കാര്യങ്ങൾ തിരുത്തേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയതായാണു വിവരം.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് കടിഞ്ഞാണിടാൻ വേണ്ടിയാണ് തീരുമാനം. സ്വർണക്കടത്ത് അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ ഓഫീസിന്റെ പ്രവർത്തനങ്ങളുടെ നിയന്ത്രണം കടുപ്പിക്കാനാണ് തീരുമാനം. മന്ത്രിമാരുടെ ഓഫീസുകളിൽ പാർട്ടിക്ക് നിയന്ത്രണമില്ലെന്ന് കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. പാർട്ടി സെന്റർ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രതയോടെ ഇടപെടണമെന്നും ആവശ്യം ഉയർന്നിരുന്നു.

ഇടത് മുന്നണി നേതൃയോഗം ഈ മാസം 28 ന് തിരുവനന്തപുരത്ത് യോഗം ചേരും. കൺസൾട്ടൻസി കരാറുകളും സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായി ഉയർന്ന ആരോപണങ്ങളും യോഗത്തിൽ ചർച്ചയാകും. മന്ത്രി ജലീലിന്റെ നടപടിയിലും യോഗത്തിൽ വിമർശനം ഉയർന്നേക്കും. സ്പ്രിംക്ലർ കരാർ മുതലിങ്ങോട്ട് വിവിധ കൺസൾട്ടൻസി കരാറുകളുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ കടുത്ത വിമർശനമാണ് സിപിഐ അടക്കമുള്ള ഘടക കക്ഷികൾ ഉന്നയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് സ്വർണക്കടത്തുകേസ് പ്രതികളുമായുള്ള അടുപ്പവും തുടർന്ന് സസ്‌പെൻഡ് ചെയ്യേണ്ടി വന്നതും ഇടതുമുന്നണിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്നാണ് ഘടകകക്ഷികളുടെ വിലയിരുത്തൽ.

അതിനിടെ സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് വൻ വിവാദമായതിന് പിന്നാലെ പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിയെ ഒഴിവാക്കുന്നത് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ്. നേരത്തെ ഭരണത്തിൽ പാർട്ടിക്ക് യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. ഡാറ്റാ കൈമാറ്റത്തിലും മറ്റും സിപിഎമ്മിന്റെ കേന്ദ്ര മാർഗ്ഗ രേഖ പോലും തള്ളി കളഞ്ഞു. സ്പ്രിങ്ലറിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തീർത്തും അതൃപ്തനായിരുന്നു. പ്രകാശ് കാരാട്ടിനും താൽപ്പര്യക്കുറവുണ്ടായിരുന്നു. എന്നാൽ പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇവർക്ക് അന്ന് കഴിഞ്ഞില്ല. എന്നാൽ കോൺസുലേറ്റ് സ്വർണ്ണ കടത്തിൽ കൂടുതൽ കരുത്താർജ്ജിക്കുകയാണ് സീതാറാം യെച്ചൂരി.

ബംഗാളിലും ത്രിപുരയിലും തുടർച്ചയായ ഭരണം. കേരളത്തിൽ തുടർ ഭരണം. ഇതായിരുന്നു കുറച്ചു കാലം മുമ്പ് സിപിഎമ്മിന്റെ അവസ്ഥ. എന്നാൽ ബംഗാളിലും ത്രിപുരയിലും ഭരണം നഷ്ടമായി. ഇനി കേരളം മാത്രമാണ് പിടിവള്ളി. ഇങ്ങനെ പോയാൽ കേരളത്തിലും ഭരണം നഷ്ടമാകുമെന്ന് യെച്ചൂരി കണക്കുകൂട്ടുന്നു. ഇതോടെ ദേശീയ രാഷ്ട്രീയത്തിൽ തന്നെ സിപിഎം അപ്രസക്തമാകും. രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടേണ്ടി വരും. അതുകൊണ്ട് തന്നെ പിണറായി വിജയനെ നിയന്ത്രിക്കാനും പാർട്ടിക്ക് അതീതമായി മുഖ്യമന്ത്രി വളർന്നാൻ കേരളവും കൈവിടുമെന്ന സംശയം സിപിഎമ്മിനുണ്ട്. അതുകൊണ്ട് കൺസൾട്ടൻസിയിൽ യെച്ചൂരി വാളെടുത്തത്. പി ഡബ്ല്യൂ സിക്കെതിരെ അതിശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

നേരത്തെ സ്വപ്നാ സുരേഷിന്റെ വ്യാജ രേഖാ കേസു പോലും അന്വേഷിക്കില്ലന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. അതു പറ്റില്ലെന്ന് സിപിഎം നിർദ്ദേശിച്ചു. ഇതോടെയാണ് അന്വേഷണം തുടങ്ങിയത്. ഇതിന് പിന്നാലെയാണ് നേരത്തെ പ്രതിപക്ഷം ആരോപണം ഉന്നയിച്ച ഇ-മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി സ്ഥാനത്ത് നിന്നും പ്രൈസ് വാട്ടർ കൂപ്പറിനെ ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം. ഐടി വകുപ്പിന് കീഴിലെ സ്‌പേസ് പാർക് കൺസൾട്ടന്റ് സ്ഥാനത്ത് നിന്ന് നേരത്തെ കമ്പനിയെ ഒഴിവാക്കിയിരുന്നു. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ഉറച്ച നിലപാടാണ് ഇതിന് കാരണം. ഇങ്ങനെ ഭരണം കൊണ്ടു പോകാനാകില്ലെന്ന് യെച്ചൂരി അറിയിച്ചതായാണ് സൂചന. ഇടതു പക്ഷ നയവ്യതിയാനം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രിയെ ജനറൽ സെക്രട്ടറി അറിയിച്ചിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP