Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണം പിടിക്കും മുമ്പ് ശിവശങ്കറും സ്വപ്‌നയും വന്നിറങ്ങിയത് ഒരു കാറിൽ; ലോക്ഡൗണിന് മുമ്പ് ഫ്‌ളാറ്റ് പൂട്ടി സ്വപ്‌ന മുങ്ങി; പിന്നെ എത്തിയത് മുഖം മറച്ച് നാലുപേർ; നയതന്ത്ര കടത്തിൽ പിടി വീഴുമെന്ന് ഉറപ്പായപ്പോൾ ഐഡറ്റിന്റെ അറിയിക്കാതെ എത്തിയവർ നശിപ്പിച്ചത് നിർണ്ണായക രേഖകളോ? അമ്പലമുക്കിലെ സിസിടിവിൽ നിറയുന്നത് അസ്വാഭാവികതകൾ; പഞ്ച നക്ഷത്ര ഹോട്ടലിലെ സംശയക്കാരെ ചികഞ്ഞ് എൻഐഎ; മുഖം മറച്ചവരെ കണ്ടെത്താൻ ഇന്റലിജൻസും

സ്വർണം പിടിക്കും മുമ്പ് ശിവശങ്കറും സ്വപ്‌നയും വന്നിറങ്ങിയത് ഒരു കാറിൽ; ലോക്ഡൗണിന് മുമ്പ് ഫ്‌ളാറ്റ് പൂട്ടി സ്വപ്‌ന മുങ്ങി; പിന്നെ എത്തിയത് മുഖം മറച്ച് നാലുപേർ; നയതന്ത്ര കടത്തിൽ പിടി വീഴുമെന്ന് ഉറപ്പായപ്പോൾ ഐഡറ്റിന്റെ അറിയിക്കാതെ എത്തിയവർ നശിപ്പിച്ചത് നിർണ്ണായക രേഖകളോ? അമ്പലമുക്കിലെ സിസിടിവിൽ നിറയുന്നത് അസ്വാഭാവികതകൾ; പഞ്ച നക്ഷത്ര ഹോട്ടലിലെ സംശയക്കാരെ ചികഞ്ഞ് എൻഐഎ; മുഖം മറച്ചവരെ കണ്ടെത്താൻ ഇന്റലിജൻസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദുബായിൽനിന്നുള്ള സ്വർണക്കടത്ത് പിടികൂടിയതിന് പിന്നാലെ, മുഖം മറച്ച നാലുപേർ സ്വപ്നയുടെ ഫ്‌ളാറ്റിലെത്തിയിരുന്നെന്ന് സൂചന. ഇതിൽ ഏറെ ദുരൂഹതയുണ്ട്. ഇക്കാര്യം എൻഐഎ വിശദമായി പരിശോധിക്കുകയാണ്. അമ്പലമുക്കിലെ സ്വപ്നയുടെ ഫ്‌ളാറ്റിൽനിന്ന് കസ്റ്റംസ് പിടിച്ചെടുത്ത സി.സി.ടി.വി. ക്യാമറയിൽ ഈ ദൃശ്യങ്ങളുണ്ട്. സ്വപ്ന ഫ്‌ളാറ്റിൽനിന്ന് ഒളിവിൽ പോയതിന് തൊട്ടടുത്തദിവസം രാത്രിയോടെയാണ് ഇവർ ഫ്‌ളാറ്റിലെത്തിയത്. തെളിവ് നശീകരണമാണ് ലക്ഷ്യമെന്നാണ് സൂചന. ഇവരെ തിരിച്ചറിയാൻ കഴിഞ്ഞാൽ അത് സ്വർണ്ണ കടത്തിൽ നിർണ്ണായകമാകും.

ഫ്‌ളാറ്റ് സമുച്ചയത്തിലുള്ള ക്യാമറാദൃശ്യങ്ങൾ സൂക്ഷിക്കുന്ന കംപ്യൂട്ടർ ഹാർഡ് ഡിസ്‌കിന്റെ പകർപ്പ് കസ്റ്റംസിനോട് എൻ.ഐ.എ. ആവശ്യപ്പെട്ടു. ഇത് വിശദമായി പരിശോധിക്കും. കഴിഞ്ഞദിവസം ഫ്‌ളാറ്റുടമയുടെ മകനിൽനിന്ന് എൻ.ഐ.എ. സംഘം മൊഴി എടുത്തിരുന്നു. ജൂൺ 30-ന് തിരുവനന്തപുരം കാർഗോ കോംപ്ലക്‌സിലെത്തിയ പാഴ്സൽ ജൂലായ് അഞ്ചിനാണ് കസ്റ്റംസ് അധികൃതർ തുറന്നത്. ജൂലായ് അഞ്ചിനുതന്നെ സ്വപ്ന താമസസ്ഥലത്തു നിന്നു മാറി. വർക്കലയിലെ ഒളിവ് സ്ഥലത്തായിരുന്നു പിന്നീട് സ്വപ്‌ന. അവിടെ നിന്ന് അലപ്പുഴ വഴി വാളായറാലും പിന്നെ ബംഗളൂരുവിലുമെത്തി.

സ്വർണം പിടിക്കുന്നതിന് തൊട്ട് മുമ്പുള്ള ദിവസം സ്വപ്നയോടൊപ്പം എം. ശിവശങ്കറും കാറിൽ അമ്പലമുക്കിലെ ഫ്‌ളാറ്റിൽ വന്നിറങ്ങുന്ന ദൃശ്യങ്ങളും ലഭിച്ചതായാണ് വിവരം. ജൂലായ് ആറിന് രാത്രിയിൽ മുഖം മറച്ച നിലയിൽ നാലുപേർ സ്വപ്നയുടെ ഫ്‌ളാറ്റിലേക്ക് എത്തിയെന്ന സൂചനകളാണ് അന്വേഷണസംഘം നൽകുന്നത്. ഫ്‌ളാറ്റ് സമുച്ചയത്തിന്റെ താഴത്തെനിലയിൽ നിന്നുള്ള ദൃശ്യങ്ങളിൽ ഇവർ മുഖം മറച്ച നിലയിലാണ്. മനപ്പൂർവ്വം മുഖം മറച്ചതാണെന്ന് വ്യക്തമാണ്. ഇതാണ് സംശയങ്ങൾക്ക് ഇട നൽകുന്നത്. ഫ്‌ളാറ്റിൽ എത്തിയ ഓരോരുത്തരേയും അന്വേഷണ വിധേയമാക്കുന്നുണ്ട്.

സെക്രട്ടേറിയറ്റിന് സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്നെന്ന് സംശയിക്കുന്ന നാലുപേർ തന്നെയാണ് ഇവരെന്ന് അന്വേഷണസംഘം കരുതുന്നു. സ്വപ്ന ഫ്‌ളാറ്റിൽനിന്ന് പോയ ശേഷം അവിടേക്കെത്തിയ സംഘം എന്തെങ്കിലും രേഖകൾ മാറ്റിയിട്ടുണ്ടാകുമെന്ന സൂചനയുമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. പഞ്ച നക്ഷത്ര ഹോട്ടലിലുണ്ടായിരുന്നത് കള്ളക്കടത്തിലെ വമ്പൻ സ്രാവുകളാണ്. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കേരളം വിടുംമ്പോൾ ആലപ്പുഴയിലെ ജൂവലറി ഉടമയെ ഏൽപ്പിച്ച 40 ലക്ഷം രൂപയടങ്ങിയ ബാഗിലെ 26 ലക്ഷം കാണാതായി. ഈ ബാഗ് കേസിലെ മറ്റൊരു പ്രതി സരിത്തിന്റെ വീട്ടിൽ നിന്നും അന്വേഷണ സംഘം കണ്ടെടുത്തു.

സ്വപ്നയുടെ മൊഴി അനുസരിച്ച് സരിത്തിന്റെ വീട്ടിൽ നിന്നും ബാഗ് കണ്ടെടുക്കുമ്പോൾ അതിൽ 14 ലക്ഷം രൂപ മാത്രമാണുണ്ടായിരുന്നത്. സ്വപ്നയുടെ സുഹൃത്തായ ആലപ്പുഴയിൽ മുൻ ജൂവലറി ഉടമയാണ് ഈ ബാഗ് സരിത്തിന്റെ വീട്ടിലെത്തിച്ചത്. സ്വർണക്കടത്ത് കേസ് എൻ.ഐ.എ ഏറ്റെടുത്തെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയായിരുന്നു ഇത്. ഇതിനിടെ കേസിൽ സർക്കാരിനെ ന്യായീകരിക്കുന്ന തരത്തിലുള്ള സ്വപ്നയുടെ ശബ്ദരേഖ ചാനലുകൾക്ക് എത്തിച്ചതും ആലപ്പുഴയിലെ ഈ ജൂവലറി ഉടമയാണെന്നാണ് വിവരം.

സ്വർണക്കടത്തിന് പണം മുടക്കിയ ആരെങ്കിലും ബാഗിൽ നിന്നും പണം എടുത്തിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. മക്കളെ ആലപ്പുഴ സ്വദേശിയുടെ വീട്ടിലാക്കാനാണ് സ്വപ്നയും കുടുംബവും വർക്കലയിലെ ഒളിത്താവളത്തിൽ നിന്ന് ആലപ്പുഴയിലെത്തിയത്. എന്നാൽ, പിന്നീട് എറണാകുളത്ത് ഹോട്ടൽ ബുക്ക് ചെയ്ത് അങ്ങോട്ടേക്ക് എത്തുകയായിരുന്നു. സ്വപ്ന സുരേഷിനു മനുഷ്യക്കടത്തിൽ പങ്കെന്നു ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ)ക്കു വിവരം ലഭിച്ചിട്ടുണ്ട്.

ഇതു സംബന്ധിച്ച് അന്വേഷണം തുടങ്ങി. ഒരു വർഷം മുമ്പ് സ്വപ്ന ഉൾപ്പെട്ട മനുഷ്യക്കടത്തിനെക്കുറിച്ചാണ് രഹസ്യാന്വേഷണ ഏജൻസികൾക്കു സൂചന ലഭിച്ചത്. മലയാളത്തിലെ പ്രശസ്ത സിനിമാസംവിധായകന്റെ മകളെ വിദേശത്തേക്കു കൊണ്ടുപോയതിനെക്കുറിച്ച് ഉയർന്ന പരാതിയാണ് പ്രധാനമായി അന്വേഷിക്കുന്നത്. പെൺകുട്ടി നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം സ്വപ്നയ്ക്കെതിരേ നീങ്ങുന്നത്. നിരവധി പേരെ സ്വപ്നയും കൂട്ടാളികളും വിദേശത്തേക്കു കടത്തിയതായി ഉന്നതവൃത്തങ്ങൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP