Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജസ്ഥാനിലെ ജനങ്ങൾ നിരവധി പ്രശ്നങ്ങൾക്ക് നടുവിൽ നിൽക്കുമ്പോൾ ഭരിക്കുന്ന കോൺ​ഗ്രസ് തമ്മിലടിക്കുകയാണെന്ന് വസുന്ധര രാജെ; ജനങ്ങളുടെ താത്‌പര്യങ്ങളാണ് എന്തിനെക്കാളും വലുതെന്നും കോൺഗ്രസ് ജനങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും ബിജെപി നേതാവ്

രാജസ്ഥാനിലെ ജനങ്ങൾ നിരവധി പ്രശ്നങ്ങൾക്ക് നടുവിൽ നിൽക്കുമ്പോൾ ഭരിക്കുന്ന കോൺ​ഗ്രസ് തമ്മിലടിക്കുകയാണെന്ന് വസുന്ധര രാജെ; ജനങ്ങളുടെ താത്‌പര്യങ്ങളാണ് എന്തിനെക്കാളും വലുതെന്നും കോൺഗ്രസ് ജനങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും ബിജെപി നേതാവ്

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: സംസ്ഥാനത്തെ ജനങ്ങൾ നിരവധി പ്രശ്നങ്ങൾക്ക് മുന്നിൽ പകച്ച് നിൽക്കുമ്പോൾ കോൺ​ഗ്രസ് തമ്മിലടിക്കുകയാണെന്ന് ബിജെപി നേതാവും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ. കോൺ​ഗ്രസിലെ തമ്മിലടിക്ക് രാജസ്ഥാനിലെ ജനങ്ങൾ വലിയ വില നൽകേണ്ടി വരുന്നത് നിർഭാ​ഗ്യകരമാണെന്നും അവർ ട്വിറ്ററിൽ വ്യക്തമാക്കി. കോവിഡ് മഹാമാരി, വെട്ടുകിളി ആക്രമണം, സ്ത്രീകൾക്കെതിരേയുള്ള ആക്രമണം, വൈദ്യുതി എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ സംസ്ഥാനം നേരിടുമ്പോഴാണ് കോൺഗ്രസിലെ തമ്മിലടിയെന്നും വസുന്ധര കുറ്റപ്പെടുത്തി. ജനങ്ങളുടെ താത്‌പര്യങ്ങളാണ് എന്തിനെക്കാളും വലുത്. കോൺഗ്രസ് ജനങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും അവർ ഓർമ്മിപ്പിച്ചു. കോൺഗ്രസിനുള്ളിലെ തർക്കത്തിനിടയിലേക്ക് ബിജെപിയേയും ബിജെപി നേതാക്കളുടെയും പേര് വലിച്ചിഴക്കുന്നതിൽ അർഥമില്ലെന്നും വസുന്ധര രാജെ ട്വിറ്ററിലൂടെ വ്യക്തമാക്കി.

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നിൽ ബിജെപി എന്നാണ് കോൺ​ഗ്രസ് ആരോപണം. ഹരിയാനയിലെ ബിജെപി സർക്കാരാണ് രാജസ്ഥാനിലെ കോൺ​ഗ്രസ് ഭരണകൂടത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് കോൺ​ഗ്രസ് ആരോപിക്കുന്നു. സച്ചിൻ പൈലറ്റും സംഘവും ഹരിയാനയിലെ റിസോർട്ടിൽ കഴിയുന്നതും അവരെ ചോദ്യം ചെയ്യാനെത്തിയ രാജസ്ഥാൻ പൊലീസിനെ ഹരിയാന പൊലീസ് തടഞ്ഞതും ഇതിന് തെളിവാണെന്ന് കോൺ​ഗ്രസ് വക്താവ് പവൻ ഖേര ചൂണ്ടിക്കാട്ടുന്നു. ‘രാജസ്ഥാൻ പൊലീസിനേക്കാൾ ഹരിയാന പൊലീസിനെയാണോ സച്ചിൻ പൈലറ്റ് വിശ്വസിക്കുന്നത്? ഈ എംഎൽഎമാർ കോൺഗ്രസ് അംഗങ്ങളാണെങ്കിലും അവരിപ്പോൾ ഹരിയാന പൊലീസിന്റെ സംരക്ഷണത്തിലാണ്. ഓപ്പറേഷന് പിന്നിൽ ബിജെപിയാണ് എന്നതിന്റെ തെളിവാണ് ഇത്. അവരത് നിഷേധിക്കുന്നുമില്ല’, പവൻ ഖേര പറഞ്ഞു.

അടുത്ത ഒരു വർഷത്തിനുള്ളിൽ രാജസ്ഥാൻ മുഖ്യമന്ത്രി പദവി തനിക്ക് നൽകാനുള്ള തീരുമാനം എടുത്ത ശേഷം മാത്രം താനുമായി കോൺ​ഗ്രസ് നേതൃത്വം ചർച്ച നടത്തിയാൽ മതിയെന്ന നിലപാടാണ് സച്ചിൻ പൈലറ്റിന്റേത്. തനിക്ക് മുഖ്യമന്ത്രിപദം പ്രഖ്യാപിക്കാത്തപക്ഷം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായോ രാഹുൽ ഗാന്ധിയുമോ ചർച്ചയ്ക്കില്ലെന്ന് പ്രിയങ്കാ ഗാന്ധിയുമായുള്ള ചർച്ചയിൽ പൈലറ്റ് വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കോൺ​ഗ്രസ് നേതൃത്വം ആദ്യം പരസ്യമായി തന്റെ മുഖ്യമന്ത്രി പദം സംബന്ധിച്ച പ്രഖ്യാപനം നടത്താതെ ഇനി ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന നിലപാടാണ് സച്ചിൻ സ്വീകരിക്കുന്നത്.

കഴിഞ്ഞ ദിവസം, ഹരിയാനയിലെ മനേസറിൽ വിമത എംഎൽഎമാർ തങ്ങുന്ന ഹോട്ടലിലേക്ക് എത്തിയ രാജസ്ഥാൻ പൊലീസിനെ ഹരിയാന പൊലീസ് തടഞ്ഞത് നാടകീയ രം​ഗങ്ങൾക്ക് കാരണമായിരുന്നു. രാജസ്ഥാൻ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പാണ് വിമത എംഎൽഎമാകെ കാണാനായി മനേസറിലെ ഹോട്ടലിലെത്തിയത്. എന്നാൽ, ഇവരെത്തിയ വാഹനം ഹരിയാന പൊലീസ് തടയുകയായിരുന്നു. രാജസ്ഥാൻ പൊലീസിനെ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നു പറഞ്ഞാണ് ഹരിയാന പൊലീസ് വാഹനം വഴിയിൽ തടഞ്ഞത്. ചിലരെ ചോദ്യം ചെയ്യാനാണ് വന്നതെന്ന് രാജസ്ഥാൻ പൊലീസ് അറിയിച്ചെങ്കിലും നിലപാട് മാറ്റാൻ ഹരിയാന പൊലീസ് തയ്യാറായില്ല. ഒടുവിൽ, ഏറെ നേരം നീണ്ട അനിശ്ചിതത്വത്തിനും വാക്തർക്കങ്ങൾക്കുമൊടുവിലാണ് രാജസ്ഥാൻ‌ പൊലീസിന് റിസോർട്ടിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചത്.

കോൺ​ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാനിൽ നിന്ന് വിമത എംഎൽഎമാർ ബിജെപി ഭരണത്തിലുള്ള ഹരിയാനയിലെ റിസോർട്ടിലെത്തിയതിനു പിന്നിൽ ബിജെപിയുടെ കുത്സിത നീക്കമാണെന്ന് കോൺ​ഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ, ഇക്കാര്യം ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നിഷേധിച്ചു. ഹരിയാനയിലെ സ്വകാര്യ റിസോർട്ടുകളിൽ ആർക്കു വേണമെങ്കിലും താമസിക്കാം, അതിനു പിന്നിൽ ഞങ്ങൾക്ക് പങ്കൊന്നുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അശോക് ​ഗെലോട്ട് സർക്കാരിനെതിരെ പടനീക്കം നടത്തിയതിനെത്തുടർന്ന് വിമത എംഎൽഎമാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഭരണം അസ്ഥിരപ്പെടുത്താൻ ശ്രമിച്ചതിന്റെ പേരിലാണ് നടപടി. ഇതേക്കുറിച്ചുള്ള അന്വേഷണച്ചുമതലയാണ് സ്പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പിനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP