Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉപതെരഞ്ഞെടുപ്പുകൾ ഒന്നും ഉടൻ നടത്തേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; ചവറ, കുട്ടനാട് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് ഉറപ്പായി; മാറ്റിവെച്ചത് ഏഴ് നിയമസഭാ മണ്ഡലങ്ങളിലേയും ഒരു പാർലമെന്റ് മണ്ഡലത്തിലേയും ഉപതിരഞ്ഞെടുപ്പുകൾ

ഉപതെരഞ്ഞെടുപ്പുകൾ ഒന്നും ഉടൻ നടത്തേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; ചവറ, കുട്ടനാട് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് ഉറപ്പായി; മാറ്റിവെച്ചത് ഏഴ് നിയമസഭാ മണ്ഡലങ്ങളിലേയും ഒരു പാർലമെന്റ് മണ്ഡലത്തിലേയും ഉപതിരഞ്ഞെടുപ്പുകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ ലോക്സഭ, നിയമസഭ ഉപതിരഞ്ഞെടുപ്പുകൾ മാറ്റിവെക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചതോടെ കേരളത്തിലെ ചവറ, കുട്ടനാട് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് ഉറപ്പായി. കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിന് ശേഷം തിരഞ്ഞെടുപ്പുകൾ നടത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. ഏഴ് നിയമസഭാ മണ്ഡലങ്ങളിലേയും ഒരു പാർലമെന്റ് മണ്ഡലത്തിലേയും ഉപതിരഞ്ഞെടുപ്പുകളാണ് മാറ്റിവെച്ചത്. കേരളത്തിൽ ചവറ, കുട്ടനാട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് നേരത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു.

കേരളത്തിന് പുറമേ ബിഹാർ, അസം, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞടുപ്പുകളാണ് മാറ്റിവെച്ചത്. സെപ്റ്റംബർ ഒമ്പതിനകം നടക്കേണ്ട തെരഞ്ഞെടുപ്പുകൾ എല്ലാം മാറ്റി വയ്ക്കാനാണ് തീരുമാനം. ആറ് മാസത്തിൽ കൂടുതൽ കാലം ഒരു മണ്ഡലം ഒഴിച്ചിടരുതെന്നാണ് നിലവിൽ നിയമം. ചവറയിൽ നിയമപ്രകാരം സപ്തംബർ ഏഴിനകം ഒഴിവ് നികത്തേണ്ടതുണ്ട്. എന്നാൽ നിയമ പ്രകാരമുള്ള ബാധ്യത നിറവേറ്റാനാവില്ലെന്ന് കമ്മീഷൻ വിലയിരുത്തി. കേന്ദ്രസർക്കാരും ഇതിനോട് യോജിച്ചു. തെരഞ്ഞെടുപ്പ് സാഹചര്യം അനുകൂലമാകുമ്പോൾ നടത്തുകയോ റദ്ദാക്കേണ്ടതുണ്ടെങ്കിൽ അപ്പോൾ ആലോചിക്കാം എന്നുമാണ് ധാരണ.

സംസ്ഥാനത്ത് കുട്ടനാട്, ചവറ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതെങ്കിലും ആറ് മാസം കഴിഞ്ഞ കുട്ടനാട് മണ്ഡലം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം എടുത്തിട്ടില്ല. കോവിഡ് പശ്ചാത്തലത്തിൽ നിലവിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും നിർബന്ധമെങ്കിൽ ആഗസ്റ്റിന് ശേഷം നടത്താമെന്നും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ നേരത്തെ അറിയിച്ചിരുന്നു.

തോമസ് ചാണ്ടി, എൻ. വിജയൻ പിള്ള എന്നിവരുടെ നിര്യാണത്തെ തുടർന്നാണ് കുട്ടനാട്, ചവറ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടത്തേണ്ട സാഹചര്യമുണ്ടായത്. 2016 മെയിൽ അധികാരമേറ്റ പിണറായി വിജയൻ സർക്കാരിന്റെ കാലാവധി 2021 മെയ് മാസത്തിലാകും അവസാനിക്കുക. നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷത്തിൽ താഴെ മാത്രമുള്ള സമയത്ത് ഏതെങ്കിലും സീറ്റ് ഒഴിവ് വന്നാൽ അവിടെ പിന്നെ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന എന്ന തീരുമാനമെടുക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടത്തിലുണ്ട്.

കോവിഡിന് പുറമേ പല സംസ്ഥാനങ്ങളിലും മഴക്കാലം വരുന്നതും തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചു. ഉദ്യോഗസ്ഥർ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെന്നും കമ്മീഷൻ വിലയിരുത്തി. കേരളത്തിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന സൂചന നേരത്തേതന്നെ ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ നൽകിയിരുന്നു. കുട്ടനാട്ടിലും ചവറയിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടക്കണമെന്നാണ് ചട്ടം. അതനുസരിച്ച് ജൂൺ 19 ന് മുമ്പ് കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കണമായിരുന്നു. അതനുസരിച്ച് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ തന്നെ റിപ്പോർട്ട് നൽകിയിരുന്നു. നേരത്തെ ഉപതിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടന്നു വരികയായിരുന്നു.ഏത് സമയത്തും വോട്ടെടുപ്പ് നടത്താൻ സജ്ജമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് കോവിഡ് പടർന്നുപിടിച്ചത്.

മധ്യപ്രദേശിൽ അടക്കം ചില സംസ്ഥാനങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഏപ്രിലിൽ ഉപതെരഞ്ഞെടുപ്പ് നടത്താമെന്നാണ് പ്രാഥമിക കണക്കുകൂട്ടലുണ്ടായിരുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിൽ വോട്ടെടുപ്പ് സാധ്യമല്ല. ഉപതെരഞ്ഞെടുപ്പ് നടത്തണമെങ്കിൽ സഭയ്ക്ക് ഒരു വർഷം കാലാവധി വേണമെന്നാണ് ചട്ടം. 2012 മെയ് വരെയാണ് നിയമസഭയുടെ കാലാവധിയുള്ളത്. ഈ സാഹചര്യത്തിൽ സംസ്ഥാനസർക്കാരുമായി കൂടിയാലോചിച്ച് മാത്രമാകും തീരുമാനം കൈക്കൊള്ളുകയെന്ന് ടിക്കാറാം മീണ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP