Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അവസരം മുതലാക്കി ശരത് പവാർ; അധികാരമുണ്ടെങ്കിലും നിസ്സഹായരായി ശിവസേന; മഹാരാഷ്ട്രയിൽ മുന്നണി ഭരണത്തിന്റെ ബലത്തിൽ എൻസിപി ശക്തിപ്രാപിക്കുന്നു; സേനയിൽ അതൃപ്തി പുകയുന്നു

അവസരം മുതലാക്കി ശരത് പവാർ; അധികാരമുണ്ടെങ്കിലും നിസ്സഹായരായി ശിവസേന; മഹാരാഷ്ട്രയിൽ മുന്നണി ഭരണത്തിന്റെ ബലത്തിൽ എൻസിപി ശക്തിപ്രാപിക്കുന്നു; സേനയിൽ അതൃപ്തി പുകയുന്നു

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിൽ എൻസിപിക്ക് അമിത പ്രാധാന്യം നൽകുന്നതിന്റെ പേരിൽ ശിവസേനയിൽ അസംതൃപ്തി പുകയുന്നു. ഭരണകാര്യങ്ങളിൽ ശരത് പവാറിനുള്ള മുൻപരിചയമാണ് എൻസിപി ഉപയോ​ഗിക്കുന്നത്. പവാർ സൂപ്പർ സിഎം കളിക്കുന്നു എന്ന പരാതി സേനാ നേതാക്കളുടെ ഇടയിൽ പോലും ശക്തമാണ്. അതിനിടയിലാണ് സേനയുടെ മുഖപത്രമായ സാമ്നയിൽ പവാറിന്റെ മുഴുപ്പേജ് അഭിമുഖം പ്രസിദ്ധീകരിച്ചത്. ഇതോടെ സേനയുടെ ചെലവിൽ പവാറിനെ കൂടുതൽ ശക്തനാക്കുന്നു എന്നാണ് പ്രവർത്തകരും നേതാക്കളും ആരോപിക്കുന്നത്. ശിവസേന രാജ്യസഭാ എംപിയും സാമ്ന എക്സിക്യൂട്ടീവ് എഡിറ്ററുമായ സഞ്ജയ് റാവുത്ത് ആണ് അഭിമുഖം നടത്തിയിരിക്കുന്നത്. അതിനാൽത്തന്നെ നേതൃത്വം അറിഞ്ഞുതന്നെയുള്ള അഭിമുഖമാണ് ഇതെന്നും വ്യക്തമാണ്.

വല്യേട്ടൻ ചമഞ്ഞ് സേനയുടെ അസ്തിവാരം ഇളക്കുകയാകുമോ ശരദ് പവാർ ചെയ്യുകയെന്ന സംശയം വിവിധകോണുകളിൽനിന്ന് ഉയർന്നുവന്നിട്ടുണ്ട്. ശിവസേന കുടുംബത്തിനു പുറത്ത് ആദ്യമായാണ് പത്രത്തിന്റെ ഇത്രവും വലിയ ‘സ്പേയ്സ്’ ഒരു നേതാവിനു നൽകിയത്. ബാൽ താക്കറെ, ഉദ്ധവ് താക്കറെ എന്നിവരുമായിട്ടുള്ള ദീർഘ അഭിമുഖങ്ങളാണ് ഇതിനുമുമ്പ് സാമ്‌നയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിൽ ശിവസേനയും എൻ.സി.പി.യും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പവാറുമായിട്ടുള്ള അഭിമുഖം സാമ്‌ന നടത്തിയിട്ടുള്ളതെന്നാണ് വിലയിരുത്തൽ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും സഖ്യമായി മത്സരിച്ചേക്കുമെന്ന് സൂചനകളുണ്ട്. സേനാ കൗൺസിലർമാരെ എൻസിപി അടർത്തിയെടുത്തതും മഹാ വികാസ് അഘാഡി സഖ്യത്തിനുള്ളിലെ അസ്വാരസ്യങ്ങളും മൂലം സഖ്യത്തിൽ വിള്ളലുണ്ടായെന്ന ആരോപണത്തെ ഇല്ലാതാക്കുകയായിരുന്നു ആ നീക്കത്തിനുപിന്നിലെ കാരണം.

മൂന്നു പതിറ്റാണ്ട് കാലത്തെ സഖ്യം ഉപേക്ഷിച്ചാണ് ശിവസേന കോൺ​ഗ്രസും എൻസിപിയുമായി ചേർന്ന് മന്ത്രിസഭ രൂപീകരിച്ചത്. മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്ന ആവശ്യം ബിജെപി അംഗീകരിക്കാത്തതിനെ തുടർന്നുണ്ടായ പ്രതിസന്ധിയും തുടർനീക്കങ്ങളുമാണ് എൻഡിഎ വിടുന്നതിലേക്കു ശിവസേനയെ എത്തിച്ചതെങ്കിലും ഏറെ കാലമായുള്ള അസ്വാരസ്യങ്ങളും ഇതിനു പിന്നിലുണ്ട്. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ കാലത്ത് പാർട്ടിയുടെ നിഴലിൽ കഴിഞ്ഞിരുന്ന ബിജെപി, കഴി‍ഞ്ഞ ഏതാനും വർഷങ്ങളായി വല്യേട്ടൻ കളിക്കുന്നുവെന്നും സേനയെ സഖ്യത്തിലെ രണ്ടാം സ്ഥാനക്കാരായി മാത്രം പരിഗണിക്കുന്നുവെന്നുവെന്ന പരാതിയും ശിവസേന ഉയർത്തിയിരുന്നു. സംസ്ഥാനത്ത് പാർട്ടിയുടെ അപ്രമാദിത്വം സഖ്യകക്ഷിയായ ബിജെപി കൈയടക്കുന്നുവെന്ന തിരിച്ചറിവ് സേനാ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് സർക്കാർ രൂപീകരണ ചർച്ചാവേളയിൽ മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്ന ആവശ്യം ശിവസേന ശക്തമായി ഉന്നയിച്ചെങ്കിലും ബിജെപി വഴങ്ങാത്തതോടെ എൻസിപി, കോൺഗ്രസ് എന്നീ രാഷ്ട്രീയ കക്ഷികളുമായി ചേർന്ന് സർക്കാർ രൂപീകരണത്തിന് ശിവസേന ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു.

ശിവസേന സ്ഥാപകൻ ബാൽ താക്കറെയും ബിജെപിയുടെ മുതിർന്ന നേതാവ് അന്തരിച്ച പ്രമോദ് മഹാജനുമായുള്ള ചർച്ചകളെ തുടർന്ന് 1989ലാണ് ശിവസേന – ബിജെപി സഖ്യം ആരംഭിക്കുന്നത്. ‘മഹാരാഷ്ട്ര ശിവസേനയ്ക്ക്, കേന്ദ്രം ബിജെപിക്ക്’ എന്ന നിലയിൽ ഒരു അലിഖിത ധാരണയും ഇരുവരും ചേർന്നുണ്ടാക്കിയിരുന്നു. സഖ്യത്തിന്റെ ഭാഗമായി സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ ശിവസേനയും ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ ബിജെപിയും മൽസരിക്കുമെന്നായിരുന്നു ധാരണ.

അതേസമയം, ദീർഘകാലം ഇരു ചേരികളിലായി നിന്ന് പോരടിച്ച സേനയും എൻസിപിയും ഒന്നിച്ചതോടെ കൂടുതൽ ശക്തി നേടാനാണ് പവാർ ശ്രമിക്കുന്നത്. അധികാരത്തിലിരുന്ന വർഷങ്ങൾ ശിവസേനയ്ക്ക് അപ്രമാദിത്യമുള്ള മേഖകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തി പാർട്ടിയെ വളർത്തിക്കൊണ്ടുവരാനാണ് ബിജെപി ശ്രമിച്ചിരുന്നത്. സമാന സാഹചര്യംതന്നെയാണ് എൻസിപിയുടെ കാര്യത്തിലും സംഭവിക്കുന്നത്. ദേശീയ പാർട്ടിയെന്ന പ്രതിച്ഛായ ഉണ്ടെങ്കിലും മഹാരാഷ്ട്രയിൽ ശക്തമായ സാന്നിധ്യമാണ് എൻസിപിക്കുള്ളത്.

വർഷങ്ങളായി ഇരു ചേരിയിൽ ആയിരുന്നതിനാൽ സേന – എൻസിപി പ്രവർത്തകർക്കിടയിൽ പലയിടങ്ങളിലും ശത്രുതയുമുണ്ട്. പല ജില്ലകളിലും കോൺഗ്രസും ബിജെപിയും പേരിനുമാത്രമാണ് മത്സരിക്കുന്നത്. യാതൊരു സ്വാധീനവും കാണില്ല. എൻസിപിയും സേനയുമായിരിക്കും പല്ലും നഖവും ഉൾപ്പെടെയെടുത്ത് വാശിയേറിയ പോരട്ടം കാഴ്ചവയ്ക്കുന്നത്. ഇപ്പോൾ ഭരണത്തിന്റെ പിൻബലത്തിൽ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ തങ്ങളുടെ സ്വാധീനശക്തി എൻസിപി കാട്ടില്ലേയെന്ന ആശങ്ക സേന പ്രവർത്തകർക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP