Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് കാലത്ത് ഭക്ഷണകിറ്റുകളുമായി സഹജീവികൾക്കിടയിലേക്ക് ഓടിയെത്തിയ വ്യക്തി; രണ്ടര പതിറ്റാണ്ടു നീണ്ട പ്രവാസ ജീവിതത്തിനോടും സാമൂഹിക ജീവിതത്തിനോടും യാത്രപറഞ്ഞ് ഒടുവിൽ അപ്രതീക്ഷിത വിട വാങ്ങൽ; സാം സാമുവലിന്റെ വിയോഗത്തിൽ അനുശോചിച്ച് ബഹ്റൈനിലെ സാമൂഹിക സംഘടനകൾ

കോവിഡ് കാലത്ത് ഭക്ഷണകിറ്റുകളുമായി സഹജീവികൾക്കിടയിലേക്ക് ഓടിയെത്തിയ വ്യക്തി; രണ്ടര പതിറ്റാണ്ടു നീണ്ട പ്രവാസ ജീവിതത്തിനോടും സാമൂഹിക ജീവിതത്തിനോടും യാത്രപറഞ്ഞ് ഒടുവിൽ അപ്രതീക്ഷിത വിട വാങ്ങൽ; സാം സാമുവലിന്റെ വിയോഗത്തിൽ അനുശോചിച്ച് ബഹ്റൈനിലെ സാമൂഹിക സംഘടനകൾ

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക മേഖലയിൽ നിറ സാന്നിധ്യമായിരുന്നു സാം സാമുവേൽ. രണ്ടര പതിറ്റാണ്ടുകളായി അദ്ദേഹം ബഹ്റൈൻ പ്രവാസിയാണ്. ജോലി കഴിഞ്ഞ ശേഷം ലഭിക്കുന്ന മുഴുവൻ സമയവും സഹജീവികളെ സഹായിക്കുവാൻ സമയം കണ്ടെത്തിയ വ്യക്തിയാണ് അദ്ദേഹം. കോവിഡ് 19 വ്യാപിച്ച സമയത്തും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഭക്ഷണകിറ്റുകൾ എത്തിക്കുന്നതിനും മറ്റ് സഹായങ്ങൾ നൽകുന്നതിനും അദ്ദേഹം മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്നു. ബഹ്റൈനിലെ വിവിധ സംഘടനകൾ അദ്ദേഹത്തെ അനുസ്മരിക്കുകയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

ബഹ്റൈൻ കേരളീയ സമാജം അംഗവും, സജീവ പ്രവർത്തകനും ആയിരുന്ന അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

ബഹ്റൈൻ സബർമതി കൾച്ചറൽ ഫോറം പ്രസിഡന്റ് സാം സാമുവലിന്റെ നിര്യാണത്തിൽ കെ എം സി സി ബഹ്റൈൻ അനുശോചിച്ചു. സാമിന്റെ അകാല വിയോഗത്തിലൂടെ ബഹ്റൈൻ പ്രവാസ ലോകത്തിന് നഷ്ടമായത് മാതൃകാ സാമൂഹ്യ പ്രവർത്തകനെയെന്ന് ബഹ്റൈൻ കെ.എം.സി.സി. കോവിഡ് പ്രതിരോധന പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം പ്രവാസികൾക്കിടയിൽ ഏറെ സുപരിചിതനായ വ്യക്തിയായിരുന്നു. കോവിഡ് ആശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരിക്കെയാണ് അദ്ദേഹത്തിന് രോഗം ബാധിച്ചത്. സ്വന്തം ജീവൻ പോലും നോക്കാതെ അദ്ദേഹം നടത്തിയ കോവിഡ് സമാശ്വാസ പ്രവർത്തനങ്ങൾ വിലമതിക്കാത്തതാണ്.

പ്രവാസികൾക്കിടയിൽ നിരവധി പേർക്ക് ആശ്വാസമേകിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ വിയോഗം ജീവകാരുണ്യ രംഗത്തിന് തീരാനഷ്ടമാണ്. ബഹ്റൈനിലെ പ്രവാസി സംഘടനാ നേതാക്കൾമാരുമായും പ്രവർത്തകരുമായും നല്ല ബന്ധങ്ങൾ സൂക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ അനുശോചന കുറിപ്പിലൂടെ വ്യക്തമാക്കി.

സബർമതി കൾച്ചറൽ ഫോറം പ്രസിഡന്റ് സാം സാമുവേൽ അടൂരിന്റെ വിയോഗം ബഹ്റൈനിലെ സാമൂഹ്യ സാംസ്‌കാരിക മേഖലക്ക് തീരാ നഷ്ടമെന്ന് ഒഐസിസി ബഹ്റൈൻ ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന സാം സാമുവേൽ ലേബർ ക്യാമ്പുകളിലും മറ്റും താമസിക്കുന്ന പാവപ്പെട്ട ആളുകളെ സഹായിക്കുവാൻ തന്റെ പരിമിതികൾക്കുള്ളിൽ നിന്നും, മറ്റ് ആളുകളെ സംഘടിപ്പിച്ചും ചെയ്ത ആത്മാർത്ഥമായ പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടും എന്നും ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അനുസ്മരിച്ചു.

മനുഷ്യസ്നേഹി പച്ചമനുഷ്യൻ ബഹ്റൈനിലെ സാമൂഹിക മേഖലക്ക് തീരാനഷ്ടം.ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ,സബർമതി കോൺഗ്രസിന്റെ പ്രസിഡന്റുമായിരുന്ന സാം അടൂരിന്റെ വിയോഗത്തിൽ ഐ വൈ സി സി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി.

ജീവ കാരുണ്യ രംഗത്ത് വളരെ സജീവ സാന്നിദ്ധ്യമായിരുന്ന സാം അടൂരിന്റെ നിര്യാണം നികത്താനാവാത്ത നഷ്ടമാണെന്ന് കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചനകുറിപ്പിൽ പറഞ്ഞു. കുടുംബത്തിന്റെയും സംഘനയുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചന കുറിപ്പിൽ പറഞ്ഞു

സാധാരണക്കാരായ പ്രവാസികൾക്കിടയിൽ പ്രവർത്തിച്ച് അവരുടെ പ്രശ്‌നങ്ങളിലും, പ്രയാസങ്ങളിലും ഇടപെട്ട് പരിഹാരം കണ്ടെത്തുവാൻ പരിമിതികൾ ഏറെ ഉണ്ടായിട്ടു കൂടി അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും, സബർമതി കൾച്ചറൽ ഫോറത്തിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും കോവിഡ് കാലത്തും അർഹതപ്പെട്ടവർക്ക് സഹായമെത്തിക്കാൻ ഓടി നടന്ന നിസ്വാർത്ഥനായ ജീവകാരുണ്യ പ്രവർത്തകനെയാണ് ബഹ്റൈനിലെ പ്രവാസി സമൂഹത്തിനു നഷ്ടപ്പെട്ടതെന്നും 'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ' അനുശോചന കുറിപ്പിൽ അറിയിച്ചു.

സാമൂഹ്യസേവന രംഗത്തെ നിറ സാന്നിധ്യമായ സാം സാമുവലിന്റെ ദുഃഖകരമായ വിടവാങ്ങൽ ഏറെ നമ്മെ എല്ലാവരെയും വേദനിപിച്ച ഈ സാഹചര്യത്തിൽ അദ്ദേഹത്തോടുള്ള ആദര സൂചകമായി ആഗടഎ ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം ഗ്രൂപ്പിൽ അനുശോചനമീറ്റിങ്ങ് നടത്തുകയും, ബഹ്റൈനിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടന ഭാരവാഹികൾ അനുശോചനം അറിയിക്കുകയും ചെയ്തു.

പ്രമുഖ സഹകാരിയും ബഹറിനിലെ ജീവകാരുണ്യ സാംസ്‌കാരിക മേഖലയിലെ കരുത്തുറ്റ സാന്നിധ്യവും ആയിരുന്ന നമ്മുടെയെല്ലാം പ്രിയങ്കരനായിരുന്ന സാം സാമുവേലിന്റെ അകാല നിര്യാണത്തിൽ സീറോ മലബാർ സോസൈറ്റി അനുശോചിച്ചു. വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കാനും ബഹറിനിലെ എളിമയുടെ മുഖവും ആയിരുന്നു സാം. ഏകാന്ത പഥികനായി കർമ്മം ചെയ്യുകയാണ് തന്റെ കർത്തവ്യം എന്ന് തിരിച്ചറിഞ്ഞ സാമിനെ പ്രവർത്തനം ഏവർക്കും മാതൃകാപരമായിരുന്നു. ആ വേർപാടിന് മുന്നിൽ ഹൃദയ വ്യഥകളോടെ സിറോമലബാർ സൊസൈറ്റിയുടെ ആദരാഞ്ജലികൾ.

സാം അടൂരിന്റെ നിര്യാണം ബഹ്റൈൻ സാമൂഹിക പ്രവത്തനങ്ങൾക്ക് ഉണ്ടാക്കിയ നഷ്ടം നികത്താനാവാത്തത് ആണ്. അദ്ദേഹത്തിന്റെ നിര്യാണാനത്തിലൂടെ നഷ്ടമായത് നിസ്വാർത്ഥനായ ഒരു മനുഷ്യസ്‌നേഹിയെ ആണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായി ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡന്റ് അലിഅക്‌ബറും ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസും അനുശോചന സന്ദേശത്തിൽ അറിയിച്ചു

വ്യാഴാഴ്ച രാവിലെയാണ് 51 വയസ്സുകാരനായ സാം അടൂർ മരണപ്പെട്ടത്. കഴിഞ്ഞ ഒരു മാസമായി അദ്ദേഹം ചികിത്സയിലായിരുന്നു. ഭാര്യ സിസിലി സാം മക്കൾ സിമി സാറ സാം, സോണി സാറ സാം ഇരുവരും വിദ്യാർത്ഥിനികളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP