Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'പാലത്തായി പീഡനക്കേസിൽ നീതി ലഭ്യമാക്കുക': ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ

'പാലത്തായി പീഡനക്കേസിൽ നീതി ലഭ്യമാക്കുക': ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ

സ്വന്തം ലേഖകൻ

ജിദ്ദ: പാലത്തായി ബാലികാ പീഡന കേസിൽ ഉണ്ടായ നീതി നിഷേധത്തിനെതിരെ ഐവ (ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ) ഓൺലൈൻ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പാലത്തായി പീഡന കേസിൽ ഇരയ്ക്ക് നീതി ലഭ്യമാവേണ്ടതുണ്ട് എന്നും പ്രതിയെ സംരക്ഷിക്കുന്ന നിലപാട് പ്രതിഷേധാർഹവും ദൗർഭാഗ്യകരവും അപകടകരമായ സർക്കാർ വീഴ്ചയുമാണെന്നും ഐവ യോഗത്തിൽ പ്രസംഗിച്ചവർ അഭിപ്രായപ്പെട്ടു. ഐവ ജിദ്ദ പ്രസിഡന്റു സലാഹ് കാരാടന്റെ അധ്യക്ഷതയിൽ നടന്ന ഓൺലൈൻ മീറ്റിൽ ജിദ്ദയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ വിവിധ സംഘടന പ്രതിനിധികൾ സംബന്ധിച്ചു.

മുതിർന്ന നേതാക്കളുടെയും മന്ത്രിമാരുടെയും അടുത്ത പ്രവർത്തന മണ്ഡലത്തിൽ നടന്ന ഈ കിരാത പീഡനത്തിൽ നേതാക്കൾ തുടരുന്ന മൗനം അവിശുദ്ധ രാഷ്ട്രീയ കൂട്ടു കെട്ടാണ് സൂചിപ്പിക്കുന്നത് എന്നും ഇത് കേരള ജനതയെ ഞെട്ടിച്ചു കളഞ്ഞെന്നും പ്രമുഖ ഒ ഐ സി സി നേതാവ് അബ്ദുൽ മജീദ് നഹ അഭിപ്രായപ്പെട്ടു.

കുറ്റം ചെയ്യുന്നത് മതത്തിന്റെ ലേബലിൽ കൂട്ടി ചേർക്കേണ്ടതില്ലെന്നും കുറ്റം ചെയ്ത വ്യക്തിക്കെതിരെ എടുക്കേണ്ട നിയമ നടപടി സർക്കാർ കൈക്കൊള്ളുമെന്നാണ് താൻ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നതെന്നും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും സാമൂഹ്യ പ്രവർത്തകനായ സേതുമാധവൻ മൂത്തേടം പ്രത്യാശിച്ചു.

എക്കാലത്തെയും പോലെ ഏത് സർക്കാരുകൾകും പേര് ദോഷം വരുത്തുന്ന വിഭാഗമാണ് ആഭ്യന്തര വകുപ്പ് എന്നും രാഷ്ട്രീയം മാറ്റി വെച്ച് കൊണ്ട് ഇത്തരം നീതി നിഷേധങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളൽ അത്യാവശ്യമാണെന്നും കേരളത്തിലെ ജനകീയ സർക്കാരിന് അബദ്ധം വന്നു പോയിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്താൻ തയ്യാറെന്നും, അതിനുള്ള ശ്രമത്തിലാണെന്നും ഐ എം സി സി നേതാവ് എ എം അബ്ദുള്ള കുട്ടി നിരീക്ഷിച്ചു.

പ്രതിയെ സംരക്ഷിക്കാൻ പോക്‌സോ കേസ് ചുമത്തുന്നതിൽ നിന്ന് ഒഴിവാക്കാൻ വേണ്ടി പൊലീസും സർക്കാരും ഒത്തു കളിച്ചുവെന്നും ഇത്തരം നിലപാടിൽ നിന്ന് ഗവണ്മെന്റ് പിൻതിരിയണമെന്നു 'തേജസ്' പ്രധിനിധി കബീർ കൊണ്ടോട്ടി അഭിപ്രായപ്പെട്ടു. കേരള ജനതക്ക് തന്നെ അപമാനമാണ് ഈ കേസും അനുബന്ധ സംഭവ വികാസങ്ങളെന്നും, കുത്തഴിഞ്ഞ നിയമവ്യവസ്ഥയും അഭ്യന്തര മന്ത്രി യുടെ ഉത്തരവാദിത്ത കുറവുമാണ് ഇതിലേക്ക് നയിച്ചതെന്നും യോഗത്തിൽ പങ്കെടുത്ത ഇന്ത്യൻ സോഷ്യൽ ഫോറം പ്രധിനിധി ഹനീഫ കടുങ്ങല്ലൂർ സംസാരിച്ചു.

വനിതാ മതിൽ സൃഷ്ടിച്ചവർ പാലത്തായി പെൺകുട്ടിയുടെ കാര്യത്തിൽ ആ ശുഷ്‌കാന്തി കാണിച്ചില്ല എന്നും സംഘ് പരിവാറിനെ സുഖിപ്പിക്കുന്ന ഇത്തരം നടപടി കൾക്കെതിരെയുള്ള ശക്തമായ വിയോജിപ്പ് പ്രവാസ ലോകത്ത് നിന്നും ഉണ്ടാകണമെന്നും ജിദ്ദാ പൗരാവലി പ്രധിനിധി റാഫി ഭീമാപള്ളി അഭിപ്രായപ്പെട്ടു.

ഈ കേസിൽ പുനരന്വേഷണം നടത്തി ഇരയായ പെണ്കുട്ടിക്ക് നീതി ലഭ്യമാകാൻ സർക്കാർ മുന്നോട്ട് വരണമെന്നും ഇരകൾക്ക് നീതി നിഷേധിച്ചു പ്രതികൾ രക്ഷപെടുന്ന ദുഷ്പ്രവണത രാജ്യത്തു തുടർകഥയാകുന്നുവെന്നും പിസിഎഫ് പ്രതിനിധി അബ്ദുല്ലത്തീഫ് മമ്പുറം അഭിപ്രായപ്പെട്ടു.

പാലത്തായി പീഡനകേസ് ജിദ്ദ പൊതു സമൂഹത്തിൽ ഉയർത്തി കൊണ്ട് വന്ന ഐവയെന്ന പുതിയ സംഘടനയെ പ്രശംസിക്കുന്നതോടൊപ്പം നീതി നിഷേധത്തിനെ തിരെയുള്ള പോരാട്ടത്തിൽ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി പ്രവാസി സാംസ്‌കാരിക വേദി അംഗം ഇസ്മായിൽ കല്ലായി പറഞ്ഞു.

ഇത്തരം പീഡന തുടർ കഥകൾ സമൂഹത്തിൽ മാനസിക വൈകല്യമുള്ളവർ ഇന്നും ജീവിക്കുന്നു എന്നതിന്റെ തെളിവാണെന്നും ഇതിനെതിരെ കുട്ടികൾക്കു ലൈഗിക വിദ്യാഭ്യാസം ഉൾപ്പടെ യുള്ള പൊതു അവബോധം ഉയർത്തി കൊണ്ട് വരേണ്ടതുണ്ട് എന്നും വേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദ പ്രസിഡന്റ് റോയ് മാത്യു അഭിപ്രായപ്പെട്ടു.

'ആരോടെങ്കിലും പറഞ്ഞാൽ നിന്റെ ഉമ്മയെ കൊല്ലും' എന്ന് ഭയാനകമായ രീതിയിൽ കുഞ്ഞു മനസ്സിനെ വേട്ടയാടിയ പ്രതിക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നും, ഏതറ്റം വരെയും അതിനുവേണ്ടി നാമെല്ലാവരും പോരാടണമെന്നും, ഈ വിഷയം ഏറ്റെടുത്ത ഐവ എന്നും ഇത്തരം ജനകീയ വിഷയങ്ങൾക്കും നീതി നിഷേധ പ്രശ്‌നങ്ങൾക്കും മുന്നിൽ നിക്കണമെന്നും ഒ ഐ സി സി ഹെൽപ് ഡസ്‌ക് കോർഡിനേറ്റർ കുഞ്ഞു മുഹമ്മദ് കൊടശ്ശേരി പറഞ്ഞു.

പാലത്തായി കേസിൽ ഐ ജി നീതി പുലർത്തിയില്ല എന്നും കേസിനെ നിസ്സാരവത്കരിച്ചുകൊണ്ട് പ്രതിയെ രക്ഷപെടാൻ സഹായിക്കുന്ന നടപടി പ്രതിഷേധാർഹമാണന്നും ഗൾഫ് മാധ്യമം പ്രധിനിധി സാദിഖലി തുവ്വൂർ ചൂണ്ടിക്കാണിച്ചു.

ഇനിയും നീതി ലഭ്യമാകാത്ത പാലത്തായി പീഡനകേസിലെ കൊച്ചു സഹോദരിക്ക് ഐവ ജിദ്ദ കമ്മിറ്റി ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ചു. നിരവധി പ്രവർത്തകരും നേതാക്കളും പങ്കെടുത്ത ഓൺലൈൻ മീറ്റിൽ ഷൗക്കത്തലി കോട്ട ഖിറാഅത്ത് നിർവഹിച്ചു. ഐവ ജനറൽ സെക്രട്ടറി നാസർ ചാവക്കാട് സ്വാഗതവും ജനറൽ കൻവീനർ ദിലീപ് താമരക്കുളം ആമുഖ പ്രഭാഷണവും ട്രഷറർ അബ്ബാസ് ചെങ്ങാനി നന്ദി പ്രകാശനവും നിർവഹിച്ചു.

ഗഫൂർ തേഞ്ഞിപ്പലം, അബ്ദുൽ കരീം, ജരീർ വേങ്ങര, അബ്ദുൽ റസാഖ് മാസ്റ്റർ മമ്പുറം, ലിയാഖത് കോട്ട, എം എ ആർ നെല്ലിക്കാപ്പറമ്പ്, തുടങ്ങിയവർ നേതൃത്വം നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP