Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫൈസൽ ഫരീദ് ചെയ്തത് വലിയ കുറ്റകൃത്യമെന്ന് വിലയിരുത്തി യുഎഇ; ഇന്ത്യ ഉന്നയിച്ചിരിക്കുന്നത് യുഎഇയുടെ ഔദ്യോഗിക മുദ്രകൾ വ്യാജമായി നിർമ്മിച്ചു, അനധികൃതമായി ഇന്ത്യയിലേക്ക് സ്വർണം അയച്ചു; നയതന്ത്ര കാര്യാലയത്തിന്റെ വിലാസം ദുരുപയോഗം ചെയ്തു എന്നീ കുറ്റങ്ങൾ; ഫൈസലിനെ ഇന്ത്യയ്ക്ക് കൈമാറുന്നത് തെളിവുകൾ പരിശോധിച്ച ശേഷം; തീരുമാനം വൈകിയേക്കും; സ്വർണം കടത്താനായി ഡമ്മി ബാഗ് എന്ന ആശയമുണ്ടാക്കിയതും ഫൈസൽ; ഇതുവരെ കടത്തിയത് 230 കിലോ സ്വർണം

ഫൈസൽ ഫരീദ് ചെയ്തത് വലിയ കുറ്റകൃത്യമെന്ന് വിലയിരുത്തി യുഎഇ; ഇന്ത്യ ഉന്നയിച്ചിരിക്കുന്നത് യുഎഇയുടെ ഔദ്യോഗിക മുദ്രകൾ വ്യാജമായി നിർമ്മിച്ചു, അനധികൃതമായി ഇന്ത്യയിലേക്ക് സ്വർണം അയച്ചു; നയതന്ത്ര കാര്യാലയത്തിന്റെ വിലാസം ദുരുപയോഗം ചെയ്തു എന്നീ കുറ്റങ്ങൾ; ഫൈസലിനെ ഇന്ത്യയ്ക്ക് കൈമാറുന്നത് തെളിവുകൾ പരിശോധിച്ച ശേഷം; തീരുമാനം വൈകിയേക്കും; സ്വർണം കടത്താനായി ഡമ്മി ബാഗ് എന്ന ആശയമുണ്ടാക്കിയതും ഫൈസൽ; ഇതുവരെ കടത്തിയത് 230 കിലോ സ്വർണം

മറുനാടൻ മലയാളി ബ്യൂറോ

ദുബായി: ഇന്നലെ യുഎഇയിൽ അറസ്റ്റിലായ സ്വർണ്ണക്കടത്തു കേസിലെ പ്രതി ഫൈസൽ ഫരീദിനെ ഇന്ത്യയ്ക്ക് കൈമാറുന്നത് വൈകുമെന്ന് സൂചന. സ്വർണ്ണക്കടത്തു കേസിലെ നിർണായക പ്രതിയാണ് ഫൈസൽ ഫരീദ്. ഇയാളെ ദുബായി പൊലീസ് ഇപ്പോഴും ചോദ്യം ചെയ്യുകയാണ്. ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ദുബൈ പൊലീസ് കസ്റ്റഡിയിൽ നിന്നും ഫൈസലിനെ അബൂദബിയിലേക്ക് മാറ്റിയതായാണ് വിവരം. ഫെഡറൽ അന്വേഷണ ഏജൻസി മുഖേനയാണ് ചോദ്യംചെയ്യൽ.

യു.എ.ഇയുടെ ഔദ്യോഗിക മുദ്രകൾ വ്യാജമായി നിർമ്മിച്ചു, അനധികൃതമായി ഇന്ത്യയിലേക്ക് സ്വർണം അയച്ചു, നയതന്ത്ര കാര്യാലയത്തിന്റെ വിലാസം ദുരുപയോഗം ചെയ്തു എന്നീ ഗുരുതര കുറ്റങ്ങളാണ് ഫൈസൽ ഫരീദിനെതിരെ ഇന്ത്യ ഉന്നയിച്ചിരിക്കുന്നത്. അതീവ ഗൗരവത്തോടെയാണ് ഇന്ത്യ നൽകിയ തെളിവുകൾ യു.എ.ഇ അന്വേഷണ സംഘം കാണുന്നത്. ദുബൈ കേന്ദ്രമായാണ് കുറ്റകൃത്യം നടന്നത് എന്നതിനാൽ കൂടുതൽ വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് കണ്ടാണ് യു.എ.ഇയുടെ നാഷനൽ സെക്യൂരിറ്റി വിഭാഗം ഫൈസൽ ഫരീദിൽ നിന്ന് മൊഴിയെടുക്കുന്നത്.

സ്വർണക്കടത്ത് കേസിൽ യു.എ.ഇയുടെ അന്വേഷണത്തിനും ഫൈസൽ ഫരീദിന്റെ മൊഴി നിർണായകമാണ്. രണ്ട് രാജ്യങ്ങളും തമ്മിൽ കുറ്റവാളികളുടെ കൈമാറ്റ കരാർ നിലനിൽക്കുന്നുണ്ടെങ്കിലും ഫൈസൽ ഫരീദിനെ ഇന്ത്യക്ക് ഉടൻ വിട്ടുകിട്ടുമെന്ന് പറയാനാവില്ല. യു.എ.ഇയുടെ അന്വേഷണം പൂർത്തിയാകുന്ന മുറക്ക് മാത്രമായിരിക്കും കൈമാറ്റം. ഫൈസലിന് പുറമെ കുറ്റകൃത്യത്തിൽ യു.എ.ഇയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

അതേസമയം സ്വർണക്കടത്തിന് ഡമ്മി ബാഗ് എന്ന ആശയം ഉണ്ടാക്കിയത് ഫൈസൽ ഫരീദാണെന്നാണ് എൻ.ഐ.എ.ക്കു ലഭിച്ചിരിക്കുന്ന വിവരം. യു.എ.ഇ.യിൽ അറസ്റ്റിലായശേഷം നടന്ന പ്രാഥമിക ചോദ്യംചെയ്യലിൽ ദുബായ് പൊലീസിനോടും ഇക്കാര്യം ഫൈസൽ സമ്മതിച്ചതായാണു സൂചന. ഫൈസലിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യുന്നതോടെ ഇതിൽ വ്യക്തത വരും.

കഴിഞ്ഞവർഷം ജൂണിലാണ് ഫൈസലും സംഘവും ഡമ്മി ബാഗ് പരീക്ഷണം തുടങ്ങിയത്. നയതന്ത്ര ബാഗേജിനൊപ്പം അയച്ച ഈ ഡമ്മി ബാഗുകൾ പിടിക്കപ്പെടാതായതോടെ സ്വർണം ഒളിപ്പിച്ച് ഇത്തരം ബാഗുകൾ അയക്കാൻ തുടങ്ങി. 20-ലേറെ തവണയായി 230 കിലോ സ്വർണമാണ് ഇത്തരത്തിൽ ഫൈസൽ ദുബായിൽനിന്ന് കേരളത്തിലേക്കു കടത്തിയതെന്നാണ് അറിയുന്നത്.

നയതന്ത്ര ബാഗേജുകളുടെ ക്ലിയറൻസിൽ പരിചയസമ്പന്നരായ സ്വപ്നയെയും സരിത്തിനെയും സ്വർണക്കടത്തിന് ഉപയോഗിക്കുമ്പോഴും അതീവ ശ്രദ്ധയിലായിരുന്നു ഫൈസലെന്നാണ് എൻ.ഐ.എ.ക്കു ലഭിച്ച വിവരം. നയതന്ത്ര ബാഗേജിന്റെ മറവിലുള്ള കടത്തിനുമുമ്പ് കൃത്യമായ മുന്നൊരുക്കംവേണമെന്ന കണക്കുകൂട്ടലിലാണ് ഫൈസൽ ഡമ്മി ബാഗ് പരീക്ഷിച്ചത്. വിമാനത്താവളങ്ങളിലെ സ്‌കാനറിൽ പിടിക്കപ്പെടാത്തവിധം യു.എ.ഇ.യുടെ വ്യാജമുദ്രയും സ്റ്റിക്കറും നിർമ്മിച്ച ഫൈസൽ ഇതെല്ലാം ഡമ്മി ബാഗുകളിൽ രേഖപ്പെടുത്തിയിരുന്നു. വ്യാജമുദ്രയുള്ള ഡമ്മി ബാഗ് സുരക്ഷിതമായി തിരുവനന്തപുരം വിമാനത്താവളത്തിനു പുറത്തെത്തിക്കാൻ കഴിഞ്ഞതോടെ ഫൈസലിനും സംഘത്തിനും ആത്മവിശ്വാസം ഏറുകയായിരുന്നു.

പരീക്ഷണം വിജയിച്ചതോടെ ചെറിയതോതിൽ സ്വർണം ഒളിപ്പിച്ചാണ് സംഘം ആദ്യം കടത്തിയത്. ഓരോ തവണയും വ്യാജമുദ്ര ഉപയോഗിച്ചുള്ള ബാഗേജ് ക്ലിയർ ചെയ്യാൻ കഴിഞ്ഞതോടെ കടത്തലിന്റെ തോതും കൂടി. 30 കിലോ സ്വർണവുമായി സ്വപ്നയും സരിത്തും പിടിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് ജൂണിൽ രണ്ടുതവണയായി ഒമ്പതു കിലോയും 18 കിലോയും കടത്തിയതായും എൻ.ഐ.എ. കണ്ടെത്തി.

നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വപ്നയും സംഘവും ഇരുപതിലേറെ തവണ സ്വർണം കടത്തിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിൽ ചിലതിൽ 20 കിലോയിലേറെ സ്വർണമുണ്ടായിരുന്നു. ഈ ബാഗേജുകളെല്ലാം വിമാനത്താവളത്തിൽനിന്ന് ക്ലിയർ ചെയ്തിരുന്നത് സരിത്താണെന്നും തെളിഞ്ഞിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP