Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐഎഎസ്-3, ഐപിഎസ്-3; ശിവശങ്കർ കസേര തെറിച്ച ആറാമൻ; ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം സസ്‌പെൻഷിലായത് ആറ് അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർ

ഐഎഎസ്-3, ഐപിഎസ്-3; ശിവശങ്കർ കസേര തെറിച്ച ആറാമൻ; ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം സസ്‌പെൻഷിലായത് ആറ് അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇടതുപക്ഷ മുന്നണി അധികാരത്തിൽ വന്ന ശേഷം കസേര തെറിച്ചത് ആറ് അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്ക്. ഇക്കൂട്ടത്തിൽ ഒടുവിലത്തെ ആളാണ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ എം ശിവശങ്കർ. സസ്‌പെൻഷനിലായവരിൽ 3 പേർ ഐഎഎസുകാരും 3 പേർ ഐപിഎസുകാരുമാണ്. എന്നാൽ ഇക്കൂട്ടത്തിലെ വന്മരമാണ് ഇന്നലെ വീണ മുതിർന്ന ഉദ്യോഗസ്ഥനായ എം. ശിവശങ്കർ.

ശ്രീറാം വെങ്കിട്ടരാമൻ, അനുപം മിശ്ര എന്നിവരാണ് ശിവശങ്കറിനു പുറമേ സസ്‌പെൻഷനിലായ മറ്റ് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ. ജേക്കബ് തോമസ്, ഇ.ജെ. ജയരാജ്, കെ. രാധാകൃഷ്ണൻ എന്നിവരാണ് സസ്‌പെൻഷൻ നേരിടേണ്ടി വന്ന ഐപിഎസുകാർ. കോവിഡ് നിയന്ത്രണങ്ങൾക്കിടെ ഉത്തർപ്രദേശിലേക്കു പോയ കൊല്ലം സബ് കലക്ടർ അനുപം മിശ്രയെ മാർച്ചിലാണ് സസ്‌പെൻഡ് ചെയ്തത്. മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലാണ് ശ്രീറാം വെങ്കിട്ടരാമനെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സസ്‌പെൻഡ് ചെയ്തത്. പലവട്ടം കാലാവധി നീട്ടിയ ശേഷം കോവിഡ് പ്രതിരോധത്തിന്റെ പേരിൽ ഈ വർഷം മാർച്ചിൽ തിരിച്ചെടുത്തു.

ഡിജിപി റാങ്കിലുള്ള ജേക്കബ് തോമസിനെ സർക്കാരിനെതിരെ പുസ്തകമെഴുതിയെന്ന പേരിലാണ് 2017ൽ സസ്‌പെൻഡ് ചെയ്തത്. പലതവണ സസ്‌പെൻഷൻ കാലാവധി നീട്ടിയ ശേഷം 2019 ലാണ് തിരിച്ചെടുത്തത്. ഔദ്യോഗിക വാഹനത്തിൽ മദ്യപിച്ചു കറങ്ങിയ കുറ്റത്തിനായിരുന്നു ക്രൈംബ്രാഞ്ച് ഐജിയായിരുന്ന ഇ. ജെ. ജയരാജിനു 2017ൽ സസ്‌പെൻഷൻ. കെഎസ്ഇബി വിജിലൻസ് എസ്‌പിയായിരുന്ന കെ. രാധാകൃഷ്ണൻ ഇടുക്കിയിൽ എക്‌സൈസ് വിജിലൻസ് എസ്‌പി ആയിരിക്കെ കഞ്ചാവ് കേസ് പ്രതികളുമായി ഒത്തു കളിച്ചെന്ന കേസിലാണ് സസ്‌പെൻഷൻ ലഭിച്ചത്. ഐപിഎസ് ലഭിച്ച് പ്രൊബേഷൻ കാലയളവിലായിരുന്നു സസ്‌പെൻഷൻ.

സംവരണാനുകൂല്യം നേടാൻ വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ തലശ്ശേരി സബ് കലക്ടർ ആസിഫ്. കെ. യൂസഫിനെതിരെ നടപടിയെടുക്കാൻ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര പഴ്‌സനൽ മന്ത്രാലയം കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP