Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാറാണംമൂഴിയിലെ വയോധിക മരിച്ചത് എട്ടിന്; കോവിഡ് പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഫലം വരും മുമ്പ് വിട്ടു കൊടുത്തത് 11 ന്; 13 ന് ഫലം വന്നപ്പോൾ പോസിറ്റീവ്; വിവരം മറച്ചു വച്ച് പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസ്; ആശുപത്രി ജീവനക്കാർ ക്വാറന്റൈനിൽ പോയി; സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത് നൂറുകണക്കിന് ആൾക്കാരെന്ന് വിവരം; എംഎൽഎമാർ ചോദിച്ചിട്ടും ഉത്തരം നൽകാതെ ഡിഎംഒ: നടുക്കുന്ന സംഭവം പുറത്തു വിട്ടത് സിപിഎം മുഖപത്രം

നാറാണംമൂഴിയിലെ വയോധിക മരിച്ചത് എട്ടിന്; കോവിഡ് പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഫലം വരും മുമ്പ് വിട്ടു കൊടുത്തത് 11 ന്; 13 ന് ഫലം വന്നപ്പോൾ പോസിറ്റീവ്; വിവരം മറച്ചു വച്ച് പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസ്; ആശുപത്രി ജീവനക്കാർ ക്വാറന്റൈനിൽ പോയി; സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത് നൂറുകണക്കിന് ആൾക്കാരെന്ന് വിവരം; എംഎൽഎമാർ ചോദിച്ചിട്ടും ഉത്തരം നൽകാതെ ഡിഎംഒ: നടുക്കുന്ന സംഭവം പുറത്തു വിട്ടത് സിപിഎം മുഖപത്രം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വാർധക്യ സഹജമായ അസുഖം മൂലം മരിച്ച വയോധികയ്ക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം ജില്ലാ മെഡിക്കൽ ഓഫീസ് മറച്ചു വച്ചുവെന്ന് ആരോപണം. പരിശോധനാഫലം വരും മുൻപ് മൃതദേഹം വിട്ടു നൽകുകയും സംസ്‌കാര ചടങ്ങിൽ നിരവധി പേർ പങ്കെടുക്കുകയും ചെയ്തു. ഒടുവിൽ പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞിട്ടും ആ വിവരം പുറത്തു വിടുകയോ മൃതദേഹവുമായി അടുത്തിടപഴകിയവരെ കണ്ടെത്താനോ ശ്രമം നടന്നില്ല. മൃതദേഹം ഡ്രസ് ചെയ്ത ആശുപത്രി ജീവനക്കാരൻ സ്വയം ക്വാറന്റൈനിൽ പോയി.

അയാളുടെ പരിശോധനാ ഫലം നെഗറ്റീവ്. ഡോക്ടർമാരും ആശുപത്രി ജീവനക്കാരുമടക്കം ആശങ്കയിലായി. രണ്ട് എംഎൽഎമാർ വിഷയം സംബന്ധിച്ച് ഇടപെട്ടിട്ടും കൃത്യമായ ഉത്തരം നൽകാതെ ആരോഗ്യവകുപ്പ്. ജില്ലാ കലക്ടറും ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയാറല്ല. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ നടന്ന നടുക്കുന്ന സംഭവം പുറത്തു വിടാൻ ധൈര്യം കാണിച്ചത് ദേശാഭിമാനി പത്രമാണ്.

മറ്റു മാധ്യമങ്ങൾ വിവരം അറിഞ്ഞുവെങ്കിലും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും നിഷേധിച്ചതിനാൽ വാർത്ത നൽകിയിട്ടില്ല. താൻ പരിശോധിക്കട്ടെ എന്നൊരു പ്രതികരണം മാത്രമാണ് ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്ന് ഉണ്ടായിട്ടുള്ളത്. സംഭവം സത്യമാണെന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ജീവനക്കാർ രഹസ്യമായി സമ്മതിക്കുന്നുണ്ട്. ഈ വിവരം ശരിയാണെങ്കിൽ ഒരു കോവിഡ് മരണം മറച്ചു വച്ചെന്ന ഗുരുതരമായ വീഴ്ചയാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

കഴിഞ്ഞ എട്ടിന് മരിച്ച നാറാണംമൂഴി കൊച്ചുകുളം സ്വദേശിയായ വയോധികയുടെ മൃതദേഹമാണ് കോവിഡ് പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. സ്രവം എടുത്ത ശേഷം മൃതദേഹം പരിശോധനാ ഫലം വരുന്നതിന് മുൻപ് 11 ന് വിട്ടു കൊടുത്തു. ആശുപത്രി ജീവനക്കാർ തന്നെയാണ് മൃതദേഹം ഡ്രസ് ചെയ്തുകൊടുത്തത്. മൃതദേഹം ഏറ്റുവാങ്ങാനും ഒപ്പം ആംബുലൻസിൽ കയറ്റി നാട്ടിലേക്ക് കൊണ്ടു പോകാനും നിരവധി പേർ എത്തിയിരുന്നു.

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് അനുവദനീയമായതിനേക്കാൾ കൂടുതൽ പേർ മൃതദേഹത്തിനൊപ്പം ആംബുലൻസിൽ സഞ്ചരിച്ചു. തുടർന്ന് വീട്ടിലെത്തിച്ച് പ്രാർത്ഥന നടത്തി. ബന്ധുക്കളായ നിരവധി പേർ അന്ത്യചുംബനം നൽകി. പള്ളിയിലും വീട്ടിലും ശുശ്രൂഷയ്ക്കും നേതൃത്വം നൽകാൻ വൈദികരുമുണ്ടായിരുന്നു. ഇതിന് പുറമേ ചടങ്ങിൽ പങ്കെടുത്തവർക്ക് ചായയും ലഘുഭക്ഷണവും വിതരണം ചെയ്തു.

കോവിഡ് ഫലം നെഗറ്റീവ് എന്ന് പറഞ്ഞാണ് മൃതദേഹം വിട്ടു നൽകിയത്. പിന്നീട് പരിശോധനാ കേന്ദ്രത്തിൽ നിന്ന് ഫലം വന്നപ്പോഴാണ് പോസിറ്റീവ് ആണെന്ന് അറിഞ്ഞത്. ഇതോടെ സംഭവം മൂടിവയ്ക്കപ്പെടുകയായിരുന്നു. മൃതദേഹം ഡ്രസ് ചെയ്ത ജീവനക്കാരനെ മറ്റൊരു പേര് പറഞ്ഞാണ് ക്വാറന്റൈനിലേക്ക് അയച്ചത്.

എല്ലാ ഉത്തരവാദിത്തവും ജില്ലാ മെഡിക്കൽ ഓഫീസിനാണെന്നാണ് ആശുപത്രി അധികൃതർ രഹസ്യമായി പറയുന്നത്. സംഭവം അറിഞ്ഞ് വീണാ ജോർജ് എംഎൽഎ, രാജു ഏബ്രഹാം എംഎൽഎ എന്നിവർ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. മാധ്യമപ്രവർത്തകർ ഡിഎംഓ, മാസ് മീഡിയ ഓഫീസർ എന്നിവരുമായി ബന്ധപ്പെട്ടപ്പോഴും ഇങ്ങനെ ഒരു കാര്യം അറിയില്ലെന്ന് പറഞ്ഞ് നിസാരമായി ഒഴിഞ്ഞു മാറുകയായിരുന്നു.

പരിശോധിച്ചിട്ട് പറയാം എന്നാണ് ഇന്നലെ ഡിഎംഓ അറിയിച്ചത്. പരിശോധനാ ഫലം വന്നിട്ടുണ്ടെങ്കിൽ അത് പോസിറ്റീവോ നെഗറ്റീവോ എന്ന് പറയാൻ ആരോഗ്യ വകുപ്പ് അധികൃതർ തയാറല്ല. വീണാ ജോർജ് എംഎൽഎ ജില്ലാ ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെട്ടപ്പോഴും ഒഴിഞ്ഞു മാറുന്ന മറുപടിയാണ് ലഭിച്ചത്.

വിഷയം അറിഞ്ഞിട്ടും ജില്ലാ കലക്ടറും പ്രതികരിക്കാൻ തയാറായിട്ടില്ല. ഗുരുതരമായ വീഴ്ചയാണ് ഈ കാര്യത്തിൽ വന്നിട്ടുള്ളത് എന്ന് ജനപ്രതിനിധികളും ചൂണ്ടിക്കാണിക്കുന്നു. വീണാ ജോർജ് എംഎൽഎ ഇതു സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP