Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാങ്ക് രേഖകളിൽ തിരിമറി നടത്തി താൽക്കാലിക ജീവനക്കാരൻ തട്ടിയെടുത്തത് അരക്കോടി രൂപ; ബാങ്ക് സീലുൾപ്പെടെ വ്യാജമായി നിർമ്മിച്ചു; ചെല്ലാനിലും കൃത്രിമം കാട്ടി; തട്ടിപ്പുകാരനായ ജീവനക്കാരനെ സംരക്ഷിച്ചു സപ്ലൈക്കോയും; ക്രമക്കേട് പുറത്തുവന്നു ഒരാഴ്‌ച്ച പിന്നിട്ടിട്ടും പൊലീസിൽ പരാതി നൽകാതെ ഒളിച്ചുകളി; ഭരണകക്ഷിയിലെ ഉന്നത നേതാവിന്റെ ബന്ധുവായതിനാൽ ഒതുക്കി തീർക്കാൻ രാഷ്ട്രീയ സമ്മർദ്ദവും

ബാങ്ക് രേഖകളിൽ തിരിമറി നടത്തി താൽക്കാലിക ജീവനക്കാരൻ തട്ടിയെടുത്തത് അരക്കോടി രൂപ; ബാങ്ക് സീലുൾപ്പെടെ വ്യാജമായി നിർമ്മിച്ചു; ചെല്ലാനിലും കൃത്രിമം കാട്ടി; തട്ടിപ്പുകാരനായ ജീവനക്കാരനെ സംരക്ഷിച്ചു സപ്ലൈക്കോയും; ക്രമക്കേട് പുറത്തുവന്നു ഒരാഴ്‌ച്ച പിന്നിട്ടിട്ടും പൊലീസിൽ പരാതി നൽകാതെ ഒളിച്ചുകളി; ഭരണകക്ഷിയിലെ ഉന്നത നേതാവിന്റെ ബന്ധുവായതിനാൽ ഒതുക്കി തീർക്കാൻ രാഷ്ട്രീയ സമ്മർദ്ദവും

ആർ പീയൂഷ്

കൊച്ചി: ബാങ്ക് രേഖകളിൽ തിരിമറി നടത്തി അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത താൽക്കാലിക ജീവനക്കാരനെ സംരക്ഷിച്ച് സപ്ലൈകോ. പറവൂർ ഡിപ്പോയ്ക്കു കീഴിലുള്ള ആലുവ കടുങ്ങല്ലൂർ മുപ്പത്തടത്തെ സപ്ലൈകോ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ് പണം തട്ടിയെടുത്തത്. ബാങ്ക് രേഖകളിലുൾപ്പെടെ തിരിമറി നടത്തിയാണ് ജീവനക്കാരൻ പണം തട്ടിയത്. പ്രതിദിന കളക്ഷൻ ബാങ്കിൽ കൊണ്ടു പോയി അടച്ചിരുന്ന ദിവസവേതനക്കാരനായ ജീവനക്കാരൻ ചെല്ലാനിൽ കൃത്രിമം കാട്ടി പണം തട്ടിയെടുക്കുകയായിരുന്നു. ഇതിനായി ബാങ്ക് സീലുൾപ്പെടെ ഇയാൾ വ്യാജമായി നിർമ്മിച്ചതായി കണ്ടെത്തി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പല തവണയായാണ് ഇയാൾ പണം അപഹരിച്ചത്. സംഭവത്തിൽ സപ്ലൈകോ വിജിലൻസ് അന്വേഷണമാരംഭിച്ചു. ഔട്ട്ലറ്റ് മാനേജരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. എന്നാൽ, സാമ്പത്തിക ക്രമക്കേടു നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും സപ്ലൈകോ പൊലീസിൽ പരാതി നൽകിയിട്ടില്ല.

നഷ്ടമായ തുക തിരികെ അടപ്പിച്ചു ജീവനക്കാരനെ ഇരുചെവിയറിയാതെ പ്രശ്നം ഒത്തുതീർക്കാനും നടപടികൾ വകുപ്പുതലത്തിൽ ഒതുക്കി നിർത്താനുമുള്ള ശ്രമമാണു നടക്കുന്നത്. ഔട്ട്ലെറ്റ് അധികൃതർ വകുപ്പു മന്ത്രിയുടെ പാർട്ടിയുടെ നേതാവും ജില്ലയിലെ ഉന്നത നേതാവിന്റെ ബന്ധുവുമാണെന്നതിനാലുള്ള രാഷ്ട്രീയ സമ്മർദവും ഈ നീക്കത്തിനു പിന്നിലുണ്ട്. ജീവനക്കാരനെതിരെ പൊലീസിൽ പരാതി നൽകിയാൽ ഔട്ട്ലെറ്റിലുള്ളവർക്ക് നേരെയും അന്വേഷണം വരാൻ സാധ്യതയുണ്ട്. ഒരു താൽക്കാലിക ജീവനക്കാരന് ഒറ്റയ്ക്ക് ഇത്രയേറെ പണം തട്ടിയെടുക്കാൻ കഴിയില്ല. അതിനാൽ ഔട്ട്ലെറ്റിലുള്ളവർക്ക് ഇതിന് പങ്കുണ്ടാകുമെന്നാണ് കരുതുന്നത്.

സപ്ലൈകോ ഔട്‌ലെറ്റുകളിലെ ഓരോ ദിവസത്തെയും കളക്ഷൻ പിറ്റേന്ന് ഉച്ചയ്ക്കു മുൻപായി ചെല്ലാൻ മുഖേന ബാങ്കിൽ അടയ്ക്കണം എന്നാണു വ്യവസ്ഥ. ഇതിനുള്ള ചെല്ലാൻ ഔട്ട്ലെറ്റ് ഇൻ ചാർജ് പൂരിപ്പിച്ചു നൽകണം. ഇങ്ങനെ പൂരിപ്പിച്ച് നൽകുന്ന ചെല്ലാവുമായാണ് പണം ബാങ്കിലടക്കാൻ ജീവനക്കാരൻ പോയിരുന്നത്. എന്നാൽ ഔട്ട്ലെറ്റിൽ നിന്നു പൂരിപ്പിച്ചു നൽകുന്ന ചെല്ലാനു പകരം മറ്റൊരു ചെല്ലാൻ പൂരിപ്പിച്ചു തുകയിൽ കുറവു വരുത്തി ബാങ്കിൽ അടയ്ക്കുകയും ബാക്കി പണം തട്ടുകയുമായിരുന്നു പതിവ്. ഔട്ട്ലെറ്റിൽ നിന്നു പൂരിപ്പിച്ചു നൽകുന്ന ചെല്ലാനിൽത്തന്നെ വ്യാജ ബാങ്ക് സീൽ പതിപ്പിച്ചു തിരികെയെത്തിക്കുന്നതിനാൽ ഔട്ട്ലെറ്റ് ഇൻ ചാർജിന് ഇതു കണ്ടെത്താനുമായില്ല. പ്രതിമാസ റിപ്പോർട്ട് ആയി ബാങ്ക് സ്റ്റേറ്റ്മെന്റ് ലഭിക്കുമെങ്കിലും തട്ടിപ്പു കണ്ടെത്താതിരിക്കാൻ ഇതിലും തിരിമറി നടത്തിയെന്നാണു സൂചന.

പണമടച്ച രേഖകൾ ബന്ധപ്പെട്ട ഡിപ്പോയിലെ ഉദ്യോഗസ്ഥർക്കു മൊബൈൽ ഫോണിൽ പരിശോധിക്കാം. എല്ലാ ഔട്ട്ലെറ്റുകളിൽ നിന്നുമുള്ള കളക്ഷൻ വിവരങ്ങൾ ദിവസവും പരിശോധിക്കണമെന്നു വ്യവസ്ഥയുമുണ്ട്. എന്നാൽ, ഡിപ്പോതല വീഴ്ച മൂലം തട്ടിപ്പു കണ്ടെത്താനായില്ലെന്നു മാത്രമല്ല, ഒരു വർഷത്തോളം തുടരുകയും ചെയ്തു. പണമടയ്ക്കുന്നതിലും കളക്ഷനിലും പൊരുത്തക്കേടുണ്ടെങ്കിൽ അതു കണ്ടെത്താൻ കൊച്ചി കേന്ദ്ര ഓഫിസിലും നോഡൽ ബാങ്കായ ഫെഡറൽ ബാങ്ക് സൗകര്യം നൽകിയിട്ടുണ്ട്. ഫെഡറൽ ബാങ്ക് നൽകിയിരിക്കുന്ന പ്രത്യേക സോഫ്റ്റ്‌വെയർ വഴി ഇത് ഓൺലൈനായി മിനിറ്റുകൾക്കുള്ളിൽ കണ്ടെത്താം. എന്നാൽ ഒരു വർഷത്തോളം തട്ടിപ്പു നടന്നിട്ടും കേന്ദ്ര ഓഫിസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും തട്ടിപ്പ് കണ്ടെത്താനായിട്ടില്ല. അതു കൊണ്ടു തന്നെ തട്ടിപ്പിന് ഉദ്യോഗസ്ഥതലത്തിൽ സഹായം ലഭിച്ചോ എന്നുള്ള കാര്യവും പരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ട്.

പൊലീസിൽ പരാതി നൽകാതിരിക്കാനുള്ള പ്രധാന കാര്യവും ഇതു തന്നെയാണെന്നാണ് അനുമാനിക്കേണ്ടത്. ഇത്രയേറെ പണം തട്ടിയെടുത്ത താൽക്കാലിക ജീവനക്കാരനെ സംരക്ഷിക്കണമെങ്കിൽ പിന്നിൽ വൻ ശക്തികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഏതെങ്കിലും തപത്തിൽ ജീവനക്കാരൻ പിടിയിലായാൽ മുൻപ് നടത്തിയിട്ടുള്ള തിരിമറികൾ പുറത്ത് വരാനും ഇടയുണ്ട്. ഇതൊക്കെ മുന്നിൽ കണ്ടാണ് ജീവനക്കാരനെ സംരക്ഷിക്കുന്ന നിലപാടിൽ സപ്ലൈകോ അധികൃതർ ഉറച്ചു നിൽക്കുന്നത്. എന്നാൽ ഇയാൾ പൊലീസ് പിടിയിലായാൽ തട്ടിയെടുത്ത പണം തിരികെ ലഭിക്കില്ല എന്നും അതിനാലാണ് പരാതി കൊടുക്കാതെ പണം തവണകളായി തിരിച്ചടപ്പിക്കുന്നതെന്നും സപ്ലൈകോ അധികൃതർ പറയുന്നു.

കഴിഞ്ഞ മാസം ഡിപ്പോതല പരിശോധന നടത്തിയപ്പോൾ കളക്ഷനിൽ 7 ലക്ഷത്തോളം രൂപ കുറവു കണ്ടെത്തിയിരുന്നു. എന്നാൽ, അക്കൗണ്ട് മാറി പണമടച്ചതു മൂലമുണ്ടായ പ്രശ്നമാണിതെന്നു ചൂണ്ടിക്കാട്ടി താൽക്കാലിക ജീവനക്കാരൻ അന്നു തന്നെ പണം തിരികെ അടച്ചു. സംശയം തോന്നിയ ഔട്ട്ലെറ്റ് ഇൻ ചാർജ് ചെല്ലാൻ രേഖകൾ വീണ്ടും പരിശോധിച്ചപ്പോൾ ബാങ്ക് സീലിൽ വ്യത്യാസം കണ്ടെത്തി. തുടർന്ന് ഡിപ്പോ അസിസ്റ്റന്റ് മാനേജർ ബാങ്കിലെത്തി നടത്തിയ അന്വേഷണത്തിൽ തട്ടിപ്പു പുറത്താവുകയായിരുന്നു. തുടർന്ന് വിവരം സപ്ലൈകോ വിജിലൻസിൽ അറിയിക്കുകയായിരുന്നു. സപ്ലൈകോ കൊച്ചി കേന്ദ്ര ഓഫിസിൽ നിന്നുള്ള വിജിലൻസ് സംഘം പറവൂർ ഡിപ്പോയിലും സപ്ലൈകോ ഔട്ടലെറ്റിലുമെത്തി അന്വേഷണം നടത്തി. സാമ്പത്തിക ക്രമക്കേടിനു പുറമേ ഇയാൾ ഔട്ട്ലെറ്റിൽ മറ്റെന്തെങ്കിലും തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യവും അന്വേഷിക്കുന്നുണ്ട്. സൂപ്പർമാർക്കറ്റിലെ സ്റ്റോക്കിലും ക്രമക്കേടു നടന്നിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ.

ബാങ്കിന്റെ വ്യാജ സീൽ നിർമ്മിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. എന്നാൽ ഇതുവരെയും ബാങ്കിന്റെ ഭാഗത്ത് നിന്നും പൊലീസിൽ പരാതിയൊന്നും കൊടുത്തതായി വിവരമില്ല. വമ്പൻ അഴിമതി നടന്നിട്ടും മറച്ചു വച്ച് കുറ്റക്കാരനെ സംരക്ഷിക്കുന്ന നിലപാടിനെതിരെ സപ്ലൈകോയിൽ തന്നെ വിമർശനമുയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP