Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാണംകെട്ട് തലകുനിച്ച് ജീവിക്കാൻ വയ്യ, എന്റെ താലി അവർ പൊട്ടിച്ചെടുത്തു,എരപ്പത്തിയെന്നും, പിച്ചക്കാരിയെന്നും വിളിച്ചു; ആത്മഹത്യയ്ക്ക് മുൻപ് രണ്ട് ബുക്കുകളിലായി രാധിക കുറിച്ചത് ഭർത്താവിന്റെ പീഡനത്തെ കുറിച്ചുള്ള വിവരങ്ങൾ; നിരവധി പരാതികൾ നൽകിയിട്ടും അനങ്ങാതെ പൊലീസും; മനംനൊന്ത് രാധിക ആത്മഹത്യ ചെയ്ത് ഒരു വർഷം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയില്ല; പിന്നിൽ രാഷ്ട്രീയ സ്വാധീനവും; പ്രക്ഷോഭവുമായി അഖില കേരള ഈഴവ സമുദായവും; പാറശ്ശാലയിലെ യുവതിയുടെ ആത്മഹത്യയിൽ എങ്ങുമെത്താതെ അന്വേഷണം  

ന്യൂസ് ഡെസ്‌ക്‌

പാറശാല: സ്ത്രീധനപീഡനത്തെ തുടർന്ന് മകൾ ആത്മഹത്യ ചെയ്ത് ഒരു വർഷം തികയുമ്പോഴും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്ത പൊലീസ് വീഴ്ചയിൽ വിലപിച്ച് മാതാപിതാക്കളും പെൺകുട്ടിയുടെ ബന്ധുക്കളും. മഞ്ചവിളാകം ഇലിപ്പോട്ടുകോണം ദിലീപ് വിലാസത്തിൽ രാധിക(24)യുടെ ആത്മഹത്യയിലാണ് പ്രതികൾക്കെതിരെ നടപടി വൈകുന്നെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീധന പീഡനം മടുത്തായിരുന്നു ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം രാധിക ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 26നാണ് രാധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.നെയ്യാറ്റിൻകര കുളത്താമ നെയ്യാറ്റിൻകര കുളത്താമ ഗുരുനഗറിൽ ക്രിസ്തുദാസിന്റെ മകൻ ഷിജുവാണ് രാധികയുടെ ഭർത്താവ്. ഷിജുവും രാധികയും പ്രണയിച്ചാണ് 2018 ഓഗസ്റ്റ് 29 ന് വിവാഹം കഴിച്ചത്.

എന്നാൽ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം തന്നെ സ്ത്രീധനം ആവശ്യപ്പെടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. രാധികയുടെ താലിമാല വരെ പൊട്ടിച്ചെടുത്തുവെന്നും രാധികയുടെ ആത്മഹത്യ കുപ്പിൽ പറയുന്നത്.. എല്ലാ ദിവസവും ഷിജു മദ്യപിച്ച് രാധികയെ മർദ്ദിക്കാറുണ്ട്. തുടർന്ന് രാധിക നേരിട്ട് തന്നെ മാരായമുട്ടം പൊലീസിലും, നെയ്യാറ്റിൻകര വനിതാ സെല്ലിലും പരാതി നൽകിയിരുന്നു. മർദനവും സ്ത്രീധനത്തിന്റെ പേരിൽ അസഭ്യം പറച്ചിലും മൂലം പന്ത്രണ്ടോളം പരാതികളാണ് മാരായമുട്ടം പൊലീസിനും, ഡിവൈ.എസ്‌പിക്കും, നെയ്യാറ്റിൻകര വനിതാ സെല്ലിലുമായി യുവതി നൽകിയിരുന്നത്. ഇവയിൽ ഒരു പരാതിക്കെങ്കിലും പൊലീസ് ശ്രദ്ധ നൽകിയിരുന്നെങ്കിൽ തങ്ങളുടെ മകൾ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നുവെന്ന് രാധികയുടെ അച്ഛനും അമ്മയും നിറകണ്ണുകളോടെ പറയുന്നത്.

ചായ്ക്കോട്ടുകോണം അമ്പലം ജംഗ്ഷനിൽ മുറുക്കാൻ കട നടത്തുന്ന സുരേന്ദ്രന്റെയും കൈത്തറി തൊഴിലാളിയായ ലീലയുടെയും രണ്ട് മക്കളിൽ ഇളയവളാണ് രാധിക.പ്ലസ്ടുവും, ഐ.ടി.ഐ യും കഴിഞ്ഞ് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുകയായിരുന്നു. ഇതിനിടെയാണ് ഡ്രൈവറായ യുവാവ് രാധികയുടെ വീടിന് സമീപം കുറച്ച് സ്ഥലം വാങ്ങിയത്. ഇവിടെ വന്ന് പോകുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നതും തുടർന്ന് വിവാഹിതരാകുന്നതും.

വീട്ടുകാരെ അറിയിക്കാൻ മടിച്ചു ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തെങ്കിലുംസ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹം ആയതിനാൽ ഈ വിവരങ്ങൾ വീട്ടുകാരെ രാധിക അറിയിച്ചിരുന്നില്ല., തുടർന്ന് പ്രശ്‌നങ്ങൾ കേട്ടറിഞ്ഞ രാധികയുടെ പിതാവ് സുരേന്ദ്രൻ ഭർതൃവീട്ടുകാരുമായി സംസാരിച്ച് പ്രശ്‌നം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നു.ഇതിന്റെ ഭാഗമായി ഒരു മാല വാങ്ങി നൽകുകയും വിട് വയ്ക്കാനായി സ്ഥലം വാങ്ങി നൽകാമെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷവും പ്രശ്‌നങ്ങൾ അവസാനിച്ചില്ല.

തുടർന്ന് മാരായമുട്ടം പൊലീസിൽ പരാതി നൽകിയെങ്കിലും ഇതിന് പരിഹാരം കണ്ടിരുന്നില്ല. പൊലീസിന്റെ മദ്ധ്യസ്ഥതയിൽ ഭർത്താവ് രാധികയുടെ വീട്ടിൽ താമസമാക്കി. അവിടെയും പ്രശ്‌നങ്ങൾ പതിവായി. പിന്നീട് ഭർത്താവ് വീട്ടിൽ നിന്നും മടങ്ങിയശേഷം മറ്റാരുമില്ലാത്ത അവസരത്തിലാണ് രാധിക ജീവനൊടുക്കിയത്.രണ്ട് ബുക്കുകളിലായിട്ടാണ് രാധിക തന്റെ ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം ആത്മഹത്യ ചെയ്തത്. മകളുടെ ആത്മഹത്യാ കുറിപ്പുമായി ഉന്നത പൊലീസ് അധികാരികളെ നിരവധി തവണ സമീപിച്ചിട്ടും പിതാവിന്റെ ശ്രമങ്ങൾ ഒന്നും ഫലം കണ്ടില്ല.

'ഞാൻ പോകുന്നു. നാണംകെട്ട് തലകുനിച്ച് ജീവിക്കാൻ വയ്യ, എന്റെ താലി അവർ പൊട്ടിച്ചെടുത്തു, എരപ്പത്തിയെന്നും, പിച്ചക്കാരിയെന്നും വിളിച്ചു. ഒന്നുമില്ലാത്തവളെന്ന് ആക്ഷേപിച്ചു. ഇനി ആരുടെയും മുമ്പിലും തലകുനിച്ച് ജീവിക്കാൻ വയ്യ. സ്ത്രീധനം കുറഞ്ഞതിന് ഒരുപാട് അനുഭവിച്ചു. എന്റെ മനസിലിരിപ്പ് കാരണമാണ് ജീവിതം ഇങ്ങനെ ആയതെന്നാണ് ആക്ഷേപം. അതിനായി എന്തു തെറ്റാണ് ഞാൻ ചെയ്തതെന്ന് അറിയില്ല. അപമാനം സഹിച്ച് ഇനി വയ്യ. എന്റെ മരണത്തിന് ഉത്തരവാദികൾ അവരാണ്. അവർ സുഖമായി ജീവിക്കട്ടെ. ഈ താലി അവർക്ക് തിരികെ കൊടുക്കണം...'രണ്ട് ബുക്കുകളിലായി രാധിക എഴുതിയിരുന്ന ആത്മഹത്യ കുറിപ്പിലെ ഏതാനും ചില വരികളാണിവ.

അതേസമയം, സംഭവം നടന്ന് ഒരു വർഷമാകുമ്പോഴും പൊലീസ് പ്രശ്‌നത്തിൽ കൃത്യമായ അന്വേഷണം നടത്തിയിട്ടില്ല. ജാതി സ്‌നേഹവും പാർട്ടി സ്‌നേഹവും മൂത്ത് പ്രതിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അഖില കേരള ഈഴവ സഭ പ്രശ്‌നത്തിൽ ആരോപണം ഉന്നയിക്കുന്നത്. ഒരു വർഷമായിട്ടും പ്രതികളെ കണ്ടെത്താത്ത നടപടിയിൽ പ്രതിഷേധിച്ച് അഖില കേരള ഈഴവ സമുദാവും രംഗത്തെത്തി.
ഭർത്താവ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നതെങ്കിലും ഇയാളെ പലയിടത്തും കണ്ടതായി നാട്ടുകാർ പറയുന്നു. ആ വിവരം പൊലീസിൽ അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. അന്വേഷണം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് രാധികയുടെ ബന്ധുക്കളും നാട്ടുകാരും ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP