Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബം​ഗാളിൽ ആഴ്‌ച്ചയിൽ രണ്ടു ദിവസം വീതം സമ്പൂർണ ലോക് ഡൗൺ; സംസ്ഥാനം പൂർണമായും പൂട്ടിയിടുന്ന ദിവസങ്ങൾ‌ നേരത്തേ പ്രഖ്യാപിക്കും; മമത ബാനർജിയുടെ പുതിയ തീരുമാനം കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ

ബം​ഗാളിൽ ആഴ്‌ച്ചയിൽ രണ്ടു ദിവസം വീതം സമ്പൂർണ ലോക് ഡൗൺ; സംസ്ഥാനം പൂർണമായും പൂട്ടിയിടുന്ന ദിവസങ്ങൾ‌ നേരത്തേ പ്രഖ്യാപിക്കും; മമത ബാനർജിയുടെ പുതിയ തീരുമാനം കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ ആഴ്‌ച്ചയിൽ രണ്ടുദിവസം വീതം സമ്പൂർണ ലോക് ഡൗൺ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ. ഇനി മുതൽ എല്ലാ ആഴ്‌ച്ചകളിലും രണ്ട് ദിവസം സംസ്ഥാനം പൂർണമായും അടച്ചിടും. ഇത് ഏതൊക്കെ ദിവസങ്ങളിൽ ആയിരിക്കുമെന്ന് സർക്കാർ മുൻകൂട്ടി അറിയിക്കും. വ്യാഴം, ശനി ദിവസങ്ങളിലാവും ഈ ആഴ്ചയിലെ ലോക്ക്ഡൗൺ.

ആഴ്ചതോറുമുള്ള സമ്പൂർണ ലോക്ക്ഡൗൺ സംസ്ഥാനം മുഴുവൻ ബാധകമായിരിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി ആലാപൻ ബന്ദോപാധ്യായ് അറിയിച്ചു. 1112 പേർക്കാണ് പശ്ചിമ ബംഗാളിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ടുചെയ്യപ്പെട്ട ദിവസമായിരുന്നു ഞായറാഴ്ച. 36 മരണങ്ങളും ഞായറാഴ്ച റിപ്പോർട്ടു ചെയ്യപ്പെട്ടു. തലസ്ഥാനമായ കൊൽക്കത്തയിൽ മാത്രം 15 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 42,487 ആയി. 16,492 ആണ് ആക്ടീവ് കേസുകൾ. അതിനിടെ സംസ്ഥാനത്തെ 63 പ്രദേശങ്ങളെക്കൂടി കണ്ടെയ്ന്മെന്റ് സോണുകളുടെ പട്ടികയിൽ സംസ്ഥാന സർക്കാർ ഉൾപ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ കണ്ടെയ്ന്മെന്റ് സോണുകളുടെ എണ്ണം 739 ആയി ഉയർന്നിട്ടുണ്ട്. കൊൽക്കത്തയിൽ 32 കണ്ടെയ്ന്മെന്റ് സോണുകളുണ്ട്.

സർക്കാർ ദൈവമോ മായാജാലക്കാരനോ അല്ലെന്ന് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി നേരത്തേ പറഞ്ഞിരുന്നു. സംസ്ഥാനത്തുകൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലായിരുന്നു മമതയുടെ പ്രതികരണം. ജനങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും മമത ബാനർജി സഹകരണം ആവശ്യപ്പെട്ടു. ഒപ്പം കേന്ദ്രസർക്കാരിനെ വിമർശിക്കുകയും ചെയ്തു. 'കേന്ദ്ര സർക്കാരിൽ നിന്ന് പതിനായിരം വെന്റിലേറ്റർ ലഭിക്കുമെന്ന് ‍ഞങ്ങൾ കരുതി. അതുപോലെ ഓക്സിജൻ സിലിണ്ടറുകളും പ്രതീക്ഷിച്ചു. സൗജന്യമരുന്നുകളും പിപിഇ കിറ്റുകളും പ്രതീക്ഷിച്ചിരുന്നു. എന്നാൽ എന്താണ് കിട്ടിയത്? ഒന്നും കിട്ടിയിട്ടില്ല. ശൂന്യമായ കൈകളുമായിട്ടാണ് ഞങ്ങൾ‌ ജോലി ചെയ്യുന്നത്.' മമത ബാനർജി കുറ്റപ്പെടുത്തി.

'കൈയടിക്കുകയും ചെണ്ട കൊട്ടുകയും വിസിലടിക്കുകയും ചെയ്യുന്നു. അത് മാത്രം മതിയോ? വളരെ ഖേദത്തോട് കൂടിയാണ് ഞാനിത് പറയുന്നത്. കൂടുതൽ കാലം ഇങ്ങനെ മുന്നോട്ട് പോകാൻ എങ്ങനെ സാധിക്കും? എല്ലാ സർക്കാരിനും പരിമിതികളുണ്ട്. അതിനാൽ കൊവിഡിനോട് പൊരുതാൻ ജനങ്ങളുടെ സഹകരണം അത്യാവശ്യമാണ്.' മമത കൂട്ടിച്ചേർത്തു.

അതേസമയം, കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ പശ്ചിമബം​ഗാൾ സർക്കാർ വൻപരാജയമാണെന്ന ആരോപണവുമായി ബിജെപി മേധാവി ദിലിപ് ഘോഷ് കഴിഞ്ഞ ദിവസം രം​ഗത്തെത്തി. രോ​ഗം നിയന്ത്രിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ലെന്നും ദിലിപ് ഘോഷ് പറഞ്ഞു. രോ​ഗികൾക്ക് ആശുപത്രിയിൽ കിടക്കകൾ ലഭിക്കുന്ന കാര്യത്തിൽ സർക്കാർ തെറ്റായ വിവരങ്ങളാണ് പുറത്തുവിടുന്നത്. പകർച്ചവ്യാധിയെ ഫലപ്രദമായി നേരിടാനും നിയന്ത്രണത്തിലാക്കാനും പശ്ചിമബം​ഗാൾ ഉചിതമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും ദിലീപ് ഘോഷ് ആരോപിച്ചു. സംസ്ഥാനത്ത് നിലവിലുള്ള ആരോ​ഗ്യ സംരക്ഷണ സംവിധാനത്തിൽ കൊറോണയെ പിടിച്ചു കെട്ടാൻ സാധിക്കില്ല. പൂർണ്ണമായ ക്രമക്കേടാണ് ആരോ​ഗ്യ വകുപ്പിൽ സംഭവിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP