Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രിൻസിയും വായിച്ചുകാണണം ആ വാർത്ത: 'പാളത്തിൽ വിള്ളൽ കണ്ട വിദ്യാർത്ഥികൾ ചുവന്ന സഞ്ചി വീശി അപകടം ഒഴിവാക്കി'; അന്നത്തെ ഐടി വിദ്യാർത്ഥി രക്ഷിച്ചത് നൂറുകണക്കിന് ട്രെയിൻ യാത്രക്കാരെ; രക്തദാനവും രോഗീപരിചരണവും അടക്കം പുണ്യപ്രവർത്തികളിലൂടെ ജീവിതം ആഘോഷിക്കുന്നതിനിടെ അവിചാരിതമായി മരണം; വിട പറയുമ്പോഴും അനുജിത്ത് ജീവിക്കുന്നത് എട്ട് പേരിലൂടെ; അവന്റെ മരണം ചരമപ്പേജിൽ ഒതുക്കാനാവില്ലെന്ന് ഭാര്യ പ്രിൻസി

പ്രിൻസിയും വായിച്ചുകാണണം ആ വാർത്ത: 'പാളത്തിൽ വിള്ളൽ കണ്ട വിദ്യാർത്ഥികൾ ചുവന്ന സഞ്ചി വീശി അപകടം ഒഴിവാക്കി'; അന്നത്തെ ഐടി വിദ്യാർത്ഥി രക്ഷിച്ചത് നൂറുകണക്കിന് ട്രെയിൻ യാത്രക്കാരെ; രക്തദാനവും രോഗീപരിചരണവും അടക്കം പുണ്യപ്രവർത്തികളിലൂടെ ജീവിതം ആഘോഷിക്കുന്നതിനിടെ അവിചാരിതമായി മരണം; വിട പറയുമ്പോഴും അനുജിത്ത് ജീവിക്കുന്നത് എട്ട് പേരിലൂടെ; അവന്റെ മരണം ചരമപ്പേജിൽ ഒതുക്കാനാവില്ലെന്ന് ഭാര്യ പ്രിൻസി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രിൻസിയോടും അനുജിത്ത് പറഞ്ഞുകാണണം ആ പഴയ സംഭവം. അല്ലെങ്കിലും മറ്റുള്ളവരോടുള്ള കരുതൽ അനുജിത്തിന് പുത്തരിയല്ലെന്ന് പ്രിൻസിക്കറിയാം. വാഹനാപകടത്തിൽ പെട്ട് ഈ ലോകത്തോട് വിട പറഞ്ഞ യുവാവ് എട്ട് പേരിലൂടെ ഇനിയും ജീവിക്കുകയാണ്. മരണാനന്തര അവയവദാനത്തിലൂടെ. 10 വർഷം മുമ്പ് തനിക്കൊരുപരിചയവുമില്ലാത്ത നൂറു കണക്കിന് ട്രെയിൻ യാത്രക്കാരെ ചുവപ്പുസഞ്ചി കാണിച്ച് രക്ഷപ്പെടുത്തിയ മനുഷ്യസ്‌നേഹി ഇനി എട്ട് പേർക്ക് തുണയാകുന്നു.

'പാളത്തിൽ വിള്ളൽ: ചുവന്ന സഞ്ചി വീശി വിദ്യാർത്ഥികൾ അപകടം ഒഴിവാക്കി.' 10 വർഷം മുമ്പ് സെബ്റ്റംബർ 1 ന് പുറത്തിറങ്ങിയ പത്രങ്ങളിൽ ഇങ്ങനെ ഒരു തലക്കെട്ടുണ്ടായിരുന്നു. ആ ചുവന്ന സിഗ്നൽ വീശിയവരിൽ അനുജിത്തും ഉണ്ടായിരുന്നു. ഭാര്യ പ്രിൻസിയും ആ കഥ പത്രത്തിൽ വായിച്ചുകാണണം. അന്ന് അനുജിത്ത് ചന്ദനത്തോപ്പ് ഐ.ടി.ഐയിലെ വിദ്യാർത്ഥിയായിരുന്നു. പാളത്തിൽ വിള്ളൽ കണ്ടതോടെ അര കിലോമീറ്ററോളം ട്രാക്കിലൂടെ ഓടി ചുവന്ന പുസ്തകസഞ്ചി വീശിയാണ് അനുജിത്തും സുഹൃത്തും അപായ സൂചന നൽകിയത്. ട്രെയിൻ ക്യത്യസമയത്ത് നിർത്താൻ കഴിഞ്ഞതോടെ നന്ദിയോടെ ഓർക്കാൻ എത്ര യാത്രക്കാരുണ്ടാകും. ബൈക്ക് അപകടത്തിൽ അനുജിത്തിന്റെ(27) ജീവൻ നഷ്ടമാകുമ്പോൾ അത് തീരാവേദനയാണെങ്കിലും അവന്റെ അന്ത്യാഭിലാഷം സാധ്യമാക്കുന്നതിലാണ് പ്രിൻസിക്ക് സംതൃപ്തി.

ഈ ലോകത്ത് ഇല്ലെങ്കിലും ഞാനായിട്ട് ആരെങ്കിലും ജീവിക്കുകയാണെങ്കിൽ ജീവിക്കട്ടെ എന്ന് പലപ്രാവശ്യം പറഞ്ഞിരുന്നു അനുജിത്ത്. ഇരുവരും ഒരുമിച്ചാണ് നേരത്തെ മൃതസഞ്ജീവനി പദ്ധതിയിൽ അവയവ ദാനത്തിന് സമ്മതപത്രം ഒപ്പിട്ടു നൽകുന്നത്. 'ഒപ്പിട്ടു നൽകുമ്പോഴും അദ്ദേഹം അത് പറഞ്ഞു. മരിക്കുന്നതിനു മുമ്പ് ഒരുപാട് പുണ്യപ്രവർത്തികൾ ചെയ്യുമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ് മാതൃക, രക്തദാനത്തിനും രോഗികളെ സഹായിക്കാനും എപ്പോഴും പോകുമായിരുന്നു. അദ്ദേഹത്തിന്റെ കൂട്ടുകാരും ഇതിനു വേണ്ടി മുന്നിട്ട് പ്രവർത്തിക്കുന്നുണ്ടെന്നും പ്രിൻസി പറഞ്ഞു.

തിരുവനന്തപുരത്ത് ഒരു കോളജ് ബസിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു കൊട്ടാരക്കര എഴുകോൺ സ്വദേശി അനുജിത്ത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു സൂപ്പർമാർക്കറ്റിലായിരുന്നു ജോലി. അതിനിടെയാണ് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ടത്. മുന്നിലെത്തിയെ ആളെ രക്ഷിക്കാൻ വണ്ടിവെട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തലയ്ക്കേറ്റ ക്ഷതമാണ് മരണത്തിന് ഇടയാക്കിയത്. കഴിഞ്ഞ 14നായിരുന്നു അപകടം. അബോധാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഭർത്താവിന്റെ വിയോഗ വേദനയ്ക്കിടയിലും അവയവങ്ങൾ ദാനം ചെയ്യാനുള്ള തീരുമാനം അനുജിത്തിന്റെ ഭാര്യയുടേതായിരുന്നെന്ന് സുഹൃത്തുക്കളും പറയുന്നു. അവന്റെ പേരിൽ ചെയ്യാവുന്നത് പരമാവധി ചെയ്യാനായിരുന്നു ഞങ്ങൾ കൂട്ടുകാരുടെയും തീരുമാനമെന്ന് അനുജിത്തിന്റെ സുഹൃത്തുക്കൾ പറയുന്നു

ഒരു കഡാവറിൽ നിന്ന് എടുക്കാവുന്ന ആറ് അവയവങ്ങളും അനുജിത്തിൽ നിന്ന് എടുക്കുന്നുണ്ട്. ഹൃദയം, കരൾ, നേത്ര പടലങ്ങൾ, വൃക്കകൾ, രണ്ടു കൈകൾ എന്നിവയാണിത്. ഇതിൽ ഹൃദയവും കരളും എറണാകുളത്ത് ചികിത്സയിലുള്ളവർക്കാണ് നൽകുന്നത്.എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസിനാണ്(55) അനുജിത്തിന്റെ ഹൃദയം വച്ചു പിടിപ്പിക്കുന്നത്.

2012 മുതൽ ഹൃദ്രോഗിയായ സണ്ണിക്ക് എട്ടു മാസം മുമ്പാണ് രോഗം ഗുരുതരമാകുന്നത്. ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റ് വഴികൾ ഒന്നും ഇല്ലെന്ന് വന്നതോടെ സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതുവരെയും അനുയോജ്യമായ ഹൃദയം ലഭിച്ചില്ല. ഇന്നാണ് തിരുവനന്തപുരം ലിസി ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയം ലഭ്യമാണെന്ന് അറിയുന്നത്. ഒ പോസിറ്റീവ് രക്തമാണ് ഇരുവരുടെയും. ഇതോടെയാണ് ശ്സ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വിദഗ്ധരായ ഡോക്ടർമാർ ഉള്ളതിനാൽ ഡോ. ജോസ് ചാക്കോ പെരിയപ്പുറം തിരുവനന്തപുരത്തേയ്ക്ക് പോയില്ല. പകരം ഇവിടെ വേണ്ട തയ്യാറെടുപ്പുകൾ നടത്തി കാത്തിരിക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഹെലികോപ്റ്ററിലും പകുതി ആളുകളെ മാത്രമാണ് ഹൃദയം എത്തിക്കുന്നതിന് നിയോഗിച്ചിരിക്കുന്നതെന്ന് ലിസി ആശുപത്രി പിആർഒ രാജേഷ് പറഞ്ഞു. ഡോക്ടർ ജോസ് ചാക്കോയുടെ നേതൃത്വത്തിൽ ഡോ. ജേക്കബ് ഏബ്രഹാം, റോണി മാത്യു എന്നിവരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്.

ഹൃദയം, വൃക്കകൾ, 2 കണ്ണുകൾ, ചെറുകുടൽ, കൈകൾ എന്നിവയാണ് മറ്റുള്ളവർക്കായി നൽകിയത്. തീവ്രദുഃഖത്തിലും അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധരായ കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ആദരവറിയിച്ചു. അനേകം പേരെ രക്ഷിച്ച് ജീവിതത്തിൽ തന്നെ മാതൃകയായ അനുജിത്തിന്റെ കുടുംബത്തിന്റെ വേദനയിൽ പങ്കു ചേരുന്നതായും മന്ത്രി വ്യക്തമാക്കി.കേരള സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്.

മുഖ്യമന്ത്രിയുടേയും ആരോഗ്യ വകുപ്പ് മന്ത്രിയുടേയും മറ്റ് പല വകുപ്പുകളുടേയും സഹകരണത്തോടെയാണ് അവയവദാന വിന്യാസം നടന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം സംസ്ഥാന സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ ഇതിനായി വിട്ടു കൊടുക്കുകയായിരുന്നു. ഈ ഹെലികോപ്ടറിന്റെ രണ്ടാം അവയവ വിന്യാസ ദൗത്യമായിരുന്നു ഇത്. തിരുവനന്തപുരം, എറണാകുളം ജില്ലാ ഭരണകൂടം, ആരോഗ്യം, പൊലീസ്, ട്രാഫിക് തുടങ്ങി പല സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെയാണ് അവയവദാനം നടന്നത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംല ബീവി, ജോ. ഡയറക്ടർ ഡോ. തോമസ് മാത്യു, മൃതസഞ്ജീവനി സംസ്ഥാന കൺവീനറും മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ ഡോ. സാറ വർഗീസ്, മൃതസഞ്ജീവനി നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ് എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP