Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞത് കാറോട്ടിച്ചത് ഡ്രൈവർ എന്ന്; വയലിനിസ്റ്റ് ഇരുന്നത് പിൻസീറ്റിൽ മധ്യഭാഗത്തെന്നും തെളിഞ്ഞത് ശാസ്ത്രീയ അന്വേഷണത്തിൽ; എന്നിട്ടും ബാലഭാസ്‌കർ തന്നെയാണ് കാറോട്ടിച്ചതെന്ന കുറ്റപ്പെടുത്തലുമായി കോടതിയിൽ ഹർജി നൽകി ഡ്രൈവർ അർജുൻ; കുടുംബത്തോട് ആവശ്യപ്പെടുന്നത് ഒരു കോടിയുടെ നഷ്ടപരിഹാരം; സമ്മർദ്ദത്തിലൂടെ കേസ് അട്ടിമറിക്കാൻ ഗൂഡ നീക്കം; സ്വർണ്ണ കടത്തുകാരെ രക്ഷിക്കാൻ വീണ്ടും നാടകം

ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞത് കാറോട്ടിച്ചത് ഡ്രൈവർ എന്ന്; വയലിനിസ്റ്റ് ഇരുന്നത് പിൻസീറ്റിൽ മധ്യഭാഗത്തെന്നും തെളിഞ്ഞത് ശാസ്ത്രീയ അന്വേഷണത്തിൽ; എന്നിട്ടും ബാലഭാസ്‌കർ തന്നെയാണ് കാറോട്ടിച്ചതെന്ന കുറ്റപ്പെടുത്തലുമായി കോടതിയിൽ ഹർജി നൽകി ഡ്രൈവർ അർജുൻ; കുടുംബത്തോട് ആവശ്യപ്പെടുന്നത് ഒരു കോടിയുടെ നഷ്ടപരിഹാരം; സമ്മർദ്ദത്തിലൂടെ കേസ് അട്ടിമറിക്കാൻ ഗൂഡ നീക്കം; സ്വർണ്ണ കടത്തുകാരെ രക്ഷിക്കാൻ വീണ്ടും നാടകം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കർ മരിക്കാനിടായ കാർ അപകടത്തെ കുറിച്ചുള്ള അന്വേഷണം എൻഐഎ ഏറ്റെടുക്കുന്ന ഘട്ടം വരുമ്പോൾ വീണ്ടും ട്വിസ്റ്റ്. അപകടമുണ്ടാകുമ്പോൾ വണ്ടിയോടിച്ചത് താനല്ലെന്ന് ഡ്രൈവർ അർജുൻ വീണ്ടും നിലപാട് എടുക്കുകയാണ്. അപകടസമയത്ത് ബാലഭാസ്‌കറാണ് വണ്ടിയോടിച്ചത്. നഷ്ടപരിഹാരമായി ഒരു കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ട് അർജുൻ കോടതിയെ സമീപിച്ചു. ബാലഭാസ്‌കറിന്റെ അലക്ഷ്യമായ ഡ്രൈവിങ്ങാണ് അപകടത്തിന് ഇടയാക്കിയതെന്നും ഹർജിയിൽ പറയുന്നു. ബാലഭാസ്‌കറിന്റെ കുടുംബത്തെ എതിർകക്ഷിയാക്കിയാണ് അർജുന്റെ ഹർജി.

അപകടമുണ്ടായ സമയത്ത് കാർ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന അർജുൻ ആണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. അർജുന് തലയ്ക്ക് പരിക്കേറ്റത് മുൻ സീറ്റിൽ ഇരുന്നതിനാലാണെന്നാണ് ഫോറൻസിക് പരിശോധനാ ഫലം. ബാലഭാസ്‌കർ പിൻസിറ്റിൽ മധ്യഭാഗത്തായിരുന്നു ഇരുന്നതെന്നും വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നത് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മാത്രമായിരുന്നുവെന്നും ഫോറൻസിക് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അർജുനാണ് കാറോടിച്ചതെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴിയും. ഇതിനിടെയാണ് പുതിയ ഹർജി നൽകൽ. കേസ് അന്വേഷണം സംസ്ഥാന സർക്കാർ സിബിഐയ്ക്ക് കൈമാറിയിരുന്നു. ദുരൂഹതകൾ ഏറെയുള്ള ഈ കേസ് സിബിഐ തുറക്കും മുമ്പ് തന്നെ എൻഐഎ കാര്യങ്ങൾ തിരക്കി തുടങ്ങി. ഇതോടെയാണ് ബാലഭാസ്‌കറിന്റെ അപകടം സ്വാഭാവികമാക്കാനുള്ള നീക്കം തുടങ്ങുന്നത്.

സ്വർണ്ണ കടത്ത് കേസുമായി ബാലഭാസ്‌കറിന്റെ മരണത്തിന് പങ്കുണ്ടെന്ന ആരോപണം ശക്തമാണ്. ഇതിനിടെയാണ് എൻഐഎ കേസ് അന്വേഷണത്തിന് എത്തിയത്. ഇതോടെ ബാലഭാസ്‌കറിലെ വിവരങ്ങളും പരിശോധിക്കാൻ തുടങ്ങി. ബാലഭാസ്‌കറിന്റെ കുടുംബവും ആരോപണവുമായി എത്തി. ഇതിന് പിന്നാലെയാണ് ഡ്രൈവറുടെ ഇടപെടൽ. ബാലഭാസ്‌കറിന്റെ പണം കൊണ്ട് വളർന്ന് പന്തലിച്ചവർ തന്നെയാണ് കുടുംബത്തിനെ പ്രതിക്കൂട്ടിൽ നിർത്തി കേസ് അട്ടിമറിക്കാനും ശ്രമിക്കുന്നത്. ബാലഭാസ്‌കർ മരിച്ചിടത്ത് സ്വർണ്ണ കടത്ത് കേസിലെ പ്രതി സരിത്തുണ്ടായിരുന്നുവെന്ന് കലാഭവൻ സോബി വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാലഭാസ്‌കറായിരുന്നു ഡ്രൈവർ എന്ന തരത്തിലെ ഹർജി. ഇതിലൂടെ സ്വർണ്ണ കടത്തിനെ അപകടത്തിൽ എത്താതിരിക്കാൻ ശ്രമിക്കുകയാണ് ചിലർ.

ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്ന് സോബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ചിൽ മൊഴി നൽകിയെങ്കിലും അന്വേഷണം അന്ന് കാര്യമായി മുന്നോട്ടു പോയില്ല. ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്തുകൂടി പോയപ്പോൾ ദുരൂഹ സാഹചര്യത്തിൽ ചിലരെ കണ്ടതായി സോബി ക്രൈംബ്രാഞ്ചിനോടു പറഞ്ഞങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. പിന്നീട് ഡിആർഐ ചില സ്വർണക്കടത്തുകാരുടെ ഫോട്ടോകൾ കാണിക്കുകയും സോബി അതിലൊരാളെ തിരിച്ചറിയുകയും ചെയ്തിരുന്നു. സരിത്തിന്റെ ഫോട്ടോ കൂട്ടത്തിൽ ഇല്ലായിരുന്നു. നയതന്ത്ര സ്വർണക്കടത്ത് വിവാദമാകുകയും സരിത്ത് അറസ്റ്റിലാകുകയും ചെയ്തപ്പോഴാണു സരിത്തിനെ തിരിച്ചറിഞ്ഞതെന്നു സോബി പറയുന്നു.

വയലിനിസ്റ്റ് ബാലഭാസ്‌കർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നവരിൽ ചിലർ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണെന്നു സ്ഥിരീകരിച്ച ഡിആർഐ അന്വേഷണം നടത്തിവരികയാണ്. 25 കിലോ സ്വർണം കടത്തിയ സംഘത്തിൽ മുൻ മാനേജർ ഉൾപ്പെട്ടതോടെയാണു ബാലഭാസ്‌കറിന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചത്. 2018 സെപ്റ്റംബർ 25ന് പുലർച്ചെയാണു ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണംവിട്ട് റോഡരികിലുള്ള മരത്തിലിടിച്ചത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കർ ചികിൽസയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അർജുനും പരുക്കേറ്റിരുന്നു.

അപകടം നടന്ന് 10 മിനിറ്റിനകം താൻ അതുവഴി കടന്നുപോയെന്നാണു സോബി ക്രൈംബ്രാഞ്ചിനു നൽകിയ മൊഴി. ബാലഭാസ്‌കറിന്റെ വണ്ടിയാണ് അപകടത്തിൽപ്പെട്ടതെന്ന് ആ സമയത്ത് അറിയില്ലായിരുന്നു. അപകടസ്ഥലത്തു തിരക്കുണ്ടായിരുന്നു. തന്റെ വാഹനം മുന്നോട്ടുപോയപ്പോൾ ഇടതു വശത്ത് ഒരാൾ ഓടുന്നതു കണ്ടു. വലതു വശത്ത് ഒരാൾ ബൈക്ക് തള്ളുന്നു. അപകടത്തിൽപ്പെട്ടവരുടെ സ്വന്തക്കാരാണെന്നു കരുതി വാഹനത്തിന്റെ വേഗം കുറച്ചു. അവർ കൈ കാണിച്ചില്ല. അവരെ കണ്ടപ്പോൾ പന്തികേട് തോന്നി. മുന്നോട്ടുപോയപ്പോൾ കുറച്ച് ആളുകൾ വണ്ടിയുടെ ബോണറ്റിൽ അടിച്ച് വണ്ടിയെടുത്ത് മാറ്റാൻ ആക്രോശിച്ചു. ലൈറ്റിന്റെ വെട്ടത്തിൽ അവരുടെ മുഖം വ്യക്തമായി കണ്ടു. ചുവന്ന ടീഷർട്ട് ധരിച്ച് കണ്ണട വച്ചൊരാൾ റോഡിന്റെ സൈഡിൽനിന്നത് സരിത്താണെന്നാണു സോബിയുടെ വാദം. സരിത് പോക്കറ്റിൽ കൈയിട്ട് കൂട്ടത്തിൽനിന്നു മാറി നിൽക്കുകയായിരുന്നു. മറ്റെല്ലാവരും തെറിവിളിച്ചപ്പോൾ സരിത് തെറിവിളിച്ചില്ല. ഇതാണ് ആ രൂപം പെട്ടെന്ന് ഓർമിക്കാൻ കാരണമെന്നും സോബി വെളിപ്പെടുത്തുന്നു.

വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയ കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്നവരുടേയും കാരിയർമാരായി പ്രവർത്തിച്ച 10 സ്ത്രീകളുടെയും ഫോട്ടോകൾ കൂട്ടത്തിലുണ്ടായിരുന്നു. അതിൽ ഒരാളെ സോബി തിരിച്ചറിഞ്ഞു. ബാലഭാസ്‌കർ സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവർ അർജുനാണെന്ന ഫൊറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, അപകടത്തിൽ ദുരൂഹതകളില്ലെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പിന്നീട് കേസ് സിബിഐ ഏറ്റെടുത്തു. അതേസമയം, കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് ബാലഭാസ്‌ക്കറിന്റെ അച്ഛൻ ആവശ്യപ്പെട്ടു. മരണത്തിൽ ദുരൂഹത ഉണ്ടെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നു. മകനെ ബലിയാടാക്കി സ്വർണം കടത്തിയതാണോ എന്ന് അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിലാണ് കുടുംബത്തിനെതിരായ കേസ്.

ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. മരണത്തിൽ അസ്വാഭാവികതയില്ല എന്ന കണ്ടെത്തലിലാണ് പൊലീസും എത്തിച്ചേർന്നത്.മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണി രംഗത്ത് വരികയും മുഖ്യമന്ത്രിയെ കാണുകയും ചെയ്തിരുന്നു. പിതാവിന്റെ പരാതിയിലാണ് അന്വേഷണം സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ കേസ് സിബിഐ ഏറ്റെടുത്തിരുന്നില്ല. എന്നാൽ കോൺസുലേറ്റ് സ്വർണ്ണ കടത്തിനും ബാലഭാസ്‌കറിന്റെ മരണത്തിനും ബന്ധമുണ്ടെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP