Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വപ്‌നയും സന്ദീപും എത്തിയെന്ന് സംശയിക്കുന്ന ദിവസം കിരണിന്റെ വീട്ടിൽ എസ്‌പിയും എത്തി; മുൻപിൽ കൂടി പോയപ്പോൾ ചായകുടിക്കാൻ കേറിയതു കൊണ്ട് ഡയറിയിൽ ഇല്ലെന്ന് എസ്‌പിയുടെ കുറ്റസമ്മതം; പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ആലപ്പുഴ റൈഫിൾ ക്ലബ്ബിന്റെ വെബ്‌സൈറ്റും അപ്രത്യക്ഷമായി; പിണറായിയുടെ പഴയ കാർ വാങ്ങി ഉപയോഗിക്കുന്ന ആലപ്പുഴയിലെ വ്യാപാരി ഊരാക്കുടുക്കിൽ

സ്വപ്‌നയും സന്ദീപും എത്തിയെന്ന് സംശയിക്കുന്ന ദിവസം കിരണിന്റെ വീട്ടിൽ എസ്‌പിയും എത്തി; മുൻപിൽ കൂടി പോയപ്പോൾ ചായകുടിക്കാൻ കേറിയതു കൊണ്ട് ഡയറിയിൽ ഇല്ലെന്ന് എസ്‌പിയുടെ കുറ്റസമ്മതം; പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ആലപ്പുഴ റൈഫിൾ ക്ലബ്ബിന്റെ വെബ്‌സൈറ്റും അപ്രത്യക്ഷമായി; പിണറായിയുടെ പഴയ കാർ വാങ്ങി ഉപയോഗിക്കുന്ന ആലപ്പുഴയിലെ വ്യാപാരി ഊരാക്കുടുക്കിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സ്വർണ്ണക്കടത്തു കേസിലെ അന്വേഷണം മുറുകുമ്പോൾ ആലപ്പുഴയിലെ വ്യാപാരിയും ഊരാക്കുടുക്കിൽ പെട്ടിരിക്കയാണ്. സ്വപ്‌ന സുരേഷും സന്ദീപ് നായരും എത്തിയെന്ന് സംശയിക്കുന്നത് കിരൺ മാർഷലാണ് വിവാദത്തിൽ ചാടിയിരിക്കുന്നത്. ഇവർ കിരണിന്റെ വീട്ടിലെത്തിയെന്ന് വാർത്തകൾ വരുമ്പോഴും അതെല്ലാം നിഷേിക്കുകയാണ് ഈ യുവ വ്യാപാരി. അതേസമയം കിരണിന്റെ വാദങ്ങളിൽ ചില പൊരുത്തക്കേടുകളുമുണ്ട് താനും. സ്വപ്ന സുരേഷ് ഒളിവിലായിരുന്ന സമയത്തു തന്റെ വീട്ടിൽ ജില്ലയിലെ ചില പൊലീസ് ഉദ്യോഗസ്ഥർ എത്തിയെന്ന ആരോപണം കിരൺ നിഷേധിച്ചെങ്കിലും വീട്ടിൽ പോയിട്ടുണ്ടെന്നാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി പി എസ് സാബു വ്യക്തമാക്കിയത്.

കണ്ടെയ്ന്മെന്റ് സോൺ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനിടെ ചേർത്തല ഡിവൈഎസ്‌പി കെ.സുഭാഷ്, സ്ഥലത്തെ സിഐ എന്നിവർക്കൊപ്പമാണു കിരണിന്റെ വീട്ടിൽ പോയതെന്നു സാബു പറഞ്ഞു. ഇക്കാര്യം ഡിവൈഎസ്‌പിയും സ്ഥിരീകരിച്ചു. റോഡുകൾ അടച്ചതിന്റെ പിറ്റേന്നാണു പോയതെന്നു ഡിവൈഎസ്‌പി പറഞ്ഞു. ആറാം തീയതിയാണു റോഡുകൾ അടച്ചത്. പകലാണു കിരണിന്റെ വീട്ടിൽ പോയതെന്നു ജില്ലാ പൊലീസ് മേധാവി വിശദീകരിച്ചു. യാത്രാവിവരങ്ങൾ ഡയറിയിൽ എഴുതാറുണ്ടെങ്കിലും ഈ സന്ദർശനം എഴുതിയിട്ടില്ല. കിരൺ വീടിനു മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. വീട്ടിലേക്കു ക്ഷണിച്ചപ്പോൾ പോയി. ചായ കുടിച്ചു 10 - 15 മിനിറ്റ് ചെലവഴിച്ചു. ഏകദേശം 11.45 ന് ആണിത്. ഒളിച്ചല്ല പോയത്. പൊലീസിന്റെ പ്രവർത്തനങ്ങളിൽ കിരൺ ഏറെ സഹായിക്കുന്നുണ്ട്. ക്ലബ്ബുകൾ വഴിയും മറ്റുമാണത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമാണ്. ഫ്‌ളാസ്‌ക്, കുട തുടങ്ങിയവ വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്വർണക്കടത്തു കേസിലെ പ്രതികളുമായി ഒരു അടുപ്പവുമില്ലെന്നും ഏത് അന്വേഷണം നേരിടാനും തയ്യാറെന്നും കിരൺ മാർഷൽ പറയുന്നത്. ''പ്രതികൾ എൻഐഎ കസ്റ്റഡിയിലുണ്ടല്ലോ. അവർക്കു വിവരങ്ങളെല്ലാം കിട്ടിയിട്ടുണ്ടാവും. പിന്നെയെന്തിന് എന്നെ ഇതിൽ ബന്ധിപ്പിക്കുന്നു? ഒളിവിലിരുന്നു സ്വപ്ന പുറത്തുവിട്ട ശബ്ദരേഖ എന്റെ വീട്ടിലാണു റെക്കോർഡ് ചെയ്തതെന്ന ആരോപണവും അസംബന്ധമാണ്. അവരുമായി ഒരു പരിചയവുമില്ല. കേസിന്റെ പേരിൽ ഭരണ, രാഷ്ട്രീയ നേതൃത്വത്തിലുള്ള ആരും എന്നെ ബന്ധപ്പെട്ടിട്ടില്ല.'' കിരൺ പറഞ്ഞു.

''മുഖ്യമന്ത്രിയുമായി 18 വർഷത്തെ ബന്ധമുണ്ട്. അരൂർ ഉപതിരഞ്ഞെടുപ്പു സമയത്തു മുഖ്യമന്ത്രി വീട്ടിൽ നിന്നു ഭക്ഷണം കഴിച്ചതു സ്വാഭാവികമാണ്. എന്റേത് ഇടതുപക്ഷ കുടുംബമാണ്. റസ്റ്ററന്റ് ഉദ്ഘാടനത്തിനു മന്ത്രിമാർ വന്നതും അങ്ങനെയാണ്'' കിരൺ പറഞ്ഞു. പിണറായി പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ ഉപയോഗിച്ച കാർ താൻ വാങ്ങിയിരുന്നെന്നു കിരൺ സ്ഥിരീകരിച്ചു. ഈ കാർ പിന്നീടു പുതിയതു വാങ്ങിയപ്പോൾ എക്‌സ്‌ചേഞ്ച് ഓഫറിൽ കൊടുത്തു. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിക്കാതിരുന്നത് എന്റെ പേര് ആരും പറയാഞ്ഞതിനാലാണ്. പേരു പറഞ്ഞ് ആരോപണം ഉന്നയിച്ചവർക്കെതിരേ നിയമ നടപടിയെടുക്കുമെന്നും കിരൺ പറഞ്ഞു. റിയൽ എസ്റ്റേറ്റ് രംഗത്തുള്ള കിരൺ എരമല്ലൂരിൽ റസ്റ്ററന്റ് നടത്തുന്നുണ്ട്. മുൻപു സ്വർണക്കട നടത്തിയിരുന്നു.

അതിനിടെ കിരൺ മാർഷൽ ആരോപണ വിധേയനായതിനു പിന്നാലെ ഇദ്ദേഹം സെക്രട്ടറിയായ ആലപ്പുഴ റൈഫിൾ ക്ലബ്ബിന്റെ വെബ്‌സൈറ്റ് അപ്രത്യക്ഷമായി. ചേർത്തല സെന്റ് മൈക്കിൾസ് കോളജ് ക്യാംപസിൽ ആരംഭിച്ച ക്ലബ്ബിന്റെ ഷൂട്ടിങ് റേഞ്ച് ഉദ്ഘാടനം ചെയ്തതു മുഖ്യമന്ത്രി പിണറായി വിജയനാണ്. ഉദ്ഘാടന ചടങ്ങിന്റെ ചിത്രങ്ങളും വിവരങ്ങളും സൈറ്റിൽ ഉണ്ടായിരുന്നു. ക്ലബ്ബിന്റെ ഫേസ്‌ബുക് പേജ് ലഭ്യമാണെങ്കിലും ഉദ്ഘാടന ചിത്രങ്ങളില്ല.

ചെമ്മീൻ ബിസിനസിലൂടെ തുടങ്ങി റിയൽ എസ്റ്റേറ്റിലൂടെ വളർന്ന വ്യക്തിയാണ് ആലപ്പുഴ പള്ളിത്തോട് സ്വദേശി കിരൺ മാർഷൽ. പിണറായിയുടെ അടുപ്പക്കാരൻ എന്ന ലേബലിലാണ് ഒന്നരപതിറ്റാണ്ടായി അറിയപ്പെടുന്നത്. ഇടതുപക്ഷ കുടുംബാംഗമെന്നു സ്വയം പരിചയപ്പെടുത്തുന്നുണ്ടെങ്കിലും കിരൺ സിപിഎമ്മിൽ സജീവമായി പ്രവർത്തിച്ചതായി അറിയില്ലെന്നു നാട്ടുകാർ പറയുന്നു. പാർട്ടിയിൽ വിഭാഗീയത കൊടികുത്തി വാണിരുന്ന ഘട്ടത്തിലാണ് ആലപ്പുഴയിൽ കിരണിന്റെ പേര് ഉയർന്നു കേൾക്കുന്നത്.

വള്ളംകളിയുടെ പേരിലുണ്ടായ ഗ്രൂപ്പ് പോരിൽ അതു കൂടുതൽ പ്രകടമായി. വി എസ്. പക്ഷത്തെ പ്രമുഖനായ സി.കെ. സദാശിവന്റെ നേതൃത്വത്തിൽ യു.ബി.സി. കൈനകരി നെഹ്റുട്രോഫി ജലമേളയിൽ രണ്ടാം വരവിന് ഒരുങ്ങവേ, കിരൺ ക്യാപ്റ്റനായി കോട്ടയം ജില്ലയിൽ നിന്ന് ആർപ്പൂക്കര നവജീവൻ ബോട്ട് ക്ലബ്ബ് രംഗത്തുവന്നത് പാർട്ടിക്കുള്ളിലും പുറത്തും വിവാദം ആളിക്കത്തിച്ചു. പിണറായിയുമായുള്ള അടുത്ത ബന്ധം പിന്നീട് കിരണിന് കൂടുതൽ കരുത്തായി. ബിസിനസിലെ വളർച്ചയ്ക്കൊപ്പം പൊതുരംഗത്തും സജീവമായി. തുറവൂരിലും ചെല്ലാനത്തും ജുവലറികൾ നടത്തിയെങ്കിലും അധികം മുന്നോട്ടു പോയില്ല. എരമല്ലൂരിൽ പാർട്ണർഷിപ്പിൽ ആരംഭിച്ച കേരള കോഫീ ഹൗസിന്റെ ഉദ്ഘാടന ചടങ്ങിലുൾപ്പടെ പ്രമുഖ നേതാക്കളുടെ സാന്നിധ്യമുണ്ടായി.

പിണറായി പാർട്ടി സെക്രട്ടറി ആയിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന കാർ കിരൺ വാങ്ങി ഏറെക്കാലം ഉപയോഗിച്ചു. അരൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് ആലപ്പുഴയിൽ എത്തിയ മുഖ്യമന്ത്രി വിശ്രമിച്ചതും ഭക്ഷണം കഴിച്ചതും കിരണിന്റെ വീട്ടിലായിരുന്നു. ജില്ലാ റൈഫിൾ അസോസിയേഷൻ സെക്രട്ടറിയായ കിരണിന് പൊലീസിലെ ഉന്നതരുമായും അടുപ്പമുണ്ട്. മന്ത്രിമാരും സിനിമതാരങ്ങളും റൈഫിൾ അസോസിയേഷനിൽ എത്തിയിട്ടുണ്ട്. സൂപ്പർതാരം മമ്മൂട്ടി ഇവിടെയെത്തുകയും ഷൂട്ടിങ് പരിശീലനം നേടുകയും ചെയ്തിരുന്നു.

ആലപ്പുഴ റൈഫിൾ ക്ലബ്ബിൽ പി.34 എന്ന അംഗത്വവും മെഗാ സ്റ്റാർ എടുത്തു. റൈഫിൾ ക്ലബ്ബിന്റെ രാജ്യാന്തര നിലവാരത്തിലുള്ള ഷൂട്ടിങ് റേഞ്ചാണ് ചേർത്തലയിൽ സജ്ജീകരിച്ചിരിക്കുന്നത്. സെന്റ് മൈക്കിൾസ് കോളജിലെ റൈഫിൾ ക്ലബ്ബിന്റെ ഉദ്ഘാടനം ഒരു വർഷം മുമ്പ് മുഖ്യമന്ത്രി തന്നെയാണ് നിർവഹിച്ചത്. ആലപ്പുഴ കലക്ടറാണ് ക്ലബ്ബ് പ്രസിഡന്റ്. ആലപ്പുഴയിലായിരുന്ന കിരണിന്റെ സ്‌കൂൾ കോളജ് വിദ്യാഭ്യാസം. അക്കാലത്ത് വി എസ് അച്യുതാനന്ദന്റെ മകൻ അരുൺകുമാറുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. പിന്നീട് പിണറായി പാർട്ടി സെക്രട്ടറിയായതോടെ ആ പക്ഷത്തിന്റെ വക്താവായി മാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP