Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എനിക്കോ കുടുംബത്തിനോ നാട്ടുകാർക്കോ ഇതുവരെ കോവിഡ് വന്നില്ല; കാരണമായി ഞാൻ ഒരു വസ്തു ഉയർത്തിക്കാട്ടാം; കിണറ്റിലെ വെള്ളം! കിണറ്റിലെ വെള്ളം കുടിക്കുന്ന മലയാളികളിൽ 99.99 ശതമാനം പേർക്കും ഇതുവരെ കോവിഡ് വന്നിട്ടില്ല; അതുപോലെയാണ് ഹോമിയോ പ്രതിരോധവും: സി രവിചന്ദ്രൻ എഴുതുന്നു

എനിക്കോ കുടുംബത്തിനോ നാട്ടുകാർക്കോ ഇതുവരെ കോവിഡ് വന്നില്ല; കാരണമായി ഞാൻ ഒരു വസ്തു ഉയർത്തിക്കാട്ടാം; കിണറ്റിലെ വെള്ളം! കിണറ്റിലെ വെള്ളം കുടിക്കുന്ന മലയാളികളിൽ 99.99 ശതമാനം പേർക്കും ഇതുവരെ കോവിഡ് വന്നിട്ടില്ല; അതുപോലെയാണ് ഹോമിയോ പ്രതിരോധവും: സി രവിചന്ദ്രൻ എഴുതുന്നു

സി.രവിചന്ദ്രൻ

കിണർ വെള്ളമോ മത്തിക്കറിയോ

(1) ഹോമിയോവിജയം ഉത്‌ഘോഷിക്കുന്ന ഒരു സർട്ടിഫിക്കറ്റിന്റെ കോപ്പി ഫേസ്‌ബുക്കിൽ പറന്നു നടക്കുന്നുണ്ട്. ഒരു ജില്ലാ പഞ്ചായത്ത് ചെയർപെഴ്‌സന്റെതാണ് പോട്ട മാതൃകയിലുള്ള ഈ സാക്ഷ്യപത്രം. ഇവർക്ക് ഇതൊക്കെ പ്രഖ്യാപിക്കാനുള്ള അധികാരവും പ്രാഗത്ഭ്യവും ഉത്തരവാദിത്വവും ഉണ്ടെന്ന് വെറുതെ സങ്കൽപ്പിക്കുക. പ്രസ്തുത സർട്ടിഫിക്കറ്റ് അനുസരിച്ച് 2020 ജൂലൈ 11നാണ് പന്തളത്ത് രണ്ടു പേർ കോവിഡ് പൊസിറ്റീവ് ആയത്. തൊട്ടടുത്ത ദിവസമാണ് ഹോമിയോ മരുന്ന് അവിടെ വിതരണം ചെയ്തത്. ഈ രണ്ട് രോഗികളുമായി സമ്പർക്കത്തിലിരുന്ന ആർക്കും രോഗമുണ്ടായില്ല എന്നാണ് വാദം. അതിന് കാരണം ജൂലൈ 12 ന് വിതരണം ചെയ്ത ഹോമിയോ മരുന്നും! കൂടുതലൊന്നും പറയാനില്ല.

(2) ഹോമിയോ പ്രാക്റ്റീഷണർമാർ സമ്മർദ്ദം ചെലുത്തി അന്ധവിശ്വാസികളായ സെലിബ്രിറ്റികളെയും താരങ്ങളെയും ഭരണാധികാരികളെയുംകൊണ്ട് സർട്ടിഫിക്കറ്റുകളും സാക്ഷ്യപത്രങ്ങളും പരസ്യപെടുത്തുക പതിവാണ്. അമിതാബ് ബച്ചൻ കുടുംബം ആയിരുന്നു ഇക്കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധർ. സാക്ഷ്യപത്രത്തിന്റെ കാര്യത്തിൽ ഹോമിയോയെ കടത്തിവെട്ടാൻ കരിഷ്മാറ്റിക്ക് ടീമുകൾക്ക് പോലും സാധിക്കില്ല. പൊതുവെ ക്ഷിപ്രവിശ്വാസം-എടുത്തുചാട്ടം-കാളപ്രസവം അവസ്ഥയിലുള്ള മനുഷ്യരെ കബളിപ്പിക്കാൻ പറ്റിയ മരുന്നാണിത്. കേരളത്തിൽ യുക്തിവാദികൾ മുതൽ ഗവ സെക്രട്ടറിമാർവരെ ആവേശപൂർവം പങ്കുവെക്കുന്ന ഒരു വിദേശ അന്ധവിശ്വാസമാണ് ഹോമിയോപ്പതി. കോവിഡിനെ പ്രതിരോധിച്ചതിൽ തങ്ങൾക്കൂടി ഒരു പങ്ക് ഉണ്ടായിരുന്നു എന്ന് പിന്നീട് സ്ഥാപിക്കാനാണ് ഈ ബദ്ധപാടൊക്കെ. അതനുസരിച്ച് ഇപ്പോൾ നടന്ന സ്വർണ്ണകള്ളക്കടത്ത് കേസിനും കോവിഡ് നിയന്ത്രണത്തിൽ ഒരു പങ്കുണ്ടെന്ന് വാദിക്കാം.

(3) കോവിഡ് രോഗം ഇന്ത്യയിൽ പ്രത്യക്ഷപെടുന്നതിന് മുമ്പ് അതിന്റെ പ്രതിരോധമരുന്നുമായി ഹോമിയോപ്പതിക്കാർ മുന്നോട്ടുവന്നിരുന്നു! ആദ്യം പ്രതിരോധമരുന്ന് (prophylactic medicine) എന്ന് പറഞ്ഞു, പിന്നെയത് ഇമ്മ്യൂൺ ബൂസ്റ്റർ (immune booster) ആയി. പല ഹോമിയോപ്പതിക്കാരും പലതരം മരുന്നുകളാണ് ഇമ്മ്യൂൺ ബൂസ്റ്ററായി പ്രഖ്യാപിച്ചത്. പലതിന്റെയും പേരു പിന്നീട് മാറ്റുകയും ചെയ്തു. ഹോമിയോക്കാർക്കിടയിൽ തന്നെ മരുന്നിനെ ചൊല്ലി അഭിപ്രായവ്യത്യാസം കലശലാണ്. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടി രോഗബാധ തടയുമെന്നാണ് വ്യാജചികിത്സാപദ്ധതികൾ പൊതുവെ അവകാശപെടുന്നത്. ലോകത്ത് 98 ശതമാനം മനുഷ്യർക്കും ഈ രോഗം ഇതുവരെ ബാധിച്ചിട്ടില്ല. അവർക്കൊക്കെ മരുന്നു കൊടുത്താലും കൊടുത്തില്ലെങ്കിലും രോഗത്തെ പ്രതിരോധിച്ചവർ എന്നു തട്ടിവിടാം. ചായ കുടിച്ചതുകൊണ്ടാണ് ഇതുവരെ രോഗം വരാത്തതെന്ന് മലയാളിക്ക് അവകാശപെടാം. സാക്ഷ്യപത്രത്തിനും മാധ്യമപിന്തുണയ്ക്കും പഞ്ഞം ഉണ്ടാകേണ്ട കാര്യവുമില്ല.

(4) കോവിഡ് രോഗത്തെ സംബന്ധിച്ചുള്ള കൃത്യമായ വിലയിരുത്തലുകൾക്ക് പോലും സമയം ആയിട്ടില്ല. ലോകം പഠിച്ചുകൊണ്ടിരിക്കുകയാണ്. രോഗബാധ, ശമനം, മരണം, ചികിത്സ.. ഇവയൊക്കെ സംബന്ധിച്ച് വ്യക്തമായ ഒരു ചിത്രം ഇനിയും വൈകുമെന്നർത്ഥം. ഈ വർഷാവസാനം ആകുമ്പോഴേക്കും ഇതു സംബന്ധിച്ച ഒരു ധാരണ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ആഴ്ചകളോ മാസങ്ങളോ ഈ രോഗത്തെ സംബന്ധിച്ച് ചെറിയൊരു കാലയളവാണ്. ഇപ്പോൾ ശരിയെന്ന് തോന്നുന്ന, തെളിവുകളുള്ള കാര്യങ്ങളാണ് നാം രോഗപ്രതിരോധത്തിനായി സ്വീകരിക്കുന്നത്.

(5) മനുഷ്യരുടെ പ്രതിരോധശേഷി(immunity) കൂട്ടും എന്നു പറയുന്ന ഔഷധങ്ങൾ വർജ്ജിക്കപെടണം. കാരണം നിങ്ങളുടെ പ്രതിരോധശേഷി സാധാരണനിലയിൽ പ്രവർത്തിക്കുകയാണെങ്കിൽ അതു വർദ്ധിപ്പിക്കുന്നത് അശാസ്ത്രീയമാണ്. പലതരം അലർജികൾ തൊട്ട് ഓട്ടോ ഇമ്മ്യൂൺ ഡിസീസുകളുടെ വരെ കാരണം അമിതമായ പ്രതിരോധം ആണ്. Cytokine Storms ആണ് പല കോവിഡ് മരണങ്ങളിലും പ്രകോപനമായി പ്രവർത്തിച്ചതെന്ന കാര്യം ഇന്ന് ലോകമെമ്പാടും അറിയുന്ന കാര്യമാണ്. മനുഷ്യരുടെ പ്രതിരോധവ്യവസ്ഥ അതിശക്തമായി കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന കൊളാറ്ററൽ ഡാമേജാണ് ശ്വാസകോശങ്ങളിൽ ദ്രവവും പഴുപ്പുമൊക്കെ അടിഞ്ഞുകൂടി കടുത്ത ന്യുമോണിയക്ക് ഹേതുവാകുന്നത് എന്നാണ് വിലയിരുത്തൽ. കൊറോണവൈറസ് വാവലുകളിൽ പ്രശ്‌നങ്ങളുണ്ടാക്കാതെ അധിവസിക്കുന്നതിന് കാരണം തന്നെ അവയുടെ പ്രതിരോധവ്യവസ്ഥ വൈറസിനെ വീറോടെ പ്രതിരോധിക്കാൻ ശ്രമിക്കുന്നില്ല എന്നതാണെന്ന് ഓർക്കുക. പ്രതിരോധശേഷി എപ്പോഴും സഹായകരമായ അവസ്ഥയിൽ (optimum level) ആയിരിക്കണം. കൂടിയാലും കുറഞ്ഞാലും രോഗഹേതുവാകും.

(6) അതാണ് സാഹചര്യമെന്നിരിക്കെ, പ്രതിരോധം കൂട്ടുന്നു, ഇമ്മ്യൂൺ ബൂസ്റ്റ് ചെയ്യുന്നു എന്നൊക്കെയുള്ള മയിലെണ്ണ പരസ്യങ്ങളുമായി വരുന്ന വ്യാജ ഔഷധങ്ങൾ കോവിഡ് രോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ ഒട്ടും സഹായകരമല്ലെന്ന് വ്യക്തമാണ്. ഇത്തരം മാന്ത്രികപരിഹാരങ്ങൾ നിർദ്ദേശിക്കുന്ന ഔഷധങ്ങളെ നിരോധിച്ചുകൊണ്ടുള്ള 1954 ലെ ഡ്രഗ്‌സ് ആൻ മാജിക്കൽ റെമഡീസ് ആക്റ്റ് (Drugs and magic remedies act (objectionable advertisements) 1954 )പ്രകാരമുള്ള കുറ്റത്തിൽ നിന്ന് തടിയൂരാനാണ് 'പ്രിവന്റീവ്'എന്നതിന് പകരം 'ഇമ്മ്യൂൺ ബൂസ്റ്റർ 'എന്ന ഉടായിപ്പ് വാചകവുമായി വ്യാജ ഔഷധങ്ങൾ വിതരണം ചെയ്യപെടുന്നത്. ഒരു ആധുനിക ജനാധിപത്യ സമൂഹത്തിൽ ശക്തിയുക്തം എതിർക്കപെടേണ്ട പിന്തിരിപ്പനും അശാസ്ത്രീയവുമായ നീക്കങ്ങളാണിവല്ല. ആർട്ടിക്കിൾ 51A(h) ന്റെ അന്തസത്ത മുറുകെ പിടിക്കുന്ന ആർക്കും ഇത് സഹനീയമായി തോന്നുകയില്ല.

(7) എനിക്കോ കുടുംബത്തിനോ നാട്ടുകാർക്കോ ഇതുവരെ കോവിഡ് വന്നില്ല, നാളെ വന്നേക്കാം. എന്തുകൊണ്ടായിരിക്കും ഇതുവരെ വരാത്തത്? കാരണമായി ഞാൻ ഒരു വസ്തു ഉയർത്തിക്കാട്ടാം, നിങ്ങൾ അത് അംഗീകരിക്കുമോ? എന്താണന്നല്ലേ? കിണറ്റിലെ വെള്ളം! കിണറ്റിലെ വെള്ളം കുടിക്കുന്ന മലയാളികളിൽ 99.99 ശതമാനം പേർക്കും ഇതുവരെ കോവിഡ് വന്നിട്ടില്ല. ബാക്കി ഗവേഷണവും പരസ്യവുമൊക്കെ നിങ്ങളുടെ ഇഷ്ടംപോലെ. കിണറ്റിലെ വെള്ളമല്ല മത്തിക്കറിയാണ് കാരണമെന്ന് നിങ്ങൾ തിരിച്ചു പറഞ്ഞാൽ ഞാൻ എതിർക്കാനും ഉദ്ദേശിക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP