Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങൾ രക്ഷിച്ച ജീവനുകളെ കുറിച്ചൊന്നും ചിലർ ചിന്തിക്കില്ല; നെഗറ്റീവുകൾ തിരയുന്നവർ നിങ്ങൾ സാമ്പത്തിക ലാഭമുണ്ടാക്കിയോ എന്നൊക്കെയാണ് അന്വേഷിക്കുക; അവരെ പ്രതിക്കൂട്ടിൽ നിർത്തിയ വിഡിയോ കണ്ടപ്പോൾ ശരിക്കും വേദന തോന്നി; സമയത്തിന്റെ വില ഏറ്റവും കൂടുതൽ അറിയേണ്ടത് വർഷയാണ്; ഒരു ജീവൻ രക്ഷിച്ചതിന്റെ പേരിൽ പ്രതിക്കൂട്ടിൽ കയറേണ്ട അവസ്ഥ ഇനിയെങ്കിലും നിങ്ങൾ ഉണ്ടാക്കരുത്; വന്ന വഴി മറക്കരുത്; വർഷയെ വിമർശിച്ച് കുറിപ്പുമായി യുവതി

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: അമ്മയുടെ ചികിത്സയ്ക്കായി സഹായം അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയ വർഷയെ മലയാളികൾ അകമഴിഞ്ഞാണ് സഹായിച്ചത്. ഒരു കോടി 20 ലക്ഷം രൂപയായിരുന്നു പിരിഞ്ഞ് ലഭിച്ചതും. സഹായിച്ചവർ തന്നെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം വർഷ വീണ്ടും സോഷ്യൽ മീഡിയയിൽ വർഷ രംഗത്തെത്തിയിരുന്നു. 

വർഷയ്ക്ക് ലഭിച്ച പണത്തിന്റെ കാര്യം പറഞ്ഞ് സമൂഹമാധ്യമങ്ങൾ വഴി ചാരിറ്റി നടത്തുന്ന സാജൻ കേച്ചേരി എന്ന വ്യക്തി നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും പെൺകുട്ടി വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. പോസ്റ്റ് ചെയ്ത ഉടൻ തന്നെ വർഷയുടെ പുതിയ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി. എന്നാൽ വർഷയുടെ വിഡിയോയെ വിമർശിച്ചു കൊണ്ട് രേവതി രൂപേഷ് എന്ന യുവതി പോസ്റ്റ് ചെയ്ത മറ്റൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

വർഷയുടെ കാര്യത്തിൽ പറയാനുള്ളത് ഇതാണെന്ന കുറിപ്പോടെയാണ് യുവതി വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമൃത ഹോസ്പിറ്റലിനു മുൻപിൽ വച്ചാണ് വർഷയുടെ വിഡിയോ കാണുന്നതെന്നും കേരളമാകെയുള്ള സന്മനസ്സുള്ളവർ സഹായിച്ചതിനെ തുടർന്ന് വർഷയുടെ അക്കൗണ്ടിലേക്ക് 1കോടി 20 ലക്ഷം രൂപ എത്തിയതായും യുവതി വിഡിയോയിൽ പറയുന്നു. അമ്മ സുഖമായെന്നും കൂടെയുള്ളവരോടെല്ലാം നന്ദിയുണ്ടെന്നും വ്യക്തമാക്കി വർഷ വിഡിയോ പങ്കുവച്ചിരുന്നു. എന്നാൽ, സഹായിച്ചവരെ തള്ളി പറഞ്ഞു കൊണ്ട് വർഷ ഇപ്പോൾ പോസ്റ്റ് ചെയ്ത വിഡിയോ കണ്ടപ്പോൾ വളരെ വേദന തോന്നി എന്നും രേവതി രൂപേഷ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ വ്യക്തമാക്കുന്നു.
സംഭവത്തെ കുറിച്ച് രേവതി പറയുന്നത് ഇങ്ങനെ: എന്തൊക്കെയായാലും എന്തെങ്കിലും ഒരു നന്മ അവർ ചെയ്തിരിക്കുമല്ലോ.

വർഷയുടെ അമ്മ ഇന്ന് ജീവിച്ചിരിക്കാൻ കാരണം അവരൊക്കെയാണല്ലോ. സാജൻ കേച്ചേരിയായാലും, ഷഹീൻ കെ മൊയ്തീനാണെങ്കിലും ഫിറോസ് ആണെങ്കിലും സുശാന്ത് നിലമ്പൂരായാലും. അവരൊക്കെ ചേർന്ന ഒരു കൂട്ടായ്മയാണ് വർഷയുടെ അമ്മയുടെ ജീവൻ രക്ഷിക്കാൻ കാരണക്കാരായത്. അവരെ എല്ലാം പ്രതിക്കൂട്ടിൽ നിർത്തിയ വിഡിയോ കണ്ടപ്പോൾ ശരിക്കും വേദന തോന്നി. വർഷയോട് ഇതേ കൂറിച്ച് കൂടുതൽ ഒന്നും പറയാനില്ല. പറയാനുള്ളത് ചാരിറ്റി പ്രവർത്തകരോടാണ്. ഇത്തരം സഹായമൊക്കെ ചെയ്യുമ്പോൾ ഒരു ജോയ്ന്റ് അക്കൗണ്ട് എല്ലാം തുടങ്ങി ചെയ്യണം. വർഷയുടെ കേസിൽ അങ്ങനെ സംഭവിക്കാതെ പോയത് സമയക്കുറവു കൊണ്ടാണ്. കാരണം ഓരോ നിമിഷം വൈകും തോറും അമ്മയുടെ ജീവൻ അപകടത്തിലാകുമായിരുന്നു. ഇനിയെങ്കിലും അത് ശ്രദ്ധിക്കണം. കാരണം നിങ്ങൾ രക്ഷിച്ച ജീവനുകളെ കുറിച്ചൊന്നും ചിലർ ചിന്തിക്കില്ല. നെഗറ്റീവുകൾ തിരയുന്നവർ നിങ്ങൾ സാമ്പത്തിക ലാഭമുണ്ടാക്കിയോ എന്നൊക്കെയാണ് അന്വേഷിക്കുക. ഒരു ജീവൻ രക്ഷിച്ചതിന്റെ പേരിൽ പ്രതിക്കൂട്ടിൽ കയറേണ്ട അവസ്ഥ ഇനിയെങ്കിലും നിങ്ങൾ ഉണ്ടാക്കരുത്

പിന്നെ വർഷ, സമയത്തിന്റെ വില ഏറ്റവും കൂടുതൽ അറിയേണ്ടത് വർഷയാണ്. ഒന്നോ രണ്ടോ രാത്രികൾ കഴിഞ്ഞു പോയാൽ വർഷയുടെ അമ്മയ്ക്ക് സംഭവിച്ചേക്കാവുന്ന അപകടം മനസ്സിലാക്കിയതു കൊണ്ടാണ് ഇവരൊക്കെ പുലർച്ചെ തന്നെ സഹായവുമായി എത്തിയത്. ആ സമയത്തിന്റെ വില മനസ്സിലാക്കണം. രാത്രി 2 മണിക്കു തന്നെ വിഡിയോ ചെയ്തതും അതുകൊണ്ടാണ്. ആ കുട്ടിയുടെ അക്കൗണ്ടിലേക്കു വന്ന പണം ആ കുട്ടിക്കു തന്നെ നൽകി കൂടെ എന്ന് പലരും ചോദിച്ചു. എന്നാൽ, ഇങ്ങനെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എല്ലാവരും ഇത്തരത്തിൽ വിഡിയോ ചെയ്യണമെന്നില്ല. ചെയ്താൽ തന്നെ വൈറലാകുകയോ വലിയൊരു തുക ലഭിക്കുകയോ ചെയ്യണമെന്നില്ല.

വർഷയുടെ അമ്മയുടെ അതേ അവസ്ഥയിലുള്ള ഗുരുവായൂർ സ്വദേശിക്ക് പണം നൽകാമെന്ന് ആദ്യം വർഷ സമ്മതിച്ചിരുന്നു. എന്നാൽ അത് ലഭിക്കാത്തതിലെ നീരസമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ കാരണമെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. വർഷ പ്രതിക്കൂട്ടിൽ നിർത്തിയ ആരുടെയും പേഴ്‌സണൽ അക്കൗണ്ടിലേക്കല്ല ആദ്യം പണം ചോദിച്ചത്. ഹോസ്പിറ്റലിന്റെ അക്കൗണ്ടിലേക്കാണ്. അതിനെ തുടർന്നാണ് സാജൻ കേച്ചേരിയുടെ വിഡിയോ എന്നും അറിയാൻ കഴിഞ്ഞു. ഇത്തരം സഹായങ്ങൾ നടത്തുന്നതിനാൽ വർഷയുടെ അമ്മയുടെ ഓപ്പറേഷന് 30ലക്ഷം രൂപയിലും താഴേ മാത്രമായിരിക്കും ചെലവ് വന്നിരിക്കുക എന്നും ഉറപ്പാണ്.

നമ്മൾ ആരെയും പണക്കാരാക്കാൻ വേണ്ടിയല്ലല്ലോ ഇത്തരം വിഡിയോകളൊക്കെ ചെയ്യുന്നത്. ലഭിച്ച തുകയിൽ നിന്ന് 80 ലക്ഷം രൂപ വർഷയ്ക്കു നൽകി. ബാക്കി തുക മറ്റു രോഗികൾക്ക് നൽകാനായിരുന്നു അവർ ആവശ്യപ്പെട്ടത്. പ്രതീക്ഷിക്കാത്ത തുക അക്കൗണ്ടിലേക്ക് വന്നു ചേർന്നപ്പോൾ അന്നു വരെ ഉണ്ടാകാതിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും തേടി വന്നു കാണും. ബാഹ്യ ഇടപെടലുകളാണ് ഇത്തരം നിലപാടുകളിലേക്ക് എത്തിക്കുന്നതെന്ന് തോന്നി. എന്തായാലും വർഷ ചിന്തിക്കണം. വർഷയുടെ അമ്മയുടെ അവസ്ഥ തന്നെയായിരുന്നു ഗുരുവായൂർ സ്വദേശി ബഷീർക്കായുടെയും. വർഷ സഹായിക്കില്ലെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ എന്നെ വിളിച്ച് പൊട്ടിക്കരഞ്ഞു. മനുഷ്യത്വം എന്നൊന്നുണ്ട്.

ആ സാഹചര്യത്തിൽ സജീറിക്കയും സലാമിക്കയുമൊക്കെ ചെയ്ത ഒരു വിഡിയോയെ തുടർന്ന് 67 ലക്ഷം രൂപ ലഭിച്ച മറ്റൊരാൾ ബാക്കിയുള്ള തുക ഏത് അക്കൗണ്ടിലേക്കാണ് നൽകേണ്ടതെന്നു ചോദിച്ച് വിളിച്ചു. അതാണ് മനുഷ്യത്വം എന്ന് പറയുന്നത്. ഇതൊക്കെ ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിച്ച് തീർക്കേണ്ട കാര്യങ്ങളാണ്. അവരെ ചീത്തവിളിക്കുമ്പോൾ അവരെക്കൊണ്ട് നാട്ടുകാർക്കുണ്ടായ പ്രയോജനം കൂടി ഓർക്കണം. വന്ന വഴി മറക്കരുത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP