Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഘോഷങ്ങൾ നേരത്തെ ആയിപ്പോയി; കേരളം കൊറോണയെ തളച്ചു എന്ന തരത്തിലുള്ള മാധ്യമങ്ങളുടെ അപക്വമായ ആഘോഷങ്ങൾക്ക് പിന്നാലെ ഓടരുതായിരുന്നു; ജാഗ്രതയോടെ വേണം കോവിഡിനെ നേരിടാൻ എന്ന പാഠമാണ് കേരളത്തിന്റെ അനുഭവം നൽകുന്നത്; ആകെയുള്ള പ്രതിരോധ പ്രവർത്തനം മികച്ചെങ്കിലും ടെസ്റ്റുകളുടെ എണ്ണത്തിലെ കുറവ് വലിയ പോരായ്മയായി; 'ശൈലജ ടീച്ചറിനെ ബിബിസിയിൽ എടുത്തു' എന്ന് ആഘോഷിച്ച മലയാളികൾക്ക് സമയമായില്ല എന്ന മുന്നറിയിപ്പുമായി ബിബിസിയുടെ പുതിയ ലേഖനം

ആഘോഷങ്ങൾ നേരത്തെ ആയിപ്പോയി; കേരളം കൊറോണയെ തളച്ചു എന്ന തരത്തിലുള്ള മാധ്യമങ്ങളുടെ അപക്വമായ ആഘോഷങ്ങൾക്ക് പിന്നാലെ ഓടരുതായിരുന്നു; ജാഗ്രതയോടെ വേണം കോവിഡിനെ നേരിടാൻ എന്ന പാഠമാണ് കേരളത്തിന്റെ അനുഭവം നൽകുന്നത്; ആകെയുള്ള പ്രതിരോധ പ്രവർത്തനം മികച്ചെങ്കിലും ടെസ്റ്റുകളുടെ എണ്ണത്തിലെ കുറവ് വലിയ പോരായ്മയായി; 'ശൈലജ ടീച്ചറിനെ ബിബിസിയിൽ എടുത്തു' എന്ന് ആഘോഷിച്ച മലയാളികൾക്ക് സമയമായില്ല എന്ന മുന്നറിയിപ്പുമായി ബിബിസിയുടെ പുതിയ ലേഖനം

മറുനാടൻ ഡെസ്‌ക്‌

തിരുവനനന്തപുരം: ശൈലജ ടീച്ചറെയും ബിബിസിയിൽ എടുത്തു- തലക്കെട്ടുകൾക്കും, സോഷ്യൽ മീഡിയയിലെ വാഴ്‌ത്തലുകൾക്കും പഞ്ഞുമുണ്ടായിരുന്നില്ല. കോവിഡ് പ്രതിരോധത്തിന്റെ കേരള മോഡൽ ബിബിസിയിൽ തത്സമയം വിശദീകരിച്ച് ശൈലജ ടീച്ചർ താരമായി. കൊറോണ വൈറസിനെ ചെറുക്കാൻ കേരളം എടുത്ത നടപടികളും പ്രതിരോധ പ്രവർത്തനങ്ങളും മന്ത്രി ബിബിസി അവതാരകയുടെ ചോദ്യങ്ങൾക്ക് മറുപടിയായി വിശദീകരിച്ചു. എന്നാൽ, കേരള മോഡലിന് എവിടെയോ പിഴച്ചു എന്നാണ് ജൂലൈ അവസാനവാരത്തിലെ വിലയിരുത്തലുകൾ. ആഘോഷങ്ങൾ നേരത്തെ ആയോ.? India coronavirus: How Kerala's Covid 'success story' came undone എന്ന പുതിയ ലേഖനത്തിൽ ബിബിസിയുടെ ഇന്ത്യ കറസ്‌പോണ്ടന്റ് സൗതിക് ബിശ്വാസ് ചോദിക്കുന്നതും അതുതന്നെ.

പൂന്തുറ അടക്കമുള്ള തീരദേശമേഖല ക്രിട്ടിക്കൽ കണ്ടെയ്‌മെന്റ് സോണിലാണ്. ഒരുവലിയ ജനവിഭാഗത്തെ വീണ്ടും അടച്ചുപൂട്ടിയിരിക്കുന്നു. ആളുകൾക്ക് ആശയക്കുഴപ്പം. ഒറ്റപ്പെട്ടത് പോലെ. ആകെ സംഘർഷഭരിതം. പ്രാദേശിക വികാരി ഫാ.ബെബിൻസണെ ഉദ്ധരിച്ച് ബിബിസി ലേഖകൻ പറയുന്നതും മറ്റൊന്നല്ല. എന്താണ് പൊടുന്നനെ തങ്ങൾക്ക് സംഭവിച്ചതെന്ന് മത്സ്യത്തൊഴിലാളികൾ അടക്കമുള്ള സമൂഹത്തിന് ആദ്യം മനസ്സിലായില്ല.

രണ്ടുമാസം മുമ്പ് ഇതായിരുന്നില്ല സ്ഥിതി. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ വേറിട്ട വിജയഗാഥയുമായി കേരളം തിളങ്ങുകയായിരുന്നു ഇപ്പോഴാകട്ടെ, രാജ്യത്ത് തന്നെ ഇതാദ്യമായി സമൂഹവ്യാപനം സംഭവിച്ചു എന്ന് പരസ്യമായി സമ്മതിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുന്നു. അതിർത്തികൾ അടച്ചിട്ടിരുന്ന നിയന്ത്രിത സാഹചര്യത്തിൽ വൈറസിനെ നിയന്ത്രിച്ചുനിർത്താൻ കഴിഞ്ഞു. എന്നാൽ, ഇപ്പോൾ വൈറസ് വ്യാപനം കുതിപ്പിലാണ്, വാഷിങ്ടൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡോ.ലാൽ സദാശിവനെ ഉദ്ധരിച്ച് ബിബിസി ലേഖകൻ പറയുന്നു.

വുഹാനിൽ നിന്നുള്ള ആദ്യ കേസ്

ജനുവരിയിലാണ് രാജ്യത്തെ ആദ്യത്തെ കോവിഡ് കേസ് വുഹാനിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥിക്ക് സ്ഥിരീകരിച്ചത്. എന്നാൽ, മാർച്ചിൽ മറ്റുസംസ്ഥാനങ്ങളിൽ കേസുകൾ കുത്തനെ കൂടുമ്പോഴും കേരളം സുരക്ഷിതമായിരുന്നു. ടെസ്റ്റും, ട്രേസിങ്ങും, ഐസൊലേഷനും, ബോധവത്കരണവും അടക്കമുള്ള നടപടികളിലൂടെ മെയിൽ കേസുകളെ സീറോയിൽ എത്തിക്കാനും സംസ്ഥാനത്തിന് കഴിഞ്ഞു. 'ദി ഹിന്ദു 'പത്രം 'ദി മാർക്ക് ഓഫ് സീറോ' എന്ന് എഡിറ്റോറിയൽ എഴുതി. കേരളം വൈറസിനെ കീഴടക്കിയതിന്റെ നേട്ടം ആഘോഷിക്കുന്ന ധാരാളം കഥകൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

ആഘോഷങ്ങൾ നേരത്തെയായി

ലോക് ഡൗണിൽ ഇളവുകൾ വരുത്തി ഗൾഫിൽ നിന്നുള്ള പ്രവാസികളുടെ വരവോടെ കാര്യങ്ങൾ മാറിമറിഞ്ഞു. രണ്ടുലക്ഷത്തിലേറെ പ്രവാസികളാണ് മടങ്ങിയെത്തിയത്. ആഘോഷങ്ങൾ നേരത്തെയായി എന്ന് പലർക്കും തോന്നിയ സമയം. ആദ്യ ആയിരം കേസുകൾ റിപ്പോർട്ട് ചെയ്യാൻ കേരളം 110 ദിവസമെടുത്തു. ജൂലൈ മധ്യത്തോടെ ഒരുദിവസം 800 ഓളം കേസുകളും, ജൂലൈ 20 ന് കേരളത്തിലെ കേസുകൾ 12,000 കടന്നു. 43മരണം. 1,70,000 പേർ ക്വാറന്റൈനിലും.

എന്താണ് കേസുകൾ കുതിച്ചുയരാൻ കാരണം?

ബിബിസി റിപ്പോർട്ട് പ്രകാരം ഒരുകാരണം, ഗൾഫിൽ നിന്നുള്ള പ്രവാസികളുടെയും, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെയും മടങ്ങി വരവ് തന്നെ. റിപ്പോർട്ട് ചെയത 7000 ത്തോളം കേസുകൾക്ക് യാത്രാപശ്ചാത്തലമുണ്ട്. പ്രവാസികൾ മടങ്ങി എത്തിയതോടെ, രോഗബാധിതരെ നിയന്ത്രിക്കുക, അസാധ്യമായി മാറിയെന്ന് ശശി തരൂർ. താനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള സംഭാഷണവും തരൂർ ഓർത്തെടുക്കുന്നു.വിമാനയാത്രയ്ക്കിടെ വൈറസ് ബാധിതർ സഹയാത്രികർക്ക് അത് പകർത്താനിടയുള്ള സാഹചര്യത്തെ കുറിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. എന്നാൽ, അത് ഒഴിവാക്കാൻ ആകില്ലെന്നാണ് തരൂരിന്റെ അഭിപ്രായം. ഓരോ പൗരനും രാജ്യത്തേക്ക് മടങ്ങിവരാനുള്ള ഭരണഘടനാപരമായ അവകാശമുണ്ട്. അവർ രോഗബാധിതരാണെങ്കിൽ പോലും. എന്നാൽ, അത് കേരളത്തിന്റെ രോഗ നിയന്ത്രണത്തിൽ വലിയ വ്യത്യാസമുണ്ടാക്കി, തരൂർ സൗതിക് ബിശ്വാസിനോട് പറഞ്ഞു.

മടങ്ങിവരവ് പ്രാദേശിക സാമൂഹിക വ്യാപനത്തിന് കാരണമായി

മെയ് ആദ്യത്തോടെ, യാത്രാപശ്ചാത്തലമില്ലാത്ത കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. കഴിഞ്ഞ ഞായറാഴ്ച റിപ്പോർട്ട് ചെയ്ത 821 പുതിയ കേസുകളിൽ 640 ഉം സമ്പർക്കത്തിലൂടെയായിരുന്നു. 43 പേരുടെ ഉറവിടവും വ്യക്തമല്ല. എന്നാൽ, സമ്പർക്കത്തിലൂടെയുള്ള കേസുകളുടെ കുതിപ്പ് മത്സ്യത്തൊഴിലാളി സമൂഹത്തിലാണ് കൂടുതലായി കാണുന്നത്. ലോക് ഡൗണിൽ ഇളവ് വരുത്തിയതോടെ ആളുകൾ അധികം മുൻകരുതലുകൾ എടുക്കാതെ വീടിന് പുറത്തിറങ്ങാൻ തുടങ്ങി. ജോലിക്കും മറ്റും പോകേണ്ടതിനാൽ നിയന്ത്രണങ്ങളിൽ കുറച്ച് അയവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. സുരക്ഷിതരായിരിക്കാൻ അവരെ ബോധവത്കരിച്ച് വരികയാണ്, വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള വിദഗ്ധസമിതി തലവൻ ഡോ.ബി.ഇക്‌ബാൽ ബിബിസി ലേഖകനോട് പറഞ്ഞു.

ടെസ്റ്റുകൾ കുറവെന്ന വിമർശനം

കേസുകളുടെ എണ്ണം കുറഞ്ഞതോടെ ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞത് പോരായ്മയായി എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ഏപ്രിലിൽ ദിവസം 663 ടെസ്റ്റുകളായിരുന്നത് ഇപ്പോൾ 9,000 സാമ്പിളുകളായി ഉയർന്നിട്ടുണ്ട്. എന്നാൽ ജനസംഖ്യയുടെ പത്തു ലക്ഷം പേർ എന്ന പരിശോധനാ നിരക്കിൽ കണക്കാക്കുമ്പോൾ ആന്ധ്രയേക്കാളും തമിഴ്‌നാടിനേക്കാളും പിറകിലാണ് കേരളത്തിലെ പരിശോധനാ നിരക്ക്. എന്നാൽ, രാജ്യത്ത് ഏറ്റവും വലിയ ഹോട്ട്‌സ്‌പോട്ടായ മഹാരാഷ്ട്രയിലെ പരിശോധനാ നിരക്കിനേക്കാൾ കൂടുതലാണ് കേരളത്തിന്റെ പരിശോധനാ നിരക്ക്. പരിശോധനകൾ കൂട്ടിയിട്ടുണ്ടെങ്കിലും അതൊരിക്കലും മതിയാകില്ല, എറണാകുളം മെഡിക്കൽ കോളേജ് ക്രിട്ടിക്കൽ കെയർ വകുപ്പ് മേധാവി ഡോ. എ ഫത്താഹുദ്ദീൻ പറയുന്നു. രാജ്യത്തെ ഒരു സംസ്ഥാനത്തും ആവശ്യമായ ടെസ്റ്റുകൾ നടക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ആകെയുള്ള പ്രതിരോധ പ്രവർത്തനം മികച്ചത്

കൊറോണ പ്രതിരോധത്തിൽ കേരളം മികച്ച രീതിയിൽ പ്രവർത്തിച്ചുവെന്നാണ് പകർച്ച വ്യാധി പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തുന്നത്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് കേരളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആശുപത്രികൾ രോഗികളെ കൊണ്ട് വീർപ്പുമുട്ടുന്ന സ്ഥിതി ഇതുവരെയില്ല. പൊതുജനാരോഗ്യ സംവിധാനം ശക്തമാണ്. കൊറോണയെ കീഴടക്കി എന്ന മാധ്യമപ്രഖ്യാപനങ്ങൾ അപക്വമാണെന്നും ജാഗ്രതയോടെ വേണം ഈ രോഗത്തെ നേരിടാനെന്നും ഉള്ള പാഠമാണ് കേരളം നൽകുന്നത്, ബിബിസി ലേഖനത്തിൽ പറയുന്നു. കേസുകളുടെ എണ്ണം കുറയ്ക്കുക എന്നത് ദീർഘവും കഷ്ടം പിടിച്ചതുമായ യാത്രയാണ്, ഹോങ് കോങ് സർവകലാശാലയിലെ പകർച്ച വ്യാധി നിയന്ത്രണവിദഗ്ധൻ ഗബ്രിയേൽ ല്യൂങ് അഭിപ്രായപ്പെടുന്നു. വൈറസിനെതിരെ ജനത പ്രതിരോധശേഷി കൈവരിക്കും വരെ, നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും അയവ് വരുത്തുകയും ഒക്കെ ചെയ്തുകൊണ്ടിരിക്കണം, അദ്ദേഹം അഭിപ്രായപ്പെടുന്നു.

ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ റിട്ട. പ്രൊഫസർ ടി.ജേക്കബ് ജോണിന്റെ വിലയിരുത്തലോടെയാണ് സൗതിക് ബിശ്വാസ് ലേഖനം അവസാനിപ്പിക്കുന്നത്. കോവിഡ് 19 നെതിരായുള്ള പോരാട്ടം ഒരു ട്രെഡ് മില്ലിൽ ഓടും പോലെയാണ്. വൈറസ് വ്യാപനം കുതിച്ചാൽ നിങ്ങൾക്കും അതേ വേഗത്തിൽ ഓടി അവനെ മെരുക്കേണ്ടി വരും. അത് ക്ഷീണിപ്പിക്കുന്ന പരിപാടിയാണ്. മറ്റുമാർഗ്ഗമില്ല. അത് സഹനശേഷിയുടെ പരീക്ഷണം കൂടിയാണ്.

ശൈലജ ടീച്ചർ ബിബിസിയോട് സംസാരിച്ചപ്പോൾ

നേരത്തെ കേരളം നടപ്പാക്കിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശൈലജ ടീച്ചർ ബിബിസി റേഡിയോയോട് വിശദീകരിച്ചിരുന്നു.കൊവിഡിനെ പ്രതിരോധിക്കാൻ ആദ്യഘട്ടത്തിൽ തന്നെ കൃത്യമായ മാർഗ നിർദ്ദേശങ്ങൾ നൽകി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരുന്നു. രോഗികൾക്കുമേൽ ആരോഗ്യപ്രവർത്തകരുടെ കൃത്യമായ നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു. ഇത് രോഗ വ്യാപനം തടയുവാൻ സഹായിച്ചുവെന്നും ടീച്ചർ ബിബിസിയിൽ പറഞ്ഞു. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിൽ കോവിഡ് ബാധിച്ച് വെറും നാലുപേർ മാത്രമാണ് മരിച്ചതെന്നും ടീച്ചർ പറഞ്ഞത് മെയിലാണ്.

ബിബിസി വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. കോവിഡ്-19 വൈറസ് ബാധ നിയന്ത്രണവിധേയമാക്കിയ ലോകത്തെ ചുരുക്കം ചില പ്രദേശങ്ങളിൽ ഒന്നാണ് കേരളമെന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയെ വീഡിയോ കോൾ വഴി അന്ന് ബിബിസി അതിഥിയായി ക്ഷണിച്ചത്.

ബ്രിട്ടീഷ് ദിനപത്രമായ ഗാർഡിയനിൽ ഉൾപ്പെടെ കേരളത്തിലെ കോവിഡ് പ്രതിരോധത്തെ പുകഴ്‌ത്തി വാർത്ത വന്നതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി ബിബിസി വേൾഡിൽ അതിഥിയായി എത്തിയത്. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ മാർഗങ്ങളും മുന്നൊരുക്കങ്ങളും മന്ത്രി അവതാരകനോട് വിശദീകരിച്ചു. ചൈനയിൽ വൈറസ് പടരുന്ന സാഹചര്യത്തിൽ തന്നെ കേരളത്തിൽ മുൻകരുതലുകൾ ആരംഭിച്ചിരുന്നുവെന്നും കൃത്യമായ മാർഗനിർദ്ദേശങ്ങളിലൂടെ പ്രതിരോധ പ്രവർത്തനങ്ങളും മുൻകരുതൽ നടപടികളും സ്വീകരിച്ചതു വഴിയാണ് രോഗവ്യാപനം നിയന്ത്രിക്കാനായതെന്നും മന്ത്രി ചാനൽ ചർച്ചയിൽ വ്യക്തമാക്കി. എന്നാൽ, ബിബിസി ലേഖനത്തിൽ വിശദീകരിക്കും പോലെ ആഘോഷങ്ങൾ അല്പം നേരത്തെയായി പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP