Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീകളെ പർദക്കുള്ളിൽ തളച്ചിടുന്ന കാലത്തിന് സമ്പുർണ്ണ വിട; അറബ് ലോകത്തിന്റെ മൊത്തം സ്വപ്ന പദ്ധതിയായ ചൊവ്വാ ദൗത്യത്തിന് നേതൃത്വം കൊടുത്തത് ഒരു വനിത; ബഹിരാകാശ ദൗത്യത്തിന്റെ ചുമതലക്കാരി സാറ അൽ അമിരിക്ക് കൈയടിച്ച് ലോകം; ശാസ്ത്രം മനുഷ്യ പുരോഗതിയുടെ പ്രതീകം തന്നെയാണ് പ്രതികരിച്ച് എമിറേറ്റ്‌സിന്റെ വുമൺ ഹീറോ; ഇത് സ്ത്രീശാക്തീകരണ പേടകമെന്ന് ലോകമാധ്യമങ്ങളും

സ്ത്രീകളെ പർദക്കുള്ളിൽ തളച്ചിടുന്ന കാലത്തിന് സമ്പുർണ്ണ വിട; അറബ് ലോകത്തിന്റെ മൊത്തം സ്വപ്ന പദ്ധതിയായ ചൊവ്വാ ദൗത്യത്തിന് നേതൃത്വം കൊടുത്തത് ഒരു വനിത; ബഹിരാകാശ ദൗത്യത്തിന്റെ ചുമതലക്കാരി സാറ അൽ അമിരിക്ക് കൈയടിച്ച് ലോകം; ശാസ്ത്രം മനുഷ്യ പുരോഗതിയുടെ പ്രതീകം തന്നെയാണ് പ്രതികരിച്ച് എമിറേറ്റ്‌സിന്റെ വുമൺ ഹീറോ; ഇത് സ്ത്രീശാക്തീകരണ പേടകമെന്ന് ലോകമാധ്യമങ്ങളും

മറുനാടൻ ഡെസ്‌ക്‌

 അബൂദബി: സ്ത്രീശാക്തീകരണ പേടകം. അറബ്ലോകത്തെ ആദ്യത്തേതും യുഎഇയുടെ അഭിമാനവുമായ ചൊവ്വാ പര്യവേഷണപേടകം ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നു കുതിച്ചുയർന്നപ്പോൾ ലോക മാധ്യമങ്ങൾ അതിനെ അങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. 25 വർഷംമുമ്പുവരെ മുഖ്യധാരയിൽ എവിടെയും സ്ത്രീയുടെ സാന്നിധ്യമില്ലാതിരുന്ന രാജ്യത്തിന് ഇന്ന് തങ്ങളുടെ പ്രസ്റ്റീജ് ബഹിരാകാശ ദൗത്യം പോലും എൽപ്പിക്കാനുള്ളത് ഒരു വനിതയെ ആണ്. . സാറ അൽ അമിരി എന്ന സ്വദേശി വനിയ. നാലു വർഷം മുൻപാണ് സാറ യുഎഇയുടെ ബഹിരാകാശ ദൗത്യത്തിന്റെ ചുമതലക്കാരിയായി നിയമിതയായത്. നിർമ്മിത ബുദ്ധി എന്ന വകുപ്പ് രൂപീകരിച്ച് ഒരു മന്ത്രിയെ രാജ്യം നിയമിച്ച അതേ വർഷം. സാറയുടെ നിയമനത്തെ അന്നു സംശയത്തോടും അവിശ്വാസത്തോടുംകൂടിയാണ് ജനങ്ങൾ കണ്ടത്; ശാസ്ത്ര സാങ്കേതിക രംഗത്ത് മുന്നേറ്റം കുതിച്ച മറ്റു വികസിത രാജ്യങ്ങളും. എന്നാൽ അടുത്തയാഴ്ച യുഎഇയുടെ ചൊവ്വാ ദൗത്യം വിജയത്തിലേക്ക് അടുക്കുമ്പോൾ സാറയ്ക്ക് ലഭിക്കുന്നത് അഭിന്ദനങ്ങൾ. നാലു വർഷം എന്ന കുറഞ്ഞ കാലം കൊണ്ടാണ് അവിശ്വസനീയമായ നേട്ടത്തിലേക്ക് രാജ്യം കുതിച്ചത്. ചുക്കാൻ പിടിച്ചത് സ്ത്രീശക്തിയും.

കംപ്യൂട്ടർ എൻജിനീയർ ആയാണ് സാറ കരിയർ തുടങ്ങുന്നത്. പിന്നീട് എമിറേറ്റ്സ് ഇൻസ്റ്റിറ്റിയൂഷൻ ഫോർ അഡ്വാൻസ്ഡ് സയൻസ് ആൻഡ് ടെക്നോളജി എന്ന സ്ഥാപനത്തിലേക്ക് മാറി. യുഎഇയുടെ ആദ്യ കൃത്രിമോപഗ്രഹ ദൗത്യത്തിന്റെ ചുമതലയിലേക്കും. ഒരു സ്വപ്നം യാഥാർഥ്യമാകുന്നപോലെയാണ് അപ്പോൾ സാറയ്ക്ക് തോന്നിയത്. കാരണം 12-ം വയസ്സിലാണ് ബഹിരാകാശം തന്റെ പ്രവർത്തന മേഖലയായി തിരഞ്ഞെടുക്കണം എന്ന മോഹം സാറയുടെ മനസ്സിൽ ആദ്യമായി തളിരിട്ടത്. ക്ഷീരപഥത്തെക്കുറിച്ചും താരസമൂഹത്തെക്കുറിച്ചുമൊക്കെ അന്നാണ് ആദ്യമായി അറിയുന്നതും.

2016 ൽ സാറ എമിറേറ്റ്സ് സയൻസ് കൗൺസിലിന്റെ തലപ്പത്ത് എത്തി. തൊട്ടടുത്ത വർഷം അഡ്വാൻസ്ഡ് സയൻസ് വകുപ്പിന്റെ മന്ത്രി എന്ന അപൂർവ പദവിയും. ഇന്ന് അമൽ അറബിക് അഥവാ പ്രതീക്ഷ എന്നു പേരിട്ട യുഎഇയുടെ അഭിമാനമായ ചൊവ്വാ ദൗത്യത്തിന്റെ പ്രോജക്റ്റ് മാനേജരും. യുഎഇയുടെ ബഹിരാകാശ ദൗത്യത്തിന് പ്രതീക്ഷ എന്നു പേരിടാൻ കാരണമുണ്ട്. ഒരു ഗ്രഹത്തെ മനസ്സിലാക്കാനുള്ള ശാസ്ത്രകാരന്മാരുടെ ശ്രമത്തിന്റെ ഭാഗമാണ് ചൊവ്വാ ദൗത്യം. ഞങ്ങളുടെ രാജ്യവും ഈ ശ്രമത്തിന്റെ ഭാഗമാകുന്നതോടെ കൂടുതൽ നേട്ടങ്ങളിലേക്ക് ലോകം അടുക്കുകയാണ്. പ്രതീക്ഷാ നിർഭരമായ ലോകത്തെക്കുറിച്ചുള്ള സങ്കൽപത്തിനും ശക്തി പകരുന്നു- സാറ പറയുന്നു.

യുഎഇയിൽ 28 ശതമാനം സ്ത്രീകൾ മാത്രമാണ് സർക്കാർ സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർ. എന്നാൽ ശാസ്ത്ര സാങ്കേതിക മേഖലകളിൽ സ്ത്രീകൾ 34 ശതമാനമുണ്ട്. ശാസ്ത്രം, സാങ്കേതിക വിദ്യ, ഗണിതശാസ്ത്രം എൻജിനീയറിങ് തുടങ്ങിയ മേഖലകളിലേക്ക് പ്രവേശിക്കുന്നതോടെ രാജ്യത്തെ കൂടുതൽ സ്ത്രീകൾക്ക് അവസരങ്ങളുടെ വാതിലുകളും തുറക്കുകയാണ്. 'ശാസ്ത്രം എന്നെ സംബന്ധിച്ചത്തോളം മനുഷ്യ പുരോഗതിയുടെ പ്രതീകം തന്നെയാണ്. അതിനു പരിധികളില്ല. മനുഷ്യവർഗത്തിന്റെ പുരോഗതിക്കുവേണ്ടി അക്ഷീണം പ്രയത്നിക്കുന്ന തലച്ചോറിന്റെ മേഖലയാണത്: സാറ വാചാലയാകുന്നു.

ഇന്നിപ്പോൾ അഡ്വാൻസ്ഡ് സയൻസിന്റെ മന്ത്രി എന്ന നിലയിൽ യുഎഇയുടെ വളർച്ചയ്ക്കും വികസനത്തിനും വേണ്ടി ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും ഉപയോഗപ്പെടുത്തുക എന്നതാണ് സാറയുടെ ലക്ഷ്യവും ഉത്തരവാദിത്വവും. അടുത്ത 30 വർഷത്തെ പുരോഗതി മുന്നിൽ കണ്ടാണ് രാജ്യം ഇപ്പോൾ മുന്നോട്ടുപോകുന്നതെന്നും. അതിന്റെ അടിസ്ഥാന ശില തന്നെ ശാസ്ത്രവും അറിവുമാണെന്നും സാറ കൂട്ടിച്ചേർക്കുന്നു. ലോകത്തെ വിജയിച്ച സമ്പദ് വ്യവസ്ഥകളെല്ലാം ശാസ്ത്രത്തിന്റെ ചിറകിലേറിയാണ് കുതിക്കുന്നതെന്നും സാറ കൂട്ടിച്ചേർക്കുന്നു.

വികാരഭരിതമായ ആവേശത്തോടെയാണ് യുഎഇ തങ്ങളുടെ ബഹിരാകാശ ദൗത്യത്തെ സ്വീകരിച്ചത്. ചുവന്ന ഗ്രഹത്തിലേയ്ക്കുള്ള നമ്മുടെ 493 ദശലക്ഷം കിലോ മീറ്റർ യാത്ര ഇവിടെ ആരംഭിക്കുന്നുയുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പ്രതീക്ഷ തുടിക്കുന്ന വാക്കുകൾ യുഎഇ പൗരന്മാരെ കോാരിത്തരിപ്പിച്ചുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നു കുതിച്ചുയർന്ന ശേഷം ഇതേക്കുറിച്ച് ലോകത്തോട് അത്യാഹ്ളാദത്തോടെ വിളിച്ചുപറയുകയായിരുന്നു ഷെയ്ഖ് മുഹമ്മദ്.

'അഭിമാനവും സന്തോഷവും' അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രതികരണം ഇതാണ്.'നമ്മൾ ബഹിരാകാശത്ത് പുതിയൊരധ്യായം ആരംഭിച്ചിരിക്കുന്നു. യുഎഇയുടെ യുവതയാണ് ഈ നേട്ടത്തിന് പിന്നിൽ. ചരിത്രനേട്ടത്തിന് യുഎഇയെ അഭിന്ദിക്കുന്നു' ദുബായ് കിരീടാവകാശിയും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിന്റെ പ്രസിഡന്റുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കുറിച്ചു. അസാധ്യമായത് ഒന്നുമില്ല. ദൃഢമായ വിശ്വാസമുണ്ടെങ്കിൽ എന്തും നേടാനാകും.

യുഎഇ സമയം ഇന്ന് പുലർച്ചെ 1.58നായിരുന്നു പേടകം ഭൂമിയിൽ നിന്ന് വിജയകരമായി ആകാശത്തേയ്ക്കുയർന്നത്. ചരിത്രത്തിലാദ്യമായി അറബിക് ഭാഷയിലെ കൗണ്ട് ഡൗൺ സവിശേഷതയായി. യുഎഇ ഭരണാധികാരികളും സ്വദേശികളും വിദേശികളും വിക്ഷേപണം ടെലിവിഷൻ ചാനലുകളിലൂടെ തത്സമയം കണ്ടു. ചൊവ്വാ പര്യവേഷണ പേടകം വിജയകരമായി വിക്ഷേപിച്ചെന്ന് ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. നമ്മൾ ചൊവ്വയിലേയ്ക്ക് വിജയക്കുതിപ്പ് നടത്തുക തന്നെ ചെയ്യും. പേടകത്തിൽ നിന്നുള്ള ആദ്യ വിവരം പുലർച്ചെ 3.10ന് ലഭ്യമായതായി എമിറേറ്റ്സ് മാർസ് മിഷൻ പ്രൊജക്ട് മാനേജർ ഒംറാൻ ഷറഫ് വിക്ഷേപണത്തിന് ശേഷം നടത്തിയ ആദ്യവാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മിറ്റ്സുബിഷി HIIA റോക്കറ്റിലാണ് അറബ് മേഖലയുടെ അഭിമാനക്കുതിപ്പ്. അൽ അമൽ (പ്രതീക്ഷ) എന്നു പേരിട്ട ദൗത്യത്തിന് പിന്നിൽ 200 സ്വദേശി യുവശാസ്ത്രജ്ഞരുടെ 6 വർഷത്തിലേറെയായുള്ള പ്രയത്നമാണുള്ളത്. പേടകം ചൊവ്വാ ഭ്രമണപഥത്തിൽ എത്താൻ 7 മാസത്തിലേറെ വേണ്ടിവരുമെന്നു കണക്കാക്കുന്നു. അതായത് അടുത്തവർഷം ഫെബ്രുവരിയിൽ. യുഎഇ രൂപീകൃതമായതിന്റെ 50ാം വർഷമാണ് 2021 എന്ന പ്രത്യേകതയുമുണ്ട്.

വിക്ഷേപണം കഴിഞ്ഞാലുടൻ ദുബായിലെ ഗ്രൗണ്ട് സ്റ്റേഷൻ ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇനി 30 ദിവസം മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ (എംബിആർഎസ് സി) ശാസ്ത്രജ്ഞർ 24 മണിക്കൂറും ഉപഗ്രഹത്തെ നിരീക്ഷിക്കും. ചൊവ്വയിലേക്കുള്ള ഗതി നിയന്ത്രിക്കുകയും ഭൂമിയുമായുള്ള ബന്ധം നിലനിർത്തുകയും ചെയ്യുകയെന്ന സങ്കീർണ ഘട്ടമാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP