Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാർച്ച് 16ന് ലഭിച്ച പരാതിയിൽ അറസ്റ്റ് നടക്കുന്നത് ഏപ്രിൽ 15ന്; ആരോഗ്യമന്ത്രിയുടെ നിർദ്ദേശം വന്ന് 24 മണിക്കൂറിനകം പ്രതിയെ പിടികൂടിയെങ്കിലും തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ നീക്കം; കേസിലുടനീളം പൊലീസ് നടത്തിയത് പോക്‌സോ നിയമത്തിന്റെ ലംഘനങ്ങളെന്ന് ശിശുക്ഷേമ സമിതി; പരാതിയിൽ പറയുന്ന രണ്ടാമനെ ഇതുവരെയും അറസ്റ്റ് ചെയ്തില്ല; നാലാംക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ പോക്‌സോ പോലും ചുമത്തപ്പെടാതെ ഒടുവിൽ പത്മരാജന് ജാമ്യം; പാലത്തായി കേസ് അട്ടിമറിച്ചതിന്റെ നാൾവഴികൾ

മാർച്ച് 16ന് ലഭിച്ച പരാതിയിൽ അറസ്റ്റ് നടക്കുന്നത് ഏപ്രിൽ 15ന്; ആരോഗ്യമന്ത്രിയുടെ നിർദ്ദേശം വന്ന് 24 മണിക്കൂറിനകം പ്രതിയെ പിടികൂടിയെങ്കിലും തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ നീക്കം; കേസിലുടനീളം പൊലീസ് നടത്തിയത് പോക്‌സോ നിയമത്തിന്റെ ലംഘനങ്ങളെന്ന് ശിശുക്ഷേമ സമിതി; പരാതിയിൽ പറയുന്ന രണ്ടാമനെ ഇതുവരെയും അറസ്റ്റ് ചെയ്തില്ല; നാലാംക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ പോക്‌സോ പോലും ചുമത്തപ്പെടാതെ ഒടുവിൽ പത്മരാജന് ജാമ്യം; പാലത്തായി കേസ് അട്ടിമറിച്ചതിന്റെ നാൾവഴികൾ

ജാസിം മൊയ്തീൻ

കോഴിക്കോട്: ആർഎസ്എസ്, ബിജെപി പ്രവർത്തകർ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിൽ പിണറായി സർക്കാറിന്റെ പൊലീസ് ഇഴഞ്ഞുനീങ്ങുന്നു എന്ന ആക്ഷേപം ഈ സർക്കാറിന്റെ തുടക്കകാലം മുതൽക്കുള്ളതാണ്. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത് കണ്ണൂർ പാനൂരിൽ പാലത്തായിയിലെ നാലാംക്ലാസ് വിദ്യാർത്ഥിയെ അദ്ധ്യാപകനും ബിജെപി തൃപങ്ങോട്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ മുൻപ്രസിഡണ്ടും സംഘപരിവാർ അദ്ധ്യാപക സംഘടനയുടെ നേതാവ് കൂടിയായ കുനിയിൽ പത്മരാജൻ എന്നയാൾ പീഡിപ്പിച്ച കേസിൽ പ്രതി ജാമ്യം കിട്ടി പുറത്തിറങ്ങിയ സംഭവമാണ്.

തുടക്കകാലം മുതൽ തന്നെ പൊലീസിന്റെ ഒത്തുകളിയാണ് ഈ കേസിൽ പോക്‌സോ പോലും ചുമത്തപ്പെടാതെ പ്രതിയായ ബിജെപി നേതാവ് ജാമ്യം കിട്ടിപുറത്തിറങ്ങിയത് എന്ന ആക്ഷേപം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു. പ്രതിപക്ഷവും മറ്റുവിവിധ രാഷ്ട്രീയ പാർട്ടികളും, സംഘനകളും, ചില സർക്കാർ അനുകൂല പ്രവർത്തകരും ഇതിനോടകം സംഭവത്തിൽ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ഈ ഘട്ടത്തിൽ പാലത്തായി കേസ് അട്ടിമറിച്ചതിന്റെ നാൾവഴികൾ അന്വേഷിക്കുമ്പോൾ വിരൽചൂണ്ടുന്നതും പൊലീസിന്റെ ഒത്തുകളികളിലേക്ക് തന്നെയാണ്.

പരാതി ലഭിക്കുന്നത് മാർച്ച് 16ന്, അറസ്റ്റ് നടക്കുന്നത് 31 ദിവസങ്ങൾക്ക് ശേഷം 2020 മാർച്ച് 16നാണ് കുനിയിൽ പത്മരാജൻ പഠിപ്പിക്കുന്ന സ്‌കൂളിലെ നാലംക്ലാസ് വിദ്യാർത്ഥിനിയെ പത്മരാജൻ പീഡിപ്പിച്ചുവെന്ന പരാതി തലശ്ശേരി ഡിവൈഎസ്‌പിക്ക് ലഭിക്കുന്നത്. കുട്ടിയുടെ ബന്ധുക്കളാണ് പരാതി നൽകിയത്. പിന്നീട് കേസ് പാനൂർ സ്റ്റേഷനിലേക്ക് മാറ്റുകയും സിഐ ശ്രീജിത്തിന് അന്വേഷണ ചുമതല നൽകുകയും ചെയ്തു. പരാതി ലഭിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും ബിജെപി നേതാവിനെതിരെ പൊലീസ് നടപടിയെടുക്കാതെ വന്നതോടെ സിപിഎം അടക്കം പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നു. പൊലീസ് ഇടപെട്ട് കേസ് അട്ടിമറിക്കുകയാണെന്ന് ഇതര രാഷ്്ട്രീയ പാർട്ടികൾക്കൊപ്പം സിപിഎമ്മും പറയാൻ തുടങ്ങിയതോടെ സർക്കാർ പ്രതിരോധത്തിലായി.

സ്ഥലം എംഎൽഎയും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയുമായ കെകെ ഷൈലജയോട് മാധ്യമപ്രവർത്തകർ പ്രതിയുടെ അറസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോൾ ലഭിച്ച മറുപടി താൻ കരുതിയത് ഇയാളെ അറസ്റ്റ് ചെയ്തു എന്നാണ് എന്നായിരുന്നു. ഡിജിപിയെയും ഡിവൈഎസ്‌പിയെയും വിളിച്ച് ഉടൻതന്നെ പത്മരാജനെ അറസ്റ്റ് ചെയ്യണമെന്ന് നിർദ്ദിശിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണാണ് പ്രതിയെ പിടികൂടാൻ കാലതാമസുണ്ടാക്കുന്നത് എന്നാണ് അന്ന് പൊലീസ് നൽകിയ വിശദീകരണം.

മാത്രവുമല്ല പ്രതി കർണാടകയിലേക്ക് കടന്നിട്ടുണ്ടാകാമെന്നും നാട്ടിൽ എല്ലായിടത്തും പരിശോധിച്ചെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിനായി ഡിവൈഎസ്‌പി കെവി വേണുഗോപാലിന്റെ നേതൃത്വത്തിൽ പുതിയ 11 അംഗ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചു. ഏറെ പ്രതിഷേധങ്ങൾക്കും പരാതികൾക്കുമൊടുവിൽ മന്ത്രിയുടെ നിർദ്ദേശം വന്ന് 24 മണിക്കൂറിനകം പൊലീസ് തന്നെ കർണാടകയിലേക്ക് കടന്നിട്ടുണ്ടാകാമെന്ന് പറഞ്ഞ പ്രതിയെ കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച് 31 ദിവസത്തിന് ശേഷം ഏപ്രിൽ 15നാണ് കണ്ണൂരിലെ ബിജെപി കേന്ദ്രത്തിൽ നിന്ന് ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിന് ശേഷവും കേസ് അട്ടിമറിക്കാനുള്ള നീക്കം നടന്നു, പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കുന്നു

പത്മരാജന്റെ അറസ്റ്റിന് ശേഷവും കേസ് അട്ടിമറിക്കാനുള്ള നീക്കം നടന്നു. പരാതി നൽകിയതിൽ തങ്ങൾക്കെതിരെ വിവിധ കോണുകളിൽ നിന്ന് ഭീഷണി ഉണ്ടായതായി കുട്ടിയുടെ രക്ഷിതാക്കളും കുടുംബവും മുഖ്യമന്ത്രിക്ക് പരാതിയും നൽകിയതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. നിരന്തര ഭീഷണികളെ തുടർന്നും പത്മരാജനെ ലോക്കൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നത് മനപ്പൂർവ്വം വൈകിപ്പിക്കുകയും ചെയ്തതോടെയാണ് കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകുന്നത്. മാത്രവുമല്ല രണ്ടാമത് കുട്ടി നൽകിയ മൊഴിയിൽ കുട്ടിയെ പത്മരാജൻ ഒരു വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നു എന്നും അവിടെ ഉണ്ടായിരുന്ന ഒരാളും തന്നെ പീഡിപ്പിച്ചിരുന്നു എന്നും മൊഴി നൽകിയിരുന്നു.

എന്നാൽ ഈ മൊഴിയുടെ അടിസ്ഥാനത്തിൽ നടപടികളൊന്നുമുണ്ടാകാതെ വന്നതും കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് എന്ന് തിരിച്ചറിഞ്ഞ് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ കാരണമായി. പിന്നീട് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് 2020 ഏപ്രിൽ 24ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. ക്രൈംബ്രാഞ്ച് മലപ്പുറം എസ്‌പി കെവി സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കാസർകോഡ് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്‌പെക്ടറായ ടി മധുസൂധനൻ നായർക്കായിരുന്നു അന്വേഷണ ചുമതല. അന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത് നേരിട്ട് വിലയിരുത്തണമെന്നും ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി ഉത്തരവിട്ടു. ലോക്കൽ പൊലീസ് കൈമാറിയ കേസിൽ പോക്‌സോ നിയമ പ്രകാരം ക്രൈംബ്രാഞ്ച് പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

പോക്‌സോ ചേർക്കാതെ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്; പത്മരാജൻ ജാമ്യം കിട്ടി പുറത്തേക്ക്

കേസിൽ അറസ്റ്റിലായതു മുതൽ പത്മരാജൻ ജാമ്യത്തിനായി ശ്രമിച്ചിരുന്നു. തലശ്ശേരി സെഷൻസ് കോടതിയിൽ ആദ്യം ജാമ്യപേക്ഷ നൽകിയിരുന്നെങ്കിലും അത് തള്ളിപ്പോയി. പിന്നീട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. പിന്നീട് അറസ്റ്റ് ചെയ്ത് 92 ദിവസങ്ങൾക്ക് ശേഷം ജൂലൈ 16ന് പത്മരാജൻ നൽകിയ ഹരജിയിൽ തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ഈ ജാമ്യം ലഭിക്കുന്നതിന് വേണ്ട എല്ലാ വിധ സഹായങ്ങളും പൊലീസ് കുറ്റുപത്രത്തിൽ ചെയ്തു കൊടുത്തു എന്നതാണ് വാസ്തവം.

തുടക്കത്തിൽ ലോക്ഡൗൺ കാരണങ്ങൾ അറസ്റ്റ് വൈകിപ്പിച്ച പാനൂർ പൊലീസ്, പ്രതി കർണ്ണാടകയിലേക്ക് കടന്നെന്ന് പറഞ്ഞ് സർക്കാറിനെ വരെ തെറ്റിദ്ധരിപ്പിച്ച ഡിവൈഎസ്‌പിക്ക് കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം, കുറ്റം ചേർക്കാതെ കുറ്റപത്രം തയ്യാറാക്കിയ ക്രൈംബ്രാഞ്ച് തുടങ്ങി ഈ കേസ് അന്വേഷിച്ച മൂന്ന് അന്വേഷണ സംഘങ്ങളും പ്രതിയായ ബിജെപി നേതാവ് പത്മരാജന് സഹായം ചെയ്തു നൽകുന്ന നടപടികളാണ് ഈ കേസിൽ ഉടനീളം സ്വകരിച്ചിട്ടുള്ളത്.

ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പോക്‌സോ ചേർ്ക്കാതിരുന്നതാണ് ഇപ്പോൾ പ്രതിക്ക് ജാമ്യം കിട്ടി പുറത്തിറങ്ങാൻ സഹായകമായത്. പത്മരാജൻ അറസ്റ്റിലായി 90 ദിവസം പൂർത്തിയാകാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോൾ ജൂലൈ 14നാണ് ക്രൈം ബ്രാഞ്ച് ഭാഗിക കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ പോക്‌സോ ഒഴിവാക്കി ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകളാണ് ചുമത്തിയത്. ജാമ്യം ലഭിക്കാവുന്ന തരത്തിൽ വളരെ ദുർബലമായ വകുപ്പുകളാണ് ക്രൈം ബ്രാഞ്ച് ചുമത്തിയത്.

ശാസ്ത്രീയ തെളിവുകൾ ഇല്ലാത്തതിനാൽ പോക്സോ വകുപ്പുകൾ ചുമത്തിയിട്ടില്ലെന്നാണ് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കിയത്. നിലവിൽ പോക്സോ ചുമത്താൻ ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ഫാറൻസിക് റിപോർട്ടുകൾ ലഭിക്കാനുണ്ടെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. അതേസമയം വിദ്യാർത്ഥിനിയെ പത്മരാജൻ ശാരീരികമായി ഉപദ്രവിച്ചിട്ടള്ളതായി കണ്ടെത്തിയിട്ടുള്ളതായും ലൈംഗിക ഉപദ്രവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതായിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നുണ്ട്.

പീഡനമുണ്ടാക്കിയ മാനസിക പ്രയാസങ്ങളിൽ നിന്ന് കുട്ടികരകയറിയിട്ടില്ലെന്നും മൊഴിയെടുക്കാൻ പറ്റുന്ന അവസ്ഥയിലല്ല കുട്ടിയെന്നും അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യമുണ്ടെന്നും ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായ പബ്ലിക് പ്രൊസിക്യൂട്ടർ സുമൻ ചക്രവർത്തി വ്യക്തമാക്കി. ശാരീരികമായി കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് തന്നെ കണ്ടെത്തിയെങ്കിലും പോക്‌സോ ചേർക്കാതെ കുറ്റപത്രം സമർപ്പിച്ചതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പരാതി ലഭിച്ച് നാലുമാസം പിന്നിട്ടിട്ടും പോക്‌സോ വകുപ്പുകൾ ചുമത്താൻ തക്കതായ തെളിവുകൾ ശേഖരിക്കാൻ കഴിയാതിരുന്നത് കോവിഡ് കാരണമാണെന്ന പൊലീസ് വിശദീകരണം വിശ്വസിക്കാനാകില്ലെന്നും കണ്ണൂരിലെ പൊലീസ് സംവിധാനം മുഴുവൻ ആർഎസ്എസിന് അടിയറവ് വെച്ചിരിക്കുകയാണെന്നും പ്രതിഷേധക്കാർ പറയുന്നു.

കേസിലുടനീളം ലോക്കൽ പൊലീസ് നടത്തിയിട്ടുള്ളത് പോക്‌സോ നിയമത്തിന്റെ ലംഘനങ്ങളെന്ന് ശിശുക്ഷേമസമിതി

കേസന്വേഷണത്തിന്റെ പ്രാരംഭഘട്ടം മുതൽ ലോക്കൽ പൊലീസ് നടത്തിയത് പോക്‌സോ നിയമത്തിന്റെ ലംഘനങ്ങളാണെന്ന് ശിശുക്ഷേമ സമിതി അദ്ധ്യക്ഷൻ ഇഡി ജോസഫ് വ്യക്തമാക്കി. കുട്ടിയെ സ്‌കൂളിലും പൊലീസ് സ്‌റ്റേഷനിലും കൊണ്ടുനടന്ന് തെളിവെടുപ്പ് നടത്തിയതും ചോദ്യം ചെയ്തതും പോക്‌സോ നിയമത്തിന്റെ ലംഘനങ്ങളിൽ പെട്ടതാണ്. പൊലീസ് യൂണിഫോമിൽ കുട്ടിയെ സമീപിക്കുകയോ, സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയോ ചെയ്യാൻ പാടില്ലാത്തതാണ്. അതെല്ലാം ഈ കേസിൽ ലോക്കൽ പൊലീസ് ചെയ്തിട്ടുണ്ട്. കണ്ണൂരിൽ തന്നെ മതിയായ കൗൺസലിങ് കേന്ദ്രങ്ങളുണ്ടായിട്ടും ശിശുക്ഷേമ സമിതിയെ അറിയിക്കാതെ കേവലം 10 വയസ്സുമാത്രമുള്ള പെൺകുട്ടിയെ പൊലീസ് കോഴിക്കോടേക്ക് കൗൺസലിംഗിന് കൊണ്ടുപോയതും നീതീകരിക്കാനാകാത്ത തെറ്റാണെന്ന് ശിശുക്ഷേമ സമിതി അദ്ധ്യക്ഷൻ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP