Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഞ്ജയ് ജെയിൻ ദീർഘകാലമായി ശ്രമിക്കുന്നത് അശോക് ​ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ; എല്ലാത്തിനും ചരടുവലിക്കുന്നത് ബിജെപി നേതാവ് വസുന്ധര രാജെയും; എട്ടുമാസം മുമ്പ് സഞ്ജയ് ജെയിൻ തന്നെയും സമീപിച്ചിരുന്നു എന്ന് വ്യക്തമാക്കി കോൺ​ഗ്രസ് എംഎൽഎ രാജേന്ദ്ര ഗുഡ; രാജസ്ഥാനിൽ രാഷ്ട്രീയ വിവാദങ്ങൾ അവസാനിക്കുന്നില്ല

സഞ്ജയ് ജെയിൻ ദീർഘകാലമായി ശ്രമിക്കുന്നത് അശോക് ​ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ; എല്ലാത്തിനും ചരടുവലിക്കുന്നത് ബിജെപി നേതാവ് വസുന്ധര രാജെയും; എട്ടുമാസം മുമ്പ് സഞ്ജയ് ജെയിൻ തന്നെയും സമീപിച്ചിരുന്നു എന്ന് വ്യക്തമാക്കി കോൺ​ഗ്രസ് എംഎൽഎ രാജേന്ദ്ര ഗുഡ; രാജസ്ഥാനിൽ രാഷ്ട്രീയ വിവാദങ്ങൾ അവസാനിക്കുന്നില്ല

മറുനാടൻ ഡെസ്‌ക്‌

ജയ്പുർ: രാജസ്ഥാനിലെ കോൺ​ഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്ക് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ നേരിട്ട് പങ്കുണ്ടെന്ന് കോൺ​ഗ്രസ് എംഎൽഎ രാജേന്ദ്ര ഗുഡ. പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത സഞ്ജയ് ജെയിൻ എട്ടുമാസം മുമ്പ് താനുമായി ബന്ധപ്പെട്ടിരുന്നു എന്ന് രാജേന്ദ്ര ​ഗുഡ വ്യക്തമാക്കി. സഞ്ജയ് ജെയ്ൻ അട്ടിമറി നീക്കങ്ങളുമായി ദീർഘകാലം സജീവമായിരുന്നുവെന്ന് രാജേന്ദ്ര ഗുഡ വാർത്താ ഏജൻസിയോട് പറഞ്ഞു. അന്ന് അയാൾ പറഞ്ഞത് 'വസുന്ധര ജി' അടക്കമുള്ളവരുമായി സംസാരിക്കണം എന്നായിരുന്നു എന്നും ​ഗുഡ പറയുന്നു. അശോക് ​ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ അന്ന് നീക്കങ്ങൾ നടത്തിയത് സഞ്ജയ് ജെയിനെ കൂടാതെ മൂന്ന് ഇടനിലക്കാർ കൂടിയാണ് എന്നും കോൺ​ഗ്രസ് നേതാവ് വ്യക്തമാക്കുന്നു. എന്നാൽ പിന്നീട് അത്തരം നീക്കങ്ങൾ ശക്തമായില്ല എന്നും ​ഗുഡ പറയുന്നു.

അശോക് ഗെഹ്‌ലോത് സർക്കാരിരെ വസുന്ധര രാജെ സഹായിക്കുന്നുവെന്ന ആരോപണം ബിജെപി സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി ഉന്നയിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് എംഎൽഎയുടെ പുതിയ വെളിപ്പെടുത്തൽ. വസുന്ധര രാജെ തന്നോട് അടുപ്പമുള്ള കോൺഗ്രസ് എംഎൽഎമാരുമായി ഫോണിൽ ബന്ധപ്പെട്ട് അശോക് ഗെഹ്‌ലോത് സർക്കാരിനെ പിന്തുണയ്ക്കാൻ അഭ്യർഥിച്ചു എന്നായിരുന്നു രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി എംപി ഹനുമാൻ ബെനിവാളിന്റെ ആരോപണം. ജാട്ട് വിഭാഗത്തിൽപ്പെട്ട എംഎൽഎമാരെ വിളിച്ച് സച്ചിൻ പൈലറ്റ് ക്യാമ്പിൽനിന്ന് അകലം പാലിക്കണമെന്ന് രാജെ ആവശ്യപ്പെട്ടതിന്റെ തെളിവ് തന്റെ പക്കലുണ്ടെന്ന് ഹനുമാൻ ബെനിവാൾ അവകാശപ്പെട്ടിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ അട്ടിമറി ശ്രമത്തെ കുറിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് സഞ്ജയ് ജെയിനെ അറസ്റ്റു ചെയ്തത്.

സംസ്ഥാനത്തെ ജനങ്ങൾ നിരവധി പ്രശ്നങ്ങൾക്ക് മുന്നിൽ പകച്ച് നിൽക്കുമ്പോൾ കോൺ​ഗ്രസ് തമ്മിലടിക്കുകയാണെന്ന് കുറ്റപ്പെടുത്തി വസുന്ധര രാജെ ഇന്നലെ രം​ഗത്തെത്തിയിരുന്നു. കോൺ​ഗ്രസിലെ തമ്മിലടിക്ക് രാജസ്ഥാനിലെ ജനങ്ങൾ വലിയ വില നൽകേണ്ടി വരുന്നത് നിർഭാ​ഗ്യകരമാണെന്നും അവർ ട്വിറ്ററിൽ വ്യക്തമാക്കി. കോവിഡ് മഹാമാരി, വെട്ടുകിളി ആക്രമണം, സ്ത്രീകൾക്കെതിരേയുള്ള ആക്രമണം, വൈദ്യുതി എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ സംസ്ഥാനം നേരിടുമ്പോഴാണ് കോൺഗ്രസിലെ തമ്മിലടിയെന്നും വസുന്ധര കുറ്റപ്പെടുത്തി. ജനങ്ങളുടെ താത്‌പര്യങ്ങളാണ് എന്തിനെക്കാളും വലുത്. കോൺഗ്രസ് ജനങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും അവർ ഓർമ്മിപ്പിച്ചു. കോൺഗ്രസിനുള്ളിലെ തർക്കത്തിനിടയിലേക്ക് ബിജെപിയേയും ബിജെപി നേതാക്കളുടെയും പേര് വലിച്ചിഴക്കുന്നതിൽ അർഥമില്ലെന്നും വസുന്ധര രാജെ ട്വിറ്ററിലൂടെ വ്യക്തമാക്കി.

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നിൽ ബിജെപി എന്നാണ് കോൺ​ഗ്രസ് ആരോപണം. ഹരിയാനയിലെ ബിജെപി സർക്കാരാണ് രാജസ്ഥാനിലെ കോൺ​ഗ്രസ് ഭരണകൂടത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് കോൺ​ഗ്രസ് ആരോപിക്കുന്നു. സച്ചിൻ പൈലറ്റും സംഘവും ഹരിയാനയിലെ റിസോർട്ടിൽ കഴിയുന്നതും അവരെ ചോദ്യം ചെയ്യാനെത്തിയ രാജസ്ഥാൻ പൊലീസിനെ ഹരിയാന പൊലീസ് തടഞ്ഞതും ഇതിന് തെളിവാണെന്ന് കോൺ​ഗ്രസ് വക്താവ് പവൻ ഖേര ചൂണ്ടിക്കാട്ടുന്നു. ‘രാജസ്ഥാൻ പൊലീസിനേക്കാൾ ഹരിയാന പൊലീസിനെയാണോ സച്ചിൻ പൈലറ്റ് വിശ്വസിക്കുന്നത്? ഈ എംഎൽഎമാർ കോൺഗ്രസ് അംഗങ്ങളാണെങ്കിലും അവരിപ്പോൾ ഹരിയാന പൊലീസിന്റെ സംരക്ഷണത്തിലാണ്. ഓപ്പറേഷന് പിന്നിൽ ബിജെപിയാണ് എന്നതിന്റെ തെളിവാണ് ഇത്. അവരത് നിഷേധിക്കുന്നുമില്ല’, പവൻ ഖേര പറഞ്ഞു.

അടുത്ത ഒരു വർഷത്തിനുള്ളിൽ രാജസ്ഥാൻ മുഖ്യമന്ത്രി പദവി തനിക്ക് നൽകാനുള്ള തീരുമാനം എടുത്ത ശേഷം മാത്രം താനുമായി കോൺ​ഗ്രസ് നേതൃത്വം ചർച്ച നടത്തിയാൽ മതിയെന്ന നിലപാടാണ് സച്ചിൻ പൈലറ്റിന്റേത്. തനിക്ക് മുഖ്യമന്ത്രിപദം പ്രഖ്യാപിക്കാത്തപക്ഷം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായോ രാഹുൽ ഗാന്ധിയുമോ ചർച്ചയ്ക്കില്ലെന്ന് പ്രിയങ്കാ ഗാന്ധിയുമായുള്ള ചർച്ചയിൽ പൈലറ്റ് വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കോൺ​ഗ്രസ് നേതൃത്വം ആദ്യം പരസ്യമായി തന്റെ മുഖ്യമന്ത്രി പദം സംബന്ധിച്ച പ്രഖ്യാപനം നടത്താതെ ഇനി ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന നിലപാടാണ് സച്ചിൻ സ്വീകരിക്കുന്നത്.

കഴിഞ്ഞ ദിവസം, ഹരിയാനയിലെ മനേസറിൽ വിമത എംഎൽഎമാർ തങ്ങുന്ന ഹോട്ടലിലേക്ക് എത്തിയ രാജസ്ഥാൻ പൊലീസിനെ ഹരിയാന പൊലീസ് തടഞ്ഞത് നാടകീയ രം​ഗങ്ങൾക്ക് കാരണമായിരുന്നു. രാജസ്ഥാൻ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പാണ് വിമത എംഎൽഎമാകെ കാണാനായി മനേസറിലെ ഹോട്ടലിലെത്തിയത്. എന്നാൽ, ഇവരെത്തിയ വാഹനം ഹരിയാന പൊലീസ് തടയുകയായിരുന്നു. രാജസ്ഥാൻ പൊലീസിനെ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നു പറഞ്ഞാണ് ഹരിയാന പൊലീസ് വാഹനം വഴിയിൽ തടഞ്ഞത്. ചിലരെ ചോദ്യം ചെയ്യാനാണ് വന്നതെന്ന് രാജസ്ഥാൻ പൊലീസ് അറിയിച്ചെങ്കിലും നിലപാട് മാറ്റാൻ ഹരിയാന പൊലീസ് തയ്യാറായില്ല. ഒടുവിൽ, ഏറെ നേരം നീണ്ട അനിശ്ചിതത്വത്തിനും വാക്തർക്കങ്ങൾക്കുമൊടുവിലാണ് രാജസ്ഥാൻ‌ പൊലീസിന് റിസോർട്ടിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചത്.

കോൺ​ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാനിൽ നിന്ന് വിമത എംഎൽഎമാർ ബിജെപി ഭരണത്തിലുള്ള ഹരിയാനയിലെ റിസോർട്ടിലെത്തിയതിനു പിന്നിൽ ബിജെപിയുടെ കുത്സിത നീക്കമാണെന്ന് കോൺ​ഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ, ഇക്കാര്യം ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നിഷേധിച്ചു. ഹരിയാനയിലെ സ്വകാര്യ റിസോർട്ടുകളിൽ ആർക്കു വേണമെങ്കിലും താമസിക്കാം, അതിനു പിന്നിൽ ഞങ്ങൾക്ക് പങ്കൊന്നുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അശോക് ​ഗെലോട്ട് സർക്കാരിനെതിരെ പടനീക്കം നടത്തിയതിനെത്തുടർന്ന് വിമത എംഎൽഎമാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഭരണം അസ്ഥിരപ്പെടുത്താൻ ശ്രമിച്ചതിന്റെ പേരിലാണ് നടപടി. ഇതേക്കുറിച്ചുള്ള അന്വേഷണച്ചുമതലയാണ് സ്പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പിനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP