Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദിയിലെ ഇന്ത്യൻ ഏംബസി ഉദ്യോഗസ്ഥരുടെ അഴിമതിയും ക്രമക്കേടുകളും വിവരാവകാശത്തിലൂടെ നിരന്തരം പുറത്തുകൊണ്ടുവന്നതിൽ കൊടുംപക; വിവരാവകാശ അപേക്ഷകൾ പിൻവലിക്കണമെന്നും ഡൊമിനിക്കിനെ പൂട്ടുമെന്നും മെയ് 22 ന് അർദ്ധരാത്രിയിൽ ഭാര്യയെ വിളിച്ച് എംബസി ഉദ്യോഗസ്ഥന്റെ ഭീഷണി; റിയാദിലെ വിവരാവകാശപ്രവർത്തകൻ പാലാ സ്വദേശി ഡൊമിനിക് സൈമണെ ജയിലിൽ അടച്ച് സൗദി പൊലീസ്; മോചനത്തിനായി പ്രധാനമന്ത്രിക്ക് അടക്കം പരാതി

സൗദിയിലെ ഇന്ത്യൻ ഏംബസി ഉദ്യോഗസ്ഥരുടെ അഴിമതിയും ക്രമക്കേടുകളും വിവരാവകാശത്തിലൂടെ നിരന്തരം പുറത്തുകൊണ്ടുവന്നതിൽ കൊടുംപക; വിവരാവകാശ അപേക്ഷകൾ പിൻവലിക്കണമെന്നും ഡൊമിനിക്കിനെ പൂട്ടുമെന്നും മെയ് 22 ന്  അർദ്ധരാത്രിയിൽ ഭാര്യയെ വിളിച്ച് എംബസി ഉദ്യോഗസ്ഥന്റെ  ഭീഷണി; റിയാദിലെ വിവരാവകാശപ്രവർത്തകൻ പാലാ സ്വദേശി ഡൊമിനിക് സൈമണെ ജയിലിൽ അടച്ച് സൗദി പൊലീസ്; മോചനത്തിനായി പ്രധാനമന്ത്രിക്ക് അടക്കം പരാതി

ആർ പീയൂഷ്

കൊച്ചി: ഇന്ത്യൻ എംബസിയുടെ അഴിമതികഥകൾ പുറം ലോകത്തെ അറിയിക്കുകയും ഇന്ത്യക്കാർക്ക് വേണ്ട സഹായം ചെയ്തുകൊടുത്തു വരികയും ചെയ്തിരുന്ന വിവരാവകാശ പ്രവർത്തകനെ സൗദിയിൽ വ്യാജ പരാതി നൽകി ജയിലിലടച്ചു. സൗദിയിലെ ഇന്ത്യൻ എംബസിയുടെ പരാതിയിലാണ് കോട്ടയം പാലാ സ്വദേശിയായ ഡൊമനിക്ക് സൈമണെ സൗദി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. എംബസിയെ പറ്റി അടിസ്ഥാന രഹിതമായ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു എന്ന് കാട്ടിയാണ് പരാതി നൽകിയത്.

കഴിഞ്ഞ 8 നാണ് ഡൊമനിക്കിനെ സൗദി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എംബസിക്കെതിരെ വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു എന്ന് കാട്ടിയായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് പുറം ലോകമറിഞ്ഞത്. വിവരാവകാശ പ്രവർത്തകനായ ഡൊമനിക്ക് നിരവധി തവണ വിവരവകാശ നിയമമനുസരിച്ച് എംബസിയിലെ പല അഴിമതികളും പുറത്തുകൊണ്ടു വരികയും ഡൽഹി ഹൈക്കോടതിയിൽ എംബസിക്കെതിരെ കേസ് നടത്തുകയും ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് എംബസി വ്യാജ പരാതി നൽകി ഡൊമനിക്കിനെ അറസ്റ്റ് ചെയ്ത് ജയിലിലടപ്പിച്ചത്. ദിവസങ്ങൾക്ക് ശേഷം സംഭവമറിഞ്ഞ കോട്ടയത്തെ വിവരാവകാശ പ്രവർത്തകൻ മഹേഷ് വിജയൻ സംഭവത്തിൽ ഇടപെടുകയും ഡൊമനിക്കിന്റെ മോചനത്തിനായി ശ്രമം തുടരുകയുമാണ്.

ഡൊമിനിക് കഴിഞ്ഞ 13 വർഷമായി കുടുംബസമേതം റിയാദിലാണ് താമസം. ഐ.ടി. പ്രൊഫഷണലായി ജോലി ചെയ്യുന്ന ഡൊമനിക്ക് റിയാദ് എംബസ്സിയിൽ നടക്കുന്ന അഴിമതിക്കെതിരായി നിരവധി വർഷങ്ങളായി ഡൊമിനിക് പ്രതികരിച്ച് വരികയായിരുന്നു. അതിന്റെ ഭാഗമായി നിരവധി വിവരാവകാശ അപേക്ഷകൾ എംബസിയിൽ നൽകിയിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം രേഖകൾ എടുത്ത് പല ക്രമക്കേടുകൾക്കെതിരെയും ഡൽഹി ഹൈക്കോടതിയിൽ കേസുകൾ ഫയൽ ചെയ്യുകയും അനുകൂല ഉത്തരവുകൾ നേടുകയും ചെയ്തിട്ടുണ്ട്. വിവരാവകാശികൾ ഫേയ്സ്ബുക്ക് ഗ്രൂപ്പിൽ നിയമ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്ന സജീവ സാന്നിധ്യം കൂടിയാണ് ഡൊമിനിക്. പ്രവാസി ലീഗൽ സെല്ലിന്റെ മികച്ച വിവരാവകാശ പ്രവർത്തകനുള്ള അവാർഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കോവിഡ് സമയത്ത് സൗദിയിൽ കുടുങ്ങിപ്പോയവർക്ക് ഇന്ത്യയിൽ എത്തുന്നതിനും ഭക്ഷണം പോലും കിട്ടാതെ വലയുന്നവർക്കും വേണ്ടിയും എംബസ്സിയുടെ ഇടപെടൽ സംബന്ധിച്ച് ഏതാനും വിവരാവകാശ അപേക്ഷകൾ ഡൊമനിക്ക് നൽകിയിരുന്നു. ഒപ്പം എംബസ്സിയുടെ വീഴ്ചകൾ മൂലം പ്രവാസികൾ കോവിഡ് കാലത്ത് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ചും എംബസ്സിയിലെ അഴിമതി സംബന്ധിച്ചും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. ഡൊമിനിക് ഫയൽ ചെയ്ത ഏതാനും വിവരാവകാശ അപേക്ഷകൾ പിൻവലിക്കണമെന്നും അല്ലെങ്കിൽ ഡൊമിനികിനെതിരെ കേസ് ഫയൽ ചെയ്യും എന്നും മെയ് 22 ന് അർദ്ധരാത്രിയിൽ എംബസിയിലെ ഫോണിൽ നിന്നും ഒരു ഉദ്യോഗസ്ഥൻ ഡൊമിനിക്കിന്റെ ഭാര്യയെ വിളിച്ച് ഭീഷണിപ്പെടുത്തി. ഇക്കാര്യം ഡൊമിനിക് വാട്ട്സാപ്പിലൂടെ മഹേഷ് വിജയനെ അറിയിച്ചു. തുടർന്ന് ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥനെതിരെ എംബസ്സിയിൽ ഡൊമനിക് പരാതി നൽകുകയും ഭീഷണി കോൾ വന്ന നമ്പരിന്റെ വിശദാംശങ്ങൾ തേടി എംബസിയിൽ വിവരാവകാശ അപേക്ഷ നൽകുകയും ചെയ്തു. ഇതാണ് എംബസ്സിയിലെ ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്.

തുടർന്ന് ജൂണ് 6 ന് എംബസ്സിയിലെ അഴിമതിക്കെതിരെ അടിസ്ഥാനരഹിതമായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടു എന്നാരോപിച്ച് ഡൊമനിക്കിന് എംബസി നോട്ടീസ് അയച്ചു. അടുത്ത ദിവസം എംബസ്സിയിൽ ഹാജരായി അഴിമതി സംബന്ധിച്ച തെളിവുകൾ കൈമാറണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കും എന്നും ആ നോട്ടീസിൽ പറഞ്ഞിരുന്നു. എന്നാൽ കോവിഡ് പോസിറ്റീവായ ഒരാളുമായി സമ്പർക്കം വന്നതിനാൽ ഡൊമിനിക്കിന് റൂം ഐസൊലേഷനിൽ പോകേണ്ടി വന്നതിനാൽ എംബസിയിൽ പോകാൻ സാധിച്ചില്ല. തുടർന്ന്, ഇക്കാര്യം ഡൊമിനിക് ഇ-മെയിലിൽ എംബസിയെ അറിയിച്ചു. താൻ ആരേയും ഉപദ്രവിക്കാനല്ല ഇടപെടലുകൾ നടത്തുന്നത് എന്നും സൗദിയിലെ ലക്ഷക്കണക്കിന് വരുന്ന ഇന്ത്യാക്കാർക്ക് ശരിയായ രീതിയിൽ എംബസ്സിയിൽ നിന്നും സേവനം ലഭിക്കുന്നതിനാണ് താൻ പരിശ്രമിക്കുന്നതെന്നും എംബസിക്കയച്ച കത്തിൽ ഡൊമിനിക് വ്യക്തമാക്കിയിരുന്നു.

എംബസ്സിയിൽ നിന്നും പലവിധ ഭീഷണികൾ വന്നതിനാൽ കോവിഡ് ഐസൊലേഷന് ശേഷവും എംബസിയിൽ നേരിട്ട് പോകുന്നത് തൽക്കാലം ഒഴിവാക്കാൻ ഡൊമിനിക് തീരുമാനിക്കുകയായിരുന്നു. അതിനിടെയാണ് അറസ്റ്റ് ഉണ്ടാകുന്നത്. ഡിപ്ലോമാറ്റിക് ക്വാർട്ടേഴ്‌സിലുള്ള സഫാറത്ത് പൊലീസ് സ്റ്റേഷനിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. റിയാദിലെ അൽ ഹെയർ ജയിലിലാണ് ഡൊമിനിക് ഇപ്പോൾ. വ്യാജ പരാതിയാണെന്ന് പൊലീസിന് അറിയാമെങ്കിലും എംബസിയുടെ നിർബന്ധത്തിലാണ് ജയിലിലടച്ചത്. എംബസി പരാതി പിൻവലിച്ചാൽ ആ നിമിഷം ഡൊമനിക്കിന് പുറത്തിറങ്ങാൻ കഴിയും.എംബസ്സിയെ പിണക്കാതിരിക്കാൻ പ്രവാസി മലയാളി സംഘടനകളും വിഷയത്തിൽ ഇടപെടുന്നില്ല.

എംബസിക്കെതിരെ നിരന്തരമായി നിയമ പോരാട്ടം നടത്തുന്ന ഡൊമനിക്കിനെ എക്സിറ്റ് അടിച്ച് സൗദിയിൽ നിന്നും പുറത്താക്കാനാണ് എംബസിയുടെ ഗൂഢ നീക്കം. ഇന്ത്യക്കാർക്ക് വേണ്ടി യാതൊന്നും ചെയ്യാത്ത എംബസിക്കെതിരെ പ്രതികരിച്ചതിനാണ് യാതൊരു തെറ്റും ചെയ്തിട്ടില്ലാത്ത ഒരാളെ സ്വന്തം രാജ്യത്തിന്റെ എംബസി തന്നെ ക്രൂശിലേറ്റുന്നത്. ഡൊമനിക്കിന്റെ മോചനത്തിനായി ഇനി വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലാണ് ആവിശ്യം. അതിനായി കേന്ദ്ര വിദേശ കാര്യ മന്ത്രിക്കും സഹ മന്ത്രി വി. മുരളീധരന് പരാതി നൽകിയിരിക്കുകയാണ് മഹേഷ് വിജയൻ. കൂടാതെ എംപിമാരായ ജോസ് കെ മാണിയും ഡീൻ കുര്യാക്കോസും ഡൊമനിക്കിന്റെ മോചനത്തിനായി വിദേശ കാര്യ മന്ത്രാലയത്തിന് കത്തു കൈമാറിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP