Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ എ എസ് പരീക്ഷ: ഹൈക്കോടതി വിധി സർക്കാറിനേറ്റ കനത്ത തിരിച്ചടി: എച്ച് എസ് എസ് ടി എ

സ്വന്തം ലേഖകൻ

കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിന്റെ (കെ.എ.എസ്) സർവീസ് ക്വോട്ട അപേക്ഷ നടപടികളിൽ നിന്ന് ഗസറ്റഡ് റാങ്കിൽ ഉള്ള ഹയർസെക്കൻഡറി അദ്ധ്യാപകരെ ഒഴിവാക്കിയത് നിയമവിരുദ്ധമെന്ന ഹൈക്കോടതി വിധി സർക്കാറിനേറ്റ കനത്ത തിരിച്ചടിയാണെന്ന് ഹയർ സെക്കണ്ടറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ. കെ എ എസിൽ ഗസറ്റഡ് ജീവനക്കാർക്കായി സംവരണം ചെയ്ത ഒഴിവുകളിലേക്ക് ഹയർ സെക്കണ്ടറി അദ്ധ്യാപകരെ പരിഗണിക്കാതിരുന്ന നടപടി ഭരണഘടനാ ലംഘനമാണെന്നും പി എസ് സി, നിയമസഭാ സെക്രട്ടറിയേറ്റ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരെ ഒഴിവാക്കിയതിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി. ഓപ്പൺ മാർക്കറ്റിൽ നിന്ന് തെരഞ്ഞെടുപ്പ് നടത്തുന്ന സ്ട്രീം ഒന്നിൽ നിശ്ചിത പ്രായപരിധിയിലുള്ള യോഗ്യരായ ആർക്കും ഏത് സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരായാലും അപേക്ഷിക്കാൻ തടസ്സമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ സ്ട്രീം രണ്ട്, മൂന്ന് (യഥാക്രമം നോൺ ഗസറ്റഡ്, ഗസറ്റഡ് ഉദ്യോഗസ്ഥ ക്വോട്ട) നിയമനം സർക്കാർ വകുപ്പിലെ ഉദ്യോഗസ്ഥർക്കായി നീക്കി വച്ചതാണ്. സർക്കാർ വകുപ്പിന് കീഴിൽ ഗസറ്റഡ് റാങ്കിൽ വരുന്ന ഹയർസെക്കൻഡറി അദ്ധ്യാപകർക്കും സ്ട്രീം മൂന്ന് പ്രകാരം പരീക്ഷയെഴുതാൻ അർഹതയുണ്ട്. സർവീസ് ക്വോട്ടയായ സ്ട്രീം മൂന്നിൽ അർഹരായ ഹയർ സെക്കണ്ടറി അദ്ധ്യാപകർക്ക് അപേക്ഷിക്കാൻ അവസരം നിഷേധിച്ച സർക്കാർ തീരുമാനം ചോദ്യം ചെയ്ത് ഹയർ സെക്കണ്ടറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം ജോർജ്, സംസ്ഥാന സെക്രട്ടറി വി എം ജയപ്രദീപ്, ശ്രീമതി സുമിത എം എസ് എന്നിവർ അഡ്വക്കേറ്റ് മരുതംകുഴി സതീഷ് കുമാർ മുഖേന നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ എം ഷഫീഖ്, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റെ അനുകൂല ഉത്തരവ്. കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ പ്രതികൂല ഉത്തരവാണ് ഹർജിക്കാർ ചോദ്യം ചെയ്തത്.

ഹയർ സെക്കണ്ടറി മേഖലയോട് സർക്കാർ നിരന്തരം തുടരുന്ന നിഷേധാത്മക നിലപാടിന്റെ ഭാഗമായി പ്രത്യേക നിയമ ഭേദഗതി തന്നെ കൊണ്ടുവന്ന് ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഹയർ സെക്കണ്ടറി അദ്ധ്യാപകർക്ക് കെ എ എസിലെ ഉന്നത തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസരം നിഷേധിച്ച നടപടി വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. സർക്കാറിന്റെ തെറ്റായ തീരുമാനം മൂലം അൻപത് വയസ് വരെ പ്രായപരിധിയിലുള്ള ഗസറ്റഡ് അദ്ധ്യാപകർക്ക് പി എസ് സി ഇദംപ്രഥമമായി നടത്തിയ കെ എ എസ് പരീക്ഷക്ക് അപേക്ഷ നൽകുവാനോ, പരീക്ഷ എഴുതുവാനോ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ സ്ട്രീം മൂന്നിൽ പുതിയ വിജ്ഞാപനമിറക്കി പുനഃപരീക്ഷ നടത്താൻ ഹൈക്കോടതി ഉത്തരവു പ്രകാരം പി.എസ്.സി ബാധ്യസ്ഥമാണ്. കോടതി ഉത്തരവ് നടപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുവാൻ സർക്കാരും പി.എസ്.സിയും ഉടൻ തയ്യാറാവണമെന്നും, ഹയർ സെക്കൻഡറി വിരുദ്ധ നിലപാടുകളുടെ ഭാഗമായി വിധിക്കെതിരെ അപ്പീലുമായി മുന്നോട്ട് പോകാൻ ശ്രമിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാവുമെന്നും ഇതിൽ നിന്നും സർക്കാർ മാറി നിൽക്കണമെന്നും എച്ച് എസ് എസ് ടി എ സംസ്ഥാന പ്രസിഡന്റ് ആർ രാജീവൻ, ജനറൽ സെക്രട്ടറി അനിൽ എം ജോർജ്, ട്രഷറർ എം സന്തോഷ് കുമാർ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP