Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യം കോവിഡ് വന്നത് ആശുപത്രിയിലെ ഹൗസ് കീപ്പിങ് മാനേജർക്ക്; സമ്പർക്കത്തിലൂടെ ഇരുപതിലേറെ ജീവനക്കാർക്കും രോഗം; ലാബ് ടെക്‌നീഷ്യന് വൈറസ്ബാധ റിപ്പോർട്ട് ചെയ്തിട്ടും അടച്ചുപൂട്ടാതെ ലാബ്; നഴ്‌സിങ് ഹോസ്റ്റലിലെ നഴ്‌സിന് രോഗം വന്നപ്പോൾ ഭീതിയിലായത് ഒപ്പമുള്ള ഇരുനൂറോളം നഴ്‌സുമാർ; ആശുപത്രിയുടെ പേര് മറച്ചുവെച്ച് ആരോഗ്യവകുപ്പിന്റെ ഒത്താശ; തലസ്ഥാനത്തെ കിംസ് ആശുപത്രി അടച്ചുപൂട്ടാത്തതിന് എതിരെ നാട്ടുകാർ; ആരോപണങ്ങൾ നിഷേധിച്ച് ആശുപത്രി അധികൃതർ

ആദ്യം കോവിഡ് വന്നത് ആശുപത്രിയിലെ ഹൗസ് കീപ്പിങ് മാനേജർക്ക്; സമ്പർക്കത്തിലൂടെ ഇരുപതിലേറെ ജീവനക്കാർക്കും രോഗം; ലാബ് ടെക്‌നീഷ്യന് വൈറസ്ബാധ റിപ്പോർട്ട് ചെയ്തിട്ടും അടച്ചുപൂട്ടാതെ ലാബ്; നഴ്‌സിങ് ഹോസ്റ്റലിലെ നഴ്‌സിന് രോഗം വന്നപ്പോൾ ഭീതിയിലായത് ഒപ്പമുള്ള ഇരുനൂറോളം നഴ്‌സുമാർ; ആശുപത്രിയുടെ പേര് മറച്ചുവെച്ച് ആരോഗ്യവകുപ്പിന്റെ ഒത്താശ; തലസ്ഥാനത്തെ കിംസ് ആശുപത്രി അടച്ചുപൂട്ടാത്തതിന് എതിരെ നാട്ടുകാർ; ആരോപണങ്ങൾ നിഷേധിച്ച് ആശുപത്രി അധികൃതർ

എം മനോജ് കുമാർ

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കോവിഡ് പിടിമുറുക്കിയിരിക്കെ, പ്രധാന സ്വകാര്യ ആശുപത്രിയായ കിംസിൽ 20 ഓളം ജീവനക്കാർക്ക് രോഗം ബാധിച്ചതായി വിവരം. സമ്പർക്കത്തിലൂടെ രോഗം ബാധിക്കാനുള്ള സാധ്യത ഏറിയിരിക്കെ, കിംസ് ആശുപത്രി തുറന്നു പ്രവർത്തിക്കുന്നത് വിവാദമാകുന്നു. ഇരുപതിലേറെ ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനാൽ തത്ക്കാലത്തെക്കെങ്കിലും ആശുപത്രി അടച്ചിടേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. കോവിഡ് സമൂഹവ്യാപനത്തിന്റെ വക്കിലാണ് നിലവിൽ തലസ്ഥാന നഗരി. അതുകൊണ്ട് തന്നെ വിവരം പുറത്ത് വന്നാൽ ആശുപത്രി അടച്ചിടേണ്ട അവസ്ഥ വരും. അതിനാലാണ് പ്രശ്‌നം അതിരഹസ്യമായി ആശുപത്രി അധികൃതർ സൂക്ഷിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഇത്രയധികം ജീവനക്കാർക്ക് കോവിഡ് ബാധിച്ചിട്ടും ആശുപത്രി പതിവുപോലെ തുറന്നു പ്രവർത്തിക്കുകയാണ്. ജീവനക്കാർക്കിടയിൽ കോവിഡ് പടർന്നിരിക്കെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നവർക്കും രോഗബാധ വരാനുള്ള സാഹചര്യങ്ങൾ നിലനിൽക്കുകയാണ്. ഇത് ആശങ്ക അധികരിപ്പിക്കുകയും ചെയ്യുന്നു.

കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ആശുപത്രിയിലെ ഡോക്ടർമാർ പലരും അവധിയിലാണ്. എന്നാൽ ജീവനക്കാർക്ക് അവധി നൽകാൻ അധികൃതർ തയ്യാറുമായിട്ടില്ല. ഇതുകൊണ്ട് തന്നെയാണ് ജീവനക്കാർക്കിടയിൽ കോവിഡ് പടരാനും കാരണമായത്. ജീവനക്കാരുടെ എണ്ണവും ജോലി ചെയ്യുന്ന ദിവസവും കുറച്ചു കൊണ്ട് വന്നിരുന്നാൽ രോഗബാധ നിയന്ത്രിക്കാൻ കഴിയും എന്ന് ജീവനക്കാർ തന്നെ ആശുപത്രി അധികൃതർക്ക് മുന്നിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അവഗണിച്ചതോടെ രോഗബാധയും കൂടി. അതുകൊണ്ട് തന്നെ കിംസിലെ നിയന്ത്രണാതീതമായ കോവിഡ് സാഹചര്യത്തിനു ജീവനക്കാർ ആശുപത്രി മാനേജ്‌മെന്റിനെ തന്നെ പ്രതിക്കൂട്ടിൽ നിർത്തുകയാണ്. സമൂഹവ്യാപനഭീതി തലസ്ഥാനത്ത് ശക്തമായി നിലനിൽക്കെ കിംസിലെ സാഹചര്യം അതീവ ആശങ്കയാണ് ഉയർത്തുന്നത്. എന്നാൽ, ആരോഗ്യവകുപ്പും കിംസിന് അനുകൂല സമീപനം സ്വീകരിക്കുന്നതായി ആക്ഷേപമുണ്ട്.

കിംസിൽ ജോലി ചെയ്യുന്നവർ കോവിഡ് രോഗബാധിതരാകുമ്പോൾ ആശുപത്രിയുടെ പേര് മറച്ചു വെച്ച് സ്ഥലം മാത്രം അധികൃതർ പുറത്ത് വിടും. ഇത് കിംസിനെ രക്ഷിക്കാനുള്ള ആരോഗ്യവകുപ്പിന്റെ നീക്കമായാണ് ആരോപണം വരുന്നത്. കിംസിലെ കോവിഡ് ബാധയുടെ വിവരങ്ങൾ അറിയുന്നതിനാൽ കിംസ് പ്രശ്‌നത്തിൽ നാട്ടുകാരും ആശുപത്രി ജീവനക്കാരും കടുത്ത ആശങ്കയിലാണ്. ആശുപത്രി ജീവനക്കാർ കോവിഡ് ബാധിതരായത് പിന്നീടാണ് വിവരം ലഭിച്ചത്. ജീവനക്കാർക്ക് കോവിഡ് വന്നപ്പോൾ അത് വീട്ടുകാർക്കും ബാധിച്ചു. വീട്ടുകാരിൽ പലരും പുറത്തുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഇത് നാട്ടുകാരിലും രോഷം വളർത്തിയിട്ടുണ്ട്.

വിവരങ്ങൾ ആശുപത്രി അധികൃതർ മറച്ചു വയ്ക്കുകയാണ്. കോവിഡ് സമൂഹവ്യാപനം നിലനിൽക്കുന്നതിനാൽ അധികൃതർ ഇടപെട്ടു കിംസ് ആശുപത്രിക്ക് എതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു നാട്ടുകാർ ജില്ലാ കളക്ടർക്കും ഡിഎംഒവിനും ഒപ്പ് ശേഖരണം നടത്തി പരാതി നൽകിയിട്ടുണ്ട്. ഒപ്പം ആശുപത്രിക്ക് എതിരെ പോസ്റ്റർ യുദ്ധവും നാട്ടുകാർ ആരംഭിച്ചിട്ടുണ്ട്. കിംസിന്റെ കാര്യവട്ടം നഴ്‌സിങ് ഹോസ്റ്റലിലെ നഴ്‌സും കൊറോണ ബാധിതയായിരുന്നു. ഇരുനൂറോളം നഴ്‌സുമാർ താമസിക്കുന്ന ഹോസ്റ്റലിലെ ഒരു നഴ്‌സിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടുത്തെ നാട്ടുകാരും കിംസ് ആശുപത്രിക്ക് എതിരെ തിരിഞ്ഞിരുന്നു. നാട്ടുകാർ പ്രതിഷേധവുമായി മുന്നോട്ടു വന്നപ്പോൾ അധികൃതർ എത്തി ഹോസ്റ്റൽ അണുവിമുക്തമാക്കിയിരുന്നു.

ആദ്യം കോവിഡ് വന്നത് ഹൗസ് കീപ്പിങ് മാനേജർക്ക്; തുടർന്ന് രോഗവ്യാപനവും

ഹൗസ് കീപ്പിങ് മാനേജർക്കാണ് ആശുപത്രിയിൽ ആദ്യം കോവിഡ് വന്നത്. ഇയാൾ തമിഴ്‌നാട് പോയിരുന്നതായും സൂചനയുണ്ട്. ഒരു ഗൾഫുകാരന്റെ സത്ക്കാരചടങ്ങിലും ഇയാൾ പങ്കെടുത്തതായി വിവരമുണ്ട്. സ്റ്റാഫിന്റെ ഭാര്യയ്ക്കും കുഞ്ഞിനും കോവിഡ് ബാധ വന്നു. ഇദ്ദേഹം കിംസ് ആശുപത്രിയുടെ നേരിട്ടുള്ള സ്റ്റാഫാണ്. ഇത് കഴിഞ്ഞു ഹൗസ് കീപ്പിങ് ഡസ്‌കിലെ വനിതാ സ്റ്റാഫിന് കോവിഡ് വന്നു. ഈ സ്റ്റാഫിന്റെ ഭർത്താവിനും കുട്ടിക്കും കോവിഡ് വന്നു. അത് കഴിഞ്ഞു വനിതാ സുപ്പർവൈസർക്കും അസുഖം വന്നു. തൊട്ടുപിന്നാലെ കോഫി ഷോപ്പിലെ സ്റ്റാഫിനും കൊറോണ വന്നു. ഇത് കഴിഞ്ഞു പുരുഷ ഹൗസ് കീപ്പിങ് സ്റ്റാഫിനും കോവിഡ് വന്നു. ഹൗസ് കീപ്പിങ് സുപ്പർവൈസർക്കും അസുഖം വന്നു. പിന്നാലെ വേറൊരു ജീവനക്കാരനും കോവിഡ് വന്നു. ഇത് കഴിഞ്ഞു മറ്റൊരു ജീവനക്കാരനും ഒരു നഴ്‌സിനും കൊറോണ വന്നു. ഹൗസ് കീപ്പിങ് തലവനും അസുഖബാധിതനായി. ഇയാളുടെ ഭാര്യയ്ക്കും അസുഖം വന്നു. ഇത് കഴിഞ്ഞയുടൻ മറ്റൊരു വനിതാ ഹൗസ് കീപ്പിങ് സ്റ്റാഫിനും കോവിഡ് വന്നു. അതിനു ശേഷം ഇതേ സെക്ഷനിലെ രണ്ടു വനിതാ സ്റ്റാഫിനും ഒരു പുരുഷ സ്റ്റാഫിനും കോവിഡ് വന്നു. ഇത് കഴിഞ്ഞു മറ്റൊരു ജീവനക്കാരനും അസുഖം വന്നു. രണ്ടു പുരുഷ ജീവനക്കാരും രണ്ടു വനിതാ ജീവനക്കാരും മെഡിക്കൽ കോളേജ് ചികിത്സയിൽ തുടരുകയാണ്. കിംസിലെ ലാബ് ടെക്‌നീഷ്യനും കോവിഡ് ബാധിതനാണ്. ലാബിന്റെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന ആവശ്യവും ആശുപത്രി അധികൃതർ പരിഗണിച്ചിട്ടില്ല.

കോവിഡ് രോഗികൾക്കായി സജ്ജീകരിച്ച പ്രത്യേക വാർഡിൽ നിന്നാണ് കോവിഡ് ജീവനക്കാരിലേക്ക് പടർന്നത് എന്നാണ് സൂചന. ഹൗസ് കീപ്പിങ് വിഭാഗത്തിൽപ്പെട്ടവർക്ക് കോവിഡ് വന്നശേഷം പിന്നീടത് മറ്റു ഹൗസ് കീപ്പിങ് സ്റ്റാഫുകളിലേക്കും നഴ്‌സുമാർ ഉൾപ്പെടെയുള്ളവരിലേക്കും പടരുകയായിരുന്നു. കോവിഡ് ബാധിച്ച ജീവനക്കാരിൽ ചിലർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളപ്പോൾ മറ്റുള്ളവർക്ക് ഇതേ ആശുപത്രിയിൽ തന്നെയാണ് ചികിത്സ നൽകുന്നത്. ആശുപത്രി അധികൃതർ നിഷേധിക്കുന്നുണ്ടെങ്കിലും ജീവനക്കാരിലെ കോവിഡ് ബാധ കൈകാര്യം ചെയ്യുന്നതിൽ കിംസ് ആശുപത്രിക്ക് ഗുരുതരമായ വീഴ്ചകൾ സംഭവിക്കുന്നതായാണ് ആരോപണം. കോവിഡ് സമൂഹവ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിലും വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിലാണ് ആശുപത്രിക്ക് എതിരെ രോഷം ഉയരുന്നത്. സംശയമുള്ളവരിൽ കോവിഡ് ടെസ്റ്റ് നടത്തുന്നതിലും ആശുപത്രിയിലേക്കും മാറ്റുന്നതിലും ക്വാറന്റൈനിൽ വിടുന്നതിലും പാകപ്പിഴകൾ വന്നതായാണ് ആശുപത്രിക്ക് എതിരെ വന്ന ആരോപണം.

ആശുപത്രി അടച്ചിടേണ്ട സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ടാണ് അതിനു അധികൃതർ തയ്യാറാകാത്തത് എന്നാണ് നാട്ടുകാർ ഉയർത്തുന്ന ചോദ്യം. തലസ്ഥാനം അഗ്‌നിപർവതത്തിനു മുകളിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചൂണ്ടിക്കാട്ടിയ കാര്യവും നാട്ടുകാർ ഓർമ്മിപ്പിക്കുന്നു. ഇതുകൊണ്ട് തന്നെയാണ് കോവിഡ് പ്രശ്‌നം രഹസ്യമായി കൈകാര്യം ചെയ്യുന്നതിൽ ജനരോഷം ആശുപത്രിക്ക് എതിരെ ശക്തമാകുന്നത്. കോവിഡുമായി ബന്ധപ്പെട്ടു ആശങ്കാജനകമായ കാര്യങ്ങൾ നിലനിൽക്കുമ്പോൾ അതെല്ലാം ആശുപത്രി അധികൃതർ നിഷേധിക്കുകയാണ്. സർക്കാർ പറഞ്ഞ പ്രകാരമുള്ള എല്ലാ മുൻകരുതലും ജാഗ്രതയും തങ്ങൾ സ്വീകരിച്ചതായാണ് കിംസ് സിഇഒ ജെറി ഫിലിപ്പ് മറുനാടനോട് പറഞ്ഞത്.

ആശുപത്രി അതിജാഗ്രതയിൽ; എല്ലാ മുൻകരുതലുകളും സ്വീകരിച്ചു: കിംസ് അധികൃതർ

സമൂഹവ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ അതിജാഗ്രതയാണ് കിംസ് കാണിക്കുന്നത്. കിംസ് ജീവനക്കാർ കോവിഡ് ബാധിതരാണ്. സർക്കാർ ഓരോ ദിവസവും നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. മൂന്നു ഡോക്ടർമാർ സർക്കാർ ഭാഗത്തു നിന്നും കോവിഡ് കാര്യങ്ങൾക്ക് മാത്രമായി ശ്രദ്ധിക്കുന്നുണ്ട്. ഡോക്ടർ ഡിക്രൂസ്, ഡോക്ടർ പ്രവീൺ, ഡോക്ടർ ഗായത്രി എന്നീ ഡോക്ടർമാരാണ് കാര്യങ്ങൾ നോക്കുന്നത്. ഡോക്ടർ ഡിക്രൂസും സുരക്ഷ ഇവർ നോക്കുന്നുണ്ട്.

ജീവനക്കാർക്ക് രോഗബാധ വന്നാൽ അപ്പോൾ തന്നെ സർക്കാരിനെ അറിയിക്കുകയും ചികിത്സ നൽകുകയും ചെയ്യുന്നുണ്ട്. സർക്കാർ നിർദ്ദേശം അനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ടു നീക്കുന്നത്. മൂന്നു സർക്കാർ സൈറ്റുകളിൽ റിയൽ ടൈം റിപ്പോർട്ടിങ് നടത്തുന്നുണ്ട്. ഡിഎംഒയുടെ സൈറ്റ് ഉൾപ്പെടെയാണിത്. സർക്കാർ കൺട്രോളിലാണ് കാര്യങ്ങൾ ചെയ്യുന്നത്. ആളുകൾക്ക് ടെൻഷനുണ്ട്. പക്ഷെ ക്ലോസ് മോണിറ്ററിങ് നടത്തുന്നുണ്ട്. എല്ലാം തന്നെ കൺട്രോൾഡ് ആണ്. ക്വാറന്റൈനിൽ പോകേണ്ടവരെ കർശനമായി ക്വാറന്റൈനിൽ വിടുന്നുണ്ട്. റിസ്‌ക് ഇല്ലാത്തവരെ വേറെ കെട്ടിടത്തിലേക്കും മാറ്റിയിട്ടുണ്ട്. എത്ര പേർക്ക് കോവിഡ് വന്നു എന്നത് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. മെഡിക്കൽ കോളെജിലേക്ക് മാറ്റേണ്ടവരെ അങ്ങനെയും ഇവിടെ കിടത്തി ചികിത്സ നടത്തേണ്ടവർക്ക് ഇവിടുത്തെ ചികിത്സയും നൽകുന്നുണ്ട്-ജെറി ഫിലിപ്പ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP