Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ന് കർക്കടക വാവ്; നമുക്ക് മുമ്പുള്ള നാല് തലമുറയിലെ പിതൃക്കൾക്ക് ശ്രാദ്ധവും തർപ്പണവും നടത്തുന്ന പുണ്യദിനം; മഹാമാരിയുടെ നിഴലിൽ പ്രശസ്തമായ ബലി തർപ്പണ കേന്ദ്രങ്ങൾ ഇന്ന് വിജനം; വീട്ടിൽ തന്നെ ബലിയിടാൻ നിർദ്ദേശിച്ച് അധികൃതരും ആചാര്യന്മാരും

ഇന്ന് കർക്കടക വാവ്; നമുക്ക് മുമ്പുള്ള നാല് തലമുറയിലെ പിതൃക്കൾക്ക് ശ്രാദ്ധവും തർപ്പണവും നടത്തുന്ന പുണ്യദിനം; മഹാമാരിയുടെ നിഴലിൽ പ്രശസ്തമായ ബലി തർപ്പണ കേന്ദ്രങ്ങൾ ഇന്ന് വിജനം; വീട്ടിൽ തന്നെ ബലിയിടാൻ നിർദ്ദേശിച്ച് അധികൃതരും ആചാര്യന്മാരും

മറുനാടൻ ഡെസ്‌ക്‌

ഇന്നു കർക്കടകത്തിലെ അമാവാസി. പിന്മുറക്കാരുടെ ബലിതർപ്പണാദികൾ ഏറ്റുവാങ്ങാൻ പിതൃക്കൾ ഉണർന്നിരിക്കുന്ന ദക്ഷിണായനത്തിലെ പുണ്യദിനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി പ്രശസ്തമായ വാവുബലി തർപ്പണ കേന്ദ്രങ്ങൾ വിജനമാണ്. അർധരാത്രിയോടെ വാവ് തുടങ്ങി. ഇന്ന് ഉച്ച വരെ പിതൃകർമങ്ങൾ നടത്താമെങ്കിലും അതിരാവിലെ ചെയ്യുന്നതാണ് ഉത്തമം.

ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും പ്രസിദ്ധമായ ആചാരങ്ങളിലൊന്നാണ് കർക്കിടകത്തിലെ വാവുബലി. തങ്ങളുടെ മരിച്ചുപോയ പൂർവ്വികർക്കായി ഈ ബലിതർപ്പണം നടത്തിയാൽ അവരുടെ ആത്മാവിന് ശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. കർക്കിടക മാസത്തിലെ കറുത്തവാവു ദിവസമാണ് കർക്കിടക വാവ് ആയി ആചരിക്കുന്നത്. കേരളത്തിൽ നിരവധി ക്ഷേത്രങ്ങളിൽ കർക്കിടക വാവ് ആചരിക്കാറുണ്ട്. പ്രത്യേക പൂജകളും ആചാരങ്ങളും ഇതിന്റെ ഭാഗമാണ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആലുവ മണപ്പുറം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ ഇത്തവണ കർക്കടക വാവുബലിച്ചടങ്ങുകൾ ഇല്ല. പകരം വ്രതാനുഷ്ഠാനങ്ങൾ പാലിച്ചു വീടുകളിൽ തന്നെ ബലിയിടാനാണ് ആചാര്യന്മാരുടെ നിർദ്ദേശം. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഈ വർഷത്തെ കർക്കിട വാവ് ബലിതർപ്പണ ചടങ്ങുകൾ ഒഴിവാക്കിയതായി നേരത്തേ അറിയിച്ചിരുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് തീരുമാനം. ബലിതർപ്പണത്തിന് ആളുകൾ കൂട്ടമായി എത്തിയാൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാവുമെന്നതിനാലാണ് ചടങ്ങുകൾ ഒഴിവാക്കാൻ തീരുമാനിച്ചത്.

വിശ്വസങ്ങൾ ഇങ്ങനെ

കർക്കടകമാസത്തിലെ കറുത്തവാവ് പിതൃബലിക്കും തർപ്പണത്തിനും പ്രസിദ്ധമാണ്. അന്നു ബലിയിട്ടാൽ പിതൃക്കൾക്കു മോക്ഷം ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കടമാസത്തിലേത്. ഉത്തരായണത്തിൽ ആദ്യം വരുന്നത് മകരമാസത്തിലെ അമാവാസിയും. ദക്ഷിണായനം പിതൃപ്രാധാനവും ഉത്തരായണം ദേവപ്രധാനവുമായി കരുതപ്പെടുന്നു. തന്മൂലം കർക്കടകവാവ് പിതൃപ്രധാനമായ ദിനമായിത്തീർന്നു. വർക്കല, ആലുവാമണൽപ്പുറം, തിരുനാവായ മണൽപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ അന്നേ ദിവസം പിതൃബലിയിടാൻ ആയിരക്കണക്കിന് ആളുകൾ വന്നെത്തുന്നു.

ഉത്തരകേരളത്തിൽ പിതൃക്കൾ വീടു സന്ദർശിക്കുന്ന ദിവസമാണ് കർക്കടകമെന്നു വിശ്വസിക്കപ്പെടുന്നു. ശർക്കരയും തേങ്ങയും ചേർത്ത് വാവടയുണ്ടാക്കി അനന്തരവർ (ഭൂമിയിൽ) കാത്തിരിക്കും. കനത്ത മഴയത്ത് പുട്ടിയും ചൂടിയാണു പിതൃക്കൽ വരിക. (ഭൂമിയിലേക്കുള്ള) കടത്തുകാശ് കടം പറഞ്ഞിട്ടായിരിക്കും വരവ്. തിരിച്ച് പോകുമ്പോൾ കാശിനു പകരം അടകൊടുത്തു കടം വീട്ടും. അടയും ഇളനീരും മത്സ്യമാംസങ്ങളും മദ്യവും പിതൃക്കളെക്കാത്ത് സൂക്ഷിച്ചുവയ്ക്കാറുമുണ്ട്.

ബലി

പിതൃക്കളുടെ സൂക്ഷ്മ ശരീരത്തിന് നൽകുന്ന ഭോജനമാണ് ബലി. മനുഷ്യൻ ചെയ്യേണ്ട പഞ്ച മഹായജ്ഞങ്ങളിൽ ഒന്ന് പിതൃയജ്ഞമാണ്. പിതൃക്കൾക്ക് പുണ്യത്തിന്റെ ബലിപിണ്ഡം നൽകുന്ന ദിവസമാണ് കർക്കടകവാവ്. ഇഹലോകവും സ്ഥൂല ശരീരവും ഉപേക്ഷിച്ച പിതൃക്കളുടെ സൂക്ഷ്മശരീരത്തെ പ്രീതിപ്പെടുത്താനാണ് മുൻ തലമുറയിലെ നാല് പേർക്ക് ശ്രാദ്ധവും തർപ്പണവും നടത്തുന്നത്.

ഇത് ദീർഘായുസ്സും പിൻ‌മുറക്കാർക്ക് ആരോഗ്യവും ഐശ്വര്യവും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം. ഗരുഢ പുരാണത്തിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. എല്ലാ മാസത്തിലെയും കറുത്ത വാവു ദിവസം പിതൃക്കൾക്കായി ശ്രാദ്ധം തുടങ്ങിയ കർമങ്ങൾ ചെയ്യാം. എന്നാൽ, കർക്കടകമാസത്തിലെയും തുലാമാസത്തിലെയും അമാവാസികൾക്കു കൂടുതൽ പ്രാധാന്യമുണ്ട്.

സ്ഥാലീപാകത്തിന്റെ തലേ ദിവസമാണ് അമാവാസി വ്രതവും പൗർണമിവ്രതവും ആചരിക്കേണ്ടത്.സന്ധ്യയ്ക്കു മുമ്പ് ഒന്നര മണിക്കൂർ (മൂന്നേമുക്കാൽ നാഴിക) പ്രഥമയുള്ള ദിവസമാണ് സ്ഥാലീപാകദിനം. അമാവാസി ദിവസം വ്രതം അനുഷ്ഠിച്ചാൽ പിതൃപ്രീതിയുണ്ടാകുമെന്നാണു വിശ്വാസം. സമ്പത്ത്, ആരോഗ്യം, സന്താനങ്ങൾക്ക് അഭിവൃദ്ധി തുടങ്ങിയ ഗുണഫലങ്ങൾ അമാവാസി വ്രതം കൊണ്ട് ഉണ്ടാകുമെന്നു പറയുന്നു.

ഇക്കുറി ബലി വീട്ടിൽ മതി: ഡിജിപി

കോവിഡ് സാഹചര്യം കണക്കിലെടുത്ത് കർക്കിടക വാവുബലി ജനങ്ങൾ കൂട്ടംകൂടുന്ന തരത്തിലുള്ള ചടങ്ങായി നടത്താൻ അനുവദിക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. രോഗവ്യാപനം തടയുന്നതിനായി ചടങ്ങുകൾ വീടുകളിൽ തന്നെ നടത്താനാണ് നിർദ്ദേശം.

ഇക്കാര്യം പൊതുജനങ്ങളെയും കർക്കിടക വാവുബലി ചടങ്ങുകൾ നടത്തുന്ന സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും മേധാവിമാരെയും അറിയിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദ്ദേശം നൽകി. ജനങ്ങൾ കൂട്ടംകൂടുന്ന എല്ലാതരം മത ചടങ്ങുകളും ജൂലായ് 31 വരെ നിർത്തിവെയ്ക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മേധാവിയുടെ നിർദ്ദേശം.

ഓൺലൈൻ സംവിധാനവും

കർക്കിടക വാവുബലിക്കുള്ള ഓൺലൈൻ സൗകര്യമൊരുക്കി പുരോഹിത കുടുംബം. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ പിതൃ തർപ്പണ ചുമതലുള്ള കുടുംബമാണ് ഓൺലൈൻ സംവിധാനവുമായി രംഗത്ത് വരുന്നത്.പിതൃപ്രീതിക്കും പിതൃക്കളുടെ അനുഗ്രഹത്തിനും വേണ്ടി ചെയ്യുന്ന കർക്കിടക അമാവാസി ശ്രാദ്ധം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിലോ, തീർത്ഥങ്ങളിലോ ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ ഓൺലൈനായി സ്വഗൃഹങ്ങളിൽ തന്നെ ചെയ്യാം. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ പുരോഹിത കുടുംബമായിരുന്ന മൈവാടി മീത്തിലെ കാരണവർ വിജയകുമാർ ഇളയതിന്റെ കാർമ്മികത്വത്തിലാണ് ഓൺലൈൻ വാവ് ബലിക്കുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.

ജൂലായ് 20 രാവിലെ 6 മണി മുതൽ 12 മണി വരെയാണ് പുരോഹിതന്റെ സേവനമുണ്ടാകുക. ഇതിനിടയിലുള്ള സൗകര്യപ്രദമായ സമയം തെരഞ്ഞെടുക്കുന്നതിനുള്ള അവസരം നൽകിയിട്ടുണ്ട്. ഇതിനായി http://virtualeventsindia.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ബലികർമ്മങ്ങൾ ചെയ്യുന്നതിന് ഒരുക്കേണ്ട സാധനങ്ങൾ, ഒരിക്കൽ വ്രതം ആചരിക്കേണ്ടതെങ്ങനെ, എന്നീ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP