Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അറ്റാഷയുടെ കത്ത് എന്ന പേരിൽ ഫൈസൽ ഹാജരാകിയ കത്ത് വ്യാജമെന്ന് കസ്റ്റംസ് കണ്ടെത്തൽ; കത്തിൽ കോൺസുലേറ്റിന്റെ മുദ്രയോ അറ്റാഷയുടെ ഒപ്പോ ഇല്ല; ഫൈസലിനെ എമിറേറ്റ്‌സ് ജീവനക്കാരും എയർപോർട്ട് ഉദ്യോഗസ്ഥരും സഹായിട്ടിട്ടുണ്ടാകാമെന്നും കണ്ടെത്തൽ; എമിറേറ്റ്‌സ് തിരുവനന്തപുരം എയർപോർട്ട് മാനേജറുടെ മൊഴിയെടുക്കാനൊരുങ്ങി കസ്റ്റംസ് സംഘം; ബാഗേജ് അയക്കാൻ അനുമതി നൽകിയത് ആരെന്നും കണ്ടൈത്തും; അന്വേഷണം എമിറേറ്റ്‌സ് ജീവനക്കാരെ കേന്ദ്രീകരിച്ചും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സ്വർണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെ വിമാനത്താവള ജീവനക്കാരും എമിറേറ്റ്‌സ് ജീവനക്കാരും സഹായിച്ചിരിക്കാമെന്ന് കസ്റ്റംസ് കണ്ടെത്തൽ തനിക്ക് പകരം ബാഗേജ് അയക്കാൻ അറ്റാഷെ തന്നെ ചുമതലപ്പെടുത്തിയെന്ന് കാണിച്ച് ഫൈസൽ ഫരീദ് ഹാജരാക്കിയ കത്ത് വ്യാജമാണെന്ന് കസ്റ്റംസ് കണ്ടെത്തിതോടെയാണ് ഫൈസൽ പറയുന്നത് നുണക്കഥകളാണെന്ന് കസ്റ്റംസ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഈ കത്തിൽ കോൺസുലേറ്റിന്റെ മുദ്രയോ അറ്റാഷെയുടെ ഒപ്പോ ഉണ്ടായിരുന്നില്ല. പിന്നെ, എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു ബാഗ് കോൺസുലേറ്റ് വിലാസത്തിൽ അയക്കാൻ ഫൈസൽ ഫരീദിന് അനുമതി നൽകിയതെന്ന് കണ്ടെത്താനാണ് എമിറേറ്റ്‌സ് ജീവനക്കാരുടെ മൊഴിയെടുക്കുന്നു.

ആദ്യം എമിറേറ്റ്‌സിന്റെ തിരുവനന്തപുരം എയർപോർട്ട് മാനേജറുടെ മൊഴിയെടുക്കുമെന്നാണ് വിവരം. ജൂൺ 30-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ കോൺസുലേറ്റിലേക്കുള്ള വിലാസത്തിൽ വന്ന ബാഗേജ് അയക്കാനായി ഫൈസൽ ഫരീദ് ഹാജരാക്കിയ അറ്റാഷെയുടെ കത്തിൽ യുഎഇ കോൺസുലേറ്റിന്റെ മുദ്രയോ, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെ ഒപ്പോ ഇല്ല. അറ്റാഷെ ഇല്ലാത്തപ്പോൾ തന്നെ ബാഗേജ് അയക്കാൻ അദ്ദേഹം ചുമതലപ്പെടുത്തിയെന്ന് കാണിച്ചുകൊണ്ടുള്ള കത്താണ് ഫൈസൽ ഫരീദ് ഹാജരാക്കിയത്. ഇത് യുഎഇ കോൺസുലേറ്റിൽ നിന്നുള്ളതാണെന്നതിന് കൃത്യമായ യാതൊരു മുദ്രയും കത്തിൽ ഇല്ലെന്നിരിക്കേ, എന്ത് അടിസ്ഥാനത്തിലാണ് ഈ ബാഗേജ് അയക്കാൻ ഫൈസൽ ഫരീദിന് അനുമതി നൽകിയത് എന്നാണ് അറിയേണ്ടത്.

എന്നാൽ എല്ലാ കടത്തും വ്യാജ കത്തുകളുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് കസ്റ്റംസ് കരുതുന്നില്ല. ചില കള്ളക്കടത്ത് നടന്നത് യഥാർത്ഥ കത്തുകളുടെ അടിസ്ഥാനത്തിൽ തന്നെയായിരുന്നു. ഡിപ്ലോമാറ്റിക് ബാഗ് അയക്കാനുള്ള കൂട്ടത്തിൽ ഈ വസ്തുക്കൾ കൂടി കൂട്ടിച്ചേർക്കുകയായിരുന്നു എന്ന് തന്നെയാണ് ഇപ്പോഴും കസ്റ്റംസ് കരുതുന്നത്. ഇതിൽ കൃത്യമായ വ്യക്തത വരണമെങ്കിൽ അറ്റാഷെയുടെ മൊഴിയെടുക്കണം. അറ്റാഷെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പോവുകയും ചെയ്തു.

ജൂൺ 30-ന് 30 കിലോ സ്വർണമടങ്ങിയ ബാഗ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയതിന് പിറ്റേന്ന് സരിത്ത് ഈ ബാഗ് ശേഖരിക്കാൻ എത്തിയിരുന്നു. അവിടെ വച്ച് സരിത്തും ഒരു കത്ത് ഹാജരാക്കിയിരുന്നു. വരുന്ന ഡിപ്ലോമാറ്റിക് ബാഗ് അറ്റാഷെയ്ക്ക് വേണ്ടി സ്വീകരിക്കാനുള്ള കത്തായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ട വേ ബില്ലും സരിത്ത് ഹാജരാക്കിയിരുന്നു. എന്നാൽ ഈ കത്തും വേബില്ലും വ്യാജമായിരുന്നു എന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.

ആവശ്യമായ ഫോർമാറ്റിലല്ല സരിത്ത് ഹാജരാക്കിയ കത്ത് ഉള്ളത്. ഒപ്പം പ്രോട്ടോക്കോൾ ഓഫീസറുടെ ഒപ്പും ഈ കത്തിൽ ഇല്ല. ഈ സാഹചര്യത്തിൽ ഫൈസൽ ഫരീദ് അയച്ചതും സരിത്ത് സ്വീകരിക്കാൻ എത്തിയതും വ്യാജരേഖകളുടെ അടിസ്ഥാനത്തിലായിരുന്നു എന്ന് വ്യക്തമാവുകയാണ്. അയച്ച ഇടത്തോ, ലഭിച്ച ഇടത്തോ ഇതിൽ കൃത്യമായ പരിശോധനയുണ്ടായില്ല എന്നതാണ് കസ്റ്റംസിന് സംശയം ഉണ്ടാക്കുന്ന കാര്യം. വ്യാജ കത്തിന്റെ അടിസ്ഥാനത്തിൽ സാധനങ്ങൾ അയക്കാൻ കഴിഞ്ഞത് എങ്ങനെ എന്നതിൽ വിശദമായ അന്വേഷണമുണ്ടാകും.

ദുബായിൽ സ്വർണ്ണക്കടത്തിൽ ദുബായിൽ അറസ്റ്റിലായ തൃശൂർ മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദി(36)നെ ചുറ്റിപ്പറ്റി നിരവധി ദൂരൂഹതകളാണ് നിലനിൽക്കുന്നത്. നാട്ടുകാർക്ക് അടക്കം ഫൈസലിനെ കുറിച്ച് വലിയ അറിവുകളില്ല. സ്വർണ്ണക്കടത്തിലെ മുഖ്യകണ്ണിയാണ് ഫൈസലെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ,ദുബായി പൊലീസ് ഫൈസലിന്റെ അറസ്റ്റിനെ കുറിച്ച് കൂടുതൽ വ്യക്തതകൾ വരുത്തിയിട്ടുല്ല. ഫൈസലിന്റെ പാസ്പോർട്ട് റദ്ദാക്കിയതായി ഇന്ത്യൻ അധികൃതർ അറിയിച്ചെങ്കിലും ഇക്കാര്യത്തിലും അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. ഒരാളുടെ പാസ്പോർട്ട് തടഞ്ഞുവയ്ക്കാനേ അധികൃതർക്ക് സാധിക്കൂ എന്നും റദ്ദാക്കണമെങ്കിൽ രാജ്യദ്രോഹമടക്കമുള്ള കുറ്റകൃത്യങ്ങളിൽ കോടതി ശിക്ഷിക്കണമെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

പാസ്പോർട്ട് റദ്ദാക്കിയിട്ടുണ്ടെങ്കിൽ ഫൈസലിന്റെ യുഎഇയിലെ താമസവീസയും റദ്ദാക്കപ്പെടും. ഇതോടെ ഇയാൾക്ക് നിയമപരമായി യുഎഇയിൽ തുടരാനാകില്ല. ദുബായ് പൊലീസ് അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഇവിടുത്തെ നിയമം അനുശാസിക്കുന്ന നടപടികൾ പൂർത്തിയായ ശേഷമേ ഫൈസലിനെ ഇന്ത്യയിലേയ്ക്ക് കൊണ്ടുപോകാൻ കഴിയുകയുള്ളൂ. സ്വർണക്കള്ളക്കടത്തുകേസിലെ പ്രധാന പ്രതികളിലൊരാളാണെന്ന നിലയ്ക്ക് ഇന്ത്യക്ക് ഇയാളെ അടിയന്തരമായി ആവശ്യമുള്ളതിനാൽ കസ്റ്റഡി രേഖപ്പെടുത്തിയിരിക്കാനാണ് സാധ്യതയെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഫൈസൽ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണെന്നും ചോദ്യം ചെയ്തുവരികയാണെന്നും പറയുന്നു. ഇന്ത്യയിൽ അന്വേഷണം നടക്കുന്ന കേസിലെ പ്രതിയായതിനാൽ ദുബായിൽ നിന്ന് ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കുന്നതിന് മൂന്ന് സാധ്യതകളാണുള്ളത്. ഇന്ത്യ ആവശ്യപ്പെടുന്നത് പ്രകാരം ഫൈസലിനെ ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്ത് വിമാനത്താവളം വഴി നാടുകടത്താനും സാധ്യതയുണ്ട്. കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും യുഎഇയും തമ്മിൽ ധാരണയുള്ളതിനാൽ മറ്റുതടസങ്ങളില്ലാതെ ഇയാളെ ഇന്ത്യയിലെത്തിക്കാമെന്നാണ് വ്യവസ്ഥ.

രണ്ടാതായി നാട്ടിൽ നിന്ന് അന്വേഷണസംഘം ദുബായിലെത്തുകയും. ദുബായ് പൊലീസ് ഫൈസലിനെ കസ്റ്റഡിയിലെടുത്ത് അന്വേഷണസംഘത്തിന് ദുബായിൽ കൈമാറുകയും ചെയ്യാം. അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ നാട്ടിലെത്തിക്കും ചെയ്യാം. മൂന്നാമതായി യുഎഇയുടെ സീൽ, ലോഗോ എന്നിവ വ്യാജമായി നിർമ്മിച്ചെന്ന പരാതിയുള്ളതിനാൽ ദുബായ് പൊലീസ് ഫൈസലിനെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഇവിടത്തെ അന്വേഷണവും ചോദ്യം ചെയ്യലുമൊക്കെ കഴിഞ്ഞായിരിക്കും ഇന്ത്യക്ക് കൈമാറുക. ദുബായിലെ കേസിൽ ഫൈസലിനെതിരെ കൂടുതൽ നടപടികൾക്ക് സാധ്യതയുണ്ട്.

ആരാണ് ഫൈസൽ ഫരീദ്

തീർത്തും ദുരൂഹതകൾ നിറഞ്ഞ വ്യക്തിത്വമാണ് ഫൈസൽ ഫരീദിന്റേത്. വർഷങ്ങളായി കുടുംബത്തോടൊപ്പം റാഷിദിയ്യ ഏരിയയിൽ താമസിക്കുന്ന ഫൈസൽ ദുബായിൽ ബിസിനസ് നടത്തിവരികയായിരുന്നു. ഇദ്ദേഹത്തിന്റെ പിതാവ് യുഎഇയിൽ കോവിഡ് 19 ബാധിച്ച് മരിച്ച ആദ്യത്തെ മലയാളിയാണ്.

മലയാളി സമൂഹവുമായി വലിയ ബന്ധമില്ലാതിരുന്ന ഫൈസൽ മിതഭാഷിയും കാര്യമായ സൗഹൃദ വലയമില്ലാത്തയാളുമാണെന്ന് പരിചയക്കാർ പറയുന്നു. തൃശൂർ കൈപ്പമംഗലം പുത്തൻപള്ളി തൈപ്പറമ്പിൽ ഫൈസൽ ഫരീദ് നാട്ടിലുള്ളതിനേക്കാൾ കൂടുതലും വിദേശത്താണ് കഴിഞ്ഞത്. വീട്ടുകാരും ബന്ധുക്കളുമൊക്കെ ദുബായിൽ തന്നെയാണ് സ്ഥിരതാമസം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP