Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആകാശ വാണിയിലെ സുധാകരൻ മംഗളോദയത്തിന്റെ നാടകം അച്ഛൻ സിനിമയാക്കിയത് നാടകത്തിൽ സിനിമക്കുള്ള ഒരു എലിമെന്റ് ഉണ്ടെന്ന് കണ്ട്; സുധാകരൻ മംഗളോദയത്തെ വിളിപ്പിച്ച് സിനിമയുമായി മുന്നോട്ട് പോയി; കരിയിലക്കാറ്റ് പോലെ സിനിമ പിറന്നത് അങ്ങനെയാണ്; വെളിപ്പെടുത്തലുമായി പത്മരാജന്റെ മകൻ അനന്തപത്മനാഭൻ

മറുനാടൻ ഡെസ്‌ക്‌

ന്തരിച്ച പ്രശസ്ത നോവലിസ്റ്റ് സുധാകർ മംഗളോദയത്തിന് ആദരാജ്ഞലി അർപ്പിച്ച് സംവിധായകൻ പത്മരാജന്റെ മകനും എഴുത്തുകാരനുമായ അനന്ത പത്മനാഭൻ. സുധാകർ മംഗളോദയത്തിന്റെ കഥയിൽ നിന്നാണ് കരിയിലക്കാറ്റ് പോലെ എന്ന പത്മരാജൻ ചിത്രം പിറക്കുന്നത്. റെഡിയോയിൽ കേട്ട നാടകത്തിൽ നിന്നാണ് സിനിമക്കുള്ള ഒരു എലമെന്റ് അച്ഛൻ കണ്ടുപിടിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. ഇതേക്കുറി ചർച്ച ചെയ്യാനായി സുധാകർ മംഗളോദയത്തെ അച്ഛൻ വീട്ടിലേക്ക് വിളിച്ചിരുന്നു, മിതഭാഷി,അങ്ങേയറ്റം സാധുവുമായ സുമുഖനായ ചെറുപ്പക്കാരനെ താൻ അന്നാണ് കണ്ടതെന്നും ഫേയ്‌സ്ബുക്ക് കുറിപ്പിൽ അദ്ദേഹം കുറിച്ചു. അറം എന്നാണ് ആദ്യം ചിത്രത്തിന് പേര് നൽകിയത്. എന്നാൽ ചില അന്ധവിശ്വാസങ്ങളുടെ ഫലമായി അത് മാറ്റിയെന്നുമാണ്

അനന്ത പത്മനാഭന്റെ കുറിപ്പ് വായിക്കാം:-

വർഷങ്ങൾക്ക് മുമ്പ് ,1985ൽ ആവണം ,സുമുഖനായ ഒരു ചെറുപ്പക്കാരൻ വീട്ടിൽ അഛനോടൊപ്പം വന്നത് ഓർക്കുന്നു .മിതഭാഷി,അങ്ങേയറ്റം സാധു.അദ്ദേഹത്തിന്റെ ഒരു റേഡിയൊ നാടകം അതിന് മുമ്പ് ഒരു ദിവസം കേട്ടിരുന്നു .ആകാശവാണിയിലെ അഛന്റെ മുതിർന്ന സഹപ്രവർത്തകയും അമ്മയുടെ അടുത്ത സുഹൃത്തുമായ സരസ്വതി അമ്മയാണ് അത് കേൾക്കാൻ വിളിച്ച് പറഞ്ഞത് .ഉദ്വേഗഭരിതമായ ഒരു അര മണിക്കൂർ നാടകം ആയിരുന്നു അത്. പേര് ' ശിശിരത്തിൽ ഒരു പ്രഭാതത്തിൽ ' എന്നോർമ്മ.

നാടകത്തിൽ സിനിമക്കുള്ള ഒരു എലിമെന്റ് ഉണ്ടെന്ന് കണ്ട് അഛൻ അദ്ദേഹത്തെ വരുത്തിയതാണ് .അന്ന് തന്നെ കഥയുടെ കോപ്പിറൈറ്റ് വാങ്ങി .ഒരു നിർദ്ദേശം മാത്രം അച്ഛൻ വെച്ചു .ചിത്രത്തിന്റെ ടൈറ്റിലിൽ കഥ: സുധാകർ പി. നായർ എന്നാവും വെക്കുക .(അന്ന് സുധാ മംഗളോദയം എന്ന പേരിലായിരുന്നു അദ്ദേഹം എഴുതി ഇരുന്നത്). അദ്ദേഹം അത് സമ്മതിച്ചു.

പിന്നീട് ' കരിയിലക്കാറ്റ് പോലെ ' എന്ന സിനിമയുടെ തിരക്കഥ അഛൻ കോവളം സമുദ്ര ഹോട്ടലിൽ ഇരുന്നാണ് എഴുതുന്നത് .ക്ലൈമാക്ലിലെ ആത്മഹത്യയും തെളിവായ ഡയറി നശിപ്പിക്കലും ഒക്കെ സിനിമയിൽ വന്ന പരിവർത്തനങ്ങൾ. തിരക്കഥ എഴുതുമ്പോൾ ക്രൈം കൺസൾടെന്റ് ആയി കുറ്റാന്വേഷണ വിദഗ്ധനായ ഡോ.മുരളീകൃഷ്ണയുമായി ഇൻക്വെസ്റ്റിന്റെ വിശദാശംസങ്ങൾ ചോദിച്ചറിഞ്ഞിരുന്നു .ആ രംഗചിത്രീകരണ സമയത്തും അദ്ദേഹം ഉണ്ടായിരുന്നു. ചിത്രത്തിന് ആദ്യം നിശ്ചയിച്ച പേര് 'അറം' എന്നായിരുന്നു. സിനിമാലോകത്തെ ചില അന്ധവിശ്വാസങ്ങളുടെ ഫലമായി അത് മാറ്റി. അച്ഛന്റെ അമ്മ കൂടി പേര് മാറ്റാൻ ആവശ്യപ്പെട്ടു (സംവിധായകൻ കൊല്ലപ്പെടുന്നത് അറം പറ്റണ്ട !). വർഷങ്ങൾ കടന്ന് പോയി.

പിന്നീട് ഇന്ത്യ വിഷനിൽ ജോലി ചെയ്യുമ്പോൾ പഴയ വിപ്‌ളവ നായിക കൂത്താട്ട് കുളം മേരിയുടെ ഒരു അഭിമുഖം എടുക്കാൻ പിറവം - വെല്ലുർ ഭാഗത്ത് പോയപ്പോൾ ആണ് അത് സുധാകർ മംഗളോദയത്തിന്റെ ജന്മസ്ഥലം ആണെന്ന് അറിയുന്നത് .മേരിയമ്മയുടെ അടുത്ത ബന്ധു അദ്ദേഹത്തിന്റെ സ്‌നേഹിതനായിരുന്നു .അന്നാണ് അദ്ദേഹത്തെ പറ്റി കൂടുതൽ അറിയുന്നത് .എത്ര സാധു ആണദ്ദേഹം എന്നും ,എന്തൊരു ജീവിതാനുഭവങ്ങളിലൂടെയാണ് കടന്ന് വന്നത് എന്നും..

ഒരു കാലഘട്ടത്തിലെ മലയാള ജനപ്രിയ വാരികകളിൽ മുഴുവനും അദ്ദേഹത്തിന്റെ സൃഷ്ടികൾ ആയിരുന്നല്ലൊ. എത്രയോ ഹിറ്റ് പരമ്പരകൾക്ക് അദ്ദേഹം ജീവൻ പകർന്നു.ഇന്ന് വിയോഗവിവരം അറിഞ്ഞപ്പോൾ ഒരു കാലം മനസ്സിലൂടെ പറന്നു പോയി .ഒരു വിനയനമ്രസ്മിതവും.

പ്രണാമം!

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP