Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വർണക്കള്ളക്കടത്തിനായി മഞ്ചേരി സ്വദേശി ഹംസത്ത് അബ്ദുൽ സലാം നിക്ഷേപിച്ചത് ഒരു കോടിക്ക് മുകളിൽ; തൃശൂരിലെ ഹോൾസെയിൽ സ്വർണക്കടത്ത് ബിസിനസ്സിലും ഇയാൾക്ക് പങ്കെന്ന് സൂചന; ഹംസത്തിനെ അറസ്റ്റ് ചെയ്തത് ഇന്നലെ ; കസ്റ്റംസ് അന്വേഷണവും റെയ്ഡും തൃശൂരിലേക്കും; പണം നിക്ഷേപിച്ച മലപ്പുറത്തെ മറ്റൊരു ജൂവലറി ഉടമ പഴമള്ളൂരിലെ പഴേടത്ത് അബൂബക്കറിന്റെ വീട്ടിലും റെയ്ഡ്

സ്വർണക്കള്ളക്കടത്തിനായി മഞ്ചേരി സ്വദേശി ഹംസത്ത് അബ്ദുൽ സലാം നിക്ഷേപിച്ചത് ഒരു കോടിക്ക് മുകളിൽ; തൃശൂരിലെ ഹോൾസെയിൽ സ്വർണക്കടത്ത് ബിസിനസ്സിലും ഇയാൾക്ക് പങ്കെന്ന് സൂചന; ഹംസത്തിനെ അറസ്റ്റ് ചെയ്തത് ഇന്നലെ ; കസ്റ്റംസ് അന്വേഷണവും റെയ്ഡും തൃശൂരിലേക്കും; പണം നിക്ഷേപിച്ച മലപ്പുറത്തെ മറ്റൊരു ജൂവലറി ഉടമ പഴമള്ളൂരിലെ പഴേടത്ത് അബൂബക്കറിന്റെ വീട്ടിലും റെയ്ഡ്

ജംഷാദ് മലപ്പുറം

മലപ്പുറം: തിരുവനന്തപുരം നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിൽ ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ മലപ്പുറം മഞ്ചേരിക്കാരൻ ഹംസത്ത് അബ്ദുൽ സലാം സ്വർണക്കടത്തിനായി നിക്ഷേപിച്ചത് ഒരു കോടിക്ക് മുകളിലെന്ന് വിവരം. ഇയാൾക്ക് തൃശൂരിലെ ഹോൾസെയിൽ സ്വർണക്കടത്ത് ബിസിനസ്സിലും പങ്കെന്ന് സൂചന. കസ്റ്റംസ് അന്വേഷണവും റെയ്ഡും തൃശൂരിലേക്കും വ്യാപിപ്പിച്ചു. സ്വർണത്തിന്റെ ഹോൾസെയിൽ വ്യാപാരം നടത്തിയിരുന്നതായ വിവരത്തെ തുടർന്നാണ് അന്വേഷണം ഈ രീതിയിലേക്കും നീങ്ങിയത്.

മലപ്പുറം മഞ്ചേരി മാര്യാട് സ്വദേശി പുളിക്കുത്ത് കുഞ്ഞിമുഹമ്മദ്ഹാജിയുടെ മകൻ ഹംസത്ത് അബ്ദുൽ സലാമാണ് ഇന്നലെ അറസ്റ്റിലായത്. ഇയാൾ കോൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ ഒരു കോടി രൂപക്ക് മുകളിൽ പണം നിക്ഷേപിച്ചതായ വിവരത്തെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കസ്റ്റംസ് കസ്റ്റഡിയിലെടുത്തുകൊച്ചിയിൽ കൊണ്ടുപോയ ഹംസത്തിന്റെ അറസ്റ്റ് പിന്നീടാണ് രേഖപ്പെടുത്തിയത്. കോൺസുലേറ്റ് സ്വർണക്കടത്തിൽ പണംനിക്ഷേപിച്ച മലപ്പുറത്തെ മറ്റൊരു ജൂവലറി ഉടമ പഴമള്ളൂരിലെ പഴേടത്ത് അബൂബക്കറിന്റെ വീട്ടിൽ ഇന്നലെയും കസ്റ്റംസ് റെയ്ഡ്് നടത്തി.

കേസിൽ ഒരുകോടിരൂപക്ക് മുകളിൽ പണം നിക്ഷേപിച്ചവരെ മാത്രമാണ് അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ദിവസവും സ്വർണക്കടത്തിന് പണം മുടക്കിയ മലപ്പുറത്തെ രണ്ടുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രാവിലെ 11യോടെ തുടങ്ങിയ റെയ്ഡ് വൈകുന്നേരം അഞ്ചുവരെ വീട്ടിലെ ലോക്കർ തുറക്കാൻ കഴിയാത്തതാണ് റെയ്ഡ് നീണ്ടുപോകാൻ കാരണമായത്. നിരവധിരേഖകൾ കസ്റ്റംസ് പിടിച്ചെടുത്തെങ്കിലും കേസുമായി ബന്ധപ്പെട്ട കാര്യമായ ഒന്നും പിടികൂടാനായിട്ടില്ല. പണംമുടക്കിയതിന് അറസ്റ്റിലായ മലപ്പുറം കൂട്ടിലങ്ങാടിയിലെ അബൂബൂബക്കറിന്റെ വീട്ടിൽ ഇന്നലെയും കസ്റ്റംസ് റെയ്ഡ് നടന്നിരുന്നു. മലപ്പുറം, കോഴിക്കോട് കസ്റ്റംസ് വിഭാഗങ്ങൾ സംയുക്തമായാണ് റെയ്ഡ് നടത്തിയത്.

ജൂവലറികളിലേക്ക് വൻലാഭത്തിന് സ്വർണംകൊയ്യാനുള്ള മോഹത്തിൽ പണം നിക്ഷേപിച്ച ജൂവലറി ഉടമകളാണ് ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കാൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ മലപ്പുറത്ത് അറസ്റ്റിലായ . ഐക്കരപ്പടി വെണ്ണായൂർ പന്നിക്കോട്ടിൽ മുഹമ്മദ് ഷാഫി(37), കൊണ്ടോട്ടി കാളോത്ത് ഓന്നാം മൈലിൽ അംജത്തലി(51) എന്നിവരെ ചോദ്യംചെയ്തതിൽനിന്നാണ് പണംമുടക്കിയ ജൂവലറി ഉടമളിലേക്കും അന്വേഷണവും അറസ്റ്റും വന്നത്.

സ്വർണം കടത്താൻ ഉയോഗിച്ച അംജത് അലിയുടെ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വർണക്കടത്തിനു പണമിറക്കിയവരിൽ അംജത് അലിയും മുഹമ്മദ് ഷാഫിയുമുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇരുവർക്കും സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നു നാട്ടിൽ പലരും അറിയുന്നത് അറസ്റ്റിലായപ്പോൾ മാത്രമാണ്. ആഡംബര കാറുകളിലാണ് ഇരുവരുടേയും യാത്ര.അതേ സമയം കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളെ വരുംദിവസങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യും.

ഒന്നാംപ്രതി സരിത്തിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ. സരിത്തിനെ ഇന്നലെ തിരുവനന്തപുരത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സ്വർണക്കടത്തിനായി പ്രതികൾ വ്യാജ സീൽ ഉണ്ടാക്കിയ കട അന്വേഷണസംഘം ഇന്നലെ കണ്ടെത്തിയിരുന്നു. തെളിവെടുപ്പിനിടെ സരിത്താണ് വ്യാജ സീൽ നിർമ്മിച്ച കട അന്വേഷണ ഉദ്യോഗസ്ഥർക്കു കാണിച്ചുകൊടുത്തത്. സ്റ്റാച്യു പരിസരത്തുള്ള കടയിൽ നിന്നാണ് വ്യാജ സീൽ നിർമ്മിച്ചത്. കേസിലെ നിർണായക വിവരമാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP