Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരുപാര വരുന്നുണ്ട് സൂക്ഷിക്കണം എന്ന് രാവിലെ തന്നെ മുന്നറിയിപ്പ്; റെയ്ഡിൽ 18 ലക്ഷം പിടിച്ചപ്പോൾ ആകെ തകർന്നുപോയി...ഒതുക്കി തീർക്കാൻ നോക്കാമെന്നും ആശ്വസിപ്പിക്കൽ; മണർകാട് സ്റ്റേഷൻ ഹൗസ് ഓഫീസർ രതീഷ് കുമാർ ക്രൗൺ ചീട്ടുകളി ക്ലബ് ഉടമ മാലം സുരേഷിനെ കാണുന്നത് സഹോദരനെ പോലെ; ഫോൺ സംഭാഷണം പുറത്തുവന്നതോടെ ചീട്ടുകളി ക്ലബ്ബിന് ഒത്താശ ചെയ്ത ഇൻസ്പക്ടർക്കെതിരെ അന്വേഷണം

ഒരുപാര വരുന്നുണ്ട് സൂക്ഷിക്കണം എന്ന് രാവിലെ തന്നെ മുന്നറിയിപ്പ്; റെയ്ഡിൽ 18 ലക്ഷം പിടിച്ചപ്പോൾ ആകെ തകർന്നുപോയി...ഒതുക്കി തീർക്കാൻ നോക്കാമെന്നും ആശ്വസിപ്പിക്കൽ; മണർകാട് സ്റ്റേഷൻ ഹൗസ് ഓഫീസർ രതീഷ് കുമാർ ക്രൗൺ ചീട്ടുകളി ക്ലബ് ഉടമ മാലം സുരേഷിനെ കാണുന്നത് സഹോദരനെ പോലെ; ഫോൺ സംഭാഷണം പുറത്തുവന്നതോടെ ചീട്ടുകളി ക്ലബ്ബിന് ഒത്താശ ചെയ്ത ഇൻസ്പക്ടർക്കെതിരെ അന്വേഷണം

ആർ പീയൂഷ്

കോട്ടയം: ചീട്ടുകളി സംഘത്തെ സഹായിച്ച സ്റ്റേഷൻ എസ്.എച്ച്.ഒയ്ക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണമാരംഭിച്ചു. മണർകാട് ക്രൗൺ ക്ലബ്ബിലെ ചീട്ടുകളി പൊലീസ് റെയ്ഡ് നടത്തി 18 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. എന്നാൽ മണർകാട് സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന ആർ രതീഷ്‌കുമാർ പ്രതികളെ സഹായിക്കുന്ന തരത്തിൽ ഫോൺ സംഭാഷണം നടത്തിയതിനെ തുടർന്ന് അന്വേഷണ ചുമതലകളിൽ നിന്നും മാറ്റി നിർത്തുകയും സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണമാരംഭിക്കുകയും ചെയ്തത്. ഇതോടെ ഉദ്യോഗസ്ഥൻ അവധിയെടുത്ത് ഒളിവിൽ പോയി.

കഴിഞ്ഞ 11 നാണ് മണർകാട് ക്രൗൺ ക്ലബിൽ നടത്തിയ പരിശോധനയിൽ 18 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തത്. ചീട്ടുകളിക്കാൻ എത്തിയ 43 പേരെ പിടികൂടുകയും ക്ലബ് ഭാരവാഹികളെ പ്രതിയാക്കി കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി ക്രൗൺക്ലബ്ബ് സെക്രട്ടറി മാലം സുരേഷുമായി രതീഷ് കുമാർ നടത്തിയ ഫോൺ സന്ദേശം പുറത്തു വന്നത്. 'ഒരു പാര വരുന്നുണ്ട്, സൂക്ഷിക്കണം' എന്നു റെയ്ഡ് നടക്കുന്ന അന്നു രാവിലെ പൊലീസ് ഇൻസ്പെക്ടർ ചീട്ടുകളി സംഘത്തിനു മുന്നറിയിപ്പു നൽകിയതായി സംഭാഷണത്തിലുണ്ട്. സംഭവം അറിഞ്ഞപ്പോൾ തകർന്നുപോയി, ഒതുക്കിത്തീർക്കാൻ നോക്കാമെന്നും ഇൻസ്പെക്ടർ ആശ്വസിപ്പിക്കുന്നു. നിങ്ങൾ (സുരേഷ്) എനിക്കു സഹോദരനെപ്പോലെ ആണെന്നും സംഭാഷണത്തിൽ കേൾക്കാം.

കേസ് ഒതുക്കിത്തീർക്കാൻ നോക്കാം, അതുവരെ തൽക്കാലം മാറിനിൽക്കുക, ഹൈക്കോടതിയെ സമീപിക്കുക തുടങ്ങിയ ഉപദേശങ്ങളും ഇൻസ്പെക്ടർ നൽകുന്നുണ്ട്. മുഖ്യമന്ത്രിക്കു പരാതി നൽകുമെന്നും അതിന് ഇടനിലക്കാരൻ തന്നെ സഹായിക്കുമെന്നും മാലം സുരേഷ് പറയുന്നതായി കേൾക്കാം. മുഖ്യമന്ത്രിയെ സമീപിച്ചിട്ടു കാര്യമില്ല, ഹൈക്കോടതിയിൽ പോകുകയാണു നല്ലതെന്നാണ് അന്നേരം ഇൻസ്പെക്ടറുടെ നിർദ്ദേശം. ഇടനിലക്കാരൻ വഴി പറഞ്ഞാൽ മുഖ്യമന്ത്രിക്കു മനസ്സിലാകുമെന്നും സംഭാഷണത്തിലുണ്ട്.

ക്ലബിനു താഴെ പ്രവർത്തിക്കുന്ന തന്റെ സ്ഥാപനങ്ങളിൽ നിന്നുള്ള പണമാണ് പൊലീസ് പിടിച്ചെടുത്തതെന്നാണ് സംഭാഷണത്തിൽ മാലം സുരേഷ് ആരോപിക്കുന്നത്. മണർകാട് എസ്.എച്ച്.ഒ ഇത് ശരിവയ്ക്കുന്നുമുണ്ട്. പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫീസർ യു.ശ്രീജിത്താണ് പരിശോധനയ്ക്കു പിന്നിലെന്നും രതീഷ് കുമാർ കുറ്റപ്പെടുത്തുന്നു. കോടതിയെ സമീപിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം സുരേഷിനെ ഉപദേശിക്കുന്നുണ്ട്. സംഭാഷണം സുരേഷ് തന്നെയാണ് റെക്കാഡ് ചെയ്ത് പുറത്തു വിട്ടിരിക്കുന്നത്.പരിശോധനയ്ക്കു നേതൃത്വം നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്ത ഉദ്യോഗസ്ഥൻ തന്നെയാണ് പ്രതിക്ക് നിയമോപദേശം നൽകുകയും പൊലീസിനെ കുറ്റപ്പെടുത്തുകയും ചെയ്തിരിക്കുന്നത്

ഇതോടെ മണർകാട് ക്രൗൺ ക്ലബ്ബിലെ ചീട്ടുകളി സംബന്ധിച്ച അന്വേഷണച്ചുമതലയിൽ നിന്നു മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ആർ.രതീഷ് കുമാറിനെ മാറ്റി. അന്വേഷണച്ചുമതല കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി ജെ.സന്തോഷ് കുമാറിനു നൽകി. ആർ.രതീഷ് കുമാറും ക്ലബ് സെക്രട്ടറി മാലം സുരേഷും തമ്മിലുള്ള ഫോൺ സംഭാഷണത്തെപ്പറ്റി നടത്തിയ അന്വേഷണത്തിൽ രതീഷ് കുമാർ കുറ്റക്കാരനെന്നു കണ്ടെത്തിയ സാഹചര്യത്തിലാണു നടപടി. മണർകാട് സ്റ്റേഷന്റെ അടുത്തുള്ള ക്ലബ്ബിൽ നടന്ന പൊലീസ് റെയ്ഡിൽ രതീഷ് കുമാറിനെ പങ്കെടുപ്പിച്ചിരുന്നില്ല. മാലം സുരേഷും രതീഷും തമ്മിലുള്ള ബന്ധം അറിയാവുന്ന ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് റെയ്ഡിന്റെ ചുമതല പാമ്പാടിയിലെ ഇൻസ്പെക്ടർ യു.ശ്രീജിത്തിനാണു നൽകിയത്. എന്നാൽ റെയ്ഡിന്റെ തുടർനടപടികൾ രതീഷ് കുമാർ തന്നെയാണു പൂർത്തിയാക്കിയത്. മണർകാട് ഇൻസ്പെക്ടർ എന്ന നിലയിൽ 43 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതും 17.80 ലക്ഷം രൂപയും 40 മൊബൈൽ ഫോൺ പിടിച്ചതും മഹസറിൽ രേഖപ്പടുത്തിയതും രതീഷാണ്.

രതീഷും മാലം സുരേഷും തമ്മിലുള്ള ബന്ധം പുറത്തുവന്നതോടെ മഹസർ നടപടിക്രമങ്ങൾ കേസിൽ തിരിച്ചടിയാകുമോയെന്നും പൊലീസ് സംശയിക്കുന്നു. രതീഷിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ഇന്നലെ തുടരന്വേഷണത്തിനു സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി അനീഷ് വി.കോരയ്ക്കു കൈമാറി. റെയ്ഡ് കഴിഞ്ഞു മണിക്കൂറുകൾക്കകമാണു മാലം സുരേഷും രതീഷ് കുമാറും ഫോണിൽ സംസാരിക്കുന്നത്. ഫോൺ സംഭാഷണം മാലം സുരേഷും രതീഷും തമ്മിൽ നടത്തിയതാണെന്നു ശാസ്ത്രീയമായി തെളിയിക്കുന്നതിനു സൈബർ സെല്ലിനെ ഏൽപിച്ചു. രതീഷിനു പുറമേ മറ്റു പൊലീസുകാർക്കു ബന്ധമുണ്ടോ, റെയ്ഡ് വിവരം ചോർത്തിയത് ആരാണ് തുടങ്ങിയ കാര്യങ്ങളാണ് അനീഷ് വി. കോര അന്വേഷിക്കുന്നത്. മണർകാട് ജങ്ഷനിലെ ക്രൗൺ ക്ലബ് പ്രസിഡന്റ് കുറുമുള്ളൂർ വടക്കുംകര സന്തോഷും സെക്രട്ടറി മണർകാട് വാവത്തിൽ കെ.വി. സുരേഷും (മാലം സുരേഷ്) ആണ്. മാലം സുരേഷാണു കെട്ടിടത്തിന്റെ ഉടമ.

പൊലീസ് കേസിൽ പ്രതി ചേർത്തതോടെ മാലം സുരേഷ് മുൻകൂർ ജാമ്യത്തിനു ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചു. ജാമ്യഹർജിയിൽ കോടതിവിധി വന്നാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു നീങ്ങുമെന്നു ഡിവൈഎസ്‌പി ജെ.സന്തോഷ് കുമാർ പറഞ്ഞു. നാലു വർഷത്തോളമായി ക്ലബ്ബിൽ ചീട്ടുകളി നടക്കുന്നു. രണ്ടുവട്ടം പൊലീസ് റെയ്ഡ് നടത്തിയെങ്കിലും പണം കണ്ടെത്താനായില്ല. വിവരം മുൻകൂർ ചോർന്നതാണു കാരണം. ടോക്കൺ വച്ചു കളി നടത്തുകയും അതിനുള്ള പണം മറ്റൊരു സ്ഥലത്തു സൂക്ഷിക്കുകയും ചെയ്യുന്നുവെന്നാണു പൊലീസിന്റെ നിഗമനം. അതേ സമയം അവധിയിൽ പ്രവേശിച്ചിരിക്കുന്ന ഇൻസ്പെക്ടറുടെ വിശദീകരണം തേടുമെന്നും. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് കൂടി പരിശോധിച്ച് നടപടിയെടുക്കുമെന്നും. ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവ് പറഞ്ഞു.

ചീട്ടുകളി സംഘത്തെ പിടികൂടി ദിവസങ്ങൾ കഴിഞ്ഞിട്ടും സംഘത്തലവനെ അറസ്റ്റ് ചെയ്യാത്തതിൽ വ്യാപക പ്രതിഷേധമുണ്ട്. എന്നാൽ സംഘത്തലവൻ ആരെന്ന് വ്യക്തമാക്കാൻ പോലും പൊലീസും തയ്യാറാകുന്നില്ല. സംഘത്തലവൻ പിടിച്ചെടുത്ത പണം തിരിച്ചുപിടിക്കാനുള്ള പെടാപ്പാടിലാണ്. ചീട്ടുകളി നടത്തിയ പണമല്ലന്നാണ് പ്രതികളുടെ വാദം. ക്ലബിൽ ചീട്ടുകളി നടന്നിട്ടുണ്ടെന്നും പ്രതികളിൽ ഒരാൾ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ പണം വെച്ചല്ല ചീട്ടുകളിച്ചതെന്നാണ് ഇവരുടെ വാദം. പൊലീസിനെതിരെ ഹൈക്കോടതിയിൽ പോകുമെന്നും ഇവർ പറയുന്നു.

ഗെയിമിങ് നിയമപ്രകാരം പിടിച്ചെടുത്ത പണത്തിന്റെ പകുതി സർക്കാർ ഖജനാവിന് നൽകണം. ബാക്കി പകുതി പണം കേസ് പിടിച്ച പൊലീസുകാർക്ക് ലഭിക്കും. എന്നാൽ ക്ലബിന്റെ താഴെത്തെ നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് 18 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തതെന്നാണ് പ്രതികൾ പറയുന്നത്. ഈ തുക പൊലീസ് തിരിച്ചു നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇതിന് ഒത്താശയുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇവർക്ക് കൂട്ടിനുണ്ട്. എന്നാൽ ഈ ഓഫീസിൽ പണം നൽകി ടോക്കൺ വാങ്ങിയ ശേഷമായിരുന്നു ചീട്ടുകളിയെന്ന് നാട്ടുകാർ പറയുന്നു.

മണർകാട് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർക്ക് 10,000 മുതൽ 25,000 രൂപ വരെ മാസപ്പടി, ക്ലബ് നൽകുന്നുണ്ടെന്ന വാർത്തകൾ പത്ര മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇഷ്ടക്കാരെ മണർകാട് സ്റ്റേഷനിൽ നിലനിർത്താനും മറ്റ് സ്റ്റേഷനുകളിൽ നിന്നും മണർകാട് സ്റ്റേഷനിലേക്ക് കൊണ്ടുവരാനും ഇവരിൽ ചിലർ ശ്രമിച്ചിരുന്നു. ഇതിന് ചില ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. കുട്ടിക്കാനത്തും തമിഴ്‌നാട്ടിലുമായി ഏഴ് ചീട്ടുകളി ക്ലബുകൾ ഇവർക്കുണ്ടെന്നാണ് വിവരം. ക്ലബിൽ രണ്ടര ലക്ഷം രൂപ വരെയാണ് മെമ്പർഷിപ്പ് തുക. കളത്തിൽ ഇറക്കിയ 77 ലക്ഷം രൂപ പ്രദേശവാസിയായ ഒരാൾക്കു നഷ്ടമായിരുന്നു. ഇതിനു പിന്നാലെയാണ് ചീട്ടുകളി ക്ലബിനെതിരെ പരാതി ഉയർന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലേക്കാണ് പണം നഷ്ടപ്പെട്ടയാളുടെ ബന്ധുക്കൾ പരാതി അയച്ചത്. ഇതിനു പിന്നാലെയാണ് ജില്ലാ പൊലീസ് മേധാവിയും മൂന്നു ഡി.വൈ.എസ്‌പിമാരും മാത്രം അറിഞ്ഞ രഹസ്യ ഓപ്പറേഷൻ നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP