Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ സ്‌കൂളിനു പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ എട്ടു ഐലൻഡ് ടോപ്പർ സ്ഥാനങ്ങൾ ലഭിച്ചു

സ്വന്തം ലേഖകൻ

മനാമ: അക്കാദമിക മികവിന്റെ പാരമ്പര്യത്തിനു അനുസൃതമായി ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ ഇക്കഴിഞ്ഞ പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകളിൽ മൊത്തം 12ൽ 8 ഐലൻഡ് ടോപ്പർ സ്ഥാനങ്ങൾ നേടി. ബഹ്‌റൈനിലെ സിബിഎസ്ഇ സ്‌കൂളുകളിൽ നിന്നായി ഒന്നും രണ്ടും ഐലൻഡ് ടോപ്പർ അവാർഡുകളും സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് സ്ട്രീമുകളിൽ നിന്നുള്ള രണ്ട് അവാർഡുകൾ വീതവും ഇന്ത്യൻ സ്‌കൂൾ കരസ്ഥമാക്കി.

98 ശതമാനം മാർക്കോടെ (490/500) ഇന്ത്യൻ സ്‌കൂൾ ടോപ്പറായ റീലു റെജിയാണ് ഈ വർഷം ഐലൻഡ് ടോപ്പറായി തിരഞ്ഞെടുക്കപ്പെട്ടത്. 97.8 ശതമാനം (489/500) നേടിയ കെയൂർ ഗണേശ് ചൗധരിക്ക് ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. ബഹ്‌റൈനിലെ സയൻസ് സ്ട്രീമിലെ ടോപ്പർ കൂടിയാണ് റീലു റെജി. ഈ സ്ട്രീമിൽ കെയൂർ ഗണേശ് ചൗധരി രണ്ടാം സ്ഥാനത്തെത്തി. ദേശീയ തലത്തിലുള്ള ഈ നേട്ടങ്ങൾക്ക് പുറമേ കെമിസ്ട്രി (100), ബയോടെക്‌നോളജി (99) എന്നി വിഷയങ്ങളിൽ റീലു റെജിയും ഫിസിക്‌സ് (100), കമ്പ്യൂട്ടർ സയൻസ് (99) എന്നിവയിൽ കെയൂർ ഗണേശും സ്‌കൂളിൽ സബ്ജക്റ്റ് ടോപ്പർമാരാണ്.

97.2 ശതമാനം (486/500) നേടി കൊമേഴ്സ് സ്ട്രീമിൽ സ്‌കൂളിൽ ടോപ്പറായ നന്ദിനി രാജേഷ് നായർ ബഹ്‌റൈനിലെ ഈ സ്ട്രീമിൽ രണ്ടാമതെത്തി. 96.6 ശതമാനം നേടിയ (483/500) ഷെറീൻ സൂസൻ സന്തോഷ് ദ്വീപിൽ മൂന്നാം സ്ഥാനത്തെത്തി. ദേശീയ തലത്തിലെ ഈ നേട്ടങ്ങൾക്ക് പുറമേ, സാമ്പത്തിക ശാസ്ത്രത്തിലും (100) ബിസിനസ് സ്റ്റഡീസിലും (98) സ്‌കൂൾ ടോപ്പറാണ് നന്ദിനി.

97.2 ശതമാനം മാർക്കോടെ (486/500) ഹ്യുമാനിറ്റീസ് സ്ട്രീമിൽ സ്‌കൂളിൽ ഒന്നാമതെത്തിയ അർച്ചിഷ മരിയോ ബഹ്‌റൈനിൽ ഈ സ്ട്രീമിലെ രണ്ടാം സ്ഥാനം നേടി. 96.6 ശതമാനം നേടിയ (483/500) അഞ്ജ്ന സുരേഷ് ഈ സ്ട്രീമിൽ ദ്വീപിലെ മൂന്നാം സ്ഥാനം നേടി. പന്ത്രണ്ടാം ക്ലാസിൽ ഇന്ത്യൻ സ്‌കൂളിൽ ആദ്യമായി ഇംഗ്ലീഷിൽ മുഴുവൻ മാർക്കും നേടിയെന്ന അപൂർവ നേട്ടത്തിനു അർച്ചിഷ മരിയോ ഉടമയായി. സ്‌കൂളിൽ ഹോം സയൻസ് (98), സോഷ്യോളജി (98) എന്നി വിഷയങ്ങളിൽ ടോപ്പറാണ് അർച്ചിഷ. പന്ത്രണ്ടാം ക്ലാസിലെ പരീക്ഷ എഴുതിയ 675 വിദ്യാർത്ഥികളിൽ 65.9 ശതമാനം വിദ്യാർത്ഥികൾക്ക് ഡിസ്റ്റിഗ്ഷനും 92.7 ശതമാനം വിദ്യാർത്ഥികൾക്ക് ഒന്നാം ക്ലാസും ലഭിച്ചു.

പത്താം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂളിനു രണ്ടാം ഐലൻഡ് ടോപ്പർ സ്ഥാനം ലഭിച്ചു
പത്താം ക്ലാസിലും ഇന്ത്യൻ സ്‌കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു. 500 ൽ 493 മാർക്കോടെ 98.6% നേടിയ സ്‌കൂൾ ടോപ്പർ നന്ദന ശുഭ വിനുകുമാർ ദ്വീപിൽ രണ്ടാം സ്ഥാനത്തിനു അർഹയായി. ഇന്ത്യൻ സ്‌കൂളിന്റെ ചരിത്രത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി നേടുന്ന ഏറ്റവും ഉയർന്ന മാർക്കാണിത്. ആകെ 776 വിദ്യാർത്ഥികളാണ് പത്താം ക്ലാസിൽ പരീക്ഷയെഴുതിയത്. എല്ലാ വിഷയങ്ങളിലും കൃത്യം 100 വിദ്യാർത്ഥികൾ 'എ' ഗ്രേഡ് നേടി. 172 കുട്ടികൾ 90 ശതമാനത്തിലധികം മാർക്ക് നേടി.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ വിദ്യാർത്ഥികളുടെ മികച്ച പ്രകടനത്തെയും അദ്ധ്യാപകരുടെ ആത്മാർത്ഥമായ പരിശ്രമത്തെയും മാതാപിതാക്കളുടെ പിന്തുണയെയും അഭിനന്ദിച്ചു.

വിദ്യാർത്ഥികളുടെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച സ്‌കൂൾ സെക്രട്ടറി സജി ആന്റണി ഉയർന്ന അക്കാദമിക നിലവാരം പുലർത്തുന്നതിൽ നിർണായക പങ്കുവഹിച്ച സ്‌ക്കൂൾ അദ്ധ്യാപകർക്ക് നന്ദി പറഞ്ഞു.

സ്‌കൂൾ നേതൃത്വത്തിന്റെ മാർഗനിർദേശപ്രകാരം അക്കാദമിക കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്തു നടപ്പിലാക്കിയതിന്റെ ഫലമാണ് ഈ നേട്ടമെന്ന് അക്കാദമിക ചുമതലയുള്ള ഇസി അംഗം മുഹമ്മദ് ഖുർഷീദ് ആലം പറഞ്ഞു.

വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിനും അദ്ധ്യാപകരുടെ പ്രതിബദ്ധതയ്ക്കും അർപ്പണബോധത്തിനും മാതാപിതാക്കളുടെ സഹകരണത്തിനും പ്രിൻസിപ്പൽ വി ആർ പളനിസ്വാമി നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP