Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോട്ടഭൂമി എങ്കിൽ 15 ഏക്കറിലധികം കൈവശം വെക്കാമെന്ന് നിയമം; മറ്റാവശ്യങ്ങൾക്കായി ഉപയോഗിച്ചാൽ 15 ഏക്കറിൽ കൂടുതലുള്ളത് മിച്ചഭൂമി; ഈ മിച്ചഭൂമി ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരവും ചമയങ്ങളുടെ വിലയും നൽകുമെന്ന വ്യവസ്ഥയോടെ പുതിയ നിയമ നിർമ്മാണം; അണിയറയിൽ ഒരുങ്ങുന്നത് ബിലിവേഴ്‌സ് ചർച്ചിന് വില നൽകി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നീക്കം; ഒന്നും സിപിഐയും റവന്യൂ വകുപ്പും അറിയുന്നില്ല; ശബരിമല വിമാനത്താവള പദ്ധതിക്കായുള്ള പുതിയ നീക്കം വൻ വിവാദമാകും

തോട്ടഭൂമി എങ്കിൽ 15 ഏക്കറിലധികം കൈവശം വെക്കാമെന്ന് നിയമം; മറ്റാവശ്യങ്ങൾക്കായി ഉപയോഗിച്ചാൽ 15 ഏക്കറിൽ കൂടുതലുള്ളത് മിച്ചഭൂമി; ഈ മിച്ചഭൂമി ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരവും ചമയങ്ങളുടെ വിലയും നൽകുമെന്ന വ്യവസ്ഥയോടെ പുതിയ നിയമ നിർമ്മാണം; അണിയറയിൽ ഒരുങ്ങുന്നത് ബിലിവേഴ്‌സ് ചർച്ചിന് വില നൽകി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നീക്കം; ഒന്നും സിപിഐയും റവന്യൂ വകുപ്പും അറിയുന്നില്ല; ശബരിമല വിമാനത്താവള പദ്ധതിക്കായുള്ള പുതിയ നീക്കം വൻ വിവാദമാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് പണം നൽകി ഏറ്റെടുക്കാൻ പുതുവഴിയുമായി സംസ്ഥാന സർക്കാർ. ഇതിനായി നിയമനിർമ്മാണത്തിലേക്ക് സർക്കാർ കടക്കുമ്പോൾ അത് പുതിയ തലത്തിലെത്തുകയാണ്. ഉടമസ്ഥാവകാശം സംബന്ധിച്ച് സർക്കാരുമായി തർക്കത്തിലുള്ള ഭൂമിയാണെങ്കിലും നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാമെന്നതാണ് പുതിയ നിയമത്തിന്റെ കാതൽ. വലി പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാകും നിയമം. സർക്കാരിന് വലിയ ബാധ്യതയായി മാറുകയും ചെയ്യും. ബിഷപ് കെപി യോഹന്നാന്റെ ഉടമസ്ഥതയിലാണ് ചെറുവള്ളി എസ്‌റ്റേറ്റ്. തങ്ങളുടെ അവകാശം അംഗീകരിച്ചാൽ ഈ ഭൂമി വിമാനത്താവളത്തിന് നൽകാൻ ബിഷപ് തയ്യാറാണെന്നാണ് സൂചന. ഉടൻ വിമാനത്താവള പണി തുടങ്ങാൻ ചെറുവള്ളിയിലെ നിയമ പ്രശ്‌നങ്ങൾ അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമം. ഇതിന് വേണ്ടിയാണ് പണം നൽകുന്നത്.

ഭൂമിസംബന്ധമായ നിയമനിർമ്മാണത്തിന് റവന്യൂവകുപ്പാണ് കരടുണ്ടാക്കേണ്ടതെങ്കിലും വകുപ്പറിയാതെയാണ് നടപടി പുരോഗമിക്കുന്നത്. കരട് ഇപ്പോൾ നിയമവകുപ്പിന്റെ പരിഗണനയിലാണ്. ഇത് മന്ത്രിസഭയിൽ പോലും പ്രശ്‌നങ്ങളുണ്ടാക്കും. സിപിഎം-സിപിഐ പോരിലേക്കും ചർച്ചകൾ സജീവമാക്കും. റവന്യൂവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ കടുത്ത പ്രതിഷേധത്തിലാണ്. റവന്യൂ വകുപ്പിന്റെ കാര്യങ്ങളിൽ സിപിഎം ഇടപെടുന്നതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ ഈ നിയമത്തെ മന്ത്രിസഭയിൽ റവന്യൂമന്ത്രി തന്നെ എതിർക്കാനും ഇടയുണ്ട്. ബിലിവേഴ്‌സ് ചർച്ചിന്റെ ഭൂമി ഏറ്റെടുക്കാനുള്ള നിയമ പോരാട്ടം റവന്യൂ വകുപ്പ് നടത്തുന്നുണ്ട്. ഇതിന് ഉടൻ തീർപ്പുണ്ടാകും. ഈ സാഹചര്യത്തിൽ എന്തിനാണ് നിയമ നിർമ്മാണം എന്ന ചോദ്യമാണ് സിപിഐ ഉയർത്തുന്നത്. ബിലീവേഴ്‌സ് ചർച്ചിനെ പിണക്കാൻ താൽപ്പര്യമില്ലാത്തതിനാൽ കോൺഗ്രസ് ഈ വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ല. ഈ സാഹചര്യം മുതലെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കം.

കേസുള്ള ഭൂമി ആരും വാങ്ങാറില്ല. ഇവിടെ ഏതാണ്ട് ഉടമസ്ഥാവകാശം സർക്കാരിന് ഉറപ്പിച്ചതുമാണ്. എന്നിട്ടും പണം നൽകുന്നത് വിവാദമാകും. ഇതിന് നിയമപരമായ പരിരക്ഷ നൽകാനാണ് നിയമ നിർമ്മാണം. എന്നാൽ ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയെ ഉദ്ദേശിച്ചാണ് നിയമമെങ്കിലും മുൻകാലങ്ങളിൽ സർക്കാർ ഏറ്റെടുത്ത പല ഭൂമിക്കും ഇതുപ്രകാരം നഷ്ടപരിഹാരം നൽകേണ്ടിവരാം. ഇത് ഖജനാവിന് വലിയ ബാധ്യതയായി മാറുകയും ചെയ്യും. ഭൂപരിഷ്‌കരണ നിയമപ്രകാരം തോട്ടഭൂമിയെന്ന പരിഗണനയിലാണ് 15 ഏക്കറിലധികം കൈവശം വെക്കാൻ കഴിയുക. എന്നാൽ, മറ്റാവശ്യങ്ങൾക്കായി ഉപയോഗിച്ചാൽ 15 ഏക്കറിൽ കൂടുതലുള്ളത് മിച്ചഭൂമിയാകും. മിച്ചഭൂമിക്ക് നഷ്ടപരിഹാരവും ചമയങ്ങളുടെ വിലയും നൽകണമെന്ന വ്യവസ്ഥയാണ് കരട് നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത് ചെറുവള്ളിയെ തോട്ട ഭൂമി അല്ലാതെയാക്കി മാറ്റി ഏറ്റെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്.

കുറച്ചു സ്ഥലമാണ് ഏറ്റെടുക്കുന്നതെങ്കിലും അതിലെ ഉടമസ്ഥാവകാശം സംബന്ധിച്ച തീർപ്പ് മുഴുവൻ സ്ഥലത്തിനും ബാധകമാകുമെന്നും വ്യവസ്ഥചെയ്യും. ഏറ്റെടുക്കുന്ന സ്ഥലം കൈവശക്കാരന്റേതാണെന്നാണ് തീർപ്പെങ്കിൽ ഇപ്പോഴത്തെ കൈവശക്കാരന് ബാക്കി സ്ഥലത്തിന്റെ ഉടമസ്ഥാവകാശവും ഇതുവഴി കൈവരും. റവന്യൂ വകുപ്പ് അറിയാതെ തയ്യാറാക്കിയ കരട് നിയമവകുപ്പിന് കിട്ടിയതോടെയാണ് ഈ നീക്കം പുറത്തായത്. ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമുണ്ടോയെന്ന് പരിശോധിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് നിയമവകുപ്പിനു കൈമാറിയത്. 27-ന്റെ നിയമസഭാ സമ്മേളനത്തിനുശേഷം ഓർഡിനൻസായി കൊണ്ടുവരാനാണ് ഉദ്ദേശ്യം. മുഖ്യപ്രതിപക്ഷമായ യുഡിഎഫ് ഇതിനെ എഥിർക്കില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. എന്നാൽ ബിജെപി എതിർപ്പുയർത്തുമെന്നും അറിയാം. ഇത് കാര്യമായി എടുക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് പ്രിൻസിപ്പൽ സിവിൽ കോടതിയിലാണു നൽകേണ്ടത്. ആറു മാസത്തിനുള്ളിൽ കോടതി ഇക്കാര്യത്തിൽ തീർപ്പുണ്ടാക്കണം. അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലേ ഫയൽ ചെയ്യാനാകൂ. മേൽക്കോടതിയിലേക്ക് അപ്പീലിന് വ്യവസ്ഥയില്ല. ഹൈക്കോടതി ഒരു വർഷത്തിനുള്ളിൽ വിധിപറയണം. വില നിശ്ചയിക്കേണ്ടത് 2013-ലെ സ്ഥലം ഏറ്റെടുക്കലും പുനരധിവാസവും നിയമം അനുസരിച്ചായിരിക്കണം. ഏറ്റെടുത്ത സ്ഥലത്തിന്റെ ഉടമസ്ഥൻ കൈവശക്കാരനല്ലെങ്കിലും ചമയങ്ങൾ നിർമ്മിച്ചത് കൈവശക്കാരനെങ്കിൽ കൈവശക്കാരന് അതിന്റെ വില നൽകും. സ്ഥലത്തിന്റെ ഉടമ കൈവശക്കാരനാണെന്നാണ് ഹൈക്കോടതി തീർപ്പെങ്കിൽ പിന്നീട് ഒരിക്കലും സർക്കാർ ഉടമസ്ഥാവകാശം ഉന്നയിക്കില്ല. സ്ഥലവില ഒരു വർഷത്തിനുള്ളിൽ കൈമാറണം. അല്ലെങ്കിൽ വിധിവന്ന നാൾമുതൽ ആറുശതമാനം പലിശയും നൽകണം-എന്നിവയാണ് കരട് ബില്ലിലെ പ്രധാന വ്യവസ്ഥകൾ.

ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. ചെറുവള്ളി എസ്റ്റേറ്റിൽ നിന്ന് 2263 ഏക്കർ ഏറ്റെടുക്കാൻ കോട്ടയം ജില്ലാകലക്ടർക്ക് അനുവാദം നൽകിക്കൊണ്ട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കമുള്ള ഭൂമിയാതിനാൽ നഷ്ട പരിഹാരത്തുക കോടതിയിൽ കെട്ടിവെക്കുമെന്നും അറിയിച്ചിരുന്നു. ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായാണ് കാഞ്ഞിരപ്പള്ളി താലൂക്കിലെ ചെറുവള്ളി എസ്റ്റേറ്റിൽനിന്ന് 2263.18 ഏക്കർ ഭൂമി ഏറ്റെടുക്കുക. എരുമേലി, മണിമല വില്ലേജുകളിലെ ഈ ഭൂമിയാണ് ശബരിമലക്ക് ഏറ്റവും അടുത്തുള്ളതും വിമാനത്താവളത്തിന് അനുയോജ്യവുമായ ഭൂമിയെന്ന് അഡിഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി കണ്ടെത്തുകയായിരുന്നു.

ഗോസ്പൽ ഒഫ് ഏഷ്യ ചാരിറ്റബിൾട്രസ്റ്റിന്റെ കൈവശമാണ് ഇപ്പോൾ ചെറുവള്ളി എസ്റ്റേറ്റ്. ഹാരിസൺ മലയാളത്തിൽ നിന്ന് വാങ്ങിയതാണെന്നാണ് ട്രസ്റ്റ് വ്യക്തമാക്കുന്നത്. എന്നാൽ ഈ ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ളതാണെന്നും ഇത് വിൽക്കാനോ വാങ്ങുവാനോ ഹാരിസണും ഗോസ്പൽ ഒഫ് ഏഷ്യക്കും അധികാരമില്ലെന്നുമാണ് റവന്യൂ വകുപ്പിന്റെ നിലപാട്. സ്്പെഷൽ ഓഫീസറായി നിയമിച്ച എം.ജി.രാജമാണിക്യം ചെറുവള്ളി ഉൾപ്പെടെയുള്ള ഹാരിസൺ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് ശുപാർശ ചെയ്തു. എന്നാൽ ഹൈക്കോടതി ഇത് പൂർണമായി അംഗീകരിച്ചില്ല. കേസ് കോടതിയിൽ നിലനിൽക്കുന്നതിനാൽ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള നഷ്ടപരിഹാരത്തുക പാലാ കോടതിയിൽ കെട്ടിവെക്കാനായിരുന്നു തീരുമാനം. പാലാകോടതിയുടെ അധികാരപരിധിയിലാണ് ചെറുവള്ളി എസ്റ്റേറ്റ് സ്ഥിതിചെയ്യുന്നത്. ഇതിനിടെയാണ് നിയമ നിർമ്മാണത്തിലൂടെ നഷ്ടപരിഹാരം കൊടുക്കാൻ പുതിയ വഴി തേടുന്നത്. മിച്ച ഭൂമി പ്രയോഗമാണ് ഇതിൽ നിർണ്ണായകമാകുന്നത്. മിച്ച ഭൂമിയിലെ കൃഷിക്കും മറ്റും പണം നൽകാനുള്ള നീക്കമാണ് നിർണ്ണായകം.

എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെന്ന് അഞ്ച് അന്വേഷണ കമ്മീഷനുകൾ നൽകിയ റിപ്പോർട്ട് നിലനിൽക്കുമ്പോഴും വിമാനത്താവളത്തിനായി ഭൂമി വിലകൊടുത്തുവാങ്ങാനുള്ള സർക്കാർ നീക്കം കേരള ജനതയോടുള്ള വെല്ലുവിളിയാകുന്നു എന്ന ആക്ഷേപം സജീവമായിരുന്നു. ഇതിനിടെയാണ് പുതിയ നീക്കം. ഹാരിസൺ ഗ്രൂപ്പിന്റെ കൈവശമുള്ള തോട്ടങ്ങളെപ്പറ്റി അന്വേഷണം നടത്തിയ ലാന്റ് റവന്യൂ കമ്മീഷണറായിരുന്ന നിവേദിത പി.ഹരൻ, ഭൂമി ഏറ്റെടുക്കുന്നത്.സംബന്ധിച്ച പഠനം നടത്തിയ ജസ്റ്റീസ് എൽ.മനോഹരൻ, ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണറായിരുന്ന സജിത്ത് ബാബു, ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ വിജിലൻസ് ഡിവൈ.എസ്‌പി നന്ദനൻപിള്ള, ഭൂമി ഏറ്റെടുക്കാൻ നിയമിതനായ സ്പെഷൽ ഓഫീസർ രാജമാണിക്കം എന്നിവരുടെ റിപ്പോർട്ടുകളിലാണ് ഹാരിസൺ കൈവശം വച്ചിരിക്കുന്നതും വിറ്റതുമായ ഭൂമി സർക്കാറിന് അവകാശപ്പെട്ടതാണെന്നും അത് എത്രയും വേഗം തിരിച്ചു പിടിച്ചെടുക്കണമെന്നും നിർദ്ദേശിച്ചിരിക്കുന്നത്.

എന്നാൽ ഈ റിപ്പോർട്ടുകൾക്കെല്ലാം പുല്ലുവില പോലും നൽകാതിരുന്ന ഇടതു സർക്കാർ ഹാരിസൺ ഭൂമിയെപ്പറ്റി കോടതിയിൽ സമർഥമായി വാദിച്ച റവന്യൂ വകുപ്പ് സ്പെഷൽ സുശീല ഭട്ടിനെ തൽസ്ഥാനത്തുനിന്ന് മാറ്റുക മാത്രമല്ല രാജമാണിക്കം റിപ്പോർട്ട് പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് നിയമ സാധുതയില്ലെന്നു വരുത്തി തീർക്കാനാണ് ശ്രമിച്ചത്. ഇതിന് പുതിയ മാനം നൽകുന്നതാണ് നിയമ നിർമ്മാണ നീക്കം.

ചെറുവള്ളി തോട്ടത്തിന്റെ ചരിത്രത്തിലേക്ക്

1979-ൽ മലയാളം പ്ലാന്റേഷൻ (യു.കെ)ലിമിറ്റഡ് എന്ന സ്ഥാപനം കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പരിശോധിച്ചാൽ ചെറുവള്ളിതോട്ടത്തിന്റെ ചരിത്രം മനസിലാക്കാം. ബ്രിട്ടീഷ് കമ്പനിയായിരുന്ന റബർ ആൻഡ് പ്രൊഡ്യൂസ് കമ്ബനി ലിമിറ്റഡ് (നമ്ബർ 4-10, ഗ്രേറ്റ് ടവർ ഇൻ ലണ്ടൻ) എന്ന സ്ഥാപനം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ വിവിധ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പാട്ട വ്യവസ്ഥ പ്രകാരം വാങ്ങികൂട്ടിയതാണ് 2263 ഏക്കർ വരുന്ന ഇന്നത്തെ ചെറുവള്ളിതോട്ടം. വഞ്ഞിപ്പുഴ മഠാധിപതി, പശ്ചിമഘട്ട ദേവസ്വം (പാട്ടം നമ്പർ 729), വർഗീസ് തോമസ് (പാട്ടം നമ്ബർ 1118), ബ്രഹ്മദത്തൻ നമ്ബൂതിരി, കൃഷ്ണൻ നമ്ബൂതിരി എന്നിവരുടെ പക്കൽ നിന്നുമാണ് വിശാലമായ ഈ ഭൂമി തോട്ട വിളകൾ കൃഷിചെയ്യുന്നതിന് കമ്പനി പാട്ട വ്യവസ്ഥയിൽ ഏറ്റെടുത്തതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

ഈ പാട്ടഭൂമി കാലാവധിക്ക് ശേഷം ഉടമകൾക്ക് തിരികെ നൽകണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ 1923-ൽ മലയാളം പ്ലാന്റേഷൻ(യു.കെ) ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേര് മലയാളം പ്ലാന്റേഷൻ (യു.കെ) ലിമിറ്റഡ് എന്നാക്കി മാറ്റിയശേഷം തോട്ടഭൂമി മുഴുവൻ പുതിയ കമ്ബനിയുടെ പേരിലേക്ക് മാറ്റി കൊല്ലം സബ് രജിസ്ട്രാർ ഓഫീസിൽ 1600/1923ാം നമ്ബർ കൈമാറ്റ ആധാരം രജിസ്റ്റർ ചെയ്തു. (ഭൂമി വാങ്ങിയതും വിറ്റതും ജോർജ് ആൽബർട്ട് ജോൺ ബാരൻ എന്ന സായ്‌പ്പാണെന്ന കാര്യംകൂടി ഓർക്കുക). ഈ പുതയ കമ്ബനിയുടെ മേൽവിലാസവും നമ്ബർ 4-10, ഗ്രേറ്റ് ടവർ ഇൻ ലണ്ടൻ എന്നാണെന്നും ഓർക്കുക. രണ്ട് കമ്ബനിയും ഒരു തന്തയ്ക്ക് പിറന്നതാണെന്ന കാര്യത്തിൽ ഇതിൽ കൂടുതൽ തെളിവ് വേണ്ടല്ലൊ.

സ്വാതന്ത്ര്യത്തിന് ശേഷവും ഇന്ത്യൻ മണ്ണിൽ ആധിപത്യം ഉറപ്പിച്ച യു.കെ കമ്ബനി 1963-ൽ ഭൂപരിഷ്‌ക്കരണം വന്നതോടെ വെട്ടിലായി. തുടർന്ന് 1973-ൽ ഫെറാ (ഫോറിൻ എക്സ്ചേഞ്ച് റഗുലേഷൻ ആക്റ്റ്) നിയമം കൂടി വന്നതോടെ ഇന്ത്യൻ മണ്ണിൽ വിദേശ കമ്ബനിക്ക് ഭൂമി സ്വന്തമാക്കി വച്ചുകൊണ്ടിരിക്കാനുള്ള അവകാശം നഷ്ടമായി. ഈ നിയമത്തിലെ 16, 29, 31 വകുപ്പുകൾ അനുസരിച്ച് വിദേശ കമ്ബനികൾക്ക് ഇന്ത്യയിൽ ബിസിനസ് നടത്തുന്നതിന് കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.

ഇത് മറികടക്കുന്നതിനായി ബ്രിട്ടീഷ് കമ്ബനിയുടെ ചില ആശ്രിതർ ചേർന്ന് ഇന്ത്യൻ കമ്ബനീസ് ആക്റ്റ് പ്രകാരം 1978 ജനുവരി 5ന് 2947/78ാം നമ്ബരായി കൊച്ചിയിൽ മലയാളം പ്ലാന്റേഷൻ (ഇന്ത്യ) ലിമിറ്റഡ് എന്ന മറ്റൊരു കമ്ബനി രജിസ്റ്റർ ചെയ്തു. തുടർന്ന് 1979 ഏപ്രിൽ മാസം നാലിന് കേരളാ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട 545/78ാം നമ്ബർ ഹർജിയിലൂടെ മലയാളം പ്ലാന്റേഷൻ(യു.കെ) ലിമിറ്റഡ് മലയാളം പ്ലാന്റേഷൻ (ഇന്ത്യ)ലിമിറ്റഡിൽ ലയിച്ചു.(ബ്രിട്ടീഷ് കമ്ബനിയുടെ ഷെയർ വാങ്ങിയതല്ലാതെ ഭൂമി ഒന്നും തന്നെ ഇന്ത്യൻ കമ്ബനിയുടെ പേരിലേക്ക് മാറ്റിയില്ലെന്നുള്ളത് ശ്രദ്ധേയമാണ്). അതിനുശേഷം 1984 ഒക്ടോബർ 19ന് സി.എ.35/1983ാം നമ്ബർ ഹർജി വഴി ഹാരിസൺ ആൻഡ് ക്രോസ്ഫീൽഡ് കമ്ബനിയും മലയാളം പ്ലാന്റേഷൻ(ഇന്ത്യ) ലിമിറ്റഡിൽ ലയിച്ചു. അങ്ങനെ ഹാരിസൺ മലയാളം പ്ലാന്റേഷൻ ഇന്ത്യ ലിമിറ്റഡ് എന്ന കമ്ബനി രൂപീകരിക്കുകയായിരുന്നു.

ഭൂപരിഷ്‌ക്കരണ നിയമം വന്നതോടെ ജന്മിമാർക്ക് ഭൂമിക്കുമേലുള്ള അവകാശം നഷ്ടപ്പെട്ടതിനാൽ പാട്ടഭൂമി പൂർണമായും സർക്കാർ ഭൂമിയായി മാറിയെങ്കിലും ഭൂമി പിടിച്ചെടുക്കാനൊ ഹാരിസണെതിരെ ചെറുവിരൽ അനക്കാനോ സർക്കാർ തയാറായില്ല. റവന്യൂ വകുപ്പ് ഉന്നതർ കമ്പനിക്കു വേണ്ട എല്ലാ സഹായവും കാലാകാലങ്ങളിൽ നൽകിവന്നെന്ന കാര്യവും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിലാണ് പാട്ട ഭൂമിയാണെന്ന കാര്യം പൂർണമായും മറച്ചുവച്ചുകൊണ്ട് 2005 ഓഗസ്റ്റ് 2ന് 2329/05 തീറാധാരപ്രകാരം 63 കോടി രൂപയ്ക്ക് (ആധാരത്തിൽ രേഖപ്പെടുത്തിയിട്ടുള്ള പണം. യഥാർഥ്യം ഇതിന്റെ രണ്ട് ഇരട്ടിയിലധികമാണെന്ന് സൂചന) എരുമേലി സബ് രജിസ്ട്രാർ ഓഫീസിൽവച്ച് ബിലീവേഴ്സ് ചർച്ച ഡയറക്ടർ ബിഷപ്പ് യോഹന്നാന് ഭൂമി കൈമാറുന്നത്. ഏതാണ്ട് മൂന്നു ലക്ഷത്തോളം പാവപ്പെട്ടവർ തലചായ്ക്കാൻ ഇടമില്ലാതെ അലയുമ്പോഴാണ് ഇത്തരത്തിലുള്ള നെറികെട്ട കച്ചവടത്തിന് സർക്കാർ കൂട്ടുനിന്നത്.

ഇടത് സർക്കാരിന്റെ ലക്ഷ്യം

ബിലീവേഴ്സ് ചർച്ചിൽ നിന്നും ഭൂമി പണം കൊടുത്ത് സർക്കാർ വാങ്ങുന്നതോടെ ഹാരിസൺ അനുഭവിച്ച് വരുന്ന എല്ലാ ഭൂമിക്കും നിയമസാധുത ഉണ്ടാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. ഇതിനു പത്തനംതിട്ട ജില്ലയിലെ ഇടതു ജനപ്രതിനിധികൾ കുടപിടിക്കുന്നെന്ന കാര്യവും അടിവരയിട്ട് പറയേണ്ടിയിരിക്കുന്നു.

എന്തുവന്നാലും എരുമേലി വിമാനത്താവളം യാഥാർത്ഥ്യമാക്കുമെന്നും അതിനു കെ.പി.യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റാണ് ഏറ്റവും ഉചിതമായ സ്ഥലമാണെന്നും പ്രചരിപ്പിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. കൂടാതെ പി.സി ജോർജ് ഉൾെപ്പടെയുള്ള ഒരു വിഭാഗം നേതാക്കളും രംഗത്തിറങ്ങിയതോടെ കച്ചവടസാധ്യതകളും തെളിഞ്ഞുതുടങ്ങി. ആറു സ്ഥലങ്ങളാണ് എരുമേലി വിമാനത്താവളത്തിനു പറ്റിയ സ്ഥലങ്ങളായി കണ്ടെത്തിയിരിക്കുന്നത്. എല്ലാം അധികം ദൂരെയല്ലാത്ത സ്ഥലങ്ങൾ. അവയിൽ ഏറ്റവും മുൻഗണന ചെറുവള്ളി എസ്റ്റേറ്റിനു തന്നെ. പാരിസ്ഥിതികപ്രശ്നങ്ങളും മറ്റുമുണ്ടാവില്ല. ഏതാണ്ട് നിരപ്പായ സ്ഥലമായതിനാൽ നിർമ്മാണച്ചെലവു കുറയും. തുടങ്ങിയ മെച്ചങ്ങളും ഇതിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP