Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുന്നൂറോളം പേർ പങ്കെടുത്ത വിവാഹത്തിൽ പാട്ടും ഡാൻസും അരങ്ങ് കൊഴുപ്പിച്ചപ്പോൾ എല്ലാവരും മറന്നത് മാസ്‌കിനെ; മൈലാഞ്ചി കല്യാണവും പൊടി പൊടിച്ചു; ആഘോഷം ഭംഗിയാക്കാൻ നാദിർഷായുടെ സാന്നിധ്യവും; എല്ലാം കോവിഡിലെ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി; നിസാർ ഇബ്രാഹിം കുന്നത്തുനാടിന്റെ മകളുടെ വിവാഹം നഗ്നായ കൊറോണ പ്രോട്ടോകോൾ ലംഘനം; സിപിഎം നേതാവിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യം

മുന്നൂറോളം പേർ പങ്കെടുത്ത വിവാഹത്തിൽ പാട്ടും ഡാൻസും അരങ്ങ് കൊഴുപ്പിച്ചപ്പോൾ എല്ലാവരും മറന്നത് മാസ്‌കിനെ; മൈലാഞ്ചി കല്യാണവും പൊടി പൊടിച്ചു; ആഘോഷം ഭംഗിയാക്കാൻ നാദിർഷായുടെ സാന്നിധ്യവും; എല്ലാം കോവിഡിലെ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി; നിസാർ ഇബ്രാഹിം കുന്നത്തുനാടിന്റെ മകളുടെ വിവാഹം നഗ്നായ കൊറോണ പ്രോട്ടോകോൾ ലംഘനം; സിപിഎം നേതാവിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യം

ആർ പീയൂഷ്

കൊച്ചി: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മകളുടെ വിവാഹം നടത്തിയസിപിഎം നേതാവിനെതിരെ പരാതി. കുന്നത്തുനാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പെരിങ്ങാലകരയിൽ കാരുകുന്നത്ത് വീട്ടിൽ നിസാർ ഇബ്രാഹിമിനെതിരെയാണ് കൊച്ചി ഡി.സിപിക്ക് പരാതി നൽകിയിരിക്കുന്നത്. മുന്നൂറോളം പേർ പങ്കെടുത്ത വിവാഹത്തിൽ പാട്ടും ഡാൻസും അരങ്ങ് കൊഴുപ്പിച്ചപ്പോൾ നേതാക്കന്മാരുടെയും സിനിമാ താരങ്ങളുടെയും സാന്നിധ്യവുമുണ്ടായിരുന്നു. വിവാഹ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്ത് വന്നതോടെയാണ് ഗുരുതരമായ നിയമലംഘനം നടന്ന വിവരം പുറം ലോകമറിയുന്നത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

ജൂലൈ അഞ്ചിനായിരുന്നു വിവാഹം. നിസാർ ഇബ്രാഹിമിന്റെ കുന്നത്തുനാട് പെരിങ്ങോലയിലെ വീട്ടിൽ വച്ചായിരുന്നു ആഘോഷങ്ങൾ. തലേന്നുള്ള മൈലാഞ്ചി കല്യാണത്തിനും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് ആഘോഷം നടത്തിയത്. പാണക്കാട് മുനവ്വറലി തങ്ങൾ, സിപിഎം ജില്ലാ സെക്രട്ടറിയുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കന്മാരുടെ സാന്നിധ്യവും സിനിമാ താരം നാദിർഷായും അടങ്ങിയ മുന്നോറോളം പേരാണ് വിവാഹാഘോഷങ്ങളിൽ പങ്കെടുത്തത്. അമ്പലമേട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന വിവാഹ മാമാങ്കത്തിനെതിരെ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. കാരണം പൊലീസുകാരുൾപ്പെടെ ഇവിടെ വിവാഹാഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.

വിവാഹത്തിൽ പങ്കെടുത്തിരുന്ന ആരും തന്നെ മാസ്‌ക്ക് ഉപയോഗിച്ചിരുന്നില്ല എന്നതാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. ചടങ്ങിൽ പങ്കെടുത്തിരുന്ന നാദിർഷയുൾപ്പെടെയുള്ളവർ ആരും തന്നെ മാസ്‌ക്ക് ഉപയോഗിച്ചിട്ടില്ല. വധുവിനൊപ്പം നൃത്തം വയ്ക്കുന്ന സംഘങ്ങളും ഇത്തരത്തിൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടില്ല. സർക്കാറിന്റെ കോവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പരമാവധി 50 പേർക്കാണ് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കഴിയുന്നത്. അതേസമയം സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. ഇവയൊന്നും ഇവിടെ പാലിച്ചിട്ടില്ല.

നാലു ദിവസങ്ങളിലായി നടന്ന വിവാഹ ആഘോഷത്തിൽ 2000 ൽ പരം ആളുകൾ പങ്കെടുത്തതായാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ ആഘോഷങ്ങളിൽ പങ്കെടുത്ത പത്തിൽ താഴെ ആളുകൾക്ക് സമൂഹ വ്യാപനം വഴി കോവിഡ് ഉള്ളതായി സംശയിക്കുന്നു എന്നും പരാതിയിൽ പറയുന്നു. വിവാഹാഘോഷങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ അടക്കമാണ് കേരളാ എപ്പിഡമിക് ഓർഡിനൻസ് ആക്ട് പ്രകാരം കേസെടുക്കണമെന്ന ആവിശ്യവുമായി കൊച്ചി ഡിസിപിക്ക് പരാതി നൽകിയിരിക്കുന്നത്. പരാതിയെ തുടർന്ന് തൃക്കാക്കര എ.സി.പിക്ക് അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി.

നിസാർ ഇബ്രാഹിമിന്റെ ലണ്ടനിലുള്ള മകൻ മകളുടെ വിവാഹത്തിനായി എത്തിയെങ്കിലും ക്വാറന്റൈനിലായതിനാൽ പങ്കെടുക്കാൻ കഴിയാതിരുന്നതും മൈലാഞ്ചി കല്യാണത്തിന് തലേന്ന് ക്വാറന്റൈൻ കേന്ദ്രത്തിലെത്തി സഹോദരനെ കണ്ട വാർത്തയൊക്കെ മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ ഈ വാർത്ത മാത്രം വന്നില്ല. മാധ്യമ പ്രവർത്തകരടക്കം ഇക്കാര്യം മറച്ചു വച്ചു എന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്ത് വരുന്നത്.

വധുവും സുഹൃത്തുക്കളും അടങ്ങുന്ന ഒരു വലിയ സംഘത്തിന്റെ നൃത്തപരിപാടിയും മറ്റും ആഘോഷ രാവിൽ ഉണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ വലിയ നിര തന്നെയുണ്ടായിരുന്നതായാണ് വിവരം. പുറത്ത് ദൃശ്യങ്ങളിൽ സാമൂഹിക അകലം പാലിച്ചിരുന്നില്ല എന്ന് വ്യക്തമാണ്. അമ്പലമേട് പൊലീസ് സംഭവം അറിഞ്ഞില്ല എന്നാണ് മറുനാടൻ മലയാളി സംഭവത്തെകുറിച്ച് അന്വേഷിച്ചപ്പോൾ ലഭിച്ച വിവരം.

 

സാമൂഹിക അകലം പാലിച്ചില്ലായെങ്കിൽ അന്വേഷിച്ച് നടപടി എടുക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നുമുണ്ടായില്ല. തുടർന്നാണ് ഡി.സി.പിക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP