Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കർഫ്യൂ; തീരുമാനം കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ; ആലുവ മേഖലയെ ചെല്ലാനത്തേക്കാൾ ഗൗരവമായി കാണണമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ

ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കർഫ്യൂ; തീരുമാനം കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ; ആലുവ മേഖലയെ ചെല്ലാനത്തേക്കാൾ ഗൗരവമായി കാണണമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കർഫ്യൂ പ്രഖ്യാപിച്ചു. ചെങ്ങമ്മനാട്, കീഴ്മാട്, കടുങ്ങല്ലൂർ, ആലങ്ങാട്, ചൂർണിക്കര, എടത്തല, കരുമാലൂർ പഞ്ചായത്തുകളിലാണ് കർഫ്യൂ. കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തിലാണ് കർഫ്യൂ പ്രഖ്യാപിച്ചത്. കർഫ്യൂ ഉള്ള മേഖലകളിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാവും. കടകൾ പത്തു മണി മുതൽ രണ്ടു മണി വരെ മാത്രമേ അനുവദിക്കൂ.

ആലുവയിലെയും സമീപ പഞ്ചായത്തുകളിലെയും സ്ഥിതി അതീവ ഗുരുതരമെന്ന്, കോവിഡ് അവലോകന യോഗത്തിനു ശേഷം മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. ഇതു കണക്കിലെടുത്താണ് കർഫ്യൂ പ്രഖ്യാപിക്കാനുള്ള തീരുമാനം. ആലുവയും സമീപ പഞ്ചായത്തുകളും ചേർത്ത് ലാർജ് ക്ലസ്റ്റർ ആയി കണക്കാക്കും. ഇന്ന് അർധ രാത്രി മുതൽ കർഫ്യു നിലവിൽ വരും. കർശന നടപടികളിലൂടെ രോഗവ്യാപന സാധ്യത പൂർണമായും തടയുകയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

കർഫ്യു ഏർപ്പെടുത്തുന്ന സ്ഥലങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെ അവശ്യ സാധനങ്ങൾക്കുള്ള കടകൾ തുറക്കാം. പൊലീസിനെ അറിയിക്കാതെ, കല്യാണ ചടങ്ങുകളും മരണാനന്തര ചടങ്ങുകൾ നടത്തരുത്. രണ്ട് മണിക്ക് ശേഷം മെഡിക്കൽ ഷോപ്പുകൾ ഒഴികെ എല്ലാം അടച്ചിടും. അനാവശ്യമായി ആരും പുറത്തിറങ്ങരുത്. പെരുമ്പാവൂർ പെഴക്കാപ്പള്ളി മത്സ്യ മാർക്കറ്റ്‌ അടക്കും. നിയന്ത്രണങ്ങൾ ലംഘിച്ചു കച്ചവടം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആലുവയിലും പരിസരപ്രദേശങ്ങളിലും ഗുരുതരമായ സ്ഥിതി എന്നാണ് മെഡിക്കൽ ടീം അറിയിക്കുന്നത് . ആലുവയിൽ നിലവിൽ സമൂഹ വ്യാപന ഭീഷണിയില്ല. സമൂഹവ്യാപനം ഉണ്ടാകാതിരിക്കാനാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്.

ആലുവ മേഖലയെ ചെല്ലാനത്തേക്കാൾ ഗൗരവമായി കാണണമെന്നും മന്ത്രി പറഞ്ഞു. ചെല്ലാനം മേഖലയിൽ 224 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെല്ലാനത്ത് സ്രവ പരിശോധന അവിടെ തന്നെ നടത്താനുള്ള സൗകര്യം ഏർപ്പെടുത്തി. എല്ലാ വീടുകളിലും ഭക്ഷ്യസാധനങ്ങൾ എത്തിക്കുന്നുണ്ട്. ബ്ലീച്ചിങ് പൗഡർ വിതരണം നടക്കുന്നുണ്ട്. ഇന്ന് മുതൽ ചെല്ലാനത്ത് സമൂഹ അടുക്കള തുറന്നു. ജില്ലയിൽ സർക്കാർ മേഖലയിൽ 800 കോവിഡ് ടെസ്റ്റുകൾ ദിവസേന നടക്കുന്നു. 2400 ഓളം ടെസ്റ്റ്‌ സ്വകാര്യ ലാബുകളിലും നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

കൊച്ചി നഗരസഭയുടെ നാലാം വാർഡും കണ്ടെയ്‌ന്മെൻറ് സോൺ ആക്കും. വയോജനങ്ങൾ താമസിക്കുന്ന ജില്ലയിലെ സ്ഥാപനങ്ങളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തി. കോവിഡ് രോ​ഗികൾക്കായി 10000 കിടക്കകൾ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. 3752 കിടക്കകൾ സജ്ജീകരിച്ചു. സ്വകാര്യ ആശുപത്രികളിൽ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. കോവിഡ് സ്ഥിരീകരിച്ച് ഗുരുതരാവസ്ഥയിൽ ആകുന്നവരെ മെഡിക്കൽ കോളേജിലേക്ക് സ്വകാര്യ ആശുപത്രികൾ വിടുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങൾ വിനിയോഗിച്ച് ചികിത്സ നടത്തണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP