Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് വാക്സിൻ ​ഗവേഷണങ്ങൾക്ക് വലിയ വെല്ലുവിളി ഉയർത്തി പുതിയ പഠന റിപ്പോർട്ട്; ഒരിക്കൽ വൈറസ്ബാധ ഭേദമായവരിൽ വീണ്ടും രോ​ഗബാധക്ക് സാധ്യതയെന്ന് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലെ റിപ്പോർട്ട്; പ്രകടമായ രോ​ഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ ആന്റിബോഡിക്ക് അധികകാലം ആയുസില്ല

കോവിഡ് വാക്സിൻ ​ഗവേഷണങ്ങൾക്ക് വലിയ വെല്ലുവിളി ഉയർത്തി പുതിയ പഠന റിപ്പോർട്ട്; ഒരിക്കൽ വൈറസ്ബാധ ഭേദമായവരിൽ വീണ്ടും രോ​ഗബാധക്ക് സാധ്യതയെന്ന് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലെ റിപ്പോർട്ട്; പ്രകടമായ രോ​ഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ ആന്റിബോഡിക്ക് അധികകാലം ആയുസില്ല

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രകടമായ രോ​ഗലക്ഷണങ്ങളില്ലാതെ കോവിഡ് ബാധിച്ച് ഭേദമാകുന്നവർക്ക് വീണ്ടും വൈറസ് ബാധ ഉണ്ടാകാൻ സാധ്യതയെന്ന് പഠന റിപ്പോർട്ട്. പ്രകടമായ രോ​ഗലക്ഷണങ്ങളില്ലാത്ത വൈറസ് ബാധിതരിൽ രൂപം കൊള്ളുന്ന ആന്റിബോഡികൾ അധികകാലം ശരീരത്തില്‌‍ നിലനിൽക്കുന്നില്ലെന്ന് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ ആന്റിബോഡികൾ വളരെ പെട്ടെന്ന് ശരീരത്തിൽ നിന്നും ഇല്ലാതാകുന്നത് വീണ്ടും രോ​ഗം വരാനുള്ള സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

പുറത്ത് നിന്നുള‌ള വൈറസ് പോലുള‌ള അപകടകരമായ ഒരു വസ്‌തുവിനെ പ്രതിരോധിക്കാനായി ശരീരം നിർമ്മിക്കുന്ന പ്രൊട്ടീനുകളാണ് ആന്റിബോഡികൾ. ഇവ ശരീരത്തിലുള‌ളിടത്തോളം ആ രോഗാണുവിന് ശരീരത്തിലെത്തി പടർന്നുപിടിക്കാനുള‌ള സാധ്യത ഇല്ലാതാകും. എന്നാൽ, കോവിഡിന്റെ കാര്യത്തിൽ ഈ ശാസ്ത്ര തത്വവും വഴിമാറുകയാണ് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

മിതമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച രോഗമുക്തി നേടിയ 34 കോവിഡ് രോഗികളുടെ രക്തത്തിൽ നിന്നെടുത്ത ആന്റിബോഡികളിൽ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. രോഗലക്ഷണങ്ങൾ പ്രകടമായി 37 ദിവസത്തിന് ശേഷം എടുത്ത ആന്റിബോഡികളിലാണ് ആദ്യ വിശകലനം നടത്തിയത്. 86 ദിവസത്തിന് ശേഷമോ, മൂന്നുമാസത്തിന് താഴെയോ എടുത്ത ആന്റിബോഡികളിലാണ് രണ്ടാംഘട്ട വിശലകനം നടന്നത്. ഈ രണ്ടുകാലയളവിനുള്ളിൽ ആന്റിബോഡിയുടെ അളവ് കുറയുന്നതായി ഗവേഷകർ കണ്ടെത്തി. സാർസിനേക്കാൾ വേഗത്തിലാണ് കോവിഡ് 19 ബാധിക്കുന്നവരിൽ ആന്റിബോഡികളുടെ നഷ്ടം സംഭവിക്കുന്നത്. അതായത് മിതമായി കോവിഡ് 19 ബാധിച്ച രോഗികളിൽ ദീർഘകാല കോവിഡ് ആന്റിബോഡികൾ ഉണ്ടാകണമെന്നില്ല. ലോകമെമ്പാടുമുള്ള കോവിഡ് രോഗികളിൽ ഭൂരിഭാഗവും മിതരോഗലക്ഷണങ്ങളുള്ളവരായതിനാൽ ഇവർക്ക് വീണ്ടും രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നുള്ളതാണ്. പുതിയ കണ്ടെത്തൽ അതിനാൽത്തന്നെ ആശങ്ക ഉയർത്തുന്നതാണ്.

എന്നാൽ എത്രകാലം അണുബാധയിൽ നിന്ന് രക്ഷിക്കാനാവും എന്നത് സംബന്ധിച്ച് പരിധി നിശ്ചയിക്കുന്നതിനും 90 ദിവസത്തിനപ്പുറമുള്ള ആന്റിവൈറൽ ആന്റിബോഡികൾ കുറയുന്നതുസംബന്ധിച്ചും കൂടുതൽ വിശദമായ പഠനം വേണമെന്ന് കാലിഫോർണിയ സർവകലാശാലയിലെ ഡേവിഡ് ജെഫെൻ സ്‌കൂൾ ഓഫ് മെഡിസിനിൽ നിന്നുള്ള എഫ്. ജാവിയർ ഇബറോണ്ടോയുടെ നേതൃത്വത്തിലുള്ള ഗവേഷകർ പറയുന്നു. എന്നാൽ കോവിഡ് രോഗബാധിതരായവർക്ക് അവർ ആന്റിബോഡികൾ വികസിപ്പിച്ചാലും ഇല്ലെങ്കിലും കുറഞ്ഞത് ആറുമാസമെങ്കിലും രോഗപ്രതിരോധശേഷി ഉണ്ടാകുമെന്ന് സ്വീഡനിലെ ആരോഗ്യവിദഗ്ദ്ധർ പറഞ്ഞിരുന്നു.

പുതിയ പഠനങ്ങൾ വാക്സിൻ പരീക്ഷണങ്ങൾക്കും വെല്ലുവിളിയാകും എന്നാണ് ആരോ​ഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. നിഷ്ക്രിയമായ വൈറസിനെയോ ജനിതക മാറ്റം വരുത്തിയ വൈറസിനെയോ മനുഷ്യശരീരത്തിൽ കടത്തി ആന്റിബോഡികൾ ഉദ്പാദിപ്പിക്കുകയാണ് വാക്സിനേഷനിലും അവലംബിക്കുന്ന മാർ​ഗം. ഓക്സ്ഫോർഡ് സർവകലാശാല നടത്തുന്ന വാക്സിൻ പരീക്ഷണത്തിവും സമാനമായ രീതി തന്നെയാണ് സ്വീകരിക്കുന്നത്. മനുഷ്യരിൽ കോവിഡിന് കാരണമാകുന്ന കൊറോണ വൈറസുമായി സാമ്യമുള്ള വൈറസിനെ ഉപയോഗിച്ചാണ് ഓക്സ്ഫോർഡ് ​ഗവേഷകർ വാക്‌സിൻ വികസിപ്പിച്ചത്.

ചിമ്പാൻസികളിൽ ജലദോഷമുണ്ടാക്കുന്ന വൈറസിനെ വേർതിരിച്ച് ജനിതക പരിഷ്‌കരണം നടത്തി കൊറോണ വൈറസുമായി വളരെയധികം സാമ്യം പുലർത്തുന്നതാക്കുകയാണ് ചെയ്തത്. എന്നാൽ മനുഷ്യരിൽ ഇതിന് രോഗമുണ്ടാക്കാൻ സാധിക്കില്ല. കൊറോണ വൈറസ് മനുഷ്യകോശങ്ങളിലേക്ക് കടക്കാൻ ഉപയോഗിക്കുന്ന സ്‌പൈക്ക് പ്രോട്ടീനുകൾ ഈ വൈറസിലും ഗവഷകർ സന്നിവേശിപ്പിച്ചു. ഇങ്ങനെ ജനിതക പരിഷ്‌കരണം നടത്തിയ വാക്‌സിനാണ് പരീക്ഷണം നടത്തിയത്. കൊറോണ വൈറസുമായി വളരെയധികം സാമ്യമുള്ളതിനാൽ ഇത് ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ഉണർത്തുകയും ആന്റിബോഡി ഉത്പാദിപ്പിക്കുകയും ചെയ്യും എന്നാണ് ​ഗവേഷകരുടെ വിശദീകരണം. എന്നാൽ, പുതിയ പഠന റിപ്പോർട്ടുകൾ അനുസരിച്ച് വാക്സിൻ എത്രത്തോളം ഫലപ്രദമാകും എന്നതാണ് ആശങ്ക ഉയർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP