Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വർണ്ണക്കടത്തു കേസിലെ മുഖ്യ കണ്ണികൾ ഉള്ളത് ദുബായിൽ തന്നെ; ഫൈസൽ ഫരീദിന് പിന്നിലുള്ളത് കൂടുതൽ പേരെന്ന് സൂചന; പ്രധാന കണ്ണികളായി മൂവാറ്റുപുഴയിലെ റബിൻസും ജലാലും; റബിൻസുമായി അടുത്ത ബന്ധമുള്ള മൂവാറ്റുപുഴ സ്വദേശിയായ സിനിമാക്കാരനും നിരീക്ഷണത്തിൽ; 2013നും 2015നും ഇടയിൽ മൂവാറ്റുപുഴ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കള്ളക്കടത്ത് സംഘം കേരളത്തിലേക്ക് കൊണ്ടുവന്നത് 1500 കിലോ സ്വർണം; അന്വേഷണം നീങ്ങുന്നത് കേരളത്തിലെ വമ്പൻ സ്വർണ്ണ റാക്കറ്റിലേക്ക്

സ്വർണ്ണക്കടത്തു കേസിലെ മുഖ്യ കണ്ണികൾ ഉള്ളത് ദുബായിൽ തന്നെ; ഫൈസൽ ഫരീദിന് പിന്നിലുള്ളത് കൂടുതൽ പേരെന്ന് സൂചന; പ്രധാന കണ്ണികളായി മൂവാറ്റുപുഴയിലെ റബിൻസും ജലാലും; റബിൻസുമായി അടുത്ത ബന്ധമുള്ള മൂവാറ്റുപുഴ സ്വദേശിയായ സിനിമാക്കാരനും നിരീക്ഷണത്തിൽ; 2013നും 2015നും ഇടയിൽ മൂവാറ്റുപുഴ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കള്ളക്കടത്ത് സംഘം കേരളത്തിലേക്ക് കൊണ്ടുവന്നത് 1500 കിലോ സ്വർണം; അന്വേഷണം നീങ്ങുന്നത് കേരളത്തിലെ വമ്പൻ സ്വർണ്ണ റാക്കറ്റിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്തു കേസിലെ അന്വേഷണം പുരോഗമിക്കുമ്പോൾ പുറത്തുവരുന്ന വിവരങ്ങൾ മുഖ്യകണ്ണികൾ രാജ്യം വിട്ടു എന്നതാണ്. ഫൈസൽ ഫരീദിന് പിന്നിലുള്ളത് സ്വർണ്ണക്കടത്തിലെ പ്രധാന കണ്ണികളാണ് വിദേശത്ത് ഉണ്ടായിരിക്കുന്നത് എന്നാണ് അറിയേണ്ടത്. മൂന്ന് മലയാളികളെക്കുറിച്ചാണ് കസ്റ്റംസിനു വിവരം ലഭിച്ചിരിക്കുന്നത്. പേരുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സംഘത്തിലെ പ്രധാന കണ്ണികളായ റബിൻസും ഫൈസൽ ഫരീദുമായി അടുത്ത ബന്ധമുള്ളവരാണിവരെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.

സംഘത്തിലെ പ്രധാനിയായ റബിൻസിനെ പിടികൂടാനുള്ള തെളിവുകൾ കസ്റ്റംസ് ശേഖരിച്ചുകഴിഞ്ഞു. മൂവാറ്റുപുഴ സ്വദേശി ജലാലുമായി അടുത്ത ബന്ധമുള്ള ഫൈസൽ ഫരീദിനും റബിൻസിനുമൊപ്പം ഈ ദുബായ് മലയാളികൾ സ്വർണക്കടത്തിനായി കോടികൾ സ്വരൂപിക്കുകയായിരുന്നെന്ന് കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൊണ്ടോട്ടിയിൽനിന്ന് ബുധനാഴ്ച ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോവിഡ് കാലത്ത് ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുന്നതിൽ മുന്നിലുണ്ടായിരുന്ന സംഘടനയുമായി ബന്ധമുള്ളയാളാണ് ഇയാളെന്ന് അധികൃതർ പറഞ്ഞു. നിക്ഷേപകർക്ക് പണം തിരിച്ചുനൽകുന്നതിന്റെ ചുമതലയാണ് റബിൻസിനുണ്ടായിരുന്നത്. ഇയാളുടെ പാസ്‌പോർട്ട് റദ്ദാക്കിയിട്ടുണ്ട്. അടുത്തിടെ മറ്റൊരു സ്വർണക്കടത്ത് കേസിൽ പിടിയിലായ ഇയാളുടെ ബന്ധുവിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനത്തിനുടമയാണ് ഇയാളെന്ന് അധികൃതർ പറഞ്ഞു.

റബിൻസുമായി അടുത്ത ബന്ധമുള്ള മൂവാറ്റുപുഴ സ്വദേശി എസ്. മോഹനും കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്. ഇയാൾക്ക് സിനിമാമേഖലയുമായും ബന്ധമുണ്ട്. വിദേശത്തുനിന്നു ചാർട്ടേഡ് ഫ്‌ളൈറ്റുകൾ സജ്ജമാക്കാൻ റബിൻസിനൊപ്പം പ്രവർത്തിച്ചിരുന്നയാളാണിയാൾ. എമിഗ്രേഷൻ വിഭാഗത്തിൽ പ്രവർത്തിക്കുന്ന കേരള പൊലീസിലെ ഒരു ഉദ്യോഗസ്ഥനെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഈ ഉദ്യോഗസ്ഥനും സിനിമാമേഖലയുമായുള്ള ബന്ധങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥർക്കു വ്യക്തമായിട്ടുണ്ട്. സിനിമാ മേഖലയുമായി ബന്ധമുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് എടുത്തുനൽകിയ അപ്പാർട്ട്‌മെന്റിലാണ് ഈ പൊലീസ് ഉദ്യോഗസ്ഥൻ താമസിക്കുന്നത്. സസ്‌പെൻഷനിലായ ഗൺമാനുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് കേരളപൊലീസിനു വിവരം നൽകിയതായും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വിവരം കിട്ടിയിട്ടുണ്ട്.

മൂവാറ്റുപുഴ കേന്ദ്രീകരിച്ച് നടന്ന വൻ സ്വർണക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. എന്നാൽ, ഇവരുടെ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. നയതന്ത്ര ചാനൽ വഴി സ്വർണം അയച്ച സംഘമാണ് മൂവാറ്റുപുഴ സ്വർണ കള്ളക്കടത്തിന് പിന്നിലെന്നുമാണ് സംശയിക്കുന്നത്. 2013നും 2015നും ഇടയിൽ മൂവാറ്റുപുഴ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കള്ളക്കടത്ത് സംഘം 1500 കിലോ സ്വർണമാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. ഇപ്പോൾ ഫൈസലിന്റെ സഹായിയായി പ്രവർത്തിക്കുന്നവരെക്കുറിച്ച് 2015ൽതന്നെ കസ്റ്റംസിന് വിവരം ലഭിച്ചിരുന്നെങ്കിലും അന്വേഷണം മുന്നോട്ടുകൊണ്ടുപോവാൻ കഴിഞ്ഞിരുന്നില്ല. ചില പേരുകൾ ലഭിച്ചെങ്കിലും ഇത് സ്ഥിരീകരിക്കാനാവാതെ വന്നതോടെയാണ് അന്ന് അന്വേഷണം നിലച്ചത്.

ആറുദിവസത്തെ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ കിട്ടിയ കെ.ടി. റമീസിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തേ അറസ്റ്റിലായ മൂവാറ്റുപുഴ സ്വദേശി ജലാലുമായുള്ള ബന്ധംകൂടി കണക്കിലെടുക്കുമ്പോൾ ഫൈസലിന്റെ സഹായികൾ മൂവാറ്റുപുഴ സ്വദേശികൾതന്നെയാവും എന്നാണ് അനുമാനം. എൻ.ഐ.എ കോടതിക്ക് പിന്നാലെ, കസ്റ്റംസിന്റെ അപേക്ഷയിൽ എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സാമ്പത്തികം) കോടതിയും ഫൈസലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്റർപോളിനെ സമീപിക്കാനും ശ്രമിക്കുന്നുണ്ട്. ഫൈസലിന്റെ സഹായികൾ ആരെന്ന് തിരിച്ചറിഞ്ഞാലുടൻ അവരെയും നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.

എൻ.ഐ.എയുടെ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി അനുമതി നൽകിയിട്ടുമുണ്ട്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുന്നോടിയായാണ് ചോദ്യം ചെയ്യുന്നത്. എൻ.ഐ.എയുടെ ഓഫിസിലെത്തിയാവും ഇവരെ ചോദ്യം ചെയ്യുക. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ നാല് പ്രതികൾ ജാമ്യം തേടി എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. അംജദ് അലി, സംജു, ജിഫ്‌സൽ, മുഹമ്മദ് അൻവർ എന്നിവരാണ് ജാമ്യ ഹരജി നൽകിയത്.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ഒരാളെക്കൂടി കസ്റ്റംസ് പിടികൂടി. സ്വർണക്കടത്തിന് പണം നിക്ഷേപിച്ച മലപ്പുറം മഞ്ചേരി പുളിക്കുത്ത് ഹംസത്ത് അബ്ദുസ്സലാമിനെയാണ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ ഹാജരാക്കാനായി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച കസ്റ്റംസ് ഓഫിസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണക്കടത്തിലും ഗൂഢാലോചനയിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. 2000ത്തിൽ കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തിയതിന് ഇയാൾക്കെതിരെ കേസുണ്ടായിരുന്നു.

ഇതോടെ കേസിൽ കസ്റ്റംസ് അറസ്റ്റിലായവരുടെ എണ്ണം 16 ആയി. തിരുവനന്തപുരം സ്വദേശി പി.എസ്. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ, കെ.ടി. റമീസ്, മുഹമ്മദ് ഷാഫി, ഹംജദ് അലി, മുഹമ്മദ് അൻവർ, സെയ്തലവി, ടി.എം. സംജു, പി.എം. അബ്ദുൽ ഹമീദ്, അബൂബക്കർ പഴേടത്ത്, ജലാൽ, കെ.വി. മുഹമ്മദ് (അബ്ദുൽ ഷെമീം), സി.വി. ജിഫ്സൽ, പി.ടി. അബ്ദു എന്നിവരാണ് മുമ്പ് അറസ്റ്റിലായത്. മുഖ്യപ്രതികളിലൊരാളായ ഫൈസൽ ഫരീദിനുവേണ്ടി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ കസ്റ്റംസ് അപേക്ഷ നൽകും. സിബിഐ മുഖേന ഇന്റർപോളിന്റെ സഹായത്തോടെ നോട്ടീസ് നൽകി പിടികൂടാനാണ് നീക്കം. ഇതിന് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാൻ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയിൽ കസ്റ്റംസ് ഉടൻ അപേക്ഷ നൽകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP