Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആമിയും വൈറസും മായാനദിയും ബിസ്മി സ്‌പെഷ്യലും സംശയ നിഴലിലെന്ന് റിപ്പോർട്ട്; കമലും ആഷിഖ് അബുവും റിമാ കല്ലിങ്കലും എടുത്ത സിനിമകളുടെ ഫണ്ടിൽ എൻഐഎ അന്വേഷണമെന്നും വാർത്തകൾ; കൊച്ചിയും ഫോർട്ട് കൊച്ചിയും ആസ്ഥാനമാക്കി ചലച്ചിത്ര മാഫിയ എന്നും റിപ്പോർട്ട്; ജന്മഭൂമി പത്രത്തിന്റെ ആരോപണം നിഷേധിച്ച് സിനിമാ പ്രവർത്തകരും; സ്വർണ്ണ കടത്തിലെ സംശയ മുന നീളുന്നത് വെള്ളിത്തിരയിലേക്ക്; ഒന്നും മിണ്ടാതെ സംഘടനകളും

ആമിയും വൈറസും മായാനദിയും ബിസ്മി സ്‌പെഷ്യലും സംശയ നിഴലിലെന്ന് റിപ്പോർട്ട്; കമലും ആഷിഖ് അബുവും റിമാ കല്ലിങ്കലും എടുത്ത സിനിമകളുടെ ഫണ്ടിൽ എൻഐഎ അന്വേഷണമെന്നും വാർത്തകൾ; കൊച്ചിയും ഫോർട്ട് കൊച്ചിയും ആസ്ഥാനമാക്കി ചലച്ചിത്ര മാഫിയ എന്നും റിപ്പോർട്ട്; ജന്മഭൂമി പത്രത്തിന്റെ ആരോപണം നിഷേധിച്ച് സിനിമാ പ്രവർത്തകരും; സ്വർണ്ണ കടത്തിലെ സംശയ മുന നീളുന്നത് വെള്ളിത്തിരയിലേക്ക്; ഒന്നും മിണ്ടാതെ സംഘടനകളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണക്കടത്തിൽ യുഎഇയിൽ അറസ്റ്റിലായ ഫൈസൽ ഫരീദിന് മലയാള സിനിമ മേഖലയുമായി ഉള്ളത് അടുത്ത ബന്ധം. 2017 മുതൽ മലയാളത്തിൽ പുറത്തിറങ്ങിയ വിവിധ ചിത്രങ്ങൾക്ക് ഫൈസൽ ബിനാമി വഴി പണം ഇറക്കിയതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയെന്ന് റിപ്പോർട്ട് ചെയ്യുന്നത് സംഘപരിവാർ പത്രമായ ജന്മഭൂമിയാണ്. ഈ ആരോപണങ്ങളെ ഇതുമായി ബന്ധപ്പെട്ട ചലച്ചിത്ര പ്രവർത്തകർ നിഷേധിക്കുകയാണ്. ആരും തൽകാലം പരസ്യ പ്രതികരണത്തിനില്ല. എന്നാൽ വ്യക്തമായ രാഷ്ട്രീയം ആരോപണത്തിന് പിന്നിലുണ്ടെന്നാണ് ഇവരുടെ അവകാശ വാദം. തൽകാലം അമ്മ അടക്കമുള്ള സംഘടനകളും വിഷയത്തിൽ പ്രതികരിക്കില്ല.

ഇതിൽ പ്രധാനപ്പെട്ട ചിത്രമാണ് ചലച്ചിത്ര അക്കാഡമി ചെയർമാൻ കൂടിയായ കമൽ സംവിധാനം ചെയ്ത കമല സുരയ്യ എന്ന മാധവിക്കുട്ടിയുടെ കഥ പറഞ്ഞ ആമി എന്ന ചിത്രം. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അലുമിനിയം ആൻഡ് ഗ്ലാസ് ഫാബ്രിക്കേഷൻ കമ്പനിയുടെ ചെയർമാൻ ആയിരുന്നു ചിത്രത്തിന്റെ നിർമ്മാണം. ദുബായ് ആസ്ഥാനമായി
ആണ് ഫൈസൽ ഫരീദിന്റേയും ഇടപാടുകൾ. ഈ വ്യക്തിയെ ബിനാമി ആക്കി ഫൈസൽ ആണോ ചിത്രത്തിനു പണമിറക്കിയതെന്ന കൂടുതൽ അന്വേഷണത്തിലാണ് അന്വേഷണ ഏജൻസിയെന്നും ജന്മഭൂമി പറയുന്നു.

അതേസമയം, ആഷിഖ് അബു തന്നെ നിർമ്മിച്ച സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളായ മായാനദി, വൈറസ് എന്നീ ചിത്രങ്ങൾക്കു പിന്നിലെ പണമിടപാടുകൾ സംബന്ധിച്ചു കൂടുതൽ തെളിവുകൾ എൻഐഎയ്ക്കു ലഭിച്ചതായാണു ജന്മഭൂമി റിപ്പോർട്ട്. ഇതിൽ ടോവിനോ തോമസ്-ഐശ്വര്യ ലക്ഷ്മി ജോഡി അഭിനയിച്ച മായാനദിക്ക് മറ്റൊരു നിർമ്മാതാവ് കൂടി ഉണ്ട്. ആഷിഖ് അബുവും ഭാര്യയും നടിയുമായ റിമ കല്ലിങ്കലും ചേർന്ന് തുടങ്ങിയ ഒപിഎം എന്ന നിർമ്മാണ കമ്പനിയാണ് വൈറസ് എന്ന ചലച്ചിത്രം നിർമ്മിച്ചത്. നിപ്പ വൈറസ് ബാധയെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്. സാമ്പത്തികമായ വലിയ വിജയം ആയിരുന്നില്ലെങ്കിലും മലയാളത്തിലെ പ്രമുഖ നടീ-നടന്മാർ ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇതിനു പണം ഇറക്കിയതു സംബന്ധിച്ചുള്ള അന്വേഷണം എത്തിച്ചേരുന്നത് സ്വർണക്കടത്ത് മാഫിയയിലേക്കാണെന്നും ജന്മഭൂമി പറയുന്നു.

കൊച്ചി, ഫോർട്ട് കൊച്ചി ആസ്ഥാനമായി ഒരു ചലച്ചിത്ര മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ട്. സ്വർണക്കടത്തിലെ പണം തീവ്രവാദപ്രവർത്തനങ്ങൾക്കു പുറമേ സിനിമ നിർമ്മാണത്തിലും വിനിയോഗിച്ചതായി തുടക്കത്തിൽ തന്നെ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് റിമയേയും സ്വർണക്കടത്തുമായി അന്വേഷണസംഘം ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുണ്ട്. ആഷിഖ് അബുവുമായി ഫൈസലിന് അടുത്ത സൗഹൃദമുണ്ടെന്നാണ് എൻഐഎ കണ്ടെത്തിയത്.

ഹോട്ടലിൽ നടന്ന വിരുന്നിൽ ഫോർട്ട് കൊച്ചി ആസ്ഥാനമായുള്ള ചലച്ചിത്ര മാഫിയ അംഗങ്ങൾ എല്ലാം പങ്കെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതൽ തെളിവുകൾ ലഭിച്ചശേഷം ചോദ്യം ചെയ്യൽ അടക്കം വിഷയങ്ങളിലേക്ക് എൻഐഎ കടക്കുമെന്നും ജന്മഭൂമി പറയുന്നു.

വിഷയം ചർച്ചയാക്കി ബിജെപിയും

സ്വർണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദിന് സിനിമാ മേഖലയുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി.രമേശ്. പുതുതലമുറ സംവിധായകരുമായും പഴയ തലമുറയിലെ ഒരു പ്രമുഖ സംവിധായകനുമായും ഫരീദിന് അടുത്ത ബന്ധമുണ്ട്. ഇതേപ്പറ്റി അമ്മ അടക്കമുള്ള സിനിമാ മേഖലയിലെ സംഘടനകൾ മറുപടി പറയണം. ചില സംവിധായകർ ഫരീദിന്റെ ബിനാമികളാണെന്ന ആക്ഷേപവുമുണ്ട്.

സമീപ കാലത്ത് ഇറങ്ങിയ ഇടതുപക്ഷത്തെ പ്രകീർത്തിക്കുന്ന സിനിമകൾ, സംസ്ഥാനത്തെ ഒരു മന്ത്രിയെ പുകഴ്‌ത്തിയ സിനിമ എന്നിവയൊക്കെ സ്വർണക്കടത്ത് പണം ഉപയോഗിച്ച് നിർമ്മിച്ചവയാണെന്ന് ആക്ഷേപമുണ്ട്. സിനിമാ ദമ്പതികളുടെ ഫോർട്ട്കൊച്ചിയിലെ സ്ഥാപനത്തിൽ ഫൈസൽ ഫരീദ് സന്ദർശകനാണെന്ന വിവരവും പുറത്തു വന്നിട്ടുണ്ടെന്നും രമേശ് പറഞ്ഞു. സിനിമാ മേഖലയിൽ ഉള്ളവർ പങ്കെടുത്ത സിഎഎ വിരുദ്ധ സമരത്തിന് പണം മുടക്കിയതും ഫൈസൽ ഫരീദാണ്. സമരത്തിനു ശേഷം നടന്ന പാർട്ടിയെപ്പറ്റിയും അന്വേഷണം നടത്തണം. കേരളത്തിൽ നടന്ന ഇന്ത്യാ വിരുദ്ധ സമരങ്ങളുടെ സ്‌പോൺസറും ഇയാളാണെന്നും രമേശ് പറഞ്ഞു.

യുഎഇ കോൺസുൽ ജനറലിന്റെ ഗൺമാനായി ജയഘോഷിനെ പുനർനിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റ നയതന്ത്ര നിയമങ്ങൾ ലംഘിച്ചുവെന്ന് രമേശ് കുറ്റപ്പെടുത്തി. ജയഘോഷിനെ തന്നെ ഗൺമാനായി വേണമെന്ന് അറ്റാഷെ ആവശ്യപ്പെട്ടോയെന്ന് ഡിജിപി വ്യക്തമാക്കണം. ഇതു സംബന്ധിച്ച എല്ലാ കത്തിടപാടുകളും പുറത്തുവിടണം. നയതന്ത്ര നിയമങ്ങൾ ലംഘിച്ച ഡിജിപിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും എം ടി. രമേശ് പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP