Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമസഭാ സമ്മേളനം നടക്കുന്ന ദിവസം അവിടെ നിന്ന് ഒഴിവായി പങ്കെടുക്കേണ്ട കാര്യമുണ്ടെന്നു തോന്നിയില്ല; എന്റെ സാന്നിധ്യം അനിവാര്യമായ പ്രാധാന്യമുള്ള ചടങ്ങുകൾക്കേ പോകാറുള്ളൂ; നെടുമങ്ങാട്ടെ എംഎൽഎ ദിവാകരന്റെ വിശദീകരണവും വെട്ടിലാക്കുന്നതും ശ്രീരാമകൃഷ്ണനെ; കാർബൺ ഡോക്ടറെ സ്പീക്കർ കാണാൻ പോയതിൽ സിപിഎമ്മിനും അതൃപ്തി; സ്വപ്‌നാ സുരേഷുമായുള്ള അടുപ്പം ശ്രീരാമകൃഷ്ണനെ വെട്ടിലാക്കുമ്പോൾ

നിയമസഭാ സമ്മേളനം നടക്കുന്ന ദിവസം അവിടെ നിന്ന് ഒഴിവായി പങ്കെടുക്കേണ്ട കാര്യമുണ്ടെന്നു തോന്നിയില്ല; എന്റെ സാന്നിധ്യം അനിവാര്യമായ പ്രാധാന്യമുള്ള ചടങ്ങുകൾക്കേ പോകാറുള്ളൂ; നെടുമങ്ങാട്ടെ എംഎൽഎ ദിവാകരന്റെ വിശദീകരണവും വെട്ടിലാക്കുന്നതും ശ്രീരാമകൃഷ്ണനെ; കാർബൺ ഡോക്ടറെ സ്പീക്കർ കാണാൻ പോയതിൽ സിപിഎമ്മിനും അതൃപ്തി; സ്വപ്‌നാ സുരേഷുമായുള്ള അടുപ്പം ശ്രീരാമകൃഷ്ണനെ വെട്ടിലാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'എന്റെ സൗകര്യം നേരിട്ട് ഉറപ്പാക്കാതെയാണു നോട്ടിസിൽ പേരുവച്ചത്. നിയമസഭാ സമ്മേളനം നടക്കുന്ന ദിവസം അവിടെ നിന്ന് ഒഴിവായി പങ്കെടുക്കേണ്ട കാര്യമുണ്ടെന്നു തോന്നിയില്ല. എന്റെ സാന്നിധ്യം അനിവാര്യമായ, പ്രാധാന്യമുള്ള ചടങ്ങുകൾക്കേ പോകാറുള്ളൂ.' എന്തുകൊണ്ട് സന്ദീപ് നായരുടെ കാർബൺ ഡോക്ടർ എന്ന കാർ വർക് ഷോപ്പിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തില്ലെന്ന ചോദ്യത്തിന് മുൻ മന്ത്രി സി ദിവാകരൻ നൽകുന്ന വിശദീകരണമാണ് ഇത്. കാർബൺ ഡോക്ടർ എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ എംഎൽഎയാണ് ദിവാകരൻ. സ്പീക്കർ ശ്രീരാമകൃഷ്ണൻ പങ്കെടുക്കുന്ന സ്ഥലത്ത് നിന്നാണ് എംഎൽഎ വിട്ടുനിന്നത്. സിപിഐ നേതാവിന്റെ വിശദീകരണം അതുകൊണ്ട് തന്നെ വെട്ടിലാക്കുന്നത് സ്പീക്കറെ കൂടിയാണ്.

നിയമസഭയുടെ തിരക്കുകൾക്കിടയിലായിരുന്നു ശ്രീരാമകൃഷ്ണന്റെ യാത്രയെന്ന് വ്യക്തമാക്കുന്നതാണ് ദിവാകരന്റെ വിശദീകരണം. സന്ദീപ് നായരുടെ നെടുമങ്ങാട്ടെ വർക്ഷോപ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തത് പാർട്ടിയിൽ നിന്നു വിവരം തേടിയോ വിശ്വാസത്തിലെടുത്തോ അല്ലെന്ന് സിപിഎം ജില്ലാ നേതൃത്വവും വിശദീകരിക്കുന്നു. ശ്രീരാമകൃഷ്ണന്റെ വിശദീകരണം മുഖവിലയ്‌ക്കെടുക്കുമ്പോഴും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്ന വിലയിരുത്തലാണു സിപിഎം. ഫലത്തിൽ ശ്രീരാമകൃഷ്ണൻ ഈ വിഷയത്തിൽ പാർട്ടിക്കുള്ളിലും സ്പീക്കർ ഒറ്റപ്പെടുകയാണ്. നേരത്തെ ഇക്കാര്യത്തിൽ ജാഗ്രത കുറവുണ്ടായെന്ന് ശ്രീരാമകൃഷ്ണനും സമ്മതിച്ചിരുന്നു.

സന്ദീപിന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷനായി നിശ്ചയിച്ചിരുന്നതു മുന്മന്ത്രിയും നെടുമങ്ങാട് എംഎൽഎയുമായ സി ദിവാകരനെയാണ്. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ പങ്കെടുക്കേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചു. സഭാധ്യക്ഷനായ സ്പീക്കർ ഉച്ചയ്ക്കു പോയി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. കഴിഞ്ഞ ഡിസംബർ 31നു 9.30നു നിശ്ചയിച്ചിരുന്ന ചടങ്ങ് സ്പീക്കറുടെ സൗകര്യാർഥം ഉച്ചയോടെയാണു നടന്നത്. ദിവാകരൻ മാത്രമല്ല, മറ്റു സിപിഐ പ്രതിനിധികളും സിപിഎം ഏരിയ സെക്രട്ടറിയും ചടങ്ങിൽ നിന്നു വിട്ടുനിന്നു. ഇതും ശ്രീരാമകൃഷ്ണന് തിരിച്ചടിയാണ്. ഇടത് നേതാക്കളെ മാത്രമാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്. പ്രാദേശിക നേതാക്കൾ പങ്കെടുക്കുകയും ചെയ്തു. കോൺസുലേറ്റ് പ്രതിനിധിയെന്ന നിലയിൽ പരിചയമുണ്ടായിരുന്ന സ്വപ്ന സുരേഷ് നിർബന്ധിച്ചതിന്റെയും അവരുമായുള്ള സൗഹൃദത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമാണു പങ്കെടുത്തതെന്നാണ് ശ്രീരാമകൃഷ്ണന്റെ വിശദീകരണം. സ്‌പെഷ്യൽ ബ്രാഞ്ച് ഉപദേശം തേടാതെ ഇത്തരം പരിപാടികൾക്ക് പോകുന്നത് ശരിയല്ലെന്നും സ്പീക്കർ സമ്മതിച്ചിട്ടുണ്ട്.

സഭാസമ്മേളനം നടക്കുന്ന സമയത്ത് 15 കിലോമീറ്ററകലെ ഇങ്ങനെയൊരു സ്വകാര്യചടങ്ങ് ഒഴിവാക്കാമായിരുന്നുവെന്ന അഭിപ്രായമാണു സിപിഎം നേതൃത്വത്തിനുള്ളത്. വിവാദം ഉയർന്നതോടെ ജില്ലാ നേതൃത്വത്തിൽ നിന്നു സംസ്ഥാന നേതൃത്വം വിവരം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കിയത്. മന്ത്രിമാരോ സ്പീക്കറോ പങ്കെടുക്കുന്ന ചടങ്ങിൽ സ്ഥലം എംഎൽഎ അധ്യക്ഷനായിരിക്കണമെന്ന പ്രോട്ടോക്കോൾ പാലിച്ചാണു സന്ദീപ് നായരുടെ നെടുമങ്ങാട്ടെ വർക്ഷോപ് ഉദ്ഘാടനച്ചടങ്ങിലേക്ക് സി ദിവാകരനെ ക്ഷണിച്ചത്. എന്നാൽ തന്റെ സൗകര്യം മുൻകൂട്ടി ചോദിക്കാതെ തീയതിയും സമയവും തീരുമാനിച്ചതിനാലും പന്തികേടു മണത്തതിനാലും അദ്ദേഹം പോയില്ല. സിപിഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെറീഫും പങ്കെടുത്തില്ല. സിപിഎം ഏരിയ സെക്രട്ടറി ആർ. ജയദേവൻ, നെടുമങ്ങാട് മുനിസിപ്പൽ ചെയർമാനും ജില്ലയിലെ മുതിർന്ന സിപിഎം നേതാവുമായ ചെറ്റച്ചൽ സഹദേവൻ എന്നിവരും വിട്ടുനിന്നു.

സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.എസ്. സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം എൽ.പി. മായാദേവി എന്നിവരാണു പങ്കെടുത്ത സിപിഎം പ്രതിനിധികൾ. സ്ഥാപനത്തെയും അതിനു നേതൃത്വം കൊടുക്കുന്നവരെയും കുറിച്ചു പാർട്ടി തലത്തിൽ ഭിന്നാഭിപ്രായമുണ്ടായിരുന്നുവെന്നാണു വ്യക്തമാകുന്നത്. സന്ദീപ് നായർക്ക് സിപിഎം ഏരിയ സെക്രട്ടറിയും സിപിഐ മണ്ഡലം സെക്രട്ടറിയും എതിരായിരുന്നു. സന്ദീപ് നായരുടെ വർക് ഷോപ്പുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നപ്പോൾ കാര്യങ്ങൾ വിശദീകരിക്കാനായി സിപിഎം ഏരിയ സെക്രട്ടറി വാർത്താസമ്മേളനം നടത്താൻ മുതിർന്നെങ്കിലും ജില്ലാ നേതൃത്വം വിലക്കിയെന്നാണ് സൂചന. ഇതിന് കാരണം പാർട്ടി വിഭാഗിയത ചർച്ചയാവാതിരിക്കാനായിരുന്നു.

സർക്കാരിന്റെ പണം ഉപയോഗിച്ച് വിദേശ യാത്രകൾ നടത്തിയിട്ടില്ല. സഹോദരങ്ങൾ ദുബായിലാണ് ജോലി ചെയ്യുന്നത്. ചില സമയങ്ങളിൽ അമ്മയും അവിടെയാണ്. ഇടക്കാലത്ത് ഇന്റേൺഷിപ്പിനായി മകളും യുഎഇയിലായിരുന്നു. നാല് വർഷത്തിനിടെ 14 തവണയാണ് യുഎഇയിൽ പോയത്. അതിൽ ആറ് തവണയും പ്രതിപക്ഷ പ്രാതിനിധ്യമുള്ള സംഘടനകളുടെ ക്ഷണപ്രകാരമാണ് പോയത്-തന്റെ വിദേശയാത്രകളിലെ സത്യം വെളിപ്പെടുത്തി സ്പീക്കർ ശ്രീരാമകൃഷ്ണൻ നേരത്തെ രംഗത്ത് വന്നിരുന്നു. സ്വപ്ന സുരേഷ് ക്ഷണിച്ച പരിപാടിയിൽ പങ്കെടുത്തത് ഓഫീസിന്റെ വീഴ്ചയെന്നും സമ്മതിച്ചിരുന്നു. ഇനി തെറ്റ് സംഭവിക്കാതെ നോക്കുമെന്നും വിശദീകരിച്ചു.

പങ്കെടുക്കുന്ന പരിപാടികളെ സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ട് ലഭിക്കാറില്ല. റിപ്പോർട്ട് ലഭ്യമാക്കുകയും പരിപാടികളുടെ സൂക്ഷാമാംശങ്ങൾ മനസിലാക്കുകയും ചെയ്ത ശേഷം മാത്രമേ പോകാവൂ എന്ന പാഠം ഇപ്പോൾ മനസിലാക്കുന്നു. ഇതൊരു പാഠമാണെന്നും ഇന്ന് നോക്കുമ്പോൾ അതൊരു വീഴ്ചയാണെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. മാതൃഭൂമിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സ്പീക്കർ നിലപാട് വ്യക്തമാക്കുന്നത്. സന്ദീപല്ല, സ്വപ്നയും സുഹൃത്തുക്കളും ചേർന്നാണ് കട ഉദ്ഘാടനത്തിന് ക്ഷണിച്ചത്. സാധാരണ ഗതിയിൽ പോകാറില്ലെങ്കിലും സംരംഭകന്റെ അമ്മയോടുള്ള ആദരവിന്റെ പേരിലാണ് ചടങ്ങിന് പോയത്. ക്ഷണക്കത്തിൽ പ്രാദേശികമായ എല്ലാ ജനപ്രതിനിധികളുടെയും പേരുകളുണ്ടായിരുന്നുവെന്നും അവരാരും ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയില്ല-സ്പീക്കർ നൽകിയ വിശദീകരണം ഇങ്ങനെയാണ്.

സ്വപ്നയുമായി അപരിചിതത്വമില്ല. കഴിഞ്ഞ നാല് വർഷമായി അവരായിരുന്നു യുഎഇ കോൺസുലേറ്റിന്റെ മുഖമായി കേരള സർക്കാരിന് മുന്നിലെത്തിയിരുന്നത്. സർക്കാരിനോട് വിവിധ പരിപാടികളുമായി നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥയായാണ് അവരെ കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥയെ സംബന്ധിച്ച് ഒരു സംശയം ഉണ്ടാകേണ്ട കാര്യമില്ല. മലയാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉന്നയിക്കേണ്ട അവസരത്തിൽ അവരെ സമീപിക്കാറുണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു ഉദ്യോഗസ്ഥ ഏതെങ്കിലും തരത്തിൽ വഴിവിട്ട നീക്കം നടത്തുന്നയാളാവും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ലെന്നും സ്പീക്കർ പറയുന്നു.

സ്വർണക്കടത്ത് വാർത്തകൾ പുറത്ത് വരുന്നതിന് ശേഷമോ തൊട്ടടുത്തോ അവരെ സഹായിക്കുന്ന ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. ഒരു സഹായവും അവർ ആവശ്യപ്പെട്ടിട്ടില്ല. ഓദ്യോഗിക കാര്യങ്ങളല്ലാതെ ഒന്നും സംസാരിച്ചിട്ടില്ല. സ്വപ്നയുടെ തോളിൽ തട്ടുന്നതിന് അശ്ലീല സ്വഭാവം തോന്നുന്നത് അത് തോന്നുവരുടെ മനസിന്റെ വൈകൃതമാണെന്നും അതിൽ തെറ്റ് കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP